ന്യൂയോർക്ക്: അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ഇന്തോ-അമേരിക്കൻ മുസ്ലിം ന്യൂയോർക്ക് സിറ്റിയുടെ മേയറായപ്പോൾ കനത്ത ക്ഷീണമായത് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്.
മേയർ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് ട്രംപ് മംദാനിക്കെതിരേ പരസ്യമായി രംഗത്തുവന്നത്. മംദാനി ജയിച്ചാൽ വലിയ ദുരന്തമായിരിക്കുമെന്ന് മുന്നറിയിപ്പിന്റെ രീതിയിൽ അദ്ദേഹം ന്യൂയോർക്ക് സിറ്റിയിലെ ജനതയോടു പറഞ്ഞു. എന്നാൽ, ട്രംപിന്റെ വാക്കുകൾ തിരിച്ചടിച്ചപ്പോൾ സൊഹ്റാൻ മംദാനി വലിയ ജയമാണു കരസ്ഥമാക്കിയത്.
പ്രായം കുറഞ്ഞ മേയർ
34 കാരനായ മംദാനി, ന്യൂയോർക്ക് സിറ്റിയുടെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകും. ഫെഡറൽ ഫണ്ടിംഗ് വെട്ടിക്കുറക്കുമെന്ന് മുന്നറിയിപ്പ് നൽകിയതും തെരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയമാനം നൽകി. മംദാനിയുടെ വിജയം ട്രംപിന്റെ പല നടപടികളോടുമുള്ള ജനങ്ങളുടെ പ്രതിഷേധം കൂടി
പ്രതിഫലിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ന്യൂയോർക്കിലെ മേയർ തെരഞ്ഞെടുപ്പിൽ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്. രണ്ടു ദശലക്ഷത്തിലധികം പേർ വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് ബോർഡ് അറിയിച്ചു.
സൊഹ്റാൻ മംദാനി
1991 ഒക്ടോബർ 18ന് ഉഗാണ്ടയിലെ കമ്പാലയിൽ ജനിച്ച മംദാനി, ഉഗാണ്ടൻ പണ്ഡിതൻ മഹ്മൂദ് മംദാനിയുടെയും പ്രശസ്ത ഇന്ത്യൻ ചലച്ചിത്രകാരി മീര നായരുടെയും മകനാണ്. അദ്ദേഹത്തിന്റെ ആദ്യകാലങ്ങൾ ഉഗാണ്ടയിലായിരുന്നു. പിന്നീട്, ദക്ഷിണാഫ്രിക്കയിലേക്കും തുടർന്ന് ന്യൂയോർക്ക് സിറ്റിയിലേക്കും കുടിയേറി.
ബാങ്ക് സ്ട്രീറ്റ് സ്കൂൾ ഫോർ ചിൽഡ്രനിലും ബ്രോങ്ക്സ് ഹൈ സ്കൂൾ ഓഫ് സയൻസിലും പഠിച്ചു. 2014ൽ ബൗഡോയിൻ കോളജിൽനിന്ന് ആഫ്രിക്കാന സ്റ്റഡീസിൽ ബിരുദം നേടി. അവിടെ അദ്ദേഹം സ്റ്റുഡന്റസ് ഫോർ ജസ്റ്റിസ് ഇൻ പലസ്തീൻ എന്ന സംഘടനയുടെ സഹസ്ഥാപകനായിരുന്നു.
ആകാംക്ഷയോടെ നഗരം
മംദാനിയുടെ സ്ഥാനാർഥിത്വം പ്രത്യയശാസ്ത്രപരമായ ഭിന്നതയ്ക്കു കാരണമായി. പലസതീൻ അനുകൂല സംഘടനയുടെ വക്താവായ മംദാനി ന്യൂയോർക്കിന്റെ മേയറാകുന്നതിൽ ട്രംപ് ഉൾപ്പെടെയുള്ള വലിയ വിമർശനം ഉന്നയിച്ചിരുന്നു. ട്രംപ് ഉൾപ്പെടെയുള്ളവർ മംദാനി അമേരിക്കു വലിയ ഭീഷണിയാകുമെന്ന പ്രചാരണവും നടത്തിയിരുന്നു.
വിജയിച്ചാൽ നഗരം ഏറ്റെടുക്കുമെന്നും മംദാനിയെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്നും ഭീഷണിപ്പെടുത്തിയ ട്രംപിനെ, മംദാനി എങ്ങനെ നേരിടും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
Tags : Zohran Mamdani co-founder pro-Palestinian organization American politician New York City mayor Donald trump