ജറുസലേം: 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ അൽ അഖ്സ കടന്നാക്രമണത്തെ'ചൊല്ലി ഇസ്രായേൽ രാഷ്ട്രീയത്തിൽ തർക്കം മുറുകുന്നു. ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടത് കേവലം ഒരു രഹസ്യാന്വേഷണ വീഴ്ച മാത്രമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെടുമ്പോൾ, കൃത്യമായ മുന്നറിയിപ്പുകൾ ലഭിച്ചിട്ടും പ്രധാനമന്ത്രി അവ അവഗണിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് ആരോപിച്ചു.
പാർലമെന്ററി സമിതിക്ക് മുന്നിൽ ഹാജരായ നെതന്യാഹു, ഹമാസ് ഇത്രയും വലിയൊരു ആക്രമണം നടത്താൻ പോകുന്നുവെന്ന വിവരം തനിക്ക് ലഭിച്ചിരുന്നില്ലെന്ന് ആവർത്തിച്ചു. "ഇതൊരു ഗുരുതരമായ രഹസ്യാന്വേഷണ വീഴ്ചയാണ്, പക്ഷേ വഞ്ചനയല്ല," എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കഴിഞ്ഞ പത്ത് വർഷത്തെ സുരക്ഷാ രേഖകൾ നിരത്തിക്കൊണ്ട്, അന്നത്തെ രഹസ്യാന്വേഷണ ഏജൻസികളെല്ലാം ഹമാസിനെ ഒരു വലിയ ഭീഷണിയായി കണ്ടിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ഈ പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്ക് മേൽ മാത്രം കെട്ടിവെക്കാനാവില്ലെന്നും അദ്ദേഹം വാദിച്ചു.
എന്നാൽ നെതന്യാഹുവിന്റെ വിശദീകരണത്തെ "മാധ്യമ സർക്കസ്" എന്നാണ് യെയർ ലാപിഡ് വിശേഷിപ്പിച്ചത്. ഹമാസിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു ആക്രമണത്തിന് സാധ്യതയുണ്ടെന്ന് താനുൾപ്പെടെയുള്ളവർ മാസങ്ങൾക്ക് മുൻപ് തന്നെ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയിരുന്നു.
2023 സെപ്റ്റംബറിൽ രാജ്യം വലിയൊരു യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് താൻ പരസ്യമായി പറഞ്ഞിട്ടും പ്രധാനമന്ത്രി സുരക്ഷാ ഏജൻസികളുമായി സഹകരിക്കാനോ മുൻകരുതൽ എടുക്കാനോ തയ്യാറായില്ല. രഹസ്യാന്വേഷണ ഏജൻസികളെ പഴിചാരി നെതന്യാഹു സ്വന്തം വീഴ്ചകൾ മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നും ലാപിഡ് കുറ്റപ്പെടുത്തി.
ഹമാസ് 'അൽ അഖ്സ പ്രളയം' എന്ന് വിളിച്ച ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ 1,200-ഓളം പേർ കൊല്ലപ്പെടുകയും നിരവധി പേർ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് ഗാസയിൽ അതിശക്തമായ യുദ്ധം ആരംഭിച്ചത്. ഈ പരാജയത്തെക്കുറിച്ച് ഒരു സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഇസ്രായേൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്.
Tags : Hamas 'Al Aqsa Netanyahu 'Al Aqsa Flood