J.D. Vance, Marco Rubio, Lars Lokke Rasmussen, Viviane Motsfeldt
വാഷിംഗ്ടൺ ഡിസി: ഗ്രീൻലാൻഡ് വിഷയത്തിൽ ഇന്ന് വൈറ്റ് ഹൗസിൽ ചർച്ച. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഡാനിഷ് വിദേശകാര്യമന്ത്രി ലാർസ് ലോക്കി റാസ്മുസെൻ, ഗ്രീൻലാൻഡ് വിദേശകാര്യമന്ത്രി വിവിയൻ മോട്ട്സ്ഫെൽറ്റ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ഡെന്മാർക്കിലെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കണമെന്ന് പ്രസിഡന്റ് ട്രംപ് ആവർത്തിച്ച് ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.
ഗ്രീൻലാൻഡിനെ വിലകൊടുത്തു വാങ്ങാനോ അല്ലെങ്കിൽ സൈനിക നടപടിയിലൂടെ പിടിച്ചെടുക്കാനോ ഉള്ള പദ്ധതികൾ ട്രംപിന്റെ പരിഗണനയിലുണ്ടെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചിട്ടുള്ളത്. രണ്ടു നീക്കവും സ്വീകാര്യമല്ലെന്ന് ഗ്രീൻലാൻഡും ഡെന്മാർക്കും വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തരധ്രുവത്തിൽ തന്ത്രപ്രധാന സ്ഥാനമുള്ള ഗ്രീൻലാൻഡ് അമേരിക്കയുടെ ദേശീയസുരക്ഷയ്ക്ക് അനിവാര്യമാണെന്നാണ് ട്രംപ് പറയുന്നത്.
ഗ്രീൻലാൻഡിനായുള്ള സൈനിക നടപടി അമേരിക്ക നേതൃത്വം നല്കുന്ന നാറ്റോ സൈനിക കൂട്ടായ്മയുടെ തകർച്ചയ്ക്കു വഴിവയ്ക്കുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സൻ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
Tags : Greenland Discussion White House J.D. Vance Marco Rubio Lars Lokke Rasmussen Viviane Motsfeldt