ഭീകരനെ തള്ളിവീഴ്ത്തി തോക്ക് പിടിച്ചുവാങ്ങുന്ന ദമ്പതികളുടെ വീഡിയോ ദൃശ്യത്തിൽനിന്ന്.
സിഡ്നി: ഒാസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ 16 പേരെ വെടിവച്ചു കൊന്ന ഭീകരരെ കീഴ്പ്പെടുത്താൻ ശ്രമിച്ച അഹമ്മദ് അൽ അഹമ്മദിനെ ഒാസ്ട്രേലിയ ഹീറോയായി വാഴ്ത്തുമ്പോൾ അതേ ധീരകൃത്യം ചെയ്യാൻ ശ്രമിച്ചു ജീവൻ നഷ്ടപ്പെടുത്തിയ മറ്റു രണ്ടു പേരുടെ കഥയും ഇപ്പോൾ വാർത്തകളിൽ നിറയുന്നു. ബോറിസ് ഗുർമൻ (69), ഭാര്യ സോഫി ജൂതദമ്പതികളാണ് ധീരരക്തസാക്ഷികളായി മാറിയത്. ഭീകരനെ തടയാൻ ശ്രമിക്കുന്നതിനിടയിൽ ഇരുവരെയും അയാൾ കൊലപ്പെടുത്തുകയായിരുന്നു.
ബീച്ചിലൂടെ കടന്നുപോയ ഒരു കാറിന്‍റെ ഡാഷ് കാമറയിലാണ് ഇവർ ജീവൻ പണയപ്പെടുത്തിയ നടത്തിയ ശ്രമങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ബീച്ചിൽ പാർക്കിംഗ് ഏരിയയിൽ കാർ നിർത്തിയിട്ട് തോക്കുകളുമായി ആക്രമണത്തിന് ഇറങ്ങിയ സാജിദ് അക്രം എന്ന ഭീകരനെ കയറിപ്പിടിച്ച് വഴിയിലേക്കു തള്ളിയിട്ട ശേഷം തോക്കുകളിലൊന്നു പിടിച്ചെടുക്കുന്ന ബോറിസിനെ ദൃശ്യങ്ങളിൽ കാണാം.
സഹായിക്കാൻ ഭാര്യയും
ബോറിസിനെ സഹായിക്കാൻ ഭാര്യ സോഫിയും ഒാടിയെത്തി. എന്നാൽ, ഭീകരനെ കീഴ്പ്പെടുത്താൻ ഇവർക്ക് ആയില്ല. കൈയിൽ അവശേഷിച്ചിരുന്ന തോക്ക് ഉപയോഗിച്ച് ഭീകരൻ ഇരുവരെയും വെടിവച്ചുവീഴ്ത്തി. പിന്നീട് പുറത്തുവന്ന ഡ്രോൺ വീഡിയോ ദൃശ്യങ്ങളിൽ ഇരുവരും വെടിയേറ്റു റോഡിൽ മരിച്ചുകിടക്കുന്നത് കാണാം. ജനുവരിയിൽ 35-ാം വിവാഹവാർഷകം ആഘോഷിക്കാനിരിക്കെയാണ് ഇരുവരുടെയും ധീരരക്തസാക്ഷിത്വം.
കാറുടമ ചൈനീസ് സാമൂഹിക മാധ്യമമായ റോഡ് നോട്ടിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതതോടെയാണ് ഇവരുടെ ധീരകൃത്യം പുറംലോകം അറിഞ്ഞത്. ഇതു തങ്ങൾക്കു ഹൃദയം തകർന്ന അനുഭവമായി. പ്രിയപ്പെട്ട ബോറിസും സോഫിയും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സ്വന്തം ജീവൻ നഷ്ടപ്പെടുത്തി... അവരുടെ വേർപാട് ഇനിയും ഉൾക്കൊള്ളാനാവുന്നില്ലെന്നു ബന്ധുക്കൾ പ്രതികരിച്ചു. റഷ്യയിൽനിന്നു കുടിയേറിയ ദമ്പതികളിൽ ബോറിസ് മുൻ മെക്കാനിക് ആണ്. സോഫിയ ഒാസ്ട്രേലിയൻ പോസ്റ്റൽ വകുപ്പിൽ ജോലിക്കാരിയായിരുന്നു.

ഇഷ്‌ടിക എറിഞ്ഞും
അതുപോലെ ഭീകരരെ ഇഷ്ടികകൾ എറിഞ്ഞു പ്രതിരോധിക്കാൻ ശ്രമിക്കുന്ന മറ്റൊരാളുടെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. റൂവൺ മോറിസൺ എന്ന 62കാരനാണ് ഭീകരനെ ഇഷ്ടിക എറിഞ്ഞ് ഒാടിക്കാൻ ശ്രമിച്ചത്. അഹമ്മദ് അൽ അഹമ്മദ്, സാജിദ് അക്രം എന്ന ഭീകരനെ കീഴ്പ്പെടുത്തി തോക്ക് കൈവശമാക്കിയതിനു പിന്നാലെയാണ് അയാളെ ഇഷ്ടിക എറിഞ്ഞ് തുരത്താൻ മോറിസൺ മുന്നിട്ടിറങ്ങിയത്.
ഇതിനിടയിൽ രണ്ടാമത്തെ ഭീകരൻ നവീദ് അക്രം ഇദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തി. അദ്ദേഹത്തിന്‍റെ അടിവയറ്റിലാണ് വെടിയുണ്ട പാഞ്ഞുകയറിയെന്ന് അടുത്ത സുഹൃത്തും സംഭവസ്ഥലത്തുണ്ടായിരുന്ന ആളുമായി വ്ളാഡിമിർ മാധ്യമങ്ങളോടു പറഞ്ഞു. ഇടയ്ക്കൊരു സമയത്ത് ഒരു ഭീകരൻ വ്ളാഡിമിറിനും മുഖാമുഖം വന്നു. എന്നാൽ, താൻ ജൂതൻ അല്ലെന്നാണ് അയാൾ കരുതിയത്. അതുകൊണ്ട് തന്നോടു ദൂരേയ്ക്കു മാറിപ്പോകാൻ ആക്രോശിച്ചു. എന്നാൽ, താനുമൊരു ജൂതനാണെന്നു വ്ളാഡിമിർ പറയുന്നു.
Tags : brave couple Footage Bondi Beach Hanukkah terror attack heroism terrorists gunman couple islamic state terror australia