വാഷിംഗ്ടൺ ഡിസി: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര കേന്ദ്രങ്ങളിൽ വൻ ആക്രമണം നടത്തിയതായി അമേരിക്ക അറിയിച്ചു. ഒരാഴ്ച മുന്പ് സിറിയയിലുണ്ടായ ഐഎസ് ആക്രമണത്തിൽ രണ്ട് ഭടന്മാരടക്കം മൂന്ന് അമേരിക്കക്കാർ കൊല്ലപ്പെട്ടതിനുള്ള പ്രതികാരമായിരുന്നു ഇത്.
സൈനിക നടപടിക്ക് സിറിയയിലെ അൽ ഷാര ഭരണകൂടത്തിന്റെ പൂർണ പിന്തുണയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഐഎസിന്റെ ശക്തികേന്ദ്രങ്ങളിൽ അതിശക്തമായ ആക്രമണമാണു നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, പീരങ്കികൾ എന്നിവ ഉപയോഗിച്ച് സെൻട്രൽ സിറിയയിലെ 70 കേന്ദ്രങ്ങൾ ആക്രമിച്ചതായി അമേരിക്കൻ സേന പറഞ്ഞു. ജോർദാനിൽനിന്നുള്ള യുദ്ധവിമാനങ്ങളും ആക്രമണത്തിൽ പങ്കെടുത്തു. നൂറിലധികം ആയുധങ്ങളാണ് ഐഎസിനെതിരേ പ്രയോഗിച്ചത്.
ദെയിർ എസ് സോർ പ്രവിശ്യയിൽ അഞ്ച് ഐഎസ് ഭീകരവാദികൾ കൊല്ലപ്പെട്ടതായി സിറിയൻ ഒബ്സർവേറ്ററി സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്കൻ ആക്രമണം യുദ്ധാരംഭമല്ലെന്നും പ്രതികാരനടപടി മാത്രമാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു.
ഈ മാസം 13ന് സിറിയയിലെ പാൾമിറയിൽ ഐഎസ് ഭീകരൻ നടത്തിയ വെടിവയ്പിൽ രണ്ട് അമേരിക്കൻ സൈനികരും ഒരു അമേരിക്കൻ ദ്വിഭാഷിയുമാണ് കൊല്ലപ്പെട്ടത്. ഐഎസിനോടു പ്രതികാരം ചെയ്യുമെന്ന് പ്രസിഡന്റ് ട്രംപ് അന്നേ പ്രഖ്യാപിച്ചിരുന്നു.
Tags : US IS centers Syria US air strike