വാഷിംഗ്ടൺ ഡിസി: ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കാനുള്ള ആഗ്രഹം വീണ്ടും പ്രകടിപ്പിച്ച് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് ആവശ്യമാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സേന തട്ടിക്കൊണ്ടുവന്നതിനു പിന്നാലെയാണ് ട്രംപ് ഗ്രീൻലാൻഡിനോടുള്ള മോഹം ഉപേക്ഷിച്ചിട്ടില്ലെന്നു വ്യക്തമാക്കിയത്. സുരക്ഷാകാര്യത്തിൽ തന്ത്രപ്രധാന സ്ഥാനത്തിനു പുറമേ പ്രകൃതിവിഭവങ്ങളാൽ സന്പന്നമായ ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കണമെന്ന ആഗ്രഹം ട്രംപ് മുന്പ് പലവട്ടം പ്രകടിപ്പിച്ചുണ്ട്.
അതേസമയം, ഡെന്മാർക്കും അതിലെ സ്വയംഭരണ പ്രവിശ്യയായ ഗ്രീൻലാൻഡും ട്രംപിന്റെ ആവശ്യം തള്ളിക്കളഞ്ഞു. ഗ്രീൻലാന്ഡിനെ അമേരിക്കയോട് കൂട്ടിച്ചേർക്കുകയെന്നത് മനോരാജ്യം മാത്രമാണെന്ന് ഗ്രീൻലാൻഡ് പ്രധാനമന്ത്രി യെൻസ് ഫ്രെഡറിക് നീൽസൺ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ മാനിച്ചുകൊണ്ടുള്ള ചർച്ചയ്ക്ക് ഗ്രീൻലാഡ് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡാനിഷ് രാജഭരണത്തിനു കീഴിലുള്ള ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ അമേരിക്കയ്ക്ക് അവകാശമില്ലെന്ന് ഡെന്മാർക്കിലെ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ പറഞ്ഞു. അമേരിക്ക നേതൃത്വം നല്കുന്ന നാറ്റോ സൈനികസഖ്യത്തിലെ അംഗങ്ങളാണ് ഡെന്മാർക്കും ഗ്രീൻലാൻഡും. ഗ്രീൻലാൻഡ് ദ്വീപിൽ അമേരിക്കയ്ക്കു പ്രവേശനം അനുവദിക്കുന്ന പ്രതിരോധ ധാരണ നിലവിലുള്ളതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഗ്രീൻലാൻഡിന്റെ ഭാവി ഗ്രീൻലാൻഡും ഡെന്മാർക്കുമാണു തീരുമാനിക്കേണ്ടതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ പ്രതികരിച്ചു.
Tags : Trump Greenland fantasy denmark Mette Frederiksen Jens Frederik Nielsen