കീവ്: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി റഷ്യയും അമേരിക്കയും പുതിയ പദ്ധതി തയാറാക്കിയതായി റിപ്പോർട്ട്. യുക്രെയ്ൻ സേനയുടെ നിയന്ത്രണത്തിലുള്ള ഭൂമികൂടി റഷ്യക്കു വിട്ടുകൊടുക്കണമെന്ന നിർദേശം പദ്ധതിയിലുണ്ട്. യുക്രെയ്ൻ സേനയുടെ വലിപ്പം കുറയ്ക്കണമെന്നതാണ് മറ്റൊരു നിർദേശം.
പദ്ധതി ചർച്ച ചെയ്യാനായി അമേരിക്കൻ ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോളിന്റെ നേതൃത്വത്തിലുള്ള സൈനികസംഘം ബുധനാഴ്ച യുക്രെയ്നിലെത്തി. ഇന്നലെ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി സംഘം ചർച്ച നടത്തി.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും റഷ്യയുടെ പ്രത്യേക പ്രതിനിധി കിറിൾ ദിമിത്രിയേവും ചേർന്നാണ് പദ്ധതി തയാറാക്കിയത്. അമേരിക്കയോ റഷ്യയോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ദീർഘകാല സമാധാനത്തിന് ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കു തയാറാകേണ്ടിവരുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സോഷ്യൽ മീഡിയയിൽ പറഞ്ഞു.
അമേരിക്കയും റഷ്യയും ചേർന്ന് പദ്ധതി തയാറാക്കിയതിൽ യൂറോപ്യൻ യൂണിയൻ എതിർപ്പ് പ്രകടിപ്പിച്ചു. ഏതു പദ്ധതിയും നടപ്പാകണമെങ്കിൽ യുക്രെയ്നെയും യൂറോപ്യൻ യൂണിയനെയും ചർച്ചയിൽ ഉൾപ്പെടുത്തണമെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കായാ കല്ലാസ് പറഞ്ഞു. റഷ്യയോട് അടിയറവു പറയാൻ യുക്രെയ്ൻ തയാറല്ലെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ഷോൺ നോയൽ ബാരറ്റും പറഞ്ഞു.
യുദ്ധകാര്യങ്ങളും വെടിനിർത്തലും ചർച്ച ചെയ്യാനാണ് അമേരിക്കൻ സംഘം എത്തിയതെന്ന് യുക്രെയ്ൻ വൃത്തങ്ങൾ വെളിപ്പെടുത്തി. നിലവിൽ ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലത്തുവച്ച് യുദ്ധം നിർത്താൻ തയാറാണെന്ന് പ്രസിഡന്റ് സെലൻസ്കി ട്രംപിനോട് സമ്മതിച്ചിട്ടുള്ളതാണെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
Tags : Ukraine War Russia-US new plan EU european union