ലോസ് ആഞ്ചലസ്: മികച്ച ചിത്രത്തിനുള്ള ഓസ്കര് മത്സരത്തിന് അര്‍ഹത നേടി രണ്ട് ഇന്ത്യന്‍ സിനിമകള്‍. ഋഷഭ് ഷെട്ടിയുടെ ‘കാന്താര: ചാപ്റ്റര്‍ 1’, അനുപം ഖേര്‍ സംവിധാനം ചെയ്ത ‘തന്വി ദി ഗ്രേറ്റ്’ എന്നീ ചിത്രങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചത്.
ബഹുഭാഷാ ആനിമേറ്റഡ് ചിത്രമായ ‘മഹാവതാര്‍ നരസിംഹ’, അബിഷാന്‍ ജീവിന്തിന്റെ തമിഴ് ചിത്രമായ ‘ടൂറിസ്റ്റ് ഫാമിലി’ എന്നിവ ഉള്‍പ്പെടെ 317 ചിത്രങ്ങളില്‍നിന്നാണ് 201 സിനിമകള്‍ പ്രഥമപരിഗണന പട്ടികയിലേക്കു തെരഞ്ഞെടുത്തത്. അക്കാഡമി റെപ്രസന്റേഷന്‍ ആന്‍ഡ് ഇന്‍ക്ലൂഷന്‍ സ്റ്റാന്‍ഡേര്‍ഡ്സ് പാലിച്ച് നാലു നിബന്ധനകളില്‍ രണ്ടെണ്ണമെങ്കിലും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പട്ടികയില്‍ ഇടം നേടാന്‍ സാധിക്കുകയുള്ളൂ.
കര്‍ണാടകയില്‍ ഭൂതക്കോലം എന്നറിയപ്പെടുന്ന അനുഷ്ഠാന കലയെ ആസ്പദമാക്കിയാണ് ‘കാന്താര: ചാപ്റ്റര്‍ 1’ നിര്‍മിച്ചിരിക്കുന്നത്. ഓട്ടിസം ബാധിച്ച പെണ്‍കുട്ടി ഇന്ത്യന്‍ സൈന്യത്തില്‍ ചേരുന്നത് ആസ്പദമാക്കിയുള്ള ചിത്രമാണ് ‘തന്വി ദി ഗ്രേറ്റ്’. ജനുവരി 22 നാണ് ഓസ്കറിനായുള്ള അന്തിമപട്ടിക പുറത്തുവിടുക.
Tags : Kantara Thanvi the Great Oscar Los Angeles Qualified