കൊല്ലം: ശബരിമലയിലെ വിവാദമായ കട്ടിളപ്പാളി അഴിമതിക്കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. കേസിൽ റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പത്മകുമാർ സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
പ്രത്യേക അന്വേഷണ സംഘം നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതാണ് പത്മകുമാറിന് ജാമ്യത്തിന് വഴിതുറക്കുന്നത്. കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ചാലും പത്മകുമാറിന് ഉടൻ പുറത്തിറങ്ങാൻ കഴിയില്ല. 'ദ്വാരപാലക ശിൽപ' നിർമാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കൂടി പ്രതിയായതിനാൽ അദ്ദേഹം ജയിലിൽ തന്നെ തുടരും. ദ്വാരപാലക കേസിലും 90 ദിവസത്തെ റിമാൻഡ് പൂർത്തിയാകുന്നതോടെ ജാമ്യത്തിനായി നീക്കം നടത്താനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.
കേസിൽ ഇതുവരെ പുറത്തിറങ്ങിയ ആറ് പ്രതികളിൽ നാല് പേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചിട്ടുള്ളത്. കേസിലെ മറ്റൊരു പ്രതിയും മുൻ ബോർഡ് അംഗവുമായ കെ.പി. ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികൾ ഈ മാസം 23-ന് കോടതി പരിഗണിക്കും. മോശം ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ജാമ്യത്തിന് ശ്രമിക്കുന്നത്.
Tags : High Court Sabarimala Gold Theft