വത്തിക്കാൻ സിറ്റി: ജർമനിയിലെ ഏറ്റവും പഴയ രൂപതകളിലൊന്നായ മയിൻസ് രൂപതയുടെ സഹായമെത്രാനായി മലയാളിയായ റവ.ഡോ. ജോഷി ജോർജ് പൊട്ടയ്ക്കലിനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു.
ഓർഡർ ഓഫ് കാർമലൈറ്റ്സ് (ഒകാം) സന്യാസസമൂഹത്തിന്റെ ഇന്ത്യൻ പ്രോവിൻസിലെ (സെന്റ് തോമസ്) അംഗമായ ഇദ്ദേഹം കോതമംഗലം രൂപതയിലെ മൂവാറ്റുപുഴ മീങ്കുന്നം ഇടവകാംഗമാണ്.
ജർമനിയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ വൈദികൻ മെത്രാനാകുന്നത്. അടുത്ത വർഷം മാർച്ച് 15ന് മയിൻസ് സെന്റ് മാർട്ടിൻ ആൻഡ് സെന്റ് സ്റ്റീഫൻ കത്തീഡ്രലിലാണു മെത്രാഭിഷേകം. 2003 ഡിസംബർ 31ന് പൗരോഹിത്യം സ്വീകരിച്ച റവ.ഡോ. പൊട്ടയ്ക്കൽ 22 വർഷമായി മയിൻസ് രൂപതയിലാണു ശുശ്രൂഷ ചെയ്യുന്നത്. രൂപതയുടെ വികാരി ജനറാളായി സേവനം ചെയ്യുന്നതിനിടെയാണു പുതിയ നിയമനം.
മീങ്കുന്നം പൊട്ടയ്ക്കൽ പരേതരായ ജോർജിന്റെയും ഏലിയാമ്മയുടെയും രണ്ടാമത്തെ മകനാണ്. ഒകാം വൈദികനായ ജ്യേഷ്ഠസഹോദരൻ ഫാ. ജോയ്സ് പൊട്ടയ്ക്കൽ കാനഡയിൽ സേവനം ചെയ്യുന്നു. മൂവാറ്റുപുഴ നിർമല കോളജിലെ അസി. പ്രഫസർ ജോബിയാണ് മറ്റൊരു സഹോദരൻ.
എഡി 340ൽ സ്ഥാപിതമായ മയിൻസ് രൂപതയിൽ ഏഴു ലക്ഷം കത്തോലിക്കാ വിശ്വാസികളാണുള്ളത്. പീറ്റർ കോൾഗ്രാഫാണ് രൂപത ബിഷപ്. ജർമനിയിലെ റൈൻലാൻഡ് പാലറ്റിനേറ്റ് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് മയിൻസ്.
Tags : Maynes Rupatha Auxiliary Bishop Rev. Dr. Joshi George Pottakkal Vathican Pope Leo 14th