ധാക്ക: ബംഗ്ലാദേശിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി. മൈമെൻസിംഗ് സിറ്റിയിലെ ഫാക്ടറി തൊഴിലാളിയായ ദീപു ചന്ദ്ര ദാസ് (25) ആണ് കൊല്ലപ്പെട്ടതെന്ന് ബംഗ്ലാ ട്രിബ്യൂൺ വാർത്താ പോർട്ടൽ റിപ്പോർട്ട് ചെയ്തു. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾക്ക് രാജ്യത്ത് സ്ഥാനമില്ലെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്നും ഇടക്കാല സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
വ്യാഴാഴ്ച രാത്രി ഇയാളെ ആൾക്കൂട്ടം മർദിക്കുകയും മരത്തിൽ കെട്ടിത്തൂക്കുകയുമായിരുന്നു. തുടർന്ന് മൃതദേഹം ധാക്ക-മൈമെൻസിംഗ് ഹൈവേയിൽ ചുട്ടുകരിക്കുകയും ചെയ്തു. ഇത് റോഡിൽ ഗതാഗതക്കുരുക്കിനും കാരണമായെന്ന് പോലീസ് അറിയിച്ചു.
പ്രദേശത്തെ സംഘർഷം നിയന്ത്രിക്കാൻ പോലീസ് ശ്രമിച്ചുവരികയാണ്. അക്രമത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനഭ്രഷ്ടയായതിനുശേഷം രാജ്യത്ത് ഹിന്ദു ന്യൂനപക്ഷത്തിനെതിരേയുള്ള ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്.
Tags : Hindu man killed Bangladesh