ജറുസലെം: ഇസ്രയേലിലെ ബ്നി ബ്രാകിൽ നിർബന്ധിത സൈനിക സേവന നിയമത്തിനെതിരേ തീവ്ര യാഥാസ്ഥിതിക ജൂതവിഭാഗമായ ഹരേദി സമൂഹത്തിന്റെ പ്രതിഷേധം.
രണ്ടു വനിതാ സൈനികർ ഹരേദി ജൂതരുടെ പ്രദേശത്ത് നോട്ടീസ് നൽകാനെത്തിയതാണു സംഘർഷത്തിനു കാരണമായത്. ഇവരെ പ്രദേശവാസികൾ സ്ഥലത്തുനിന്ന് ഓടിച്ചു. പോലീസ് എത്തിയാണ് ജനക്കൂട്ടത്തിൽനിന്നു വനിതാ സൈനികരെ രക്ഷപ്പെടുത്തിയത്.
ഇതിനു പിന്നാലെ തെരുവുകളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പ്രകടനക്കാർ മാലിന്യവീപ്പകൾ കത്തിച്ചു, റോഡ് തടഞ്ഞു, പോലീസ് വാഹനം മറിച്ചിട്ടു, ബൈക്ക് കത്തിച്ചു.
സംഭവത്തിൽ ഇരുപതിലധികം പേരെ അറസ്റ്റ് ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഭവത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അപലപിച്ചു. നിർബന്ധിത സൈനികസേവന ഉത്തരവുകൾ നൽകാനാണു വനിതാ സൈനികർ എത്തിയതെന്ന് തെറ്റിദ്ധരിച്ചാണ് സംഘർഷമുണ്ടായത്.
സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് 28 പേരെ അറസ്റ്റ് ചെയ്തു. ജൂത ഇസ്രേലികൾക്ക് സൈനികസേവനം നിർബന്ധമാണ്. എന്നാൽ, തീവ്ര യാഥാസ്ഥിതിക ജൂതന്മാരെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് പരിഷ്കരിക്കാനുള്ള നീക്കങ്ങൾ നടന്നുവരികയാണ്.
Tags : Israel Jewish protests Haredi community Bnei Brak military service law