രാജപുരം: പ്ലാന്റേഷൻ കോർപറേഷന്റെ ജില്ലയിലെ വിവിധ എസ്റ്റേറ്റ് ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുള്ള എൻഡോസൾഫാൻ കീടനാശിനി നിർവീര്യമാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി പെരിയയിലെയും രാജപുരത്തെയും ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന എൻഡോസൾഫാൻ പുതിയ ബാരലുകളിലേക്കു മാറ്റി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ (സിപിസിബി) നിന്നുള്ള വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലാണു നിർവീര്യമാക്കൽ പ്രക്രിയ തുടങ്ങിയത്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് റീജിയണല്‍ ഡയറക്ടര്‍ ചന്ദ്രബാബു, പ്ലാന്റേഷന് കോര്പറേഷന് ഗ്രൂപ്പ് മാനേജര്‍ സജീവന് എന്നിവരുടെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ മതിയായ സുരക്ഷാ മുന്‍കരുതലുകളോടെയാണു പെരിയയിലെയും രാജപുരത്തെയും ഗോഡൗണുകളിൽനിന്നു കീടനാശിനി പുതിയ വീപ്പകളിലേക്കു മാറ്റിയത്. തിങ്കളാഴ്ച പെരിയ ഗോഡൗണിലും ഇന്നലെ രാജപുരത്തും ഇതിനുള്ള നടപടികൾ പൂർത്തിയായി. പുതിയ ബാരലുകൾ സീൽ ചെയ്തു വച്ചതായും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉത്തരവ് ലഭിച്ചാലുടൻ ഇവിടെനിന്നു മാറ്റുമെന്നും റീജണല്‍ ഡയറക്ടര്‍ ചന്ദ്രബാബു പറഞ്ഞു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണു നിർവീര്യമാക്കൽ നടപടികൾ നടക്കുന്നത്.
പെരിയയില്‍ 700 ലിറ്ററും രാജപുരത്ത് 450 ലിറ്ററും ദ്രാവകരൂപത്തിലുള്ള എന്‍ഡോസള്‍ഫാനും ചീമേനിയില്‍ കട്ടിയായ രൂപത്തിലുള്ള 10 കിലോ എന്ഡോസള്ഫാനുമാണു പിസികെ എസ്റ്റേറ്റുകളിലെ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നത്. നിർവീര്യമാക്കൽ നടപടിക്രമങ്ങളുടെ പുരോഗതി അടുത്ത മാസം നടക്കുന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സിറ്റിംഗിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് റിപ്പോർട്ട് ചെയ്യും. പാലക്കാട് മണ്ണാര്‍ക്കാട് എസ്റ്റേറ്റിലെ 304 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ കഴിഞ്ഞ ദിവസം നിർവീര്യമാക്കുന്നതിനായി മാറ്റിയിരുന്നു. നിര്‍വീര്യമാക്കുന്നതിനുള്ള ചെലവ് പിസികെയും സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കേണ്ടത്. ഇതിനായി അപകടകരമായ കീടനാശിനികൾ (ഹസാർഡസ് വേസ്റ്റ്) നിർവീര്യമാക്കി മുൻപരിചയമുള്ള കമ്പനികളിൽ നിന്ന് ടെൻഡർ ക്ഷണിക്കും. കരാറെടുക്കുന്ന കമ്പനികള്‍ അവരുടെ കേന്ദ്രങ്ങളിലെത്തിച്ചാണ് എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുക.
നേരത്തേ മുളിയാറിന് സമീപം മിഞ്ചിപ്പദവിലെ പിസികെ എസ്റ്റേറ്റിലുള്ള കിണറ്റില്‍ എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയത് കര്‍ണാടകയിലെ അതിര്‍ത്തി പ്രദേശങ്ങളിലുൾപ്പെടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവര്ത്തകന് ഡോ. രവീന്ദ്രനാഥ് ഷാന്ഭോഗ് നല്കിയ പരാതിയെ തുടര്‍ന്നാണ് ദേശീയ ഹരിത ട്രിബ്യൂണൽ വിഷയത്തില്‍ ഇടപെട്ടത്.
പഴയ ഇരുമ്പ് വീപ്പകളിൽ സൂക്ഷിച്ചിരുന്ന എൻഡോസൾഫാൻ 2012ൽ ഹൈ ഡെൻസിറ്റി പോളിത്തീൻ ബാരലുകളിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെ അതതിടങ്ങളിൽവച്ചുതന്നെ ഇവ നിർവീര്യമാക്കാൻ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെയും (ഡിആർഡിഒ) കേരള കാർഷിക സർവകലാശാലയുടെയും സാങ്കേതിക സഹായത്തോടെ പിസികെ ശ്രമിച്ചെങ്കിലും ജനങ്ങളുടെ എതിർപ്പു കാരണം സാധിച്ചിരുന്നില്ല.
Tags : endosufan kerala kasargod