ലാഹോർ : മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിലെത്തി കണ്ട് സഹോദരി ഡോ. ഉസ്മ ഖാൻ. റാവൽപിണ്ടിയിലെ ആദിയാല ജയിലിലെത്തിയാണ് ഇമ്രാനെ കണ്ടത്. ഏകാന്ത തടവിലുള്ള ഇമ്രാന് ശാരീരികമായി പ്രശ്നങ്ങളില്ലെന്നും എന്നാൽ മാനസികമായി സമ്മർദ്ദത്തിലാക്കാൻ ജയിൽ അധികൃതർ ശ്രമിക്കുകയാണെന്നും ഉസ്മ പറഞ്ഞു.
നൂറുകണക്കിന് പിടിഐ പ്രവർത്തകർക്കൊപ്പം ജയിലിന് മുന്നിലെത്തിയ ഉസ്മയെ മണിക്കൂറുകൾ കാത്തു നിന്ന ശേഷമാണ് അകത്തു കടക്കാൻ അനുവദിച്ചത്. ഒക്ടോബർ 27ന് ശേഷം ആദ്യമായാണ് ഇമ്രാനെ കാണാൻ കുടുംബാംഗത്തെ അനുവദിക്കുന്നത്. ആഴ്ചകളായി കുടുംബാംഗങ്ങൾക്ക് സന്ദർശനാനുമതി നിഷേധിച്ചതോടെ ഇമ്രാൻ മരിച്ചെന്ന അഭ്യൂഹം ഉയർന്നിരുന്നു.
ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുന്നിലടക്കം പിടിഐ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് സർക്കാർ വഴങ്ങിയത്. കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാൻ ജയിൽ അധികൃതർ അനുവദിക്കില്ലെന്ന് കാണിച്ച് ഇമ്രാൻ ഖാന്റെ മറ്റൊരു സഹോദരി അലീമ ഖാൻ നേരത്തെ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു.
Tags : imran khan uzma khan jail pti