കാരക്കാസ്: വെനസ്വേലൻ ഭരണകൂടം പൊതുമാപ്പു നല്കി വിട്ടയച്ച പ്രതിപക്ഷ നേതാവ് ഹുവാൻ പാബ്ലോ ഗ്വാനിപ്പയെ മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്ത് വീട്ടുതടങ്കലിലാക്കി. സമാധാന നൊബേൽ ജേതാവായ പ്രതിപക്ഷനേതാവ് മരിയ മച്ചാഡോയും ഗ്വാനിപ്പയുടെ കുടുംബവുമാണ് ഇക്കാര്യം ആദ്യം അറിയിച്ചത്.
പിന്നീട് വെനസ്വേലൻ ഭരണകൂടം സ്ഥിരീകരിച്ചു. മോചനവ്യവസ്ഥകൾ ലംഘിച്ചതിന്റെ പേരിലാണു നടപടിയെന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.
ഞായറാഴ്ച മറ്റു രാഷ്ട്രീയത്തടവുകാർക്കൊപ്പമാണ് ഗ്വാനിപ്പ മോചിതനായത്. ഇതിനു പിന്നാലെ അദ്ദേഹം മാധ്യമപ്രവർത്തകർക്ക് അഭിമുഖം നല്കി.
വെനസ്വേലൻ ഭരണകൂടത്തിനു നിയമസാധുത ഇല്ലെന്നും അവശേഷിക്കുന്ന രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
തുടർന്ന് സിവിലിയൻ വേഷത്തിൽ ആയുധം ധരിച്ച് നാലു വാഹനങ്ങളിലെത്തിയവർ ഗ്വാനിപ്പയെ തട്ടിക്കൊണ്ടുപോയെന്നാണു മരിയ മച്ചാഡോയും ബന്ധുക്കളും അറിയിച്ചത്.
പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയ അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ സമ്മർദമാണ് വെനസ്വേലയിലെ രാഷ്ട്രീയത്തവടുകാരുടെ മോചനത്തിനു വഴിയൊരുക്കിയത്. ഏതാണ്ട് 900 പേർ മോചിതരായി.
Tags : Venezuela house arrest Juan Pablo Guanipa Maria Machado violating terms of release