ന്യൂയോർക്ക്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കിയതിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നന്ദി പറഞ്ഞ് വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ.
തനിക്കു ലഭിച്ച സമാധാന നൊബേൽ പുരസ്കാരം ട്രംപുമായി പങ്കിടുമെന്നും അമേരിക്കൻ ടിവി ചാനലിനു നല്കിയ അഭിമുഖത്തിൽ മരിയ പറഞ്ഞു.
സമാധാന നൊബേൽ പുരസ്കാരം പ്രഖ്യാപിച്ച ഒക്ടോബർ 10നു ശേഷം ട്രംപുമായി സംസാരിച്ചിട്ടില്ലെന്ന് മരിയ വ്യക്തമാക്കി. നൊബേൽ വെനസ്വേലൻ ജനതയ്ക്കു ലഭിച്ച പുരസ്കാരമാണ്. അതു ട്രംപിനു നല്കാനും പങ്കുവയ്ക്കാനും ആഗ്രഹിക്കുന്നു.
വെനസ്വേലയിലേക്ക് ഉടൻ മടങ്ങാനാഗ്രഹിക്കുന്നതായി മരിയ വെളിപ്പെടുത്തി. വെനസ്വേലയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും മരിയ ആവശ്യപ്പെട്ടു.
അതേസമയം, മഡുറോ പുറത്താക്കപ്പെട്ട വെനസ്വേലയിൽ മരിയയുടെ ഭരണം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭരണം നടത്താനുള്ള ശേഷി മരിയയ്ക്കില്ലെന്നും വെനസ്വേലയിൽ മരിയയെ ആരും ബഹുമാനിക്കുന്നില്ലെന്നുമാണ് ട്രംപ് പറഞ്ഞത്.
സമാധാന നൊബേൽ ലഭിക്കാത്തതിൽ ട്രംപിന് മരിയയോടു നീരസമുള്ളതായി റിപ്പോർട്ടുണ്ട്. പുരസ്കാരം വേണമെന്ന് ട്രംപ് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. മരിയ പുരസ്കാരം ത്യജിച്ച് തനിക്കു കൈമാറുമെന്നുവരെ ട്രംപ് ആശിച്ചിരുന്നത്രേ!
Tags : Venezuela Nobel Prize Trump: Maria Machado