വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് കസേരയിൽ നിക്കോളാസ് മഡുറോയുടെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന സൂചന നല്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
സിബിഎസ് ചാനൽ ഞായറാഴ്ച സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. പ്രസിഡന്റ് എന്ന നിലയിൽ മഡുറോയുടെ ദിനങ്ങൾ എണ്ണപ്പെട്ടുവോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. “അതേ, എനിക്ക് അങ്ങനെയാണു തോന്നുന്നത്” എന്ന് ട്രംപ് മറുപടി നല്കി.
അതേസമയം, അമേരിക്ക വെനസ്വേലയിൽ കരയാക്രമണത്തിനു പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിക്കാൻ ട്രംപ് തയാറായില്ല. വെനസ്വേലയുടെ കാര്യത്തിൽ എന്താണു ചെയ്യാൻ പോകുന്നതെന്നു വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. വെനസ്വേലയുമായി അമേരിക്ക യുദ്ധത്തിൽ ഏർപ്പെടാനുള്ള സാധ്യത കുറവാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്കൻ സേന കരീബിയനിൽ സേനാവിന്യാസം വർധിപ്പിക്കുന്നതിനിടെയാണു ട്രംപ് ഇക്കാര്യം പറഞ്ഞത്. അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്ത് തടയാനായിട്ടാണു സൈനിക വിന്യാസമെന്നാണ് ട്രംപ് മുന്പ് പറഞ്ഞിട്ടുള്ളത്. മയക്കുമരുന്ന് കടത്തുന്ന ബോട്ടുകൾക്കു നേർക്ക് എന്ന പേരിൽ അമേരിക്കൻ സേന നടത്തിയിട്ടുള്ള ആക്രമണങ്ങളിൽ 64 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
എന്നാൽ, വെനസ്വേലൻ സർക്കാരിനെ താഴെയിറക്കാനാണ് അമേരിക്കൻ നീക്കമെന്ന് അനുമാനിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സന്പന്ന രാജ്യങ്ങളിലൊന്നാണു വെനസ്വേല.
Tags : Trump Donal trump Maduro venezuela