വത്തിക്കാൻ സിറ്റി: സമാധാനമെന്നത് കൂട്ടുത്തരവാദിത്വമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ക്രിസ്മസ് ദിനത്തിൽ ഊർബി എത്ത്ഓർബി സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
ലബനൻ, പലസ്തീൻ, ഇസ്രയേൽ, സിറിയ എന്നീ രാജ്യങ്ങളിൽ നീതിയും സമാധാനവും സ്ഥിരതയും ഉണ്ടാകാൻ മാർപാപ്പ പ്രാർഥിച്ചു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ സത്യസന്ധവും പരസ്പരബഹുമാനത്തിലുള്ളതുമായ ചർച്ചയ്ക്ക് മാർപാപ്പ ആഹ്വാനം ചെയ്തു.
“ലോകമെന്പാടും തുടരുന്ന, പ്രത്യേകിച്ച് അവഗണിക്കപ്പെട്ട യുദ്ധങ്ങളുടെ ഇരകൾക്കുവേണ്ടിയും അനീതിയും അസ്ഥിരതയും മതപീഡനവും ഭീകരവാദവും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുവേണ്ടിയും ബെത്ലേഹമിലെ ശിശുവിൽനിന്ന് സമാധാനവും ആശ്വാസവും നമുക്ക് അപേക്ഷിക്കാം” -മാർപാപ്പ പറഞ്ഞു.
സുഡാൻ, സൗത്ത് സുഡാൻ, മാലി, ബുർക്കിന ഫാസോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിലും ലോകത്തെ മറ്റിടങ്ങളിലും യുദ്ധത്തിനും സംഘർഷത്തിനും ഇരകളായവരോട് മാർപാപ്പ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഹെയ്ത്തി, മ്യാൻമർ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ ജനങ്ങൾക്കുവേണ്ടിയും അദ്ദേഹം പ്രാർഥിച്ചു. തായ് ലാൻഡും കംബോഡിയയും തമ്മിൽ പൗരാണിക കാലം മുതലുള്ള സൗഹൃദം പുനഃസ്ഥാപിക്കാനും മാർപാപ്പ പ്രാർഥിച്ചു.
"ഏവർക്കും സന്തോഷം നിറഞ്ഞ ഒരു ക്രിസ്മസ്! ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിലും നിങ്ങളുടെ കുടുംബങ്ങളിലും വാഴട്ടെ''എന്ന ആശംസയും പ്രഭാഷണത്തിന്റെ അവസാനം ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, ജർമൻ, സ്പാനിഷ്, പോർച്ചുഗീസ്, അറബ്, ചൈനീസ്, ലാറ്റിൻ ഭാഷകളിൽ മാർപാപ്പ നേർന്നു.
Tags : Pope Leo XIV Vatican City christmas day Pope