ദാവോസ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച സമാധാന ബോർഡിന്റെ പ്രവർത്തനോദ്ഘാടനം സിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാന്പത്തിക ഉച്ചകോടിക്കിടെ നടന്നു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിൽ ട്രംപ് ഒപ്പിട്ടു. സ്ഥാപക അംഗങ്ങളെന്ന നിലയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലേ, ഹംഗേറിയൻ പ്രധാനമന്ത്രി വിക്തർ ഓർബൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഗാസ സമാധാന പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന ബോർഡിന്റെ ചെയർമാൻ ട്രംപ് ആണ്. ഗാസയ്ക്കു പുറമേ മറ്റു സംഘർഷങ്ങളും കൈകാര്യം ചെയ്യാനുള്ള സമിതിയെന്ന നിലയിലാണ് ഇപ്പോഴത്തെ രൂപീകരണം.
ട്രംപിന്റെ സമാധാന ബോർഡ് ഐക്യരാഷ്ട്രസഭയെ അസ്ഥിരപ്പെടുത്തുമെന്ന നിരീക്ഷണമുണ്ട്. എന്നാൽ, ഇത്തരം ആശങ്കകൾ വേണ്ടെന്ന് അദ്ദേഹം ദാവോസിൽ പറഞ്ഞു. യുഎന്നിനു പകരമല്ല സമാധാന ബോർഡെന്നും യുഎൻ അടക്കമുള്ള സംഘടനകളുമായി ചേർന്നായിരിക്കും സംഘടന പ്രവർത്തിക്കുകയെന്നും ട്രംപ് പറഞ്ഞു.
ഞങ്ങൾ ലോകത്ത് സമാധാനം സൃഷ്ടിക്കാൻ പോകുകയാണ്. ഒരു വർഷം മുന്പ് ലോകത്തിനു തീപിടിച്ചിരിക്കുകയായിരുന്നു. ഇപ്പോൾ ലോകത്തിനുള്ള ഭീഷണികൾ കുറഞ്ഞിട്ടുണ്ട്.
എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന അവകാശവാദം ട്രംപ് ആവർത്തിച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളിൽ വലിയ പുരോഗതി കൈവരിക്കാനായി. റഷ്യൻ പ്രസിഡന്റ് പുടിനെ ബോർഡിലേക്കു ക്ഷണിച്ചതിനെ ട്രംപ് ന്യായീകരിച്ചു.
ബോർഡിൽ അംഗമാകാൻ ഇന്ത്യ അടക്കം 60 രാജ്യങ്ങളെ ട്രംപ് ക്ഷണിച്ചിട്ടുണ്ട്. 30 രാജ്യങ്ങൾ ക്ഷണം സ്വീകരിച്ചു. ഐക്യരാഷ്ട്രസഭയെക്കുറിച്ചുള്ള ആശങ്ക മൂലം ഫ്രാൻസ്, സ്വീഡൻ, നോർവേ തുടങ്ങിയ രാജ്യങ്ങൾ ക്ഷണം നിരസിച്ചു.
Tags : replacement for the United Nations Peace Board