വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ പ്രമുഖ മാധ്യമസ്ഥാപനവും ആമസോൺ സഹസ്ഥാപകൻ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ളതുമായ വാഷിംഗ്ടൺ പോസ്റ്റ് കടുത്ത പ്രതിസന്ധിയിൽ. ഇതിന്റെ ഭാഗമായി 300 ജേർണലിസ്റ്റുകളുൾപ്പെടെ മൂന്നിലൊന്നു ജീവനക്കാരെ കന്പനി പിരിച്ചുവിട്ടു.
ജോലി നഷ്ടമായവരിൽ ശശി തരൂർ എംപിയുടെ മകനും കോളമിസ്റ്റുമായ ഇഷാൻ തരൂരും ഉൾപ്പെടുന്നു. ഇഷാൻ തന്നെയാണ് ഇക്കാര്യം എക്സിൽ പങ്കുവച്ചത്. പത്തുവർഷമായി സ്ഥാപനത്തിലെ അന്താരാഷ്ട്ര വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു ഇഷാൻ.
കാലങ്ങളായി ഡെമോക്രാറ്റിക് പാർട്ടിയോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന പത്രം 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പോടെ നിലപാട് മാറ്റുകയും പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസിനെ പിന്തുണയ്ക്കേണ്ടെന്നു തീരുമാനിക്കുകയും ചെയ്തിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയെയും പ്രസിഡന്റ് ട്രംപിനെയും ഏതുവിധേനയും പ്രീതിപ്പെടുത്തുകയെന്നതായി സ്ഥാപനത്തിന്റെ പ്രവർത്തനം. ഇതോടെ വരിക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. തത്ഫലമായി പരസ്യവരുമാനം നിലയ്ക്കുകയും ചെയ്തു. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.
ബുധനാഴ്ച രാവിലെ നടന്ന മീറ്റിംഗില്‍ എഡിറ്റര്‍ ഇന്‍ ചീഫ് മാറ്റ് മുറെയാണ് പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്. ഇതിനെ ഒരു ‘തന്ത്രപരമായ പുനക്രമീകരണം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കടുത്ത മത്സരമുള്ള മാധ്യമരംഗത്ത് നിലനിൽപ്പ് ഉറപ്പുവരുത്താനും ഭാവി സുരക്ഷിതമാക്കാനുമാണ് ഈ നടപടിയെന്ന് അദ്ദേഹം വിശദീകരിച്ചു. സ്ഥാപനത്തില്‍ നിര്‍ണായകമായ പല മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. നിലവില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ജനപ്രിയ സ്പോര്‍ട്സ് ഡെസ്ക് നിര്‍ത്തലാക്കി. പകരം ചെറിയൊരു ടീമിനെ നിയോഗിക്കും. പ്രാദേശിക വാര്‍ത്താവിഭാഗം പുനഃസംഘടിപ്പിക്കും. അന്താരാഷ്ട്ര ബ്യൂറോകളുടെ എണ്ണം 12 ആയി കുറയ്ക്കും.
സ്ഥാപനത്തിന്റെ പുസ്തകവിഭാഗം നിര്‍ത്തലാക്കി. സ്ഥാപനത്തിന്റെ പ്രധാന പോഡ്കാസ്റ്റായ ‘പോസ്റ്റ് റിപ്പോര്‍ട്ട്സും’ താത്കാലികമായി നിര്‍ത്തി. പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് ഏപ്രില്‍ പത്തുവരെ ശമ്പളത്തോടുകൂടി അവധി നല്‍കും. കൂടാതെ ആറു മാസത്തെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്.
Tags : Washington Post US media outlet Jeff Bezos crisis laid off