ന്യൂയോർക്ക്: വെനസ്വേലയുടെ ഭരണം താൻ നേതൃത്വം നല്കുന്ന സഖ്യകക്ഷിക്കായിരിക്കണമെന്നു സമാധാന നൊബേൽ ജേതാവായ പ്രതിപക്ഷ നേതാവ് മരിയ കൊറിനോ മച്ചാഡോ. കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമാണു ജയിച്ചതെന്നും അതിനാൽ ഭരണത്തിന് അർഹതയുണ്ടെന്നും മരിയ അമേരിക്കൻ ചാനലിനു നല്കിയ അഭിമുഖത്തിൽ പറഞ്ഞു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നേതൃപാടവത്തിനും ധൈര്യത്തിനും മരിയ നന്ദി പറഞ്ഞു. അതേസമയം, മഡുറോയുടെ വൈസ് പ്രസിഡന്റായ ഡെൽസി റൊദ്രിഗസ് വെനസ്വലേയുടെ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റതിനെ വിമർശിച്ചു. ഡെൽസിയിൽ വിശ്വാസമില്ലെന്ന് മരിയ വ്യക്തമാക്കി.
വെനസ്വേലയിലേക്കു മടങ്ങുമെന്നും നൊബേൽ പുരസ്കാരം ട്രംപുമായി പങ്കുവയ്ക്കുമെന്നും മരിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം, വെനസ്വേലൻ ഭരണം മരിയയെ ഏൽപ്പിക്കാൻ പദ്ധതിയില്ലെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. മരിയയ്ക്കു ഭരണം നടത്താനുള്ള കഴിവും ജനപിന്തുണയും ഇല്ലെന്നാണ് ട്രംപ് പറഞ്ഞത്.
മഡുറോ പുറത്താക്കപ്പെട്ടെങ്കിലും വെനസ്വേലൻ ഭരണത്തിൽ അവസരം ലഭിക്കാത്തതിൽ മരിയ നേതൃത്വം നല്കുന്ന പ്രതിപക്ഷ കക്ഷികൾക്കു വലിയ നിരാശയുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമാണു ജയിച്ചതെന്നും മഡുറോ കൃത്രിമത്വത്തിലൂടെ അധികാരം നിലനിർത്തുകയായിരുന്നുവെന്നും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും പറഞ്ഞിരുന്നു.
Tags : Venezuela Maria governed Maria Corino Machado