അബൂജ: നൈജീരിയയിൽ അക്രമസംഭവങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി പ്രസിഡന്റ് ബോല ടിനുബു അറിയിച്ചു. അക്രമം നിയന്ത്രിക്കാനായി കൂടുതൽ സുരക്ഷാഭടന്മാരെ റിക്രൂട്ട് ചെയ്യുന്നതടക്കമുള്ള നടപടികളും അദ്ദേഹം പ്രഖ്യാപിച്ചു.
പോലീസ് സേനയിൽ 20,000 പേരെ കൂടി നിയമിക്കും. വിഐപി സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന സുരക്ഷാഭടന്മാർക്കു പരിശീലനം നല്കി സംഘർഷമേഖലകളിലേക്ക് അയയ്ക്കും.
വനത്തിൽ ഒളിത്താവളമുള്ള സായുധ സംഘങ്ങളെ പുറത്തുചാടിക്കാനായി പരിശീലനം ലഭിച്ച ഫോറസ്റ്റ് ഗാർഡുകളെ ഇറക്കും. തിന്മയുടെ ശക്തികൾക്ക് ഇനി വനത്തിൽ ഒളിത്താവളം ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച സ്കൂളുകളിൽനിന്നടക്കം നൂറുകണക്കിനു പേരെ തട്ടിക്കൊണ്ടുപോയ പശ്ചാത്തലത്തിലാണ് ടിനുബുവിന്റെ നീക്കങ്ങൾ.
കഴിഞ്ഞയാഴ്ച കെബ്ബി സംസ്ഥാനത്തെ സർക്കാർ സ്കൂളിൽനിന്നു തട്ടിക്കൊണ്ടുപോകപ്പെട്ട 25 പെൺകുട്ടികളെയും കവര സംസ്ഥാനത്തെ പള്ളിയിൽനിന്നു തട്ടിക്കൊണ്ടുപോകപ്പെട്ട പാസ്റ്റർ അടക്കം 38 പേരെയും മോചിപ്പിക്കുന്നതിൽ സുരക്ഷാസേന പങ്കുവഹിച്ചതായി ടിനുബു അറിയിച്ചു.
നൈജർ സംസ്ഥാനത്തെ സെന്റ് മേരീസ് കാത്തലിക് സ്കൂളിൽനിന്നു തട്ടിക്കൊണ്ടുപോകപ്പെട്ട 253 വിദ്യാർഥികളെയും 12 ജീവനക്കാരെയും മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Tags : Nigeria Nigeria violence President Tinubu Nigeria Military deployment