ടെക്സസ്: വിമാനം അപകടത്തിൽപ്പെട്ട് ഫ്ലോറിഡയിൽ നിന്നുള്ള പ്രമുഖ പൈലറ്റും ഭാര്യയും മരണപ്പെട്ടു. ഫ്ലോറിഡയിൽ ഏവിയേഷൻ ബിസിനസ് നടത്തുന്ന റോൺ ടിമ്മർമാൻസും ഭാര്യ ബാർബറ ടിമ്മർമാൻസുമാണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം ടെക്സസിലാണ് അപകടമുണ്ടായത്. എന്നാൽ വിമാനത്തിലുണ്ടായിരുന്ന ഇവരുടെ വളർത്തുനായ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റോണും ബാർബറയും തങ്ങളുടെ ഉടമസ്ഥതയിലുള്ള ‘ബീച്ച്ക്രാഫ്റ്റ് എ36' വിമാനത്തിൽ സഞ്ചരിക്കുകയായിരുന്നു.
വൈകുന്നേരം 5.30ഓടെ വിമാനത്തിന്റെ മുൻവശത്തെ ചില്ലിൽ അപ്രതീക്ഷിതമായി എണ്ണ പടരുകയും കാഴ്ച പൂർണമായും തടസപ്പെടുകയും ചെയ്തു. ഉടൻ തന്നെ റോൺ അടിയന്തര ലാൻഡിംഗിനായി സഹായം അഭ്യർഥിച്ച് സന്ദേശം അയച്ചു. തുടർന്ന് നിലത്തിറക്കാൻ ശ്രമിക്കുന്നതിനിടെ കാഴ്ച മറഞ്ഞതിനാൽ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വൈദ്യുതി ലൈനിൽ തട്ടി. തുടർന്ന് ടെക്സസിലെ ബ്രൗൺസ്ബോറോയിലുള്ള ഒരു ജനവാസ മേഖലയിൽ തകർന്നു വീഴുകയായിരുന്നു.
വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ അയൽവാസികൾ കാണുന്നത് വിമാനത്തിന്റെ മുൻഭാഗം മണ്ണിൽ പൂണ്ടുപോയ നിലയിലായിരുന്നു. രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും ദമ്പതികൾ മരണപ്പെട്ടിരുന്നു. സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് വിശദമായ അന്വേഷണം ആരംഭിച്ചു. വിമാനത്തിന്റെ വേഗതയും ചലനങ്ങളും രേഖപ്പെടുത്തുന്ന ഉപകരണങ്ങൾ കണ്ടെടുത്ത് പരിശോധിച്ചുവരികയാണ്. വിമാനാവശിഷ്ടങ്ങൾ വിശദമായ സാങ്കേതിക പരിശോധനയ്ക്കായി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
Tags : Pilot wife killed Texas plane crash escape pet dog