ജിദ്ദ: സൗദി അറേബ്യയിലെ മദീനയിൽ ബസും ഡീസൽ ടാങ്കറും കൂട്ടിയിടിച്ച് കൊല്ലപ്പെട്ട ഇന്ത്യയിൽനിന്നുള്ള ഉംറ തീർഥാടകരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യൻ സ്ഥാനപതി കാര്യാലയം ജിദ്ദയിൽ ക്യാമ്പ് ഓഫീസ് തുറന്നു.
അപകടത്തില്‍നിന്ന് രക്ഷപെട്ട അബ്ദുള്‍ ഷൊയിബ് മുഹമ്മദിനെ മദീന ആശുപത്രിയിലെത്തി കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന് സുരി കണ്ടു. സാധ്യമായ എല്ലാ ചികിത്സയിലും ഷൊയിബ് മുഹമ്മദിന് നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ ഉറപ്പ് നല്‍കിയതായി കോൺസൽ ജനറൽ അറിയിച്ചു.
കര്‍ണാടക സ്വദേശികളായ രണ്ടുപേർ ഉൾപ്പെടെ നാൽപതിലേറെപ്പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്. ഹൈദരാബാദ് സ്വദേശികളാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. 20 സ്ത്രീകളും 11 കുട്ടികളും മരിച്ചുവെന്നും അധികൃതർ സ്ഥിരീകരിക്കുന്നു. കർണാടകയിലെ ബിദർ മൈലൂർ സിഎംസി കോളനിയിൽനിന്നുള്ള റഹ്മത്ത് ബീ എന്ന എൺപതുകാരി മരിച്ചതായി ഇന്നലെ അധികൃതർ സ്ഥിരീകരിച്ചു. ഹൈദരാബാദിലെത്തിയശേഷമാണ് ഇവർ ഉംറ തീർഥാടനത്തിനായി സൗദിയിലേക്കു പോയത്.
ഹുബ്ബള്ളി സ്വദേശി അബ്ദുൾ ഗനി ഷിരഹട്ടി എന്നയാൾ ഉൾപ്പെടെ 44 ഇന്ത്യൻ തീർഥാടകർ മരിച്ചതായി തിങ്കളാഴ്ച തെലുങ്കാന സർക്കാർ സ്ഥിരീകരിച്ചിരുന്നു. അതേസമയം 42 ഇന്ത്യക്കാർ മാത്രമാണ് മരിച്ചതെന്ന് കേന്ദ്രസർക്കാർ പറയുന്നു.
കൊല്ലപ്പെട്ടവരുടെ സംസ്കാരം മദീനയിൽത്തന്നെ നടത്താനാണ് ആലോചന. ഇതിനായി ബന്ധുക്കൾ ഉൾപ്പെടെ അന്‍പതോളം പേർ സൗദി അറേബ്യയിലേക്കു പോയതായി തെലുങ്കാന സർക്കാർ അറിയിച്ചു. വ്യാഴാഴ്ച അന്ത്യകർമങ്ങൾ നടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് ഭൂരിഭാഗം മൃതദേഹങ്ങളും. സൗദിയിലെത്തുന്ന കുടുംബാംഗങ്ങളുടെ ഡിഎൻഎ ശേഖരിച്ച് മൃതദേഹങ്ങളുമായി ഒത്തുനോക്കുന്നതിനെക്കുറിച്ചും ആലോചനകളുണ്ട്.
Tags : Madinah bus accident India camp office open in Jeddah Indian Consulate