ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പാർലമെന്റ് പാസാക്കിയ പുതിയ ഭരണഘടനാ ഭേദഗതി രാജ്യത്തെ മുതിർന്ന ജഡ്ജിമാരിൽ കടുത്ത അതൃപ്തി സൃഷ്ടിച്ചതായി റിപ്പോർട്ട്.
സൈനികമേധാവി ആസിം മുനീറിനു കൂടുതൽ അധികാരങ്ങൾ നല്കുന്നതിനൊപ്പം ജുഡീഷറി സംവിധാനങ്ങളിൽ പൊളിച്ചെഴുത്ത് നിർദേശിക്കുന്ന ഭേദഗതിയിൽ പ്രതിഷേധിച്ച് സുപ്രീംകോടതി ജഡ്ജിമാരായ മൻസൂർ അലി ഷാ, അത്താർ മിനള്ള എന്നിവർ രാജിവച്ചു.
സുപ്രീംകോടതിയുടെ അധികാരങ്ങൾ പരിമിതപ്പെടുത്തി എന്നാരോപിച്ചാണു രാജി. സുപ്രീംകോടതി ജഡ്ജിമാർ ഇന്നലെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
പ്രസിഡന്റ് ആസിഫ് അലി സർദാരി വ്യാഴാഴ്ച ഭരണഘടനാ ഭേദഗതിയിൽ ഒപ്പുവച്ചതോടെ സുപ്രീംകോടതിക്കു ഭരണഘടനാ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ അവകാശമില്ലാതായി. പുതുതായി രൂപവത്കരിക്കുന്ന ഭരണഘടനാ കോടതിയായിരിക്കും ഇനി ഇത്തരം കേസുകൾ കൈകാര്യം ചെയ്യുക. ഭരണഘടനാ കോടതി ചീഫ് ജസ്റ്റീസ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
പുതിയ ഭരണഘടനാ ഭേദഗതി സുപ്രീംകോടതിയുടെ ഐക്യത്തിൽ വിള്ളലുണ്ടാക്കിയെന്നും ജുഡീഷറിയുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തിയെന്നും, രാജ്യത്ത് സീനിയോരിറ്റിയിൽ രണ്ടാമതുള്ള ജഡ്ജിയായ മൻസൂർ അലി ഷാ രാജിക്കത്തിൽ ചൂണ്ടിക്കാട്ടി. അതേസമയം, സുപ്രീംകോടതി ജഡ്ജിമാർ രാഷ്ട്രീയം കളിക്കുകയാണെന്നാണ് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പ്രതികരിച്ചത്.
പാക് രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന സൈന്യത്തിനു കൂടുതൽ അധികാരം ലഭിക്കാനും ഭരണഘടനാ ഭേദഗതി കാരണമായി. കരസേനാ മേധാവി ആസിം മുനിർ സംയുക്ത സൈനികമേധാവിയായി ഉയർത്തപ്പെട്ടു. അദ്ദേഹത്തിന് ആജീവനാന്തം ക്രിമിനൽ വിചാരണയിൽനിന്ന് ഇളവ് ലഭിക്കും.
മേയിൽ ഇന്ത്യക്കെതിരേ നടന്ന യുദ്ധത്തിലെ പ്രകടനത്തിൽ ആസിം മുനീറിനുള്ള പ്രതിഫലമാണു ഭരണഘടനാ ഭേദഗതിയെന്നു പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ഇന്നലെ പറഞ്ഞു.
പ്രതിപക്ഷ പീഡനവും മനുഷ്യാവകാശ ധ്വംസനങ്ങളും വ്യാപകമായ പാക്കിസ്ഥാനിൽ ജനം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സുപ്രീംകോടതിയുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നതിൽ പ്രതിപക്ഷത്തിനും വലിയ എതിർപ്പുണ്ട്.
Tags : Pakistan Pakistan Judges Resign Pakistan Constitutional Amendment