ഷിക്കാഗോ: അമേരിക്കയിലെ ആഫ്രിക്കൻ വംശജരുടെയും ഇതര പാർശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കു വേണ്ടി പോരാടിയ നേതാവും മാർട്ടിൻ ലൂഥർ കിംഗ് ജൂണിയറിന്റെ അനുയായിയുമായ ജെസ്സി ജാക്സൺ (84) അന്തരിച്ചു.
മികച്ച പ്രഭാഷകനും ബാപ്റ്റിസ്റ്റ് പ്രൊട്ടസ്റ്റന്റ് സഭയുടെ നേതാവുമായിരുന്ന ജാക്സൺ 1984, 86 വർഷങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 2017 മുതൽ പാർക്കിൻസൺസ് രോഗത്തിനു ചികിത്സയിലായിരുന്നു.
പതിനാറു വയസുള്ള ഹൈസ്കൂൾ വിദ്യാർഥിനിയുടെ മകനായി സൗത്ത് കരോളൈനയിലെ ഗ്രീൻവില്ലിൽ 1941ൽ ജനിച്ച ജാക്സൺ, അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിൽ നിലനിന്ന വംശീയവെറിയുടെ കയ്പു രുചിച്ചാണു വളർന്നത്.
നോർത്ത് കരോളൈന അഗ്രികൾച്ചറൽ ആൻഡ് ടെക്നിക്കൽ കോളജ് വിദ്യാർഥിയായിരിക്കേയാണ് പൗരാവകാശ മുന്നേറ്റങ്ങളിൽ ആകൃഷ്ടനായതും മാർട്ടിൻ ലൂഥർ കിംഗിന്റെ അനുയായി ആകുന്നതും. ഇതിനിടെ ഷിക്കാഗോ തിയോളജിക്കൽ സെമിനാരി പഠനത്തിനുശേഷം ബാപ്റ്റിസ്റ്റ് സഭാ മിനിസ്റ്ററായും നിയമിക്കപ്പെട്ടു.
ഷിക്കാഗോയിലെ ഓപ്പറേഷൻ പുഷ്, നാഷണൽ റെയിൻബോ കോയലീഷൻ തുടങ്ങിയ പൗരാവകാശ പ്രസ്ഥാനങ്ങളുടെ സ്ഥാപകനാണ്. പ്രസിഡന്റ് ബിൽ ക്ലിന്റണിന്റെ ആഫ്രിക്കൻ പ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ട്. യുഎസിലെ ആദ്യ ആഫ്രിക്കൻ വംശജനായ പ്രസിഡന്റായി താൻ തെരഞ്ഞെടുക്കപ്പെടുന്നതിൽ ജാക്സൺ വഹിച്ച പങ്ക് ബറാക് ഒബാമ അംഗീകരിച്ചിരുന്നു. ഇതേസമയം ഒബാമയും ജാക്സണും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുമുണ്ടായിരുന്നു.
Tags : Jesse Jackson passes away