ദുബായ്: അറബിക്കടലിൽ അന്താരാഷ്ട്ര സമുദ്രപരിധിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന അമേരിക്കൻ വിമാനവാഹിനി കപ്പലിന് നേരെ വന്ന ഇറാനിയൻ ഡ്രോൺ വെടിവെച്ചിട്ടു. യുഎസ് നാവികസേനയുടെ കരുത്തായ യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന കപ്പലിന് നേരെ പറന്നുവന്ന ഡ്രോണിനെയാണ് അത്യാധുനിക എഫ്-35സി യുദ്ധവിമാനം തകർത്തത്.
വിമാനവാഹിനി കപ്പലിന് തൊട്ടടുത്തേക്ക് അതിവേഗം പാഞ്ഞടുത്ത ഡ്രോൺ കപ്പലിന്റെയും സൈനികരുടെയും സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തിയതിനെ തുടർന്നായിരുന്നു നടപടിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. പിന്തിരിയാൻ പലതവണ റേഡിയോ മുന്നറിയിപ്പ് നൽകിയിട്ടും ഡ്രോൺ ലക്ഷ്യത്തിൽ നിന്ന് മാറിയില്ല.
കപ്പലിൽ നിന്ന് പെട്ടെന്ന് പറന്നുയർന്ന എഫ്-35 വിമാനം ആകാശത്തു വെച്ച് ഡ്രോണിനെ നേരിടുകയായിരുന്നു. ഇറാൻ നിർമ്മിതമായ ഷാഹെദ് വിഭാഗത്തിൽപ്പെട്ട ഡ്രോണാണ് തകർത്തതെന്നാണ് പ്രാഥമിക വിവരം. ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ എണ്ണക്കപ്പലിനെ തടയാൻ ശ്രമിച്ച ഇറാനിയൻ ബോട്ടുകളെയും എഫ്-16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് അമേരിക്ക തുരത്തി.
Tags : Iranian drone US Aircraft F 36 Shot Down