ന്യൂഡൽഹി: വായുവിൽനിന്ന് കരയിലേക്ക് തൊടുക്കാവുന്ന ഹാമർ മിസൈലുകൾ നിർമിക്കാൻ ഇന്ത്യ. പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (ബെൽ) ഫ്രഞ്ച് കമ്പനി സഫ്രാൻ ഇലക്ട്രോണിക്സ് ആൻഡ് ഡിഫൻസും (സെഡ്) സംയുക്തമായാണു ഹൈലി അജൈൽ മോഡുലാർ മ്യൂട്ടേഷൻ എക്റ്റെൻഡഡ് റേഞ്ച് (ഹാമർ) സ്മാർട്ട് മിസൈലുകൾ നിർമിക്കുന്നത്.
ഫ്രാൻസുമായി ചേർന്ന് നിർമിക്കുന്ന മിസൈലുകൾ സംബന്ധിച്ച സംയുക്ത സംരംഭ സഹകരണ കരാറിൽ ഇരു സ്ഥാപനങ്ങളും ഒപ്പുവച്ചു. ഈ വർഷം ഫെബ്രുവരി 11ന് ബെംഗളൂരുവിൽ നടന്ന എയ്റോ ഇന്ത്യ ഷോയിൽ ഒപ്പുവച്ച ധാരണാപത്രത്തിന്റെ തുടർച്ചയായാണ് ഈ കരാർ.
കരാർപ്രകാരം മിസൈൽ നിർമാണത്തിന് ബെല്ലിനും സെഡിനും 50 ശതമാനം വീതം പങ്കാളിത്തമുള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്ഥാപിക്കും. മിസൈലിന്റെ 60 ശതമാനവും ഇന്ത്യൻ നിർമിത ഭാഗങ്ങളായിരിക്കും. ഹാമർ മിസൈലുകളുടെ നിർമാണം, വിതരണം, അറ്റകുറ്റപ്പണി എന്നിവയെല്ലാം ഇതിനു കീഴിലാകും നടത്തുക. വ്യോമസേന ഉപയോഗിക്കുന്ന റഫാൽ യുദ്ധവിമാനങ്ങളിലും നാവികസേന വാങ്ങുന്ന റഫാൽ നേവൽ വിമാനങ്ങളിലും പുതിയ ഹാമർ മിസൈലുകൾ ഘടിപ്പിക്കും.
Tags : India France sign cooperation agreement manufacture Hammer missile