വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുമായി നേരിട്ടു ചർച്ചയ്ക്കു തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതേസമയംതന്നെ അമേരിക്കൻ സേന വെനസ്വേലയിൽ കാലുകുത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെനസ്വേലയ്ക്കു സമീപം കരീബിയൻ കടലിൽ അമേരിക്ക സൈനികസന്നാഹം വർധിപ്പിച്ചു വരുന്നതിനിടെയാണ് നയതന്ത്രമാർഗങ്ങളും പരിഗണിക്കുന്നുവെന്ന സൂചന ട്രംപ് നല്കിയത്. വെനസ്വേലയിൽനിന്നുള്ള മയക്കുമരുന്ന് സംഘങ്ങൾക്കു നേരേ എന്ന പേരിൽ അമേരിക്കൻ സേന നടത്തിയ ആക്രമണങ്ങളിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, വെനസ്വേലൻ ഭരണകൂടത്തെ അട്ടിമറിക്കാനാണ് അമേരിക്കയുടെ നീക്കമെന്ന് മഡുറോ ആരോപിക്കുന്നു.
അമേരിക്കയുടെ വിമാനവാഹിനി അടക്കമുള്ള യുദ്ധക്കപ്പലുകളും 15,000 സൈനികരും കരീബിയനിൽ എത്തിക്കഴിഞ്ഞു. സൈനിക നപടി ഒഴിവാക്കി സമ്മർദത്തിലൂടെ മഡുറോയെ അധികാരത്തിൽനിന്നു താഴെയിറക്കാനുള്ള നീക്കവും ട്രംപിന്റെ പരിഗണനയിലുണ്ടെന്നാണു സൂചന.
Tags : Nicolas Maduro Venezuelan President Donald Trump