കാബൂൾ: സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനത്തെ നിയമവിധേയമാക്കി താലിബാൻ. ശാരീരികമായ ശിക്ഷയിൽ ഭാര്യക്ക് ഒടിവുകളോ മുറിവോ ഉണ്ടായാൽ 15 ദിവസത്തെ തടവ് ശിക്ഷ മാത്രമാണ് വിധിക്കുന്നത്. കോടതിയിൽ സ്ത്രീക്ക് പീഡനം വിജയകരമായി തെളിയിക്കാൻ കഴിഞ്ഞാൽ മാത്രമേ പുരുഷൻ കുറ്റക്കാരനാണെന്ന് കണ്ടെത്താനാകൂ.
പുതിയ നിയമത്തിൽ പറയുന്നത് എല്ലുകൾ ഒടിയാതയോ തുറന്ന മുറിവുകൾ ഉണ്ടാക്കാതെയോ ഭർത്താക്കന്മാർക്ക് ഭാര്യമാരെയും കുട്ടികളെയും ശാരീരികമായി ശിക്ഷിക്കാം. ഇസ്ലാമിക ഗ്രൂപ്പിന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ ഒപ്പിട്ട പീനൽ കോഡിലാണ് ഇക്കാര്യം പറയുന്നത്. ഇതേ നിയമത്തിലാണ് അടിമത്തത്തെ നിയമവിധേയമാക്കിയത്.
അതേസമയം വിവാഹിതയായ സ്ത്രീ ഭർത്താവിന്റെ അനുവാദമില്ലാതെ ബന്ധുക്കളെ സന്ദർശിച്ചാൽ മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കാം. ആർട്ടിക്കിൾ 9 അഫ്ഗാൻ സമൂഹത്തെ നാല് വിഭാഗങ്ങളായി തിരിക്കുന്നു. മത പണ്ഡിതർ (ഉലമ), വരേണ്യവർഗം (അഷ്റഫ്), മധ്യവർഗം, താഴ്ന്ന വിഭാഗം. ഈ സംവിധാനത്തിൽ ഒരേ കുറ്റകൃത്യത്തിനുള്ള ശിക്ഷ ഇനി പ്രധാനമായും കുറ്റകൃത്യത്തിന്റെ സ്വഭാവമോ തീവ്രതയോ അനുസരിച്ചാവില്ലെന്നും മറിച്ച് പ്രതിയുടെ സാമൂഹിക നിലയെ അടിസ്ഥാനമാക്കിയാണെന്നും പറയുന്നു.
Tags : Taliban legalizes domestic violence