Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്നും ഞായറാഴ്ചയും ഒറ്റപ്പെട്ട ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യതയെുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലയോരമേഖലകളില്‍ ഇടിമിന്നലോട് കൂടിയ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും ഞായറാഴ്ചയും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
National
ന്യൂഡൽഹി: തെരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി സർക്കാരുകളെ നാണം കെടുത്താൻ സുപ്രീംകോടതിയിൽ ഹർജികൾ സമർപ്പിക്കുന്ന പ്രവണതയ്ക്കെതിരേ സുപ്രീംകോടതി.
ഇത്തരം ഹർജികൾ പരിഗണിക്കുന്നതു വഴി സുപ്രീംകോടതിയെ രാഷ്ട്രീയ വിവാദത്തിലേക്കു തള്ളിവിടുന്നതായും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിൽ പരസ്യങ്ങൾ പതിക്കുന്നതിന് പിവിസി ഫ്ലക്സ്ബോർഡുകൾ സ്ഥാപിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ എന്ന എൻജിഒ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണു കോടതിയുടെ പരാമർശം.
തെരഞ്ഞെടുപ്പ് അടുക്കുന്പോൾ സ്വകാര്യ വ്യക്തികളും എൻജിഒകളും സർക്കാരുകളെ പ്രതിസന്ധിയിലാക്കാൻ ചില ഹർജികൾ ഫയൽ ചെയ്യുന്നതായി കാണുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. സുപ്രീംകോടതിയെ രാഷ്ട്രീയ യുദ്ധങ്ങൾക്കു വേദിയായി ഉപയോഗിക്കുന്നുവെന്നതാണ് അടിസ്ഥാന പ്രശ്നം.
ജുഡീഷൽ ഇടപെടൽ ആവശ്യമുള്ള വിഷയങ്ങളിൽ കോടതി ഉത്തരവുകൾ പുറപ്പെടുവിക്കുമെന്ന മുന്നറിയിപ്പും ബെഞ്ച് നൽകി. ഹർജി സുപ്രീംകോടതിയിൽ എത്തിയ സമയവും സാഹചര്യവും ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. അതേസമയം വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരൻ സുപ്രീംകോടതി സ്വാതന്ത്ര്യം നൽകി.
കേരളത്തിൽ പൊതുസ്ഥലങ്ങളിൽ പിവിസി ഫ്ലക്സ് ബോർഡുകൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകളും മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്നാണ് ഹർജിക്കാരുടെ വാദം. ഹൈക്കോടതി ഉൾപ്പെടെ ഈ വിഷയത്തിൽ ഇടപെടൽ നടത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കേരളത്തെ വിജ്ഞാന അധിഷ്ഠിത സമ്പദ്വ്യവസ്ഥയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പുതിയ 'ഐടി നയം 2026' പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമികണ്ടക്ടർ ചിപ്പ് ഡിസൈനിംഗ് തുടങ്ങിയ അത്യാധുനിക മേഖലകളിൽ വൻ നിക്ഷേപം ആകർഷിക്കാനാണ് പുതിയ നയം വിഭാവനം ചെയ്യുന്നത്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഐടി മേഖലയിൽ അഞ്ച് ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇന്ത്യയുടെ ആകെ ഐടി കയറ്റുമതിയുടെ പത്ത് ശതമാനം വിഹിതം കേരളത്തിന് സ്വന്തമാക്കുക. സ്റ്റാർട്ടപ്പുകളുടെ എണ്ണം 20,000 ആയി ഉയർത്തുക.
കൊച്ചി ഇൻഫോപാർക്കിന്റെ മൂന്നാം ഘട്ടമായി 'സൈബർ വാലി' എന്ന പേരിൽ പുതിയ ഐടി ടൗൺഷിപ്പ് വികസിപ്പിക്കും. 300 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ പദ്ധതിക്കായി ആദ്യഘട്ടത്തിൽ 30 കോടി രൂപ അനുവദിച്ചു. ഐടി പ്രൊഫഷണലുകൾക്ക് സ്വന്തം വീടിന് അടുത്തായി ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുന്ന ഈ പദ്ധതി സംസ്ഥാനത്തുടനീളം 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇതിനായി 150 കോടി രൂപ നീക്കിവെച്ചു.
ഐടി പാർക്കുകളുടെ വികസനത്തിനായി പ്രത്യേക 'ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്' രൂപീകരിക്കും. ലാൻഡ് പൂളിംഗ് വഴി കൂടുതൽ ഭൂമി ഐടി വികസനത്തിനായി ഏറ്റെടുക്കും.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 25 ലക്ഷം വിദ്യാർത്ഥികൾക്ക് എഐ, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. കെ-ഫോൺ വഴി എല്ലാ വീടുകളിലും അതിവേഗ ഇന്റർനെറ്റ് ഉറപ്പാക്കും.
Kerala
തിരുവനന്തപുരം: കൊടുംചൂടിൽ ആശ്വാസമായി സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും തിങ്കളാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ശനി, ഞായർ ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്നും ഞായറാഴ്ചയും വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഭൂമധ്യരേഖാ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്നു. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ശ്രീലങ്ക ഭാഗത്തേക്ക് സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളിൽ ദുർബലമാകാൻ സാധ്യതയുണ്ട്.
ഭൂമധ്യരേഖാ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോടു ചേർന്നുള്ള തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
ന്യൂനമർദ്ദത്തിൽ നിന്നും തെക്കൻ തമിഴ്നാടിനും തെക്കൻ കേരളത്തിനും കുറുകെ ലക്ഷദ്വീപ് വരെ ന്യൂനമർദപാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴയെത്തുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം ഏകീകരിച്ചു. രാവിലെ 10 മുതൽ രാത്രി 12വരെയായിരിക്കും ഇനി മുതൽ സംസ്ഥാനത്തെ എല്ലാ ബാറുകളും പ്രവര്‍ത്തിക്കുക. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.
വിജ്ഞാപനം പുറത്തിറങ്ങിയാൽ പുതിയ സമയക്രമം പ്രാബല്യത്തിലാകും. നിലവിൽ ടൂറിസം മേഖലയിൽ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കായായിരുന്നു രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാൻ അനുമതിയുള്ളത്. ഇതിനുപുറെ പുതുവത്സരത്തലേന്ന് അടക്കം അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു.
Kerala
കൊച്ചി: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനം റേഞ്ച് ഡിഐജി ഡോ. അരുൾ ആർ.ബി. കൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ മുഖ്യാതിഥിയായിരുന്നു
കോതമംഗലം കല ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് അനിൽ കുമാർ ടി. മേപ്പിള്ളി അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പിമാരായ ഡോ. ആർ.ജോസ്, എ. ജെ. തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റ്ആർ. കെ. ജ്യോതിഷ്, കെ.പി. പ്രവീൺ, പി.എ ഷിയാസ്, എം.വി. സനിൽ, ടി.ടി. ജയകുമാർ, എം.കെ. മുഹമ്മദ്, കെ.എൻ. ബിനു, എൻ.വി. നിഷാദ്, കെ.ജി. സുജിത്ത്, സി.എം. അജിത്ത്, ഇ.കെ. അബ്ദുൾ ജബ്ബാർ, എന്നിവർ പ്രസംഗിച്ചു.
ശബരിമലയിൽ ഡ്യൂട്ടിക്കിടയിൽ മരണപ്പെട്ട മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജയന്റെ കുടുംബാംഗങ്ങൾക്ക് കേരള പോലീസ് ഹൗസിംഗ് സൊസൈറ്റിയുടെ സിപിഎഎസ് പദ്ധതിയിലെ ധനസഹായം കൈമാറി.
Kerala
തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമായി കേരളത്തൽ മഴ എത്തുന്നു. മധ്യ, തെക്കന്‍ ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. ഫെബ്രുവരി 19 മുതൽ 21 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുംം 20, 21 തീയതികളിൽ ഇടുക്കി ജില്ലയിലും നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.
ഇന്ത്യന്‍ മഹാസമുദ്രത്തിനും ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദം തെക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാനും കൂടുതൽ ശക്തമാകാനും സാധ്യതയുണ്ടെന്ന് കേരള ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. കൂടാതെ തെക്കൻ കേരള തീരത്തോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ സമുദ്രനിരപ്പിൽനിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നതായും ദുരന്ത നിവാരണ അഥോറിറ്റി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ കഴിഞ്ഞ ദിവസം മഴ പെയ്തിരുന്നു. തെക്കൻ ശ്രീലങ്കൻ തീരത്തിന് വളരെ അകലയായി നിലനിൽക്കുന്ന വെതർ സിസ്റ്റമാണ് ഇതിന് കാരണമെന്നാണ് അധികൃതർ അറിയിക്കുന്നത്.
Kerala
കേരള രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളുടെ കേന്ദ്രബിന്ദുവായി പത്തനംതിട്ട മാറിയിട്ടു നാളുകളായി. ശബരിമല സ്വർണക്കൊള്ള ഇപ്പോഴും പച്ചപിടിച്ചു നിൽക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് അധികനാൾ ഇല്ലെന്നിരിക്കേ ശബരിമല യുവതീപ്രവേശന വിഷയവും ഇപ്പോൾ ചർച്ചകളിലേക്കു വരുന്നു. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ല എന്തായാലും ഈ വിഷയങ്ങളെല്ലാം പൊതുചർച്ചകളിലേക്ക് തള്ളിവിടും.
രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്വന്തം നാടെന്ന നിലയിൽ ആ വിവാദത്തിനും പത്തനംതിട്ട ബന്ധം വേണ്ടുവോളമുണ്ട്. മലയോരവും അപ്പർകുട്ടനാടും ഉൾപ്പെടുന്ന ജില്ലയിൽ കാർഷിക പ്രശ്നങ്ങളടക്കം ചർച്ച ചെയ്യപ്പെടും. വികസനരംഗത്ത് കഴിഞ്ഞ പത്തുവർഷത്തിനിടെ ഉണ്ടായ നേട്ടങ്ങൾ ഭരണപക്ഷത്തിന് എടുത്തുകാട്ടാനുണ്ടാകും. എന്നാൽ, ഇവയെ പ്രതിരോധിച്ച് പ്രതിപക്ഷവും രംഗത്തിറങ്ങിക്കഴിഞ്ഞു.
അടച്ചുപൂട്ടപ്പെട്ട വീടുകളും, വാർധക്യത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന അച്ഛനമ്മമാരും കേരളത്തിൽ ഏറ്റവും കൂടുതലുള്ള ജില്ല കൂടിയാണ് പത്തനംതിട്ട. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ കാര്യത്തിൽ പത്തനംതിട്ട മുന്നിലാണ്. ഏറ്റവുമൊടുവിൽ നടന്ന സെൻസസിൽ ജനനനിരക്ക് മൈനസ് രേഖപ്പെടുത്തിയതും പത്തനംതിട്ടയിലാണ്. ഓരോ വോട്ടർപട്ടികയിലും പത്തനംതിട്ടയിൽ വോട്ടർമാരുടെ എണ്ണം കുറയുകയാണ്.
തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ പൂർത്തീകരിച്ചപ്പോഴും ഒരു ലക്ഷത്തോളം വോട്ടർമാരുടെ കുറവുണ്ടായേക്കും. 10,47,976 വോട്ടർമാരിൽനിന്ന് 9,49,632 ആയിട്ടാണ് കുറവുള്ളത്. ഇതിൽതന്നെ ഹിയറിംഗ് അടക്കം പൂർത്തീകരിച്ച് അന്തിമ പട്ടിക വരുന്പോൾ പിന്നെയും കുറവുണ്ടാകാം.
പോളിംഗ് ശതമാനത്തിലും ഓരോ തെരഞ്ഞെടുപ്പ് കഴിയുന്പോഴും കുറവാണ് കണ്ടുവരുന്നത്. 70 ശതമാനം പോളിംഗ് പോലും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായില്ല. മരിച്ചുപോയവരെയും സ്ഥലത്തില്ലാത്തവരെയും ഒഴിവാക്കി പട്ടിക പരിഷ്കരിക്കുന്പോൾ പോളിംഗ് ശതമാനം ഇനി ഉയർന്നേക്കാം.
2009ൽ മണ്ഡല പുനർവിഭജനം നടന്നപ്പോൾ പത്തനംതിട്ടയിലെ രണ്ട് മണ്ഡലങ്ങൾ പൂർണമായും ഒരെണ്ണം ഭാഗികമായും ഇല്ലാതായി. മുന്‍പ് എട്ട് എംഎൽഎമാർ ജില്ലയിൽ ഉണ്ടായിരുന്നെങ്കിൽ ഇന്നിപ്പോൾ അഞ്ചായി.
മണ്ഡല വിഭജനത്തിനു മുന്‍പ് യുഡിഎഫ് കോട്ടയെന്നു വിശേഷണമുണ്ടായിരുന്ന പത്തനംതിട്ട 2011 മുതൽ ചുവടുമാറ്റിത്തുടങ്ങി. 2021ലെ തെരഞ്ഞെടുപ്പിലാകട്ടെ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ച് എൽഎഫ് ചരിത്രനേട്ടമുണ്ടാക്കി. എന്നാൽ, 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലും യുഡിഎഫിനായിരുന്നു വിജയം. പത്തനംതിട്ടയിൽ തിരിച്ചുവരവിനു കളമൊരുങ്ങിയെന്നാണ് യുഡിഎഫ് നേതാക്കളുടെ അവകാശവാദം.
അതേസമയം, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പു ഫലം ആവർത്തിക്കുമെന്നു തന്നെയാണ് എൽഡിഎഫ് പ്രതീക്ഷ. കോന്നിയും ആറന്മുളയും എൻഡിഎയുടെ സാധ്യതാപട്ടികയിലുള്ളതാണ്. തിരുവല്ലയ്ക്ക് ഇത്തവണ പ്രത്യേക ശ്രദ്ധയും നൽകുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എൻഡിഎ നേടിയ വോട്ടുകൾ ഏറെ ബാധിച്ചത് യുഡിഎഫിനെ ആയിരുന്നു.
സിറ്റിംഗ് എംഎൽഎമാർ മത്സരിച്ചേക്കും
ടേം നോക്കാതെ സിറ്റിംഗ് എംഎൽഎമാരെ മത്സരിപ്പിക്കാൻ എൽഡിഎഫിലെ ഘടകകക്ഷികൾ തീരുമാനിച്ചാൽ പത്തനംതിട്ടയിൽ നിലവിലെ അഞ്ചു പേർക്കും നറുക്കു വീഴാനാണ് സാധ്യത. ആറന്മുളയിലെ എംഎൽഎ കൂടിയായ മന്ത്രി വീണാ ജോർജ് രണ്ട് ടേം പൂർത്തീകരിച്ചു. രണ്ട് ടേം കഴിഞ്ഞവരെ 2021ൽ സിപിഎം മാറ്റിനിർത്തിയിരുന്നു. കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാറും (സിപിഎം) രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ആദ്യവിജയം ഉപതെരഞ്ഞെടുപ്പിലൂടെയായതിനാൽ രണ്ട് ടേം എന്നത് ജനീഷിനു ബാധമാകില്ല. വിജയസാധ്യതകൂടി പരിഗണിച്ച് രണ്ടുപേരെയും സിപിഎം മത്സരരംഗത്ത് നിലനിർത്തുമെന്നാണ് കരുതുന്നത്.
സിപിഐ പ്രതിനിധി അടൂർ എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ 2011 മുതൽ എംഎൽഎയാണ്. മൂന്ന് ടേം പൂർത്തീകരിച്ച ചിറ്റയം ഗോപകുമാർ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമാണ്. സംഘടന ചുമതലയിലേക്ക് മാറിയതിനാൽ ചിറ്റയം ഗോപകുമാർ ഒഴിവാകുമെന്ന് സൂചനയുണ്ട്. എന്നാൽ വിജയസാധ്യത കണക്കിലെടുത്ത് ചിറ്റയത്തത്തന്നെ വീണ്ടും അടൂരിൽ രംഗത്തിറക്കാനും ഒരുവിഭാഗം ശ്രമിക്കുന്നുണ്ട്.
സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് 2006 മുതൽ പ്രതിനിധീകരിക്കുന്ന തിരുവല്ല മണ്ഡലത്തിൽ ഇത്തവണയും അദ്ദേഹം തന്നെയാകും എൽഡിഎഫ് സ്ഥാനാർഥി. കേരള കോൺഗ്രസ് എമ്മില പ്രമോദ് നാരായൺ റാന്നി മണ്ഡലത്തിൽ രണ്ടാം ഊഴത്തിനുള്ള തയാറെടുപ്പിലാണ്.
2021ൽ എൽഡിഎഫ് തരംഗം
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായത് അപ്രതീക്ഷിത പരാജയമായിരുന്നു. ഒരു സീറ്റു പോലും ലഭിച്ചില്ല. യുഡിഎഫിൽ നാലിടത്ത് കോൺഗ്രസും ഒരിടത്ത് കേരള കോൺഗ്രസുമാണ് മത്സരിച്ചത്.
2016ൽ നേടിയതിനേക്കാൾ വൻ നേട്ടമാണ് പലയിടത്തും എൽഡിഎഫിനുണ്ടായത്. ആറന്മുളയിൽ സിപിഎമ്മിലെ വീണാ ജോർജ് കോൺഗ്രസിലെ കെ. ശിവദാസൻ നായരെ തോല്പിച്ചത് 20,748 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. തിരുവല്ലയിൽ ജനതാദളിലെ മാത്യു ടി. തോമസ്, കേരള കോൺഗ്രസിലെ കുഞ്ഞുകോശി പോളിനെ 11,421 വോട്ടിനു തോല്പിച്ചു. കോന്നിയിൽ സിപിഎമ്മിലെ കെ.യു. ജനീഷ് കുമാറിന്റെ ഭൂരിപക്ഷം 8508 വോട്ടായിരുന്നു. കോൺഗ്രസിലെ റോബിൻ പീറ്ററായിരുന്നു എതിരാളി. അടൂരിൽ സിപിഐയിലെ ചിറ്റയം ഗോപകുമാർ കോൺഗ്രസിലെ എം.ജി. കണ്ണനെതിരേ 2919 വോട്ടിന്റെ ലീഡ് നേടി. റാന്നിയിൽ കേരള കോൺഗ്രസിലെ പ്രമോദ് നാരായൺ കോൺഗ്രസിലെ റിങ്കു ചെറിയാനെ തോൽപ്പിച്ചത് 1285 വോട്ടുകൾക്കാണ്.
2016ൽ കോന്നി ഒഴികെയുള്ള നാല് സീറ്റുകളിലും എൽഡിഎഫാണ് ജയിച്ചത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽനിന്ന് കോന്നി എംഎൽഎ അടൂർ പ്രകാശ് വിജയിച്ചതോട കോന്നിയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നു. ഉപതെരഞ്ഞെടുപ്പിലൂടെ കോന്നിയും എൽഡിഎഫ് സ്വന്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തിരിച്ചടിച്ചു
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഉൾപ്പെടുന്ന അസംബ്ലി മണ്ഡലങ്ങളിൽ എല്ലാം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്കായിരുന്നു ലീഡ്. എൽഡിഎഫ് എംഎൽഎമാരുടെ പിൻബലത്തിൽകൂടി മത്സരിക്കാനിറങ്ങിയ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഡോ. തോമസ് ഐസക്കിന് എല്ലായിടത്തും കാലിടറി. തിരുവല്ല - 11,530, റാന്നി - 9597, ആറന്മുള - 14,687, കോന്നി - 2579, അടൂർ - 2266 എന്നിങ്ങനെയായിരുന്നു യുഡിഎഫ് ലീഡ്.
2021ൽ എൽഡിഎഫ് സ്ഥാനാർഥികൾ നേടിയ വൻ ഭൂരിപക്ഷം അട്ടിമറിച്ചാണ് യുഡിഎഫ് ലീഡിലേക്ക് എത്തിയത്. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിലും യുഡിഎഫ് ലോക്സഭാ മണ്ഡലങ്ങളിൽ ലീഡ് നേടിയിരുന്നുവെങ്കിലും പിന്നീടു വന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു വിജയിക്കാനായത് നേട്ടമായി എടുത്തുകാട്ടുന്നുമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുന്നതും കേന്ദ്രത്തിൽ കോൺഗ്രസിനുള്ള സാധ്യതയുമൊക്കെ കണക്കിലെടുത്ത് ജനം വോട്ട് ചെയ്യുന്ന രീതിയാണെന്നാണ് എൽഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. തലമുതിർന്ന നേതാവിനെ രംഗത്തിറക്കി ഇത്തവ പത്തനംതിട്ടയെ ഒപ്പം നിർത്താനായി നടത്തിയ നീക്കങ്ങളിലുണ്ടായ പാളിച്ചയും എൽഡിഎഫ് വിശദമായി ചർച്ച ചെയ്തതാണ്.
തദ്ദേശവും തിരികെപ്പിടിച്ചു
കേരളം മുഴുവൻ ചുവന്നപ്പോഴും യുഡിഎഫിനൊപ്പം നിലകൊണ്ട പത്തനംതിട്ടയിൽ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പു ഫലം അപ്രതീക്ഷിതമായിരുന്നു. അന്നുണ്ടായ പരാജയത്തെ കവച്ചുവയ്ക്കുന്ന നേട്ടം ഇത്തവണ യുഡിഎഫിനുണ്ടായി. ജില്ലാ പഞ്ചായത്തിലും മൂന്ന് നഗരസഭകളിലും എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും 34 ഗ്രാമപഞ്ചായത്തുകളിലും ഭരണത്തിലെത്താനായി. എൽഡിഎഫ് കോട്ടയെന്നു കരുതിയിരുന്ന പഞ്ചായത്തുകളിൽ പോലും യുഡിഎഫ് വെന്നിക്കൊടി പാറിച്ചു. 2010നുശേഷം ഇത്തരത്തിലൊരു വിജയം യുഡിഎഫിന് ആദ്യമായാണ്. നിയമസഭാ മണ്ഡലങ്ങളുടെ കണക്കിലും എല്ലായിടത്തും യുഡിഎഫിനുതന്നെയാണ് ലീഡ്. അടൂർ, കോന്നി ഒഴികെയുള്ള മണ്ഡലങ്ങളിൽ മെച്ചപ്പെട്ട ലീഡാണ് യുഡിഎഫിനുള്ളത്.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ചരിത്ര ഭൂരിപക്ഷം നേടിയായിരിക്കും യുഡിഎഫ് അധികാരത്തിലെത്തുകയെന്നും സച്ചിൻ പറഞ്ഞു.
"കേരളത്തിൽ യുഡിഎഫിന് അനുകൂലമാണ് സാഹചര്യം. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ വരാനാണ് ജനം ആഗ്രഹിക്കുന്നത്. പ്രതിപക്ഷം എന്ന നിലയിലുള്ള കോൺഗ്രസിന്റെ പ്രവർത്തനത്തിൽ ജനങ്ങൽ തൃപ്തരാണ്.'-സച്ചിൻ അവകാശപ്പെട്ടു.
നിലവിൽ ഭരണത്തിലുള്ള എൽഡിഎഫ് സർക്കാരിനെ ജനങ്ങൾ മടുത്തിരിക്കുകയാണ്. അവരെ പുറത്താക്കാൻ ജനം കാത്തിരിക്കുകയാണ്. അതിനാൽ തന്നെ എൽഡിഎഫ് തകർന്നടിയുമെന്ന കാര്യം ഉറപ്പാണ്.
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനായി കേരളത്തിലെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു സച്ചിൻ. തെരഞ്ഞെടുപ്പിനായി കോൺഗ്രസ് പൂർണമായി സജ്ജമായെന്നും സച്ചിൻ പറഞ്ഞു.
Todays Story
1948ൽ മട്ടന്നൂർ പോലീസ് സ്റ്റേഷന്റെ ഭാഗമായിരുന്ന ഇരിട്ടിയിൽ 1952ലാണ് ആദ്യത്തെ പോലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കപ്പെടുന്നത്. ഒരുവർഷത്തിനുള്ളിൽ തന്നെ 1953ൽ ഇരിട്ടി പോലീസ് സ്റ്റേഷൻ ആയി പരിഗണിക്കപ്പെട്ടു.
1974ലാണ് പായം പഞ്ചായത്തിലെ 1.6 ഏക്കർ സ്ഥലത്ത് ഇന്നുകാണുന്ന പോലീസ് സ്റ്റേഷന്റെ ആദ്യ കെട്ടിടം നിർമിച്ചത്. കീഴുർ, പായം, വിളമന, അയ്യൻകുന്നിലെ പാലത്തുംകടവ്, കച്ചേരിക്കടവ് വാർഡുകളും ചേർന്ന് 72.42 സ്ക്വയർ കിലോമീറ്ററാണ് ഇരിട്ടി പോലീസ് സ്റ്റേഷന്റെ പരിധി.
കണ്ണൂർ ജില്ലയെ കർണാടകയുമായി ബന്ധിപ്പിക്കുന്ന പ്രധാന ചെക്പോസ്റ്റുകളിൽ ഒന്നായ കൂട്ടുപുഴ ഉൾപ്പടെ വളരെ പ്രധാനപെട്ട സ്ഥലങ്ങൾ ഇരിട്ടി സ്റ്റേഷൻ പരിധിയിലുണ്ട്.
2013ലാണ് ഇരിട്ടി, ഉളിക്കൽ, ആറളം, കരിക്കോട്ടക്കരി, ഇരിക്കൂർ തുടങ്ങി അഞ്ചു പോലീസ് സ്റ്റേഷനുകൾ ചേർന്ന് ഇരിട്ടി ഡിവൈഎസ്പിയുടെ ഓഫിസ് നിലവിൽ വന്നത്.
കേരളത്തിൽ നമ്പർ വൺ
നവംബറിൽ കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ കേന്ദ്ര അഭ്യന്തര വകുപ്പിൽ നിന്നുള്ള മൂന്നംഗ സംഘം നേരിട്ടെത്തി നടത്തിയ പരിശോധനകളുടെയും സർവേകളുടെയും അടിസ്ഥാനത്തിലാണ് കേരളത്തിൽ 564 പോലീസ് സ്റ്റേഷനുകളിൽ നിന്നും ഇരിട്ടിയെ നമ്പർ വൺ ആയി പ്രഖ്യാപിച്ചത്. 2025 വർഷത്തിൽ സ്റ്റേഷനിൽ നടത്തിയ പ്രവർത്തനങ്ങൾ പരിശോധിച്ച ശേഷമായിരുന്നു അംഗീകാരം ലഭിച്ചത്.
ക്രമസമാധാന പാലനം, കുറ്റകൃത്യങ്ങളുടെ എണ്ണം, കുറ്റകൃത്യങ്ങൾ നിയന്ത്രിക്കൽ, മോഷണം തടയൽ, കുറ്റവാളികളെ കണ്ടെത്തി പിടികൂടൽ, സ്റ്റേഷനിൽ എത്തുന്ന പരാതികളുടെ തീർപ്പാക്കൽ, സ്റ്റേഷൻ കെട്ടിടവും പരിസരവും സംരക്ഷണം, ഓഫീസിന്റെ കൃത്യമായ പ്രവർത്തന രീതി, സ്റ്റേഷൻ സംബധമായ വിവരങ്ങൾ സൂക്ഷിക്കുന്നത് എന്നിവയെല്ലാം പരിഗണിച്ചയിരുന്നു കേന്ദ്ര സംഘം കേരളത്തിൽ ഇരിട്ടിയെ നമ്പർ വൺ ആയി പ്രഖ്യാപിച്ചത്.
മൂന്നു ടീമുകളായി തിരിഞ്ഞ് പ്രവർത്തനം
കോഴിക്കോട് ജില്ലയിലെ നാദാപുരം ഡിവൈഎസ്പിയായി പ്രമോഷൻ ലഭിച്ച അന്നത്തെ ഇരിട്ടി എസ്എച്ച്ഒ കുട്ടികൃഷ്ണനാണ് പുരസ്കാരത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചത്.
സ്റ്റേഷൻ സംബന്ധമായ വിവരങ്ങളുടെ ഏകീകരണം, ഓഫിസ് കെട്ടിടത്തിന്റെ മോടിപിടിപ്പിക്കൽ, ഓഫിസിന്റെ പ്രവർത്തനങ്ങളുടെ ഏകീകരണം എന്നീ മൂന്ന് ഗ്രുപ്പുകളിയി തിരിച്ചായിരുന്നു പ്രവർത്തനം.
നിശ്ചയിക്കപ്പെട്ട സമയപരിധിക്കുള്ളിൽ പ്രവർത്തങ്ങൾ കൃത്യമായി ഏകോപിപ്പിച്ചതാണ് ഒന്നാം സ്ഥാനത്തേക്ക് ഇരിട്ടി സ്റ്റേഷനെ എത്തിച്ചത്.
കുറ്റാന്വേഷണ മികവും മയക്കുമരുന്നിനെതിരെയുള്ള പ്രവർത്തനവും
സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്ന ചെറുതും വലുതുമായ കേസുകൾ കൃത്യമായ അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്തുന്ന അന്വേഷണ മികവ് ഇരിട്ടി പോലീസ് പലതവണ തെളിയിച്ചിട്ടുണ്ട്. കൂട്ടുപുഴ ചെക്ക്പോസ്റ്റ് കേന്ദ്രീകരിച്ച് 20ലധികം മയക്കുമരുന്ന് കേസുകൾ ഇരിട്ടി പോലീസിന്റെ നേതൃത്വത്തിൽ പ്രതികളെ ഉൾപ്പെടെ പിടികൂടിയിട്ടുണ്ട്.
കൂട്ടുപുഴ എക്സൈസ് ഉദ്യോഗസ്ഥനെ ഉൾപ്പടെ വാഹനവുമായി കടന്നുകളഞ്ഞ മയക്കുമരുന്ന് കേസിലെ പ്രതിയെ പിന്തുടർന്ന് പിടികൂടിയത്, ബിഎസ്എൻഎൽ ഓഫിസിൽ മോഷണം നടത്തിയ അന്തർസംസ്ഥാന പ്രതിയെ സൂക്ഷ്മമായ അന്വേഷണത്തിലൂടെ പിടികൂടിയത്,
ഇരിട്ടിയിലെ ജ്വല്ലറിയിൽ നിന്നും പട്ടാപകൽ മോഷണം നടത്തിയ പ്രതികളെ രണ്ടുവർഷത്തിന് ശേഷം പിടികൂടിയത്, ഇരിട്ടിയിലെ സ്ഥാപനങ്ങളിലും ആരാധന ആലയങ്ങളിലും മോഷണം നടത്തിയ പ്രതികളെ പിടികൂടിയത്, മരവ്യാപാരികളെ കബിളിപ്പിക്കുന്ന കുപ്രിദ്ധ മോഷ്ടാവിനെ തന്ത്രപരമായി പിടികൂടിയത് ഉൾപ്പെടെ നിരവധി കേസുകളാണ് ഇരിട്ടി പോലീസിന്റെ കൃത്യമായ നീക്കത്തിലൂടെ തെളിയിക്കപ്പെട്ടത്.
കർമനിരതരായി 53 അംഗ സേന
ഇരിട്ടിഎസ്എച്ച്ഒ മെൽബിൻ ജോസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ. ഷറഫുദ്ദീൻ, റെജി സ്കറിയ, ടി.ജി. അശോകൻ, മുഹമ്മദ് നജ്മി ഉൾപ്പെടെ 53 പേരാണ് ഇരിട്ടി സ്റ്റേഷൻ സേനയിൽ ഉള്ളത്.
ഇരിട്ടി ജനമൈത്രി പോലീസിന്റെ എടുത്തുപറയേണ്ട മറ്റൊരു പ്രവൃത്തി അവാർഡിന് പരിഗണിച്ചതല്ലെങ്കിലും എന്നും ഓർമിക്കേണ്ടതാണ്. കിളിയന്തറയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചെന്നൈ സ്വദേശി യുവാവ് ചെന്നൈയിൽ ചികിത്സയിൽ ഇരിക്കുമ്പോൾ മരണപ്പെട്ടിരുന്നു.
കേസ് രജിസ്റ്റർ ചെയ്തത് ഇരിട്ടി സ്റ്റേഷൻ പരിധിയിൽ ആയിരുന്നതുകൊണ്ട് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ ഇരിട്ടിയിൽ നിന്നും ഉദ്യോഗസ്ഥർ ചെന്നൈയിൽ എത്തേണ്ടതുണ്ട്.
ചുരുങ്ങിയത് രണ്ടുദിവസത്തെ നടപടിക്രമണങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ രേഖകൾ ഉൾപ്പെടെ മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്ക് മാറ്റി നടപടികൾ പൂർത്തിയാക്കാൻ കഴിയുകയുള്ളു.
എന്നാൽ, മണിക്കൂറുകൾകൊണ്ട് എല്ലാ പ്രവൃത്തികളും പൂർത്തിയാക്കി എസ്ഐ റെജി സ്കറിയയെ ഫ്ലൈറ്റിൽ ചെന്നൈയിലേക്ക് അയച്ച് 24 മണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തിയാക്കി കുടുംബത്തിന് മൃതശരീരം വിട്ടുകൊടുക്കാൻ കാണിച്ച പ്രവർത്തനം ഏറെ പ്രശംസക്ക് കാരണമായിരുന്നു. എ. കുട്ടികൃഷ്ണൻ തന്നെയായിരുന്നു അന്നും എസ്എച്ച്ഒ.
മറ്റൊരു നേട്ടമാണ് ഇരിട്ടി പോലീസ് സ്റ്റേഷന് സമീപത്തെ "അന്നം അഭിമാനം' പദ്ധതി. ഇരിട്ടിയിൽ എത്തുന്നവർക്ക് ഭക്ഷണം ഇല്ലാതെ ബുദ്ധിമുട്ടുന്നവർക്ക് കഴിഞ്ഞ രണ്ടുവർഷമായി ഭക്ഷണം നൽകിപ്പോരുന്ന ഈ പദ്ധതി മറ്റൊരു അംഗീകാരമാണ്.
സംസ്ഥാന പോലീസ് മേധാവിയുടെ അടുത്ത ക്രൈം കോൺഫറൻസിൽ വച്ച് ഇരിട്ടി എസ്എച്ച്ഒ പുരസ്ക്കാരം ഏറ്റുവാങ്ങും.
Kerala
കോഴിക്കോട്: കേരളത്തില്‍ പോലീസുകാര്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. നിയമം നിഷ്പക്ഷമായി നടപ്പാക്കേണ്ട ഒന്നാണ് എന്ന തോന്നല്‍ പോലും ഇല്ലാതാക്കുകയാണ്. എല്ലാ മേഖലയിലും ഇതാണ് സംഭവിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിയമം നടപ്പാക്കേണ്ടവരുടെ ആത്മവിശ്വാസം കളയുകയാണ്. നിയമം നിഷ്പക്ഷമായി നടപ്പാക്കേണ്ട ഒന്നാണ് എന്ന തോന്നല്‍ പോലും പാര്ട്ടിക്കാര് എല്ലാത്തിലും ഇടപെട്ട് ഇല്ലാതാക്കുകയാണ്. ഇതിനെതിരായി ഒരു ജനരോഷം വരുന്നുണ്ട്. അത് കാത്തിരുന്ന് കാണാം.
പോലീസ് പോലും അരക്ഷിതാവസ്ഥ അനുഭവിച്ചു തുടങ്ങി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. എല്ലാ മേഖലയിലുമുണ്ട്. നിയമം കൃത്യമായി നടപ്പാക്കാത്തതു കൊണ്ടാണ് മയക്കുമരുന്ന് ഒക്കെ ഇങ്ങനെ വ്യാപിക്കുന്നത്.
എല്ലാത്തിലും ഇടപെടല്‍ വരികയാണ്. ഇത്തരത്തിലുള്ള ഏത് കേസ് വന്നാലും അവര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ ആളുകളുണ്ട്. ഇതാണ് കേരളത്തില്‍ നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: വിഷൻ -2031 നവകേരളത്തിനുള്ള സുപ്രധാന ചുവടുവയ്പ്പാണെന്നും അതിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിഷൻ -2031 വികസനവും ജനാധിപത്യവും അന്താരാഷ്ട്ര കോൺഫറൻസ് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന രൂപീകരണത്തിനുശേഷം ഏഴ് പതിറ്റാണ്ടിനുള്ളിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനമാക്കി നവകേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകശ്രദ്ധയാകർഷിച്ച കേരളാ മോഡൽ വികസനമാണ്.
കാലഘട്ടത്തിനനുസരിച്ച് മാതൃകയെ നവീകരിച്ച് പുതിയ കുതിച്ചുചാട്ടത്തിന് കേരളം തയാറെടുക്കുകയാണ്. വ്യവസായ നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ സംസ്ഥാനം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്.
കാർഷിക മേഖലയിലും മത്സ്യബന്ധന മേഖലയിലും ഉത്പാദന ക്ഷമത വർധിപ്പിക്കും. കാർഷിക ഉത്പ്പന്നങ്ങളുടെ മൂല്യവർധനവിനും വിപണനത്തിനും ആധുനിക സ്റ്റോറേജ് സംവിധാനങ്ങൾ ഒരുക്കും.
കാലാവസ്ഥാ വ്യതിയാനം നേരിടാൻ ശാസ്ത്രീയമായ ജലപരിപാലനവും പുനരുപയോഗ ഊർജ സ്രോതസ്സുകളും ഉപയോഗപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ നൽകും. ഗവേഷണത്തിനും പുതിയ കണ്ടെത്തലുകൾക്കും പ്രാധാന്യം നൽകിക്കൊണ്ട് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റും.
ആരോഗ്യരംഗത്ത് പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം ജീവിതശൈലീ രോഗങ്ങൾക്കും വയോജന സംരക്ഷണത്തിനും പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: പിണറായി വിജയൻ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. 'വിഷൻ 2031' അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയിൽ പിണറായി വിജയനെ വേദിയിലിരുത്തിയാണ് മണിശങ്കർ അയ്യറുടെ പരാമർശം.
"അടുത്ത മുഖ്യമന്ത്രി ആകുമെന്ന് എനിക്ക് ഉറപ്പുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ' എന്നായിരുന്നു മണിശങ്കർ അയ്യരുടെ പരാമർശം. സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തെ പുകഴ്ത്തിയ മണിശങ്കർ അയ്യർ, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെയും പ്രശംസിച്ചു.
സമൂഹത്തിന്റെ മുന്നേറ്റത്തിനായി മഹാത്മാ ഗാന്ധി കാണിച്ചുതന്ന ദിശയിലൂടെ പ്രവർത്തിച്ച സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. പുതിയൊരു ഇന്ത്യയെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ ദർശനം ഇന്ത്യയിൽ നടപ്പാക്കിയത് ഒരു കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
സമ്മേളനം ബഹിഷ്കരിച്ച തന്റെ പാർട്ടി സഹപ്രവർത്തകരുടെ നടപടിയിൽ വളരെയധികം ഖേദിക്കുന്നു. ഇന്ന് നമ്മോടൊപ്പമില്ലാത്ത മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ആശയങ്ങൾ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച രീതിയിൽ പ്രാവർത്തികമാക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Kerala
പാലക്കാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് സിവിൽ സര്‍വീസിൽനിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്ന കണ്ണൻ ഗോപിനാഥൻ. നിലവിൽ കോൺഗ്രസ് നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ല. കുട്ടിക്കാലം മുതൽ പാലക്കാടുമായി ബന്ധമുണ്ടെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു.
ദേശീയ രാഷ്ട്രീയം മാത്രമല്ല സംസ്ഥാന രാഷ്ട്രീയത്തിലൂടെയും പലതും ചെയ്യാനുണ്ടെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു. നേരത്തെ, കണ്ണൻ ഗോപിനാഥൻ പാലക്കാട് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. നിലവിൽ കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലാണ് പാലക്കാട്ടെ എംഎൽഎ. പാലക്കാട് രാഹുൽ സ്വതന്ത്രനായി മത്സരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു കണ്ണൻ ഗോപിനാഥൻ സിവിൽ സര്‍വീസിൽ നിന്ന് രാജിവെച്ചത്. പിന്നീട് കോണ്‍ഗ്രസിൽ ചേരുകയായിരുന്നു. കഴിഞ്ഞ വർഷം ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കണ്ണൻ ഗോപിനാഥൻ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
Kerala
മല്ലപ്പള്ളി: കുഞ്ഞ് ആലിന് ഷെറിന് ഏബ്രഹാം വിടവാങ്ങിയെങ്കിലും തങ്ങള്‍ക്ക് ഇനി നാലു കൊച്ചുമക്കളാണുള്ളതെന്ന് മല്ലപ്പള്ളി പഞ്ചായത്ത് മുന്‍ പ്രസിഡന്റും കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിന്റെ മുത്തച്ഛനുമായ റെജി ശാമുവേല്‍.
അവയവദാനം കുടുംബം ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെയാണ് ആലിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആലിന് തിരികെവരുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതോടെയാണ് അവയവദാനത്തിനു കുടുംബം തയാറായത്. മകന് അരുണിന്റെയും ഭാര്യ ഷെറിന്റെയും താത്പര്യം അറിയിച്ചു. താനും പൂര്‍ണ പിന്തുണ നല്കിയെന്നു റെജി ശാമുവേല്‍ പറഞ്ഞു. ഞങ്ങളുടെ ഒരു നാല് കുഞ്ഞുങ്ങള്‍ക്കു ഭൂമിയില്‍ ജീവിക്കാന്‍ അവസരമായല്ലോയെന്ന് റെജി സമാധാനപ്പെടുന്നു.
പത്തു മാസത്തെ ഇഹലോക ജീവിതം പൂര്‍ത്തിയാക്കി, നാലുപേരെ ജീവിതത്തിലേക്കു നയിച്ച ദൗത്യം പൂര്‍ത്തിയാക്കി കുഞ്ഞ് ആലിന് നാളെ പറന്നുയരും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവെന്ന ബഹുമതിയോടെ ആലിന് ഷെറിന് ഏബ്രഹാമിന്റെ ഭൗതികശരീരം നാളെ രാവിലെ വീട്ടില്‍ കൊണ്ടുവരും.
വൈകുന്നേരം അഞ്ചോടെ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിലെ കല്ലറ ഏറ്റുവാങ്ങും. മുന്‍ മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ മല്ലപ്പള്ളി വെസ്റ്റ് കോഴഞ്ചേരി മലയാറ്റൂര്‍ വാലുമണ്ണില്‍ റെജി ശാമുവേലിന്റെ മകനാണ് അരുണ്‍ ഏബ്രഹാം. മല്ലപ്പള്ളി ഈസ്റ്റ് പുളിഞ്ചിമൂട്ടില്‍ കുടുംബാംഗമാണ് അധ്യാപിക കൂടിയായ ഷെറിന് ആന്‍ ജോണ്‍. ഇവരുടെ ഏകമകളായിരുന്നു ആലിന് ഷെറിന് എബ്രഹാം
തീവ്ര ദുഃഖത്തിലും മറ്റുള്ളവരുടെ ജീവന് നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിനെ മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ചിന് എംസി റോഡില്‍ പള്ളം ബോര്‍മ ജംഗ്ഷനു സമീപത്തു കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആലിന് ഗുരുതരമായി പരിക്കേറ്റത്.
പത്തു മാസം പ്രായമുള്ള ആലിനൊപ്പം അമ്മ ഷെറിനും അമ്മയുടെ മാതാപിതാക്കളും ഉണ്ടായിരുന്നു. കോട്ടയം സ്വദേശികളുടെ കാറുമായാണ് ഇവരുടെ കാര്‍ കൂട്ടിയിടിച്ചത് ഷെറിന്റെ മാതാപിതാക്കളായ രാജനും ജെസിയും ഇപ്പോഴും പരിക്കുകളോടെ ചികിത്സയിലാണ്.
അപകടം നടന്ന ഉടന്‍തന്നെ കുഞ്ഞിനെ ചങ്ങനാശേരിയിലെയും തിരുവല്ലയിലെയും ആശുപത്രികളിലേക്കും പിന്നീട് കഴിഞ്ഞ ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഇന്നലെ കുട്ടിക്കു മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ കുട്ടിയുടെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതം നല്‍കുകയായിരുന്നു. ഇതാകട്ടെ കേരളത്തിലെ ആരോഗ്യ ചരിത്രത്തിലെ ഒരു ചരിത്ര നിമിഷവുമായി.
കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്കാണ് നല്‍കിയത്. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കു ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങള്‍ അമൃത ആശുപത്രിയിലേക്കും രാത്രിയില്‍തന്നെ എത്തിച്ചു. ആറുമാസം പ്രായമുള്ള കുഞ്ഞിനാണ് കിംസ് ആശുപത്രിയില്‍ കരള്‍ മാറ്റിവയ്ക്കുന്നത്. അതി സങ്കീര്‍ണമായ ശസ്ത്രകിയയാണിത്. സംസ്ഥാനത്തു മരണാനാന്തര അവയവദാനത്തിലൂടെ കരള്‍ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അതിവേഗ ട്രെയിൻ പദ്ധതി (ആർആർടി)യുമായി മുന്നോട്ടു പോകാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി. ആദ്യപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ടു കേന്ദ്രസർക്കാരിനു കത്തയച്ചു.
ഡിപിആർ തയാറാക്കാനുള്ള ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് പുതിയ അതിവേഗ ട്രെയിൻ പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്.
ഇ.ശ്രീധരൻ മുന്നോട്ടുവച്ച പുതിയ അതിവേഗ ട്രെയിൻ പദ്ധതിക്കു ബദലായാണ് സർക്കാർ പുതിയ പദ്ധതി അവതരിപ്പിച്ചത്. എന്നാൽ, സർക്കാരിന്റെ ആർആർടി പദ്ധതി അപ്രായോഗികമാണെന്നാണ് ഇ.ശ്രീധരന്റെ നിലപാട്. ഇതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീധരനെ നിശിതമായി വിമർശിച്ചിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് പത്തനംതിട്ട ജില്ലയിലെ കോന്നിയിലും ഇടുക്കി ജില്ലയിലെ മൂന്നാറിലുമാണ്. അൾട്രാവയലറ്റ് സൂചികയിൽ എട്ട് രേഖപ്പെടുത്തിയ ഇവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ഏഴ്), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (ഏഴ്), കോട്ടയം ജില്ലയിലെ ചങ്ങനാശേരി (ഏഴ്), പാലക്കാട് ജില്ലയിലെ തൃത്താല (ഏഴ്), വയനാട് ജില്ലയിലെ മാനന്തവാടി (ഏഴ്), എറണാകുളം ജില്ലയിലെ കളമശേരി (ആറ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ആറ്), മലപ്പുറം ജില്ലയിലെ പൊന്നാനി (ആറ്) എന്നിവിടങ്ങളിലും യെല്ലോ അലർട്ടാണ്.
അൾട്രാവയലറ്റ് സൂചിക 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടും എട്ടുമുതൽ 10 വരെ ഓറഞ്ച് അലർട്ടും ആറു മുതൽ ഏഴുവരെ യെല്ലോ അലർട്ടുമാണ് നല്‍കുന്നത്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
പകൽ 10 മണി മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാ വയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.
Kerala
തിരുവനന്തപുരം: കേന്ദ്ര തൊഴിലാളി സംഘടനകളും ദേശീയ തൊഴിലാളി ഫെഡറേഷനുകളും പ്രഖ്യാപിച്ച 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് സംസ്ഥാനത്ത് പൂർണം. വ്യാപാര സ്ഥാനപങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും ടാക്സികളും സർവീസ് നടത്തിയില്ല. ഇരുചക്രവാഹനങ്ങൾ നിരത്തിലിറങ്ങി.
റെയിൽവേ സ്റ്റേഷനുകളിലെത്തിയ പലരും തുടർ യാത്രയ്ക്ക് സൗകര്യമില്ലാതെ ബുദ്ധിമുട്ടിലായി. കെഎസ്ആർടിസി സർവീസുകൾ നടത്തിയില്ല. സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളിൽ വളരെ കുറിച്ചു ജീവനക്കാർ മാത്രമേ എത്തിയുള്ളൂ. 10.6 ശതമാനം ജീവനക്കാരാണ് സെക്രട്ടേറിയറ്റിൽ ഇന്നലെ ജോലിക്ക് എത്തിയത്.
അവശ്യ സർവീസുകളെ പണിമുടക്കിൽനിന്നും ഒഴിവാക്കിയിരുന്നു. സംസ്ഥാനത്ത് ചിലയിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞത് സമരക്കാരും യാത്രക്കാരും തമ്മിലുള്ള വാക്കേറ്റത്തിനിടയാക്കി. തിരുവനന്തപുരത്ത് മ്യൂസിയം ജംഗ്ഷനിൽനിന്ന് ലോക്ഭവനു മുന്നിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനം നടന്നു.
Kerala
കൊച്ചി: 70-ാമത് ഫിലിം ഫെയര്‍ പുരസ്കാര നിശ കേരളത്തിലേക്ക്. കേരള ടൂറിസവുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന പുരസ്കാരച്ചടങ്ങ് 21ന് കറുകുറ്റി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ നടക്കും.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ 2024ല്‍ പുറത്തിറങ്ങിയ സിനിമകളിലെ മികച്ച പ്രകടനങ്ങളെയും സാങ്കേതിക മികവിനെയുമാണ് ഈ പുരസ്കാരങ്ങള്‍ വഴി ആദരിക്കുന്നത്. ഇതിനായി നാമനിർദേശങ്ങൾ പ്രഖ്യാപിച്ചു.
മലയാളത്തില്‍ ബ്ലെസി ചിത്രം ആടുജീവിതം എട്ടു വിഭാഗങ്ങളില്‍ നാമനിര്‍ദേശങ്ങൾ നേടി . മികച്ച ചിത്രത്തിനുള്ള പട്ടികയില്‍ ആട്ടം, ആവേശം, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്സ്, ആടുജീവിതം, പ്രേമലു, ഉള്ളൊഴുക്ക്, കിഷ്കിന്ദാ കാണ്ഡം, പ്രഭായായ് നിനച്ചതെല്ലാം എന്നീ ചിത്രങ്ങളുണ്ട്. മികച്ച നടന് വിഭാഗത്തില്‍ മമ്മൂട്ടി, ഫഹദ് ഫാസില്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ആസിഫ് അലി, ബേസില്‍ ജോസഫ് എന്നിവരും മികച്ച നടി വിഭാഗത്തില്‍ മമിത ബൈജു, പാര്‍വതി തിരുവോത്ത്, ഉര്‍വശി, നസ്രിയ, ദിവ്യ പ്രഭ, കനി കുസൃതി, സാരിന് ഷിഹാബ് എന്നിവരും നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
തമിഴ് സിനിമാ വിഭാഗത്തില്‍ 10 നാമനിര്‍ദേശങ്ങളുമായി ശിവകാര്ത്തികേയന് ചിത്രം അമരനാണ് മുന്നില്‍. ലബ്ബര്‍ പന്തു, മെയ്യഴഗന് എന്നീ ചിത്രങ്ങളും ശക്തമായ സാന്നിധ്യമായി പട്ടികയിലുണ്ട്. മികച്ച നടനായി വിക്രം, ധനുഷ്, വിജയ് സേതുപതി, അരവിന്ദ സ്വാമി, ശിവകാര്ത്തികേയന് എന്നിവരും മികച്ച നടിക്കുള്ള പുരസ്കാരത്തിനായി സായി പല്ലവി, കീര്‍ത്തി സുരേഷ്, അന്ന ബെന്‍, സിമ്രാന്, ശ്രീ ഗൗരി പ്രിയ, ഉര്‍വശി എന്നിവരും മത്സരിക്കുന്നു. തെലുങ്കില്‍ പുഷ്പ 2: ദി റൂള്‍, ലക്കി ഭാസ്കര്‍, ഹനു-മാന്‍ എന്നീ ചിത്രങ്ങള്‍ ഏഴുവീതം നാമനിര്‍ദേശങ്ങളുമായി കിരീടപോരാട്ടത്തിലുണ്ട്. അല്ലു അര്ജുന്, ദുല്‍ഖര്‍ സല്മാന്, ജൂണിയര്‍ എന്‍ടിആര്‍, നാനി എന്നിവരാണ് മികച്ച നടന്മാരുടെ പട്ടികയിലുള്ളത്.
കല്‍ക്കി 2898 എഡിയിലെ പ്രകടനത്തിലൂടെ അമിതാഭ് ബച്ചന് മികച്ച സഹനടനുള്ള നാമനിര്‍ദേശം നേടിയത് തെലുങ്ക് സിനിമയില്‍ ശ്രദ്ധേയമായി. കന്നഡ സിനിമാവിഭാഗത്തില്‍ കൃഷ്ണം പ്രണയ സഖിയാണ് ഏറ്റവും കൂടുതല്‍ നാമനിര്‍ദേശങ്ങള്‍ നേടിയ ചിത്രം. ഭീമ, ബ്ലിങ്ക്, ബഘീര, ഹദിനെന്തു, ശാഖാഹാരി എന്നീ സിനിമകളും മികച്ച ചിത്രത്തിനുള്ള മത്സരത്തിനുണ്ട്.
മികച്ച നടന് വിഭാഗത്തില്‍ കന്നഡയിലെ മുന്‍നിര താരങ്ങളായ ശിവരാജ്കുമാര്, സുധീപ്, ദുനിയ വിജയ് എന്നിവര്‍ ഇടം പിടിച്ചതായി ഫിലിംഫെയര്‍ എഡിറ്റര്‍ -ഇന്‍-ചീഫ് ജിതേഷ് പിള്ളൈ പറഞ്ഞു.
Sports
റാഞ്ചി: സീനിയര്‍ വനിതാ ഏകദിന ക്രിക്കറ്റില്‍ കേരളം 60 റണ്‍സിന് ത്രിപുരയെ തോല്‍പ്പിച്ചു. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ മൂന്നാം വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് എടുത്തു.
മറുപടിയില്‍ ത്രിപുരയ്ക്ക് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 123 പന്തില്‍ 111 റണ്‍സും രണ്ട് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ ടി. ഷാനിയാണ് കേരളത്തിന്റെ വിജയശില്പി.
കേരളത്തിനായി അക്ഷയ (41), എസ്. ആശ (34) എന്നിവരും മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. കേരളത്തിന്റെ മൃദുല, ആശ, ഷാനി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Kerala
തിരുവനന്തപുരം: വിവിധ തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല.
ഓട്ടോ ടാക്സി തൊഴിലാഴിലാളികളും പണിമുടക്കിൽ പങ്കെടുത്തതോടെ യാത്രക്കാർ വലഞ്ഞു. റെയിൽവേ സ്റ്റേഷനുകളിലടക്കം എത്തിയവർ കുടുങ്ങി. പോലീസും മറ്റു സന്നദ്ധ സംഘടനകളും യാത്രക്കാർക്ക് സഹായമായി എത്തിയിട്ടുണ്ട്.
അതേസമയം, ഇരുചക്രവാഹനങ്ങളും സ്വകാര്യ കാറുകളും നിരത്തിലുണ്ട്. ഫുഡ് ഡെലിവറി ആപ്പുകൾ ലൈവ് ആണെങ്കിലും ഭക്ഷണവും മറ്റും നൽകാനായി സജീവമായ ഭക്ഷണശാലകളുടെ എണ്ണം കുറവാണ്.
കേരളത്തിൽ ദേശീയ പണിമുടക്ക് ജനജീവിതം സ്തംഭിപ്പിക്കുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എല്ലാം സാധാരണ നിലയിലാണ്. നിരത്തിൽ ഓട്ടോ, ടാക്സി സർവീസുകളും തടസമില്ലാതെ തുടരുന്നു.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഐഎൻടിയുസി, സിഐടിയു അടക്കം 10 സംഘടനകൾ സംയുക്തമായാണ് രാജ്യവ്യാപകമായി പണിമുടക്കുന്നത്.
സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അവശ്യ മേഖലയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
National
ന്യൂഡൽഹി: കേന്ദ്രബജറ്റിൽ കേരളത്തോട് കേന്ദ്രസർക്കാർ സ്വീകരിച്ച സമീപനത്തെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
കേരളം ഇന്ത്യയുടെ ഭാഗമാണോ എന്നുപോലും സംശയിക്കുന്ന തരത്തിലാണ് കേന്ദ്രസർക്കാർ ബജറ്റിൽ പെരുമാറിയതെന്നും ഈ വിവേചനം അവസാനിപ്പിക്കണമെന്നും ബജറ്റിന്മേൽ ലോക്സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് കെ.സി. വേണുഗോപാൽ പറഞ്ഞു.
12 വർഷം മുന്‍പ് കേരളത്തിന് എയിംസ് വാഗ്ദാനം ചെയ്തതാണ്. എന്നാൽ കേരളത്തിന് ഇതുവരെയും ലഭിച്ചിട്ടില്ല. ഏഴ് അതിവേഗ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടും അതിൽ കേരളമില്ല. കേരളത്തിലെ ജനങ്ങളെക്കുറിച്ച് ഓർമിച്ചില്ലെങ്കിലും ആമകളെക്കുറിച്ച് ഓർത്തതിൽ നന്ദിയുണ്ടെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
കേരളത്തോടുള്ള ഈ വിവചനം അവസാനിപ്പിച്ച മതിയാകൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ’ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകണം അന്തഃരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരന്പുകളിൽ’ എന്ന വള്ളത്തോളിന്റെ വരികൾ ഉദ്ധരിച്ചാണ് വേണുഗോപാൽ ബജറ്റിൽ കേരളം നേരിട്ട അവഗണന ചൂണ്ടിക്കാട്ടിയത്.
വ്യാപാരക്കരാറിൽ അമേരിക്കയ്ക്കു മുന്നിൽ ഇന്ത്യ കീഴടങ്ങി. സമാനമായ രീതിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം അമേരിക്കൻ ഡോളറിനു മുന്നിൽ കീഴടങ്ങിയതായും വേണുഗോപാൽ പറഞ്ഞു.
രാജ്യത്തെ 34 ശതമാനത്തോളം പേരുടെയും ദിവസവരുമാനം 100 രൂപ മാത്രമാണ്. ഇതാണ് മോദി യുഗമെന്നും അദ്ദേഹം വിമർശിച്ചു. രാജ്യത്തു തൊഴിലില്ലായ്മ വലിയതോതിൽ ഉയർന്നതായും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
Kerala
കോട്ടയം: എയിംസ് കേരളത്തില്‍ വരുമെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കന്‍. എയിംസ് കൃത്യസമയത്തുതന്നെ കേരളത്തില്‍ വരും. എതു ജില്ലയില്‍ സ്ഥാപിക്കുമെന്നു തീരുമാനമായിട്ടില്ല.
തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍നിന്നാണു പദ്ധതിക്കായി ആലോചനയാണു വന്നിരിക്കുന്നത്. സ്ഥലം അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമാകാത്തതാണു വൈകാന്‍ കാരണം.
കൃത്യസമയത്ത് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനമുണ്ടാകുമെന്നും ടോം വടക്കന്‍ പറഞ്ഞു.
Kerala
പത്തനംതിട്ട: ഉന്നത വിദ്യാഭ്യാസവും തൊഴിലും തേടി യുവതലമുറ നാടുവിട്ടപ്പോൾ പത്തനംതിട്ടയിലെ കലാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. പതിറ്റാണ്ടുകളുടെ പാരന്പര്യമുള്ള ജില്ലയിലെ കോളജുകളിൽ പോലും പല കോഴ്സുകൾക്കും കുട്ടികളെ ലഭിക്കുന്നില്ല. ബിരുദ കോഴ്സുകളിൽ വിരലിലെണ്ണാവുന്ന കുട്ടികളാണ് പലയിടത്തുമുള്ളത്. സ്വാശ്രയ മേഖലയിൽ തുടങ്ങിയ ആർട്സ് ആൻഡ് സയൻസ് കോളജുകൾക്കു പിടിച്ചു നിൽക്കാനാകുന്നില്ല. എൻജിനിയറിംഗ് കോളജുകളിലും കുട്ടികളുടെ കുറവുണ്ട്. ജില്ലയിൽ രണ്ട് എൻജിനിയറിംഗ് കോളജുകൾ കുട്ടികൾ ഇല്ലാത്തതു കാരണം അടച്ചു.
പ്രാഥമിക വിദ്യാഭ്യാസ മേഖലയിലും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ കുറവ് സാരമായുണ്ട്. കഴിഞ്ഞ സെൻസസിൽ ജനസംഖ്യ നിരക്ക് മൈനസായിരുന്ന സ്ഥലമാണ് പത്തനംതിട്ട. ജനസംഖ്യയിലെ കുറവിനൊപ്പം ആളുകൾ വിദേശരാജ്യങ്ങളിലേക്കു മാറാൻ ഇഷ്ടപ്പെടുന്ന പ്രവണതയും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്പിനെ ബാധിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ആവശ്യമായ തൊഴിൽ മേഖലകൾ ഒരുക്കിക്കൊടുക്കാൻ ജില്ലയ്ക്കു കഴിയാത്തതിനാൽത്തന്നെ കൂടുതൽ കുട്ടികളും മറ്റ് സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തക്കു പോകാൻ മറ്റൊരു കാരണം. പലരും പിന്നീട് വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാകുകയും ചെയ്യുന്നു. നാലു മെഡിക്കൽ കോളജുകളാണ് ജില്ലയിൽ ഉള്ളത്. ഇതിനൊപ്പം തൊഴിലധിഷ്ഠിത കോഴ്സുകളുമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പ്രസക്തി ഏറിയിട്ടുമുണ്ട്.
National
ന്യൂഡൽഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ രാജ്യത്തു നിന്ന് കമ്യൂണിസ്റ്റ് ഭരണം തുടച്ച് നീക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ മാത്രമാണ് കമ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്.
അടുത്ത തെരഞ്ഞെടുപ്പിൽ ഇതിനു മാറ്റമുണ്ടാകും. ത്രിപുരയിലും ബംഗാളിലും കമ്യൂണിസം അവസാനിച്ചു. കമ്യൂണിസത്തെ തുടച്ചുനീക്കാൻ തിരുവനന്തപുരത്ത് ജനങ്ങൾ തുടക്കം ഇട്ടു. ഛത്തീസ്ഗഡിനെ ചുവന്ന ഭീകരതയിൽ നിന്ന് മുക്തമാക്കും.
ഛത്തീസ്ഗഡ് ജനത തങ്ങൾക്കും തങ്ങളുടെ ആശയത്തിനും പൂർണ പിന്തുണ നൽകുന്നുണ്ട്. മാർച്ച് 31 ഓടെ രാജ്യം നക്സൽ മുക്തമാകുമെന്നും അമിത് ഷാ വ്യക്തമാക്കി.
Sports
ദിസ്പുർ: സന്തോഷ് ട്രോഫി കിരീടം ചൂടി സർവീസസ്. കേരളത്തെ എതിരില്ലാത്ത ഒരു ഗോളിനാണ് സർവീസസ് തോൽപിച്ചത്. എക്സ്ട്രാ ടൈമിലായിരുന്നു സർവീസസിന്റെ വിജയഗോൾ പിറന്നത്.
109-ാം മിനിറ്റിൽ അഭിഷേക് പവാറാണ് വിജയഗോൾ നേടിയത്. ഇതോടെ എട്ടാം സന്തോഷ് ട്രോഫി കിരീടത്തിലാണ് സർവീസസ് മുത്തമിട്ടത്.
കഴിഞ്ഞ തവണയും കേരളം ഫൈനലിൽ തോറ്റിരുന്നു. എട്ടാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ കേരളം ഫൈനലിൽ തോൽക്കുന്നത് ഇത് ഒൻപതാം തവണയാണ്.കേരളത്തിനു തന്നെയായിരുന്നു മത്സരത്തിൽ ആധിപത്യം. പക്ഷേ ലഭിച്ച മികച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാതെ പോയതാണ് തിരിച്ചടിയായത്.
മികച്ച മുന്നേറ്റങ്ങൾ നടത്താൻ കേരളത്തിനായിരുന്നു. എന്നാൽ കേരളത്തിന്റെ മുന്നേറ്റങ്ങളെ സർവീസസിന്റെ പ്രതിരോധനിര കടിഞ്ഞാൺ ഇടുകയായിരുന്നു. സർവീസസിന്റെ ഗോൾകീപ്പർ ഗഗൻദീപിന്റെ മികച്ച സേവുകളും കേരളത്തിന് തിരിച്ചടിയായി.
Kerala
തിരുവനന്തപുരം: കേരളവും തമിഴ്നാടും ഈ വർഷം 'വയസായ' സംസ്ഥാനങ്ങളുടെ വിഭാഗത്തിലെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട്. 60 വയസ് കഴിഞ്ഞവർ സംസ്ഥാനത്തിന്റെ ജനസംഖ്യയിൽ 15 ശതമാനമോ അതിൽ കൂടുതലോ ആകുമ്പോഴാണ് ഒരു സംസ്ഥാനം വയസായ ഗണത്തിലെത്തുന്നത്.
ഇവരുടെ എണ്ണം 10 ശതമാനം മുതൽ 15-ൽ താഴെ വരെ ആകുമ്പോൾ ഇടത്തരം ഗണത്തിലും 10-ൽ താഴെയാണെങ്കിൽ യുവത്വമുള്ള സംസ്ഥാനവുമായാണു പരിഗണിക്കുക. കേരളം 2021-ൽ തന്നെ വയസായ സംസ്ഥാനങ്ങളുടെ ഗണത്തിലേക്ക് എത്തിയെങ്കിൽ ഈ വർഷം കേരളത്തിനൊപ്പം തമിഴ്നാടിനും വയസാകുകയാണ്.
വയസായ സംസ്ഥാനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായ ധനകാര്യനയങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്ന റിസർവ് ബാങ്ക് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഈ സംസ്ഥാനങ്ങളുടെ റവന്യു വരുമാനത്തിൽ കുറവുണ്ടാകും. നികുതി വരുമാനത്തിലും കേന്ദ്രത്തിൽ നിന്നുള്ള വിഹിതത്തിലും ഇടിവുണ്ടാകും. അതു വളർച്ചയിലും പ്രതിഫലിക്കും.
സംസ്ഥാനത്തിനു വയസാകുന്നതോടെ സാമ്പത്തിക നയങ്ങളിലെ മുൻഗണനാ ക്രമങ്ങളിൽ മാറ്റം വരുത്തേണ്ടിവരും. ആരോഗ്യസംരക്ഷണം, പെൻഷൻ, സാമൂഹ്യസുരക്ഷ എന്നീ മേഖലകളിൽ കൂടുതൽ വകയിരുത്തൽ വേണ്ടിവരും. ഈ വിഭാഗം സംസ്ഥാനങ്ങൾ അവരുടെ സാമൂഹ്യ മേഖലയിലെ ചെലവുകളിൽ 30 ശതമാനം വരെ പെൻഷനുവേണ്ടി ചെലവഴിക്കുന്നു എന്നാണു കണക്കുകൾ കാണിക്കുന്നത്.
പ്രായമായവരുടെ എണ്ണം വർധിക്കുന്നതനുസരിച്ച് തൊഴിലാളികളുടെ എണ്ണത്തിൽ കുറവു വരും. ഇതു മൊത്തത്തിൽ ഉത്പാദനക്ഷമത കുറയുന്നതിനു കാരണമാകും. പെൻഷൻ പ്രായം 60ന് മുകളിലേക്ക് ഉയർത്തുന്നതടക്കമുള്ള നയം മാറ്റങ്ങൾക്കു തയാറാകേണ്ടിവരുമെന്നും റിപ്പോർട്ട് പറയുന്നു.
ഇന്ത്യക്കാരുടെ ശരാശരി പ്രായം 28 ആയിരിക്കുമ്പോൾ കേരളത്തിൽ അത് 37 ആണ്. രാജ്യത്തെ ഉയർന്ന ശരാശരി പ്രായം കേരളീയർക്കാണ്. തൊഴിൽ ചെയ്യാൻ സാധിക്കുന്നവരുടെ ശതമാനം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് രാജ്യത്ത് ഇപ്പോൾ.
തൊഴിൽ ചെയ്തു വരുമാനമുണ്ടാക്കാൻ സാധിക്കാത്ത ആശ്രിതരുടെ (കുട്ടികളും പ്രായമായവരും) ശതമാനം രാജ്യത്ത് ശരാശരി 17.6 ആയിരിക്കുമ്പോൾ കേരളത്തിൽ 30.1 ആണ്. ജനനനിരക്കിൽ കുറവുണ്ടാകുന്നുണ്ടെങ്കിലും ശരാശരി ആയുർദൈർഘ്യം വർധിച്ചതാണ് ആശ്രിതരുടെ ശതമാനം ഉയരാൻ കാരണം.
Kerala
തൃശൂര്‍: കേരളത്തിന്റെ സംസ്കാരവും കലകളും ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തിയ ബ്രീട്ടന്റെ മകള്‍ പെപിത സേത്ത് ഇനി ഇന്ത്യയുടെ മകള്‍.
തൃശൂര്‍ കളക്ടറേറ്റില്‍ നടന്ന പൗരത്വരേഖ കൈമാറ്റ ചടങ്ങില്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യനില്‍നിന്ന് പെപിത സേത്ത് പൗരത്വ രേഖകള്‍ ഏറ്റുവാങ്ങി. 84-ാം വയസില്‍ ഇന്ത്യക്കാരിയാകുന്നതില്‍ അഭിമാനമുണ്ടെന്ന് പെപിത സേത്ത് പറഞ്ഞു.
ബ്രിട്ടീഷ് പട്ടാളക്കാരനായിരുന്ന അമ്മയുടെ മുത്തച്ഛന്റെ ഡയറിയില്‍നിന്ന് ഇന്ത്യയെ അറിഞ്ഞ പെപിത 27-ാം വയസിലാണ് ഇന്ത്യയുടെ വൈവിധ്യങ്ങളെ തേടിയിറങ്ങുന്നത്. ഫോട്ടോഗ്രാഫിയും എഴുത്തും ജീവശ്വാസമാക്കിയ പെപിതയ്ക്കു തൃശൂര്‍ ജന്മനാടിനെ വെല്ലുന്ന പോറ്റമ്മയായി. മദപ്പാടില്‍ പനമ്പട്ടയും മണ്ണും വീശിയെറിയുന്ന ഗുരുവായൂര്‍ കേശവന്റെ പെപിത പകര്‍ത്തിയ അപൂര്‍വചിത്രം ലോകശ്രദ്ധ നേടി.
1981-ൽ ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ പ്രവേശനാനുമതി കിട്ടിയതോടെ നാട്ടിലേക്കുള്ള യാത്രതന്നെ കുറഞ്ഞു. ഗുരുവായൂരില്‍ താമസിച്ചു നടത്തിയ നീണ്ടകാലത്തെ ഗവേഷണത്തിനുശേഷമാണ് ഹെവന്‍ ഓൺ എർത്ത്: ദ യൂണിവേഴ്സ് ഓഫ് കേരളാസ് ഗുരുവായൂര്‍ ടെമ്പിള്‍സ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ഇതിനിടെ തെയ്യക്കോലങ്ങളുടെ മാസ്മരിക സൗന്ദര്യത്തിലേക്കും പെപിതയുടെ കണ്ണെത്തി.
വടക്കന്‍ മലബാറിലെ ഗ്രാമങ്ങളിൽ തെയ്യം കലാകാരന്മാര്ക്കൊപ്പം 15 വര്‍ഷത്തോളം സഞ്ചരിച്ച് നടത്തിയ ഗവേഷണത്തിനൊടുവിലാണ് ഇന്‍ ഗോഡ്സ് മിറര്‍, ദ തെയ്യംസ് ഓഫ് മലബാര്‍ എന്ന പുസ്തകമെഴുതിയത്.
ദി എഡ്ജ് ഓഫ് അനദര്‍ വേള്‍ഡ് (നോവല്‍), ദ ഡിവൈന്‍ ഫ്രെന്‍സി- ഹിന്ദു മിത്ത്സ് ആന്‍ഡ് റിച്വല്‍സ് ഓഫ് കേരള തുടങ്ങിയ പുസ്തകങ്ങളും പെപിതയുടേതായിട്ടുണ്ട്. പത്മശ്രീ പുരസ്കാരത്തിനു പുറമേ, ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏഷ്യാറ്റിക് സൊസൈറ്റിയുടെ വിഖ്യാതമായ റിച്ചാർഡ് ബർട്ടൺ പുരസ്കാരവും ഇവരെത്തേടിയെത്തിയിട്ടുണ്ട്.
താന്‍ എഴുതിയ ഇന്‍ ഗോഡ്സ് മിറര്‍; ദ തെയ്യംസ് ഓഫ് മലബാര്‍ എന്ന പുസ്തകം ജില്ലാ കളക്ടര്‍ക്ക് സമ്മാനിച്ചാണ് കളക്ടറേറ്റില്‍നിന്ന് മടങ്ങിയത്.
Kerala
കൊച്ചി: ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ കേരളത്തിലെത്തി. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ നിതിൻ നബീനെ പാർട്ടി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മറ്റ് മുതിർന്ന നേതാക്കളും സ്വീകരിച്ചു.
എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. നെടുമ്പാശേരി താജ് ഹോട്ടലില്‍ നടക്കുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം അദ്ദേഹം അങ്കമാലി അഡ്ലക്സ് കണ്വന്ഷന് സെന്ററിലെത്തും.
എറണാകുളം, ആലപ്പുഴ ജില്ലകളിലെ 6000ത്തോളം വരുന്ന ബൂത്ത് പ്രസിഡന്റുമാരുടെ യോഗത്തെ നിതിന്‍ നബിന് അഭിസംബോധന ചെയ്യും. വൈകിട്ട് അഞ്ചിന് പാലാരിവട്ടം റിനൈ കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തിലും തുടര്‍ന്ന് നടക്കുന്ന എന്‍ഡിഎ യോഗത്തിലും പങ്കെടുക്കും. രണ്ടു ദിവസം അദ്ദേഹം കേരളത്തിലുണ്ടാകും.
International
ആറ്റിങ്ങൽ: ആറ്റിങ്ങൽ സ്വദേശി യുകെയിൽ തടാകത്തിൽ മരിച്ച നിലയിൽ. അവനവഞ്ചേരി സ്മൃതിയിൽ ജയകുമാർ ഷിംന ദമ്പതികളുടെ മൂത്ത മകൻ വിഷ്ണു ജയകുമാറിനെ(26)യാണ് യുകെയിലെ സ്വാൻ വൈൽ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ചയാണ് വിഷ്ണു തന്റെ മുൻ സുഹൃത്തുക്കളുമായി പുറത്തേയ്ക്കു പോയത്.
ഞായറാഴ്ച വൈകിയിട്ടും തിരിച്ചു താമസ സ്ഥലത്ത് എത്താതിരുന്നതിനെ ത്തുടർന്നു കൂടെ താമസിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തിങ്കളാഴ്ച വിഷ്ണുവിനോടപ്പം യാത്ര ചെയ്ത സുഹൃത്ത് തന്നെയാണ് വിവരം വീട്ടിൽ വിളിച്ചറിയിച്ചത്. പിന്നീട് ചൊവ്വാഴ്ച പൊലീസ് സ്വാൻ തടാകത്തിൽനിന്നു വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Kerala
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്നത്തെ സ്വർണവില 22 കാരറ്റ് ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയിലെത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വില 1,520 രൂപ കുറഞ്ഞ് 1,11,720 രൂപയിലെത്തി.
സംസ്ഥാനത്ത് 18കാരറ്റ് സ്വർണം ഗ്രാമിന് 11,475 രൂപയാണ് ഇന്നത്തെ വില. ഇതേ വിഭാഗത്തിൽ പവന് 91,800 രൂപയാണ് വില. 14 കാരറ്റ് സ്വർണം ഗ്രാമിന് 8,935 രൂപയും പവന് 71,480 രൂപയുമാണ്. വെള്ളി വില ഗ്രാമിന് 275 രൂപ.
ജനുവരി 29ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 16,395 രൂപയിലെത്തിയിരുന്നു. അന്ന് പവന് 1.31 ലക്ഷം രൂപയായിരുന്നു വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. എന്നാൽ ഇതിന് ശേഷം വൻതോതിൽ നിക്ഷേപകർ ലാഭമുണ്ടാക്കാനായി സ്വർണം വിറ്റഴിച്ചപ്പോൾ അന്താരാഷ്ട്ര വിപണിയിൽ വില താഴ്ന്നു. ശേഷം വില കുറഞ്ഞപ്പോൾ നിക്ഷേപകർ വീണ്ടും വാങ്ങുകയും വിൽക്കുകയും ചെയ്തു. ഇതോടെയാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം വില ഉയർന്നും താഴ്ന്നും നിന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ 'റോഡ് സേഫ്റ്റി കേഡറ്റ്സ്' പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചു. വിദ്യാർത്ഥികളിൽ ഗതാഗത നിയമങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും റോഡ് അച്ചടക്കം ശീലിപ്പിക്കുന്നതിനുമായി ആവിഷ്കരിച്ച പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാക്കാനാണ് യോഗം ചേരുന്നത്.
സ്കൂൾ പരിസരങ്ങളിലെ ഗതാഗത നിയന്ത്രണത്തിൽ കേഡറ്റുകളുടെ പങ്കാളിത്തം ഉറപ്പാക്കുക. ചെറുപ്പത്തിൽ തന്നെ റോഡ് സുരക്ഷാ നിയമങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമായി പഠിപ്പിക്കുക. അപകടരഹിത കേരളം എന്ന ലക്ഷ്യത്തിലേക്ക് വിദ്യാർത്ഥികളെ മുൻനിർത്തി മാറ്റങ്ങൾ കൊണ്ടുവരിക.
വിദ്യാഭ്യാസ വകുപ്പിലെയും മോട്ടോർ വാഹന വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. സ്റ്റുഡന്റ് പോലീസ് കേഡറ്റ് മാതൃകയിൽ റോഡ് സുരക്ഷയ്ക്കായി പ്രത്യേക വിഭാഗത്തെ വാർത്തെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.
Sports
സിലാപത്തര്‍ (ആസാം): സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമിഫൈനലിൽ കടന്ന് കേരളം. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ ആസാമിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരളം തോൽപ്പിച്ചത്.
എം. മനോജും മുഹമ്മദ് അജ്സലും ദിൽഷാദുമാണ് കേരളത്തിന് വേണ്ടി ഗോളുകൾ നേടിയത്. മനോജ് 17-ാം മിനിറ്റിലും അജ്സൽ 45-ാം മിനിറ്റിലും ദിൽഷാദ് 90+2-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വ്യാഴാഴ്ച നടക്കുന്ന സെമിയിൽ പഞ്ചാബ് ആണ് കേരളത്തിന്റെ എതിരാളികൾ. തമിഴ്നാടിനെ ഷൂട്ടൗട്ടിൽ 4-1ന് മറികടന്നാണ് പഞ്ചാബ് സെമി ഉറപ്പിച്ചത്.
Kerala
തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ വെള്ളിയാഴ്ച കേരളത്തിലെത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് നിതിൻ നബീൻ കേരളത്തിലെത്തുന്ന കാര്യം അറിയിച്ചത്.
ഫെബ്രുവരി ആറ്, ഏഴ് തീയതികളിലാണ് നിതിൻ നബീൻ കേരളത്തിൽ സന്ദർശനം നടത്തുക. ആറാം തീയതി കൊച്ചിയിൽ ബൂത്ത് പ്രസിഡന്റുമാരുടെ നേതൃയോഗത്തിൽ പങ്കെടുക്കും. ഏഴാം തീയതി തൃശൂരിൽ ബജറ്റ് ചർച്ചയിലും ഭാഗമാകും.
കൊച്ചിയിലാണ് അദ്ദേഹത്തിന് ആദ്യ സ്വീകരണം നൽകുകയെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. സ്ഥാനാർഥി നിർണയം അവസാന ഘട്ടത്തിലാണെന്നും ഫെബ്രുവരി ആദ്യവാരം ഒന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Leader Page
കേന്ദ്രബജറ്റ് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് ഓഹരിവിപണികളിലെ വലിയ ഇടിവ് സാക്ഷ്യപ്പെടുത്തി. കേരളമടക്കം അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പോകുന്പോഴും മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങളില്ല.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഒന്‍പതാം ബജറ്റിൽ കേരളത്തിനു പൊതുവെ നിരാശയാണ്. കേരളം ചോദിച്ചതുമില്ല, മോഹിച്ചതുമില്ല എന്ന നില. തെരഞ്ഞെടുപ്പ് നടക്കാനുള്ള കേരളത്തെയും പശ്ചിമബംഗാളിനെയും കേന്ദ്രം പരിഗണിക്കാതിരുന്നത് ബിജെപിക്കാരെപ്പോലും ഞെട്ടിച്ചു. തെരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ വർഷത്തെ കേന്ദ്രബജറ്റിൽ ബിഹാറിനു വാരിക്കോരി കൊടുത്തത് ജനം മറക്കാനിടയില്ല.
ഇല്ല എയിംസ്, വേഗ റെയിൽ
തമിഴ്നാട്ടിലും കർണാടകയിലും തെലുങ്കാനയിലുമടക്കം എഴ് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചിട്ടും കേരളത്തിനു നൽകിയില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി വാഗ്ദാനം ചെയ്തതും വർഷങ്ങളായി കേരളം ആവശ്യപ്പെടുന്നതുമായ എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങളും കേരളത്തിനുണ്ടായില്ല. വിഴിഞ്ഞം തുറമുഖ വികസനത്തിനും ഒന്നുമില്ല.
ധാതു ഖനനത്തിനുള്ള ധാതു ഇടനാഴിയിലാണ് തമിഴ്നാടിനൊപ്പം കേരളത്തെയും ഉൾപ്പെടുത്തിയത്. കേരളത്തിലെയും തമിഴ്നാട്ടിലെയും തീരദേശ മണ്ണ് കുഴിച്ചെടുത്ത് സ്വകാര്യമേഖലയ്ക്കു കൊള്ളലാഭം കൊയ്യാനുള്ള വഴിയൊരുക്കുകയാണെന്ന ആരോപണം ഉയർന്നേക്കാം. കേരളതീരത്തെ ധാതുമണൽ ഖനനത്തിന്റെ വരുമാനവും തൊഴിലവസരങ്ങളും സംസ്ഥാനത്തിനു കിട്ടുമോയെന്നതാണു ചോദ്യം. കേരളത്തെ കുഴി തോണ്ടാതിരിക്കട്ടെ.
റബർ അടക്കം പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ കാർഷികമേഖലയെ രക്ഷിക്കാൻ ഒന്നുമില്ല. നാളികേരത്തിനും കൊക്കോയ്ക്കും കശുവണ്ടിക്കും പ്രഖ്യാപിച്ച പ്രത്യേക പദ്ധതികൾ കേരളത്തേക്കാളേറെ തമിഴ്നാടിനും കർണാടകയ്ക്കുമാകും നേട്ടമുണ്ടാക്കുക. കശുവണ്ടിയെയും തേങ്ങയെയും ആഗോളനിലവാരത്തിലേക്ക് ഉയർത്താൻ സഹായവും ചന്ദനമരങ്ങളുടെ കൃഷിക്കും സംസ്കരണത്തിനും പ്രോത്സാഹനവുമാണു മറ്റൊന്ന്. രാജ്യത്താകെ കർഷകർക്കായി ഭാരത് വിസ്താർ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന്റെ ഗുണഫലങ്ങൾ എന്തെന്നു വ്യക്തമല്ല.
ഉറപ്പില്ല, ആയുർവേദ എയിംസ്
ആയുർവേദത്തിന്റെ ഈറ്റില്ലം കേരളമാണെങ്കിലും ആയുർവേദത്തിനായി എയിംസ് പോലെ മൂന്നു ദേശീയ ഗവേഷണസ്ഥാപനങ്ങൾ തുടങ്ങുമെന്നു പറഞ്ഞപ്പോഴും കേരളത്തിനു നൽകുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയെ അധികാരത്തിലെത്തിച്ച തിരുവനന്തപുരം നഗരത്തിനും പദ്ധതികളോ കേന്ദ്രസ്ഥാപനങ്ങളോ ഇല്ല.
കടലാമകളുടെ നിരീക്ഷണപദ്ധതിയാണു കേരളത്തെ ഉൾപ്പെടുത്തിയ മറ്റൊന്ന്. ഒഡീഷ, കർണാടക, കേരളം എന്നിവയുടെ തീരദേശത്താണ് കടലാമകളുടെ പ്രജനനകേന്ദ്രങ്ങൾ സംരക്ഷിക്കുന്ന "ടർട്ടിൽ ട്രെയിൽസ്’ നടപ്പാക്കുക. തീരദേശ ടൂറിസം പദ്ധതിയിൽ കേരളം ഉൾപ്പെട്ടിട്ടുണ്ട്. ട്രക്കിംഗ് പ്രോത്സാഹനവും ടൂറിസ്റ്റ് ഗൈഡുകൾക്കുള്ള പരിശീലനവും കേരളത്തിനും ഗുണകരമാകും.
പ്രതിരോധത്തിന് റിക്കാർഡ്
പ്രതിരോധ ബജറ്റ് വിഹിതം ഒരു ലക്ഷം കോടിയിലേറെ രൂപ കൂട്ടി മൊത്തം 7.85 ലക്ഷം കോടിയായി ഉയർത്തി റിക്കാർഡിട്ടതാണ് നിർമല സീതാരാമന്റെ ബജറ്റിലെ ശ്രദ്ധേയമായ നടപടി. കഴിഞ്ഞവർഷം 6,81,210 കോടിയായിരുന്നു മൊത്തം വിഹിതം. പുൽവാമ, ഡൽഹി ചെങ്കോട്ട ഭീകരാക്രമണങ്ങളും ഓപ്പറേഷൻ സിന്ദൂറും പാക്കിസ്ഥാനും ബംഗ്ലാദേശും ചൈനയും അമേരിക്കയും യുക്രെയ്ൻ, പശ്ചിമേഷ്യ യുദ്ധങ്ങളും മറ്റും ഉയർത്തുന്ന ആഗോള അസ്വസ്ഥതകളുടെ പശ്ചാത്തലത്തിലാണിത്. പ്രതിരോധ ബജറ്റിലെ 2.19 ലക്ഷം കോടി ആധുനികവത്കരണത്തിനാണ്.
മൂലധന ആസ്തികൾ കൂടും
രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനത്തിനായി 12.22 ട്രില്യണ്‍ രൂപ പൊതുമൂലധന ചെലവിലേക്കു നീക്കിവയ്ക്കുന്നുവെന്നത് സ്വാഗതാർഹമാണ്. മുൻവർഷത്തെ പുതുക്കിയ എസ്റ്റിമേറ്റിനേക്കാൾ 11.5 ശതമാനം വർധനയുണ്ട്. ദീർഘകാല ആസ്തി അടിത്തറ മെച്ചപ്പെടുത്തുന്നതിന് ബജറ്റിൽ കാര്യമായ ശ്രമമുണ്ട്. സംസ്ഥാനങ്ങൾക്കുള്ള ഗ്രാന്റുകൾ ഉൾപ്പെടെ മൂലധന ആസ്തികൾ സൃഷ്ടിക്കുന്നതിന് 17.15 ട്രില്യണ്‍ രൂപയാണു ബജറ്റിൽ പ്രതീക്ഷിക്കുന്നത്. ജിഡിപിയുടെ 4.4 ശതമാനമാണിത്. മുൻ വർഷം ഇത് 3.9 ശതമാനമായിരുന്നു. ഉപഭോഗ സബ്സിഡികളേക്കാൾ സർക്കാരിന്റെ മുൻഗണന മൂലധന ചെലവിനാണ്.
ആരോഗ്യം, വിദ്യാഭ്യാസം പോരാ
എന്നാൽ, മന്ത്രി നിർമലയുടെ ഒന്‍പതാം ബജറ്റിൽ ഗ്രാമവികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുടെയും സാമൂഹ്യമേഖലയുടെയും ചെലവുകളിൽ ഗണ്യമായ വർധനയില്ല. തൊഴിലുറപ്പ് പദ്ധതിയടക്കം ചില മേഖലകളിൽ ബജറ്റ് വിഹിതം കുറഞ്ഞിട്ടുമുണ്ട്. ഗ്രാമവികസന വിഹിതം 2.6 ലക്ഷം കോടിയിൽനിന്ന് 2.73 ലക്ഷം കോടി രൂപയായി നേരിയ വർധനയേയുള്ളൂ.
ആരോഗ്യമന്ത്രാലയത്തിന്റെ വിഹിതം 98,311 കോടിയിൽനിന്ന് അടുത്ത സാന്പത്തികവർഷത്തിൽ 1.04 ലക്ഷം കോടി രൂപ മാത്രമായാണു ഉയർന്നത്. മിക്ക സംസ്ഥാനങ്ങൾക്കും നൽകിയതും കേരളത്തിന് അർഹതപ്പെട്ടതുമായ എയിംസ് ഇനിയും നൽകാത്തതിനു ന്യായമില്ല.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിഹിതത്തിലും നേരിയ വർധന മാത്രം. 2025-26ലെ 1.28 ലക്ഷം കോടിയിൽനിന്ന് 2026-27 സാന്പത്തികവർഷത്തിൽ 1.39 ലക്ഷം കോടി രൂപയായി. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം കൂട്ടാൻ വൻതോതിലുള്ള നിക്ഷേപത്തിനു കേന്ദ്രം തയാറാകേണ്ട കാലം അതിക്രമിച്ചു.
ഉറപ്പില്ലാതെ തൊഴിലുറപ്പ്
ഗ്രാമീണ തൊഴിൽ സൃഷ്ടിക്കുന്നതിനായുള്ള പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്ക്കും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിക്കും (എംജിഎൻആർഇജിഎ) മോദി സർക്കാരിന്റെ മുൻവർഷങ്ങളിൽ വലിയതോതിൽ വിഹിതം വകയിരുത്തിയിരുന്നു. മഹാത്മാഗാന്ധിയുടെ പേര് മാറ്റി കൊണ്ടുവന്ന വിബി- ജി റാം ജിയെക്കുറിച്ച് ബജറ്റ് പ്രസംഗത്തിൽ പരാമർശമുണ്ടായില്ല.
പഴയ തൊഴിലുറപ്പ് പദ്ധതിക്കായി 30,000 കോടിയും വിബി- ജി റാം ജി പദ്ധതിക്ക് 95,692.31 കോടിയുമാണ് ബജറ്റിൽ വകയിരുത്തിയത്. ദേശീയ തൊഴിലുറപ്പിനായി മുൻവർഷം 88,000 കോടി നീക്കിവച്ചിരുന്നു. വിബി- ജി റാം ജി എന്നതു പണത്തെക്കുറിച്ചല്ലെന്നും സർക്കാർ പറഞ്ഞതനുസരിച്ചുള്ള ഫണ്ട് വകയിരുത്തിയെന്നുമാണ് ഇതേക്കുറിച്ചു മന്ത്രി നിർമല പിന്നീടു പറഞ്ഞത്.
പുതിയ വൻ പദ്ധതികളില്ല
രാജ്യത്തെ 15 കോടിയിലധികം കുടുംബങ്ങൾക്ക് ഈ വർഷത്തോടെ പൈപ്പുവെള്ളം ലഭ്യമാക്കാനുള്ള ജൽ ജീവൻ മിഷൻ, എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തിനുള്ള പ്രധാനമന്ത്രി ആവാസ് യോജന പോലെയുള്ള പുതിയ വൻ പദ്ധതികളൊന്നും ഇത്തവണത്തെ ബജറ്റിലില്ല.
കഴിഞ്ഞവർഷം 67,000 കോടിയുണ്ടായിരുന്ന ജൽ ജീവൻ മിഷന് അടുത്ത സാന്പത്തികവർഷത്തേക്ക് 67,670 കോടിയാണു വികയിരുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി ഗ്രാമീണ ആവാസ് യോജനയ്ക്കായി 54,917 കോടിയുണ്ട്. കഴിഞ്ഞവർഷം ഇത് 32,500 കോടി രൂപയായിരുന്നു. ദീൻദയാൽ അന്ത്യോദയ യോജനയ്ക്കായി 19,200 കോടിയും പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിക്ക് 19,000 കോടിയും വകയിരുത്തിയിട്ടുണ്ട്.
നിർമിതബുദ്ധി കുതിക്കും
നിർമിതബുദ്ധിയും (എഐ) സെമികണ്ടക്ടറുകളും അടക്കമുള്ള പുതിയ സാങ്കേതികവിദ്യകൾക്കു നൽകിയ പ്രാധാന്യം നിർമലയുടെ ബജറ്റിന്റെ സവിശേഷതയാണ്. മൊത്തം 11 തവണയാണ് എഐയെക്കുറിച്ച് ബജറ്റ് പ്രസംഗത്തിലുള്ളത്. എഐ മിഷനും നാഷണൽ ക്വാണ്ടം മിഷനും ഭാവിയുടെ വൻ പദ്ധതികളാണ്.
മെച്ചപ്പെട്ട പൊതുസേവന വിതരണത്തിനായി നിർമിതബുദ്ധിയെ ഉപയോഗപ്പെടുത്തുന്നുവെന്നതാണു മെച്ചം. മനുഷ്യപ്രയത്നങ്ങൾക്കു പകരമാകാൻ നിർമിതബുദ്ധിക്കു കഴിയില്ലെങ്കിലും എഐയുടെ സാധ്യതകളെ യുവതലമുറയ്ക്ക് ഉപയോഗപ്പെടുത്താനുള്ള ഏതൊരു ശ്രമവും സ്വാഗതാർഹമാണ്.
ത്രിമുഖ കർത്തവ്യ പഥ്
2047ഓടെ വികസിത ഭാരതത്തിനായുള്ള മൂന്നു കർത്തവ്യങ്ങൾ നിറവേറ്റുന്നതിനുള്ള ബജറ്റെന്നാണു ധനമന്ത്രി നിർമല വിശദീകരിച്ചത്. നിർമലയുടെ "ത്രിമുഖ കർത്തവ്യ ചട്ടക്കൂടി’ൽ ആദ്യത്തേതു സാന്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനാണ്. അസ്ഥിരമായ ആഗോള ചലനാത്മകതയെയും ബാഹ്യ ആഘാതങ്ങളെയും നേരിടാനുള്ള പ്രതിരോധശേഷി വളർത്തും. ഉത്പാദനക്ഷമത, കാര്യക്ഷമത, മത്സരശേഷി എന്നിവ വർധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
നൈപുണ്യ വികസനം, തൊഴിൽ, മനുഷ്യ മൂലധന വികസനം എന്നിവയിലൂടെ രാജ്യപുരോഗതിയിൽ പൗരന്മാരെ സജീവ പങ്കാളികളാക്കുകയാണു രണ്ടാമത്തെ കർത്തവ്യം. രാജ്യത്തിന്റെ വിഭവങ്ങൾ, സൗകര്യങ്ങൾ എന്നിവ ഓരോ കുടുംബത്തിനും സമൂഹത്തിനും പ്രദേശത്തിനും മേഖലയ്ക്കും തുല്യമായി ലഭ്യമാക്കുകയാണ് മൂന്നാമത്തെ കർത്തവ്യം.
Kerala
തിരുവനന്തപുരം: 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന വാദം ആവർത്തിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. തിരുവനന്തപുരത്ത് നടന്ന സാഹിത്യോത്സവത്തിലാണ് സുരേന്ദ്രൻ അവകാശവാദം ഉന്നയിച്ചത്. നാലു സീറ്റ് കൊണ്ട് ഞങ്ങൾ മറ്റത്തൂർ ഭരിക്കുന്നില്ലേ.
അതു പോലെ കേരളവും ഭരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും സുരേന്ദ്രൻ സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ഒരു സീറ്റിൽപോലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കുന്നതിനു സമാനമായിരുന്നു മറ്റത്തൂരിലെ ബിജെപിയുടെ ഓപ്പറേഷൻ താമര നീക്കം. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജയിച്ച എട്ട് കോണ്‍ഗ്രസ് അംഗങ്ങളും ഒന്നിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.
നാലു ബിജെപി അംഗങ്ങള്‍ക്കൊപ്പം രാജിവെച്ച കോണ്‍ഗ്രസുകാരും വോട്ടു ചെയ്തതോടെ കോണ്‍ഗ്രസ് വിമത ടെസി ജോസ് കല്ലറക്കല്‍ മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റായി. തുടർന്ന് പാർട്ടിയുമായി നടത്തിയ അനുനയ ചർച്ചയെ തുടർന്ന് കൂറുമാറിയ എല്ലാവരും തിരിച്ചെത്തിയിരുന്നു.
Sports
ദിസ്പുർ: സന്തോഷ് ട്രോഫി ഫുട്ബോളിൽ സർവീസസിനെതിരെ കേരളം പൊരുതിത്തോറ്റു. ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽവി വഴങ്ങിയത്. ടൂർണമെന്റിൽ കേരളം ഏറ്റുവാങ്ങുന്ന ആദ്യ തോൽവിയാണിത്.
ഇതോടെ സർവീസസ് ക്വാർട്ടർ ഉറപ്പിച്ചു. 18-ാം മിനിറ്റിൽ അഭിഷേക് പവാറാണ് സർവീസസിനായി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ മധ്യനിര താരം മുഹമ്മദ് അഷർ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് കേരളത്തിന് തിരിച്ചടിയായി.
പത്തുപേരായി ചുരുങ്ങിയെങ്കിലും അവസാന നിമിഷം വരെ പൊരുതിയ കേരളത്തിന് സമനില ഗോൾ കണ്ടെത്താനായില്ല. നേരത്തെ തന്നെ കേരളം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരുന്നു. മൂന്നിന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ അസമാണ് കേരളത്തിന്റെ എതിരാളികൾ.
National
ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. മല എലിയെ പ്രസവിച്ചു എന്ന് പറയുന്നത് പോലെയാണ് ബജറ്റെന്നും കേരളത്തെ പൂർണമായും അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിന്റേത് പൊള്ളയായ ന്യായീകരണമാണ്. തിരുത്തലുകൾ നടത്താൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെല്ലാം പദ്ധതികൾ നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിലാണോ ബജറ്റിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചതെന്നും കെ.സി ചോദിച്ചു.
കേരളം പദ്ധതികൾ നടപ്പിലാക്കിയില്ലെങ്കിൽ അക്കാര്യം ചൂണ്ടിക്കാണിക്കുകയാണ് വേണ്ടത്. അല്ലാതെ ബജറ്റിൽ അവഗണിക്കുകയല്ല വേണ്ടത്. കേരളത്തെ ഉൾപ്പെടുത്തി പ്രഖ്യാപിച്ച ധാതുഖനന ഇടനാഴിയുമായി ബന്ധപ്പെട്ട പദ്ധതിയിൽ വ്യക്തത വേണമെന്നും പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ ഗൂഢോദ്ദേശ്യമുണ്ടോ എന്നത് വ്യക്തമാകുവെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
Sports
പനാജി: രഞ്ജി ട്രോഫിയിൽ ഗോവയ്ക്കെതിരായ മത്സരത്തിൽ കേരളത്തിന് ജയം. ഒമ്പത് വിക്കറ്റിനാണ് കേരളം വിജയിച്ചത്. ഗോവ ഉയർത്തിയ 29 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ കേരളം മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 19 റൺസെടുത്ത അഭിഷേക് നായരും ഒമ്പത് റൺസെടുത്ത സൽമാൻ നിസാറും പുറത്താകാതെ നിന്നു.
നേരത്തെ ഗോവയുടെ രണ്ടാം ഇന്നിംഗ്സ് 199 റൺസിൽ അവസാനിച്ചിരുന്നു. ഒന്നാം ഇന്നിംഗ്സിൽ ഗോവ 355 റൺസാണെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം ഒന്നാം ഇന്നിംഗ്സിൽ 526 റൺസാണ് പടുത്തുയർത്തിയത്. 171 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരളത്തിന് ലഭിച്ചത്.
വിക്കറ്റ് നഷ്ടമില്ലാതെ 18 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഗോവയ്ക്ക് 181 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. 55 റൺസെടുത്ത ദർശൻ മിശലിനും 32 റൺസെടുത്ത അമൂല്യ പാണ്ഡ്റെക്കറിനും മാത്രമാണ് ഗോവയ്ക്ക് വേണ്ടി തിളങ്ങാനായത്.
കേരളത്തിന് വേണ്ടി എം.ഡി. നിതീഷ് അഞ്ച് വിക്കറ്റ് വീഴ്ത്തി. അങ്കിത് ശർമ മൂന്ന് വിക്കറ്റും എൻ.പി. ബേസിലും അഹമ്മദ് ഇംമ്രാനും ഓരോ വിക്കറ്റ് വീതമെടുത്തു.
ഒന്നാം ഇന്നിംഗ്സിൽ രോഹൻ കുന്നുമ്മലിന്റെയും ക്യാപ്റ്റൻ വിഷ്ണു വിനോദിന്റെയും സെഞ്ചുറികളുടെയും സൽമാൻ നിസാറിന്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് കേരളം കൂറ്റൻ സ്കോർ എടുത്തത്. 153 റൺസെടുത്ത രോഹനാണ് കേരളത്തിന്റെ ടോപ്സ്കോറർ. 14 ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്.
വിഷ്ണു വിനോദ് 113 റൺസാണ് സ്കോർ ചെയ്തത്. സൽമാൻ നിസാർ 52 റൺസെടുത്തു. 37 റൺസെടുത്ത സച്ചിൻ ബേബിയും 36 റൺസെടുത്ത അങ്കിത് ശർമയും 32 റൺസെടുത്ത അഭിഷേക് നായരും തിളങ്ങി.
ഗോവയ്ക്ക് വേണ്ടി ലളിത് യാദവും അമൂല്യ പാണ്ഡ്റേക്കറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അർജുൻ തെണ്ടുൽക്കർ രണ്ട് വിക്കറ്റെടുത്തു. ഒന്നാം ഇന്നിംഗ്സിൽ 355 റൺസാണ് ഗോവ എടുത്തത്.
Sports
പനാജി: രഞ്ജി ട്രോഫിയിൽ ഗോവയ്ക്കെതിരായ മത്സരത്തിൽ കേരളത്തിന് 29 റൺസ് വിജയലക്ഷ്യം. ഗോവയുടെ രണ്ടാം ഇന്നിംഗ്സ് 199 റൺസിൽ അവസാനിച്ചതോടെയാണിത്. നിലവിൽ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ 19 റൺസെടുത്തിട്ടുണ്ട്. 10 റൺസുമായി അഭിഷേക് നായരും എട്ട് റൺസുമായി സൽമാൻ നിസാറുമാണ് ക്രീസിലുള്ളത്.
ആദ്യ ഇന്നിംഗ്സിൽ ഗോവ 355 റൺസാണെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം ആദ്യ ഇന്നിംഗ്സിൽ 526 റൺസാണ് പടുത്തുയർത്തിയത്. 171 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരളത്തിന് ലഭിച്ചത്.
വിക്കറ്റ് നഷ്ടമില്ലാതെ 18 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഗോവയ്ക്ക് 181 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. 55 റൺസെടുത്ത ദർശൻ മിശലിനും 32 റൺസെടുത്ത അമൂല്യ പാണ്ഡ്റെക്കറിനും മാത്രമാണ് ഗോവയ്ക്ക് വേണ്ടി തിളങ്ങാനായത്.
കേരളത്തിന് വേണ്ടി എം.ഡി. നിതീഷ് അഞ്ച് വിക്കറ്റ് വീഴ്ത്തി. അങ്കിത് ശർമ മൂന്ന് വിക്കറ്റും എൻ.പി. ബേസിലും അഹമ്മദ് ഇംമ്രാനും ഓരോ വിക്കറ്റ് വീതമെടുത്തു.
Kerala
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി ഷാഫി പറമ്പിൽ എംപി. ധനമന്ത്രിക്ക് പോലും ബോറടിച്ച ബജറ്റാണ് അവതരിപ്പിച്ചതെന്ന് ഷാഫി വിമര്‍ശിച്ചു. നല്ല മുദ്രാവാക്യങ്ങൾ പോലും സാമ്പത്തിക ഉത്തേജനത്തിന് ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
"കേരളത്തോട് കടുത്ത അവഗണനയാണ് കാട്ടിയിരിക്കുന്നത്. ആമയുടെ വേഗത്തിൽ മാത്രം മതി കേരളത്തിന്റെ വികസനം എന്നതാണ് കേന്ദ്ര രീതി. എയിംസും അതിവേഗ റെയിലും അടക്കമുള്ള പദ്ധതികൾ ഒന്നും കേരളത്തിന് അനുവദിച്ചില്ല.'-ഷാഫി വിമർശിച്ചു.
ബജറ്റിനെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തി. കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്.
പൊള്ളയായ വാഗ്ദാനങ്ങളാണ് ബജറ്റിലുള്ളത്. യുവശക്തി ബജറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ തൊഴിൽ ഇല്ലായ്മ പരിഹരിക്കാൻ പദ്ധതികൾ ഇല്ല. അംബാനി, അദാനി കോർപറേറ്റ് ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചത്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ അവഗണിച്ചു. പാലം കടക്കുമ്പോൾ നാരായണ പിന്നെ കൂരായണ എന്ന രീതിയിലാണ് ബിജെപി സർക്കാർ പെരുമാറുന്നതെന്നും കുത്തകളുടെ കൊള്ളക്ക് കുടപിടിക്കുന്ന ബജറ്റാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: പരിസ്ഥിതി സംരക്ഷണവും ഉത്തരവാദിത്ത വിനോദസഞ്ചാരവും മുൻനിർത്തി ഒഡീഷ, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെ തീരദേശങ്ങളിൽ ടർട്ടിൽ ട്രയൽസ്' പദ്ധതി നടപ്പിലാക്കും. കടലാമകൾ പ്രധാനമായും മുട്ടയിടാൻ എത്തുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഈ സംരക്ഷണ പാതകൾ ഒരുക്കുന്നത്.
വംശനാശഭീഷണി നേരിടുന്ന കടലാമകളുടെ പ്രജനന കേന്ദ്രങ്ങൾ ശാസ്ത്രീയമായി സംരക്ഷിക്കുകയും അവയ്ക്ക് സുരക്ഷിതമായ ആവാസവ്യവസ്ഥ ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ വിനോദസഞ്ചാരികൾക്ക് കടലാമകളുടെ സംരക്ഷണ പ്രക്രിയകൾ കാണാനും പഠിക്കാനും സൗകര്യമൊരുക്കും.
കേരളം, കർണാടക, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത തീരപ്രദേശങ്ങളിൽ ഇതിനായി പ്രത്യേക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും.
National
ന്യൂഡൽഹി: കേന്ദ്രമന്ത്രി ഇന്ന് അവതരിപ്പിച്ച കേന്ദ്രബജറ്റിൽ സ്പോർട്സ് ഉപകരണങ്ങൾ നിർമിക്കുന്ന പദ്ധതികൾ പ്രോത്സാഹിക്കുമെന്നു പ്രഖ്യാപനം. കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. സ്പോർട്സ് ഉപകരണ നിർമാണത്തിന്റെ ആഗോള ഹബ് ആക്കി രാജ്യത്തെ മാറ്റുകയാണ് ലക്ഷ്യം. സ്പോർട്സ് ഉപകരണ നിർമാണം, ഗവേഷണം, ഡിസൈനിംഗ് എന്നീ മേഖലകളെ പ്രോത്സാഹിപ്പിക്കും.
National
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ ഹൈ സ്പീഡ് റെയിൽ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് ഇല്ല. അതേസമയം, തമിഴ്നാടിനും ആന്ധ്രയ്ക്കും കർണാടകയ്ക്കും പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഏഴു ഹൈസ്പീഡ് റെയിൽ പദ്ധതികൾ പ്രഖ്യാപിച്ചത്.
പുതുതായി പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ ഇടനാഴികള്‍
മുംബൈ - പൂന
പൂന - ഹൈദരാബാദ്
ഹൈദരാബാദ് - ബംഗളൂരു
ഹൈദരാബാദ് - ചെന്നൈ
ചെന്നൈ - ബംഗളൂരു
ഡൽഹി- വാരാണസി
വാരാണസി - സിലിഗുരി
കൂടുതൽ പ്രഖ്യാപനങ്ങൾ:
*വിനോദസഞ്ചാര മേഖലയ്ക്കായി സീ പ്ലെയിൻ,
*സീ പ്ലെയിൻ പദ്ധതിക്ക് ഇൻസെന്റീവ്.
*പതിനായിരം ടൂറിസ്റ്റ് ഗൈഡുമാർക്ക് IIM പരിശീലനം
12 ആഴ്ച ഹൈബ്രിഡ് പരിശീലനം നടപ്പാക്കും
*കണ്ടയ്നർ നിർമാണ മേഖലയ്ക്ക് 10,000 കോടി
*ഖാദി, ഹാൻഡ്ലൂം മേഖലയ്ക്ക് പദ്ധതി
*ബയോഫാർമ മേഖലയ്ക്ക് 10,000 കോടി
*രണ്ടാം നിര, മൂന്നാം നിര നഗരവികസനത്തിന് 5000 കോടി
*ബയോഫാർമ ഉത്പാദനമേഖലയാക്കും
*മരുന്നുകൾ കുറഞ്ഞവിലയിൽ ലഭ്യമാക്കും
*അടിസ്ഥാന സൗകര്യവികസനത്തിന് 12.2 ലക്ഷം കോടി
District News
ചമ്പക്കുളം: കേരള കോൺഗ്രസ് (എം) നേതാവ്, കെഎം മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു. കിടങ്ങറ റിഹാബിലിറ്റേഷൻ സെന്ററായ സ്നേഹതീരത്ത് നടന്ന അനുസ്മരണ സമ്മേളനം ഡയറക്ടർ ഫാ. ലിജോ കുഴിപ്പള്ളിയിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജോണി പത്രോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോസഫ് കെ. നെല്ലുവേലി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറിമാരായ ഷിബു ലൂക്കോസ്, കെ പി കുഞ്ഞുമോൻ, ജോണിച്ചൻ മണലിൽ, ജേക്കബ് മാത്യു മുട്ടാർ,ജോസ് മാമൂടൻ, വെളിയനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലജ റെനി, ജിമ്മിച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.
Sports
സിലാപത്തര്‍ (ആസാം): 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന കേരളത്തിന്റെ മത്സരം ഇന്നത്തേക്കു മാറ്റിവച്ചു. സര്‍വീസസ് ആണ് കേരളത്തിന്റെ എതിരാളികള്‍. ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ഘട്ടം ഇന്നലെ സമാപിക്കേണ്ടതായിരുന്നു.
കേരള ടീം ഹോട്ടലില്‍നിന്ന് മൈതാനത്തേക്ക് എത്താനായുള്ള അവസാനവട്ട തയാറെടുപ്പിനിടെയാണ് മത്സരം മാറ്റിവച്ചതായുള്ള അറിയിപ്പ് എത്തിയത്. മസിംഗ് ഗോത്രത്തിന്റെ ഗ്രാമത്തില്‍ യുവജനോത്സവം നടക്കുന്ന പശ്ചാത്തലത്തില്‍ ഗുതാഗതക്കുരുക്ക് ഉണ്ടായതാണ് മത്സരം മാറ്റിവയ്ക്കാനുള്ള കാരണം.
നാലു മത്സരങ്ങളില്‍നിന്ന് 10 പോയിന്റുള്ള കേരളം ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചതാണ്. ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് എയിലെ നാലാം സ്ഥാനക്കാരായ ആസാം ആണ് കേരളത്തിന്റെ എതിരാളികള്‍.
റെയില്‍വേസ്, പഞ്ചാബ് ക്വാര്‍ട്ടറില്‍
ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ റെയില്‍വേസ് 2-2ന് മേഘാലയയുമായി സമനിലയില്‍ പിരിഞ്ഞപ്പോള്‍ പഞ്ചാബ് 5-2ന് ഒഡീഷയെ തകര്‍ത്തു. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ഏഴ് പോയിന്റുമായി റെയില്‍വേസും പഞ്ചാബും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
പോയിന്റ് തുല്യമാണെങ്കിലും ഗോള്‍ ശരാശരിയില്‍ മുന്‍തൂക്കമുള്ള റെയില്‍വേസ് രണ്ടാമതാണ്. ഗ്രൂപ്പില്‍നിന്ന് ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്ന നാലാമത് ടീമിനെ കേരളം x സര്‍വീസസ് മത്സരത്തിനു ശേഷമേ വ്യക്തമാകൂ.
കേരളത്തെ ചുരുങ്ങിയത് 1-0നു പരാജയപ്പെടുത്തിയാല്‍ സര്‍വീസസിന് ആറ് പോയിന്റുമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം. അഞ്ച് മത്സരവും പൂര്‍ത്തിയാക്കിയ മേഘാലയ ആറ് പോയിന്റുമായി നിലവില്‍ നാലാമതാണ്. മൂന്നു പോയിന്റുള്ള സര്‍വീസസ് അഞ്ചാമതും.
Kerala
ഇടുക്കി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സിപിഎം വിട്ട് ബിജെപിയിലെത്തിയ എസ്. രാജേന്ദ്രൻ. പാർട്ടി ആവശ്യപ്പെട്ടാലും മത്സരരംഗത്ത് ഇറങ്ങില്ലെന്നും രാജേന്ദ്രൻ വ്യക്തമാക്കി.
"തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ദേവികുളത്ത് നിന്നല്ല എവിടെ നിന്നും ജനവിധി തേടില്ല. ഈക്കാര്യ പാർട്ടിയെ അറിയിച്ചിട്ടുണ്ട്. സാധാരണ പ്രവർത്തകനായി തുടരാനാണ് താൽപര്യം.'- രാജേന്ദ്രൻ പറഞ്ഞു.
മൂന്നാറിൽ സഹകരണ ബാങ്ക് തുടങ്ങിയത് രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയല്ല. സാധരണകാരുടെ നന്മക്ക് വേണ്ടിയാണ്. തോട്ടം തൊഴിലാളികൾക്കായി സൗജന്യമായി വീട് നിർമിക്കുമെന്നും മൂന്നാറിൽ അടുത്ത മാസം വമ്പൻ പ്രഖ്യാപനങ്ങൾ രാജീവ് ചന്ദ്രശേഖർ നടത്തുമെന്നും രാജേന്ദ്രൻ വ്യക്തമാക്കി.
മുന്നൂറോളം പേർ വിവിധ പാർട്ടികളിൽ നിന്ന് ബിജെപിയിൽ അംഗത്വം സ്വീകരിക്കുമെന്നും രാജേന്ദ്രൻ പറഞ്ഞു. ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു രാജേന്ദ്രന് സിപിഎം വിട്ട് ബിജെപിയിൽ എത്തിയത്. കാലങ്ങളായി പ്രവര്‍ത്തിച്ച് വന്നിരുന്ന പ്രസ്ഥാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാഷ്ട്രീയ മാറ്റത്തിന് മുതിര്‍ന്നതെന്ന് രാജേന്ദ്രന് പറഞ്ഞിരുന്നു.
ദീര്‍ഘകാല രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന താന്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി പാർട്ടി പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പൊതുരംഗത്ത് ഉണ്ടായിരുന്നു. ഇക്കാലയളവില്‍ വളരെയധികം മാനസിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നുവെന്നും രാജേന്ദ്രന് പറഞ്ഞിരുന്നു.
Sports
പനാജി: രഞ്ജി ട്രോഫിയിൽ ഗോവയ്ക്കെതിരായ മത്സരത്തിൽ കേരളം മികച്ച നിലയിൽ. മൂന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ ഗോവയെക്കാൾ 153 റൺസിന് മുന്നിലാണ് കേരളം.
രണ്ടിന് 237 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിംഗ് ആരംഭിച്ച കേരളം ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 526 എന്ന നിലയിൽ ആദ്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 171 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരളത്തിന് ലഭിച്ചത്. ആദ്യ ഇന്നിംഗ്സിൽ 355 റൺസാണ് ഗോവ എടുത്തത്.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഗോവ വിക്കറ്റ് നഷ്ടമില്ലാതെ 18 റൺസാണ് എടുത്തിട്ടുള്ളത്. 14 റൺസുമായി സുയാഷ് പ്രഭുദേശായിയും നാല് റൺസുമായി കശ്യപ് ബക്കാലെയും ആണ് ക്രീസിലുള്ളത്.
രോഹൻ കുന്നുമ്മലിന്റെയും ക്യാപ്റ്റൻ വിഷ്ണു വിനോദിന്റെയും സെഞ്ചുറികളുടെയും സൽമാൻ നിസാറിന്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് കേരളം കൂറ്റൻ സ്കോർ എടുത്തത്. 153 റൺസെടുത്ത രോഹനാണ് കേരളത്തിന്റെ ടോപ്സ്കോറർ. 14 ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്.
വിഷ്ണു വിനോദ് 113 റൺസാണ് സ്കോർ ചെയ്തത്. സൽമാൻ നിസാർ 52 റൺസെടുത്തു. 37 റൺസെടുത്ത സച്ചിൻ ബേബിയും 36 റൺസെടുത്ത അങ്കിത് ശർമയും 32 റൺസെടുത്ത അഭിഷേക് നായരും തിളങ്ങി.
ഗോവയ്ക്ക് വേണ്ടി ലളിത് യാദവും അമൂല്യ പാണ്ഡ്റേക്കറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അർജുൻ തെണ്ടുൽക്കർ രണ്ട് വിക്കറ്റെടുത്തു.
Kerala
കോഴിക്കോട്: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മൂഡില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. എല്ലാ കാര്യങ്ങളും പാർട്ടിയായിരിക്കും തീരുമാനിക്കുകയെന്നും മുരളീധരൻ വ്യക്തമാക്കി.
'എല്ലാ തവണയും മത്സരിക്കുന്നതിൽ അല്ല കാര്യം. തിരുവനന്തപുരം അടക്കം ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഇത്തവണ കേന്ദ്രീകരിച്ചു പ്രവർത്തിക്കാമല്ലോ.'-മുരളീധരൻ പറഞ്ഞു.
മുരളീധരൻ മത്സരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ പോസ്റ്ററ്റുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലായിടത്തുനിന്നും വിളികൾ വരുന്നുണ്ടെന്നു പറഞ്ഞ മുരളീധരൻ ഇത് സ്നേഹം കൊണ്ടാണോ നശിപ്പിക്കാനാണോ എന്നറിയില്ലെന്നും പറഞ്ഞു.
വട്ടിയൂർക്കാവ്, ഗുരുവായൂർ, തൃശൂർ, പാലക്കാട്, തിരുവമ്പാടി, കായംകുളം തുടങ്ങിയ ഇടങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മണ്ഡലം തിരിച്ചു പിടിക്കാൻ മതേതരത്വത്തിന്റെ കാവലാൾ എന്നാണ് തിരുവമ്പാടിയിലെ പോസ്റ്റർ. ലീഗിൽ നിന്നും സീറ്റ് ഏറ്റെടുത്ത് കോൺഗ്രസ് മത്സരിക്കണം എന്ന ആവശ്യം ഉയരുന്നതിനിടെയാണ് മുരളിക്ക് വേണ്ടിയുള്ള പോസ്റ്ററുകൾ പലയിടത്തും വരുന്നത്.
തെക്കൻ കേരളത്തിൽ ലീഗ് നോട്ടമിട്ട സീറ്റുകളിൽ ഒന്നാണ് കായംകുളം. സീറ്റ് മാറ്റത്തിൽ ഉഭയകക്ഷി ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇവിടെയും മുരളിക്ക് വേണ്ടി പോസ്റ്ററുകൾ ഉയർന്നത്. തിരുവമ്പാടിയിൽ ഉടമസ്ഥർ ഇല്ലാതെയാണ് പോസ്റ്ററെങ്കിൽ കായംകുളത്ത് കോൺഗ്രസ് കൂട്ടായ്മയുടെ പേരിലാണ് പോസ്റ്റർ.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം എൻഡിഎയും യുഡിഎഫും തമ്മിലായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് ആരും കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ബജറ്റിനെയും രാജീവ് ചന്ദ്രശേഖർ രൂക്ഷമായി വിമർശിച്ചു. എൽഡിഎഫ് സർക്കാർ കേരളത്തെ സാമ്പത്തികമായി ദുർബലമാക്കിയെന്നും ബജറ്റിൽ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'കഴിഞ്ഞ പത്തു വർഷം കേരളം ഭരിച്ച എൽഡിഎഫ് സംസ്ഥാനത്തെ സാമ്പത്തികമായി ദുർബലമാക്കി. ബജറ്റിൽ തൊഴിലില്ലായ്മ, വിലക്കയറ്റം, ജീവനക്കാർക്ക് ശമ്പളം, പെൻഷൻ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി ഒന്നും പറയുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കോൺഗ്രസ് തകർത്തതു പോലെ കേരളത്തെ സിപിഎം തകർത്തു.'-രാജീവ് വിമർശിച്ചു.
സംസ്ഥാനത്തിന്റെ കടം അഞ്ച് ലക്ഷം കോടിയായി. ഇത് എങ്ങനെ വീട്ടും? യുപിഎ സർക്കാർ കാലത്തെക്കാൾ 460 ശതമാനം കേന്ദ്ര ഗ്രാൻഡ് എൻഡിഎ കാലത്ത് കൂടി. നികുതി വിഹിതം 224 ശതമാനം വർധിച്ചു. ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്ന വാഗ്ദാനം എൽഡിഎഫ് സർക്കാർ പാലിച്ചില്ല.
റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന വാഗ്ദാനവും പാലിച്ചില്ല. കുട്ടികൾക്ക് ലൈഫ് ഇൻഷുറൻസിന് പകരം സ്കൂൾ നന്നാക്കാത്തത് എന്തുകൊണ്ടാണ്? 75 ശതമാനം സ്കൂൾ സുരക്ഷിതമല്ലാത്തത് കൊണ്ടാണോ ഇൻഷുറൻസ്? ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: മൂന്നു വർഷം കഴിയുമ്പോൾ കേരളത്തിന്റെ കടബാധ്യത 6,80,215.33 കോടി രൂപയായി ഉയരും.
സംസ്ഥാന ബജറ്റിനൊപ്പം പ്രസിദ്ധീകരിച്ച മധ്യകാല ധനകാര്യ നയരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നടപ്പു സാമ്പത്തികവർഷം അവസാനിക്കുമ്പോൾ പൊതുകടം 4.88 ലക്ഷം കോടി രൂപയായിരിക്കും. 2028-29 സാമ്പത്തിക വർഷം വരെയുള്ള സാമ്പത്തികനില പ്രതിപാദിക്കുന്ന സാമ്പത്തിക രേഖയാണ് നിയമസഭയിൽ അവതരിപ്പിച്ചത്.
കടബാധ്യത വർധിക്കുമെങ്കിലും മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദന (ജിഎസ്ഡിപി) ത്തിന്റെ അനുപാതം മെച്ചപ്പെടുമെന്നാണു കണക്കുകൾ കാണിക്കുന്നത്. നിലവിൽ കടം ജിഎസ്ഡിപിയുടെ 34.26 ശതമാനമാണ്. മൂന്നു വർഷം കഴിയുമ്പോൾ ഇത് 33.29 ശതമാനമായി കുറയും.
ശമ്പളവും പെൻഷനും പലിശയും ഗണ്യമായി വർധിക്കുമെങ്കിലും മൊത്ത വരുമാനവുമായുള്ള അനുപാതം കണക്കിലെടുത്താൽ ആശങ്കാജനകമായ സ്ഥിതിയില്ല. നടപ്പു സാമ്പത്തികവർഷം ആകെ വരുമാനത്തിന്റെ 76.68 ശതമാനം ഈ മൂന്നിനങ്ങൾക്കായി ചെലവഴിക്കപ്പെടും.
കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 77.62 ശതമാനമായിരുന്നു. അടുത്ത വർഷം ഇത് 71.38 ശതമാനവും 2027-28 ൽ 70.14 ശതമാനവും 2028-29 ൽ 68.03 ശതമാനവുമായിരിക്കും എന്നാണു കണക്കുകൂട്ടിയിട്ടുള്ളത്. പ്രതീക്ഷിക്കുന്ന നിലയിൽ വരുമാനം വർധിച്ചാൽ മാത്രമാകും ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കുക.
ഈ വർഷം ശമ്പളവും പെൻഷനും ചേർന്നാൽ ജിഎസ്ഡിപിയുടെ 5.14 ശതമാനം വരും. അടുത്ത വർഷം അത് 5.91 ശതമാനമായി വർധിക്കുമെങ്കിലും അതിനടുത്ത വർഷം 5.54 ശതമാനമായും 2028-29 ൽ 5.19 ശതമാനമായും കുറയുമെന്നാണു കണക്ക്.
നടപ്പു സാമ്പത്തികവർഷം ശമ്പളത്തിന് 43,889.87 കോടി ചെലവഴിച്ച സ്ഥാനത്ത് 2028-29 ൽ 63,464.48 കോടിയായി ഉയരും. അതുപോലെ പെൻഷൻ ചെലവ് 29,414.60 കോടിയിൽനിന്ന് 42,632.70 കോടിയായും വർധിക്കും. വരാനിരിക്കുന്ന ശമ്പള, പെൻഷൻ പരിഷ്കരണം കൂടി പരിഗണിച്ചുകൊണ്ടാണ് ഈ തുകകൾ കണക്കുകൂട്ടിയിട്ടുള്ളത്.
സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനം അടുത്ത മൂന്നു വർഷം 12 ശതമാനം നിരക്കിൽ വർധിക്കുമെന്നാണ് അനുമാനം. നികുതിയേതര വരുമാനം ഒന്‍പതു ശതമാനം നിരക്കിലും വളരുമെന്നു കണക്കുകൂട്ടുന്നു. കേന്ദ്രത്തിൽനിന്നുള്ള വിഹിതത്തിൽ കാര്യമായ പ്രതീക്ഷ വച്ചുപുലർത്തുന്നുണ്ട്. കേന്ദ്ര നികുതിവിഹിതം 10 ശതമാനം വീതവും ഗ്രാന്റ് ഇൻ എയ്ഡ് അഞ്ചു ശതമാനം വീതവും അടുത്ത മൂന്നു വർഷത്തേക്കു വർധിക്കുമെന്നും കണക്കുകൂട്ടുന്നു.
അടുത്ത സാന്പത്തികവർഷത്തേക്ക് സാമ്പത്തികരംഗത്ത് രണ്ടു പ്രധാന സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. അതു കേരളത്തിന്റെ സാന്പത്തിക കണക്കുകളെയും സ്വാധീനിക്കാം. ഒന്നാമതായി ജിഎസ്ഡിപി കണക്കുകൂട്ടുന്നതിലുള്ള അടിസ്ഥാന വർഷം ഈ വർഷം മാറും. നിലവിൽ അംഗീകരിച്ചിട്ടുള്ള 2011-12 എന്ന അടിസ്ഥാന വർഷം മാറി പകരം അടിസ്ഥാന വർഷം 2022-23 ആയി മാറും. ജിഎസ്ഡിപിയുടെ കണക്കിലും ഇതനുസരിച്ചു ചെറിയ മാറ്റങ്ങൾ വരാം.
രണ്ടാമതായി, പതിനാറാം ധന കമ്മീഷൻ റിപ്പോർട്ട് പ്രകാരം കേന്ദ്രത്തിന്റെ വരുമാനം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നതിനു പുതിയ മാനദണ്ഡങ്ങൾ വരും. അടുത്ത സാന്പത്തിക വർഷം മുതൽ ഈ പുതിയ രീതിയനുസരിച്ചാകും വരുമാനം പങ്കുവയ്ക്കുക. നിലവിലുള്ളതിനേക്കാൾ ഉയർന്ന കേന്ദ്രനികുതി വിഹിതവും ഗ്രാന്റ് ഇൻ എയ്ഡും കേരളം പ്രതീക്ഷിക്കുന്നുണ്ട്. റവന്യു കമ്മി നികത്തുന്നതിനുള്ള ഗ്രാന്റും കേരളം പ്രതീക്ഷിക്കുന്നു.
National
ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിക്കുന്ന 2026-27 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ കേരളം വലിയ പ്രതീക്ഷയിലാണ്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, നിര്‍ണായകമായ പല പദ്ധതികള്‍ക്കും കേന്ദ്ര സഹായം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ കേന്ദ്ര അവഗണനയ്ക്കെതിരെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കേന്ദ്രത്തിന്റെ നിലപാട് കേരളത്തിന് ഏറെ നിര്‍ണായകമാണ്.
ഏറെക്കാലമായുള്ള കേരളത്തിന്റെ ആവശ്യമാണ് കോഴിക്കോട് കിനാലൂരില്‍ എയിംസ് അനുവദിക്കുക എന്നത്. ഇതിനായി ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇത്തവണത്തെ ബജറ്റില്‍ ഇതിനായുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിശ്വാസം.
അങ്കമാലി എരുമേലി ശബരി റെയില്‍വേ പാതയ്ക്കായി കേന്ദ്ര ബജറ്റില്‍ മതിയായ തുക നീക്കിവെക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ക്കും മധ്യതിരുവിതാംകൂറിനും ഏറെ ഗുണകരമാകുന്ന ഈ പദ്ധതി റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവര്‍ത്തനസജ്ജമാകുന്നതോടെ അനുബന്ധ വികസനത്തിനായി പ്രത്യേക സാമ്പത്തിക പാക്കേജ് കേരളം പ്രതീക്ഷിക്കുന്നു. തുറമുഖത്തിലേക്കുള്ള റെയില്‍റോഡ് കണക്റ്റിവിറ്റിക്കായി കൂടുതല്‍ ഫണ്ട് ആവശ്യമാണ്.
റബര്‍ വിലയിടിവ് തടയാന്‍ തറവില 250 രൂപയായി ഉയര്‍ത്തണമെന്നും, ഇതിനായി കേന്ദ്രം സബ്സിഡി വിഹിതം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. കേരളത്തിലെ ലക്ഷക്കണക്കിന് കര്‍ഷകരെ ബാധിക്കുന്ന വിഷയമാണിത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്നത് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമാണ്.
നിലവിലെ നിയന്ത്രണങ്ങളില്‍ അയവ് വരുത്തണമെന്ന് ധനമന്ത്രി കേന്ദ്രത്തോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന് കൂടുതല്‍ സ്ലീപ്പര്‍ സൗകര്യമുള്ള വന്ദേ ഭാരത് ട്രെയിനുകളും പുതിയ അമൃത് ഭാരത് സ്റ്റേഷന് നവീകരണ പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചേക്കാം. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍, ജിഎസ്ടി നഷ്ടപരിഹാര കുടിശികയോ പ്രത്യേക ഗ്രാന്റുകളോ അനുവദിക്കുന്നത് കേരളത്തിന് വലിയ ആശ്വാസമാകും.
Kerala
കൊച്ചി: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ (കെഎസ് സിഎസ്ടിഇ) നേതൃത്വത്തില്‍ 38-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് ഇന്ന് എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജില്‍ ആരംഭിക്കും.
നീല സന്പദ് വ്യവസ്ഥയിൽ അധിഷ്ഠിതമായ സമുദ്രശാസ്ത്രം എന്നതാണ് സയൻസ് കോൺഗ്രസിന്റെ പ്രമേയം. നാളെ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും.
മന്ത്രി പി. രാജീവ്, സയന്‍സ് കോണ്‍ഗ്രസിന്റെ ചെയര്‍പേഴ്സൺ പ്രഫ. പി. ബലറാം, ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. വി. നാരായണന്, കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോള്‍, ടി.ജെ. വിനോദ് എംഎല്‍എ, കെഎസ് സിഎസ്ടിഇ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രഫ. കെ.പി. സുധീര്‍, മെമ്പര്‍ സെക്രട്ടറി പ്രഫ. എ. സാബു, കോളജ് മാനേജർ റവ. ഡോ. ആന്റണി തോപ്പിൽ, പ്രിന്‍സിപ്പൽ ഡോ. ജോസഫ് ജസ്റ്റിന് റിബെല്ലോ തുടങ്ങിയവര്‍ പ്രസംഗിക്കും. ഡിആർഡിഒ മുൻ ഡയറക്ടർ ഡോ. ടെസി തോമസിനു കേരള ശാസ്ത്ര പുരസ്കാരം സമർപ്പിക്കും. യുവ ശാസ്ത്രജ്ഞ, ശാസ്ത്രജ്ഞ, ശാസ്ത്ര സാഹിത്യ, സാങ്കേതിക വിഭാഗങ്ങളിലും പുരസ്കാരങ്ങള്‍ നൽകും.
ഇന്ന് നാഷണല്‍ സയന്‍സ് മീറ്റ് നടക്കും. ഓൾ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ മുന്‍ ചെയര്മാന് പ്രഫ. ടി. ജി. സീതാറാം ഉദ്ഘാടനം ചെയ്യും. സയന്‍സ് കോണ്‍ഗ്രസിന്റെ ഭാഗമായുള്ള ദേശീയ ശാസ്ത്ര പ്രദര്‍ശനം സെന്റ് ആല്‍ബര്‍ട്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും.
സമുദ്ര ശാസ്ത്രം, ബ്ലൂ ഇക്കണോമി, കാലാവസ്ഥാ മാറ്റം, ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിലെ നവീന ഗവേഷണങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരിട്ട് പരിചയപ്പെടാന്‍ സഹായിക്കന്നതാണു ശാസ്ത്ര പ്രദര്‍ശനം.
Sports
ന്യൂഡല്‍ഹി: അഞ്ചാമത് 3x3 ദേശീയ ബാസ്കറ്റ്ബോളിന്റെ ആദ്യദിനമായ ഇന്നലെ കേരളത്തിനു ജയവും തോല്‍വിയും.
കേരള പുരുഷന്മാര് ഇന്നലെ രാവിലെ നടന്ന മത്സരത്തില്‍ 21-16ന് മഹാരാഷ്ട്രയെ തോല്‍പ്പിച്ചു. എന്നാല്‍, വൈകുന്നേരം 14-21ന് തമിഴ്നാടിനോട് പരാജയപ്പെട്ടു.
അതേസമയം, കേരള വനിതാ ടീം ഏകപക്ഷീയ ജയം സ്വന്തമാക്കി. കേരള വനിതകള്‍ 21-4ന് ബംഗാളിനെ നിഷ്പ്രഭമാക്കി.
National
ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കേന്ദ്രബജറ്റ് ഞായറാഴ്ച. ഫെബ്രുവരി ഒന്നിനു രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ തുടർച്ചയായ ഒന്‍പതാമത്തെ കേന്ദ്ര ബജറ്റാണ് അവതരിപ്പിക്കുന്നത്.
ലോകത്തെ അനിശ്ചിതമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയുടെ സാന്പത്തികവളർച്ചയെ ഉത്തേജിപ്പിക്കുന്നതാകും പൊതുബജറ്റ് എന്നാണു പ്രതീക്ഷ.
നികുതിഘടനയിൽ ഉൾപ്പെടെ നിരവധി പരിഷ്കരണ നടപടികളുംപ്രതീക്ഷിക്കുന്നു. ആദായനികുതി റിട്ടേണുകളിലെ പഴയ സന്പ്രദായം നിർത്തലാക്കുമെന്നു സൂചനയുണ്ട്.
കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, ആസാം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള ചില പ്രഖ്യാപനങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. എയിംസ്, അതിവേഗ റെയിൽ അടക്കം കേരളം കാത്തിരിക്കുന്ന പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുമോയെന്നതിൽ ഇപ്പോഴും ഉറപ്പില്ല.
അമേരിക്കയിലെ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ 50 ശതമാനം തീരുവ, അവസാനിക്കാത്ത യുക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യൻ സംഘർഷം, ഗ്രീൻലാൻഡ് ഏറ്റെടുക്കുമെന്ന ട്രംപിന്റെ ഭീഷണി, ഇറാനിലെ അസ്വസ്ഥത, പാക്കിസ്ഥാൻ ഉയർത്തുന്ന ഭീകരാക്രമണ ഭീഷണി എന്നിവ മുതൽ 27 യൂറോപ്യൻ രാജ്യങ്ങളുടെ യൂണിയനുമായി ഒപ്പുവച്ച സ്വതന്ത്ര വ്യാപാരക്കരാർ എന്നിവയുടെ കൂടി പശ്ചാത്തലത്തിലാകും പുതിയ ബജറ്റ്.
Viral
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗമായ ബിജി റോഡിൽ ബുധനാഴ്ച ഉച്ചയോടെ അരങ്ങേറിയത് അസാധാരണവും നാടകീയവുമായ രംഗങ്ങളായിരുന്നു.
ഐഎംഎ ജംഗ്ഷന് സമീപത്തെ തിരക്കേറിയ റോഡിന് നടുവിൽ ഒരു യുവതി നിസ്കരിക്കാൻ തുടങ്ങിയത് കണ്ടുനിന്നവരിലും യാത്രക്കാരിലും വലിയ അമ്പരപ്പാണ് ഉണ്ടാക്കിയത്.
വാഹനങ്ങൾ ചീറിപ്പായുന്ന പ്രധാന പാതയിൽ യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ അവർ ശാന്തമായി ഇരുന്നു പ്രാർഥിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം മിനിറ്റുകളോളം സ്തംഭിച്ചു.
പലരും യുവതിയെ പിന്തിരിപ്പിക്കാനും അപകടസാധ്യതയുള്ള റോഡിൽ നിന്നും മാറ്റാനും ശ്രമിച്ചെങ്കിലും ആരുടെയും വാക്ക് കേൾക്കാൻ അവർ തയ്യാറായില്ല. വിവരമറിഞ്ഞെത്തിയ സൗത്ത് പോലീസ് സ്ഥലത്തെത്തിയാണ് യുവതിയെ റോഡിൽ നിന്നും മാറ്റിയത്.
തുടർന്ന് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് തന്റെ കുടുംബത്തിൽ നിലനിൽക്കുന്ന സ്വത്ത് തർക്കത്തെക്കുറിച്ചും അതിൽ അനുഭവിക്കുന്ന നീതിനിഷേധത്തെക്കുറിച്ചും യുവതി പോലീസിനോട് വെളിപ്പെടുത്തിയത്.
അന്തരിച്ച തന്റെ ഭർത്താവിന്റെ സ്വത്തുക്കൾ ബന്ധുക്കൾ അന്യായമായി കൈക്കലാക്കിയെന്നും വർഷങ്ങളായി വിവിധ അധികാരികൾക്ക് പരാതി നൽകിയിട്ടും യാതൊരു ഫലവും ഉണ്ടായില്ലെന്നും ഇവർ ആരോപിക്കുന്നു.
നിയമപോരാട്ടങ്ങളിൽ പരാജയപ്പെട്ടതോടെ തന്റെ നിസഹായത പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് ഇത്തരമൊരു തീവ്രമായ പ്രതിഷേധം സ്വീകരിച്ചതെന്ന് യുവതി വിശദീകരിച്ചു.
അപകടകരമായ രീതിയിൽ റോഡ് തടസപ്പെടുത്തിയതിനെതിരെ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ശക്തമായ വിമർശനം ഉയർത്തുന്നുണ്ട്.
പ്രതിഷേധങ്ങൾ നിയമപരമായ വഴിയിലൂടെയാകണമെന്നും യാത്രക്കാരുടെ ജീവൻ പണയപ്പെടുത്തിയുള്ള ഇത്തരം പ്രവർത്തികൾ അംഗീകരിക്കാനാവില്ലെന്നുമാണ് ഇവരുടെ നിലപാട്.
എന്നാൽ, ഒരു സ്ത്രീക്ക് നടുറോഡിൽ ഇത്തരമൊരു നിലപാട് സ്വീകരിക്കേണ്ടി വന്നത് ആ വ്യവസ്ഥിതിയുടെ പരാജയമാണെന്നും അവരുടെ പരാതി ഗൗരവമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചതായും കുടുംബപ്രശ്നങ്ങളിൽ നിയമപരമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Kerala
കൊച്ചി: മലയാള സിനിമയുടെ ആവശ്യങ്ങള്‍ സംസ്ഥാന ബജറ്റില്‍ പരിഗണിക്കാത്തതിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനു പ്രതിഷേധം. ഇരട്ട നികുതി ഒഴിവാക്കാല് അടക്കമുള്ള കാര്യങ്ങളാണ് അസോസിയേഷന് ആവശ്യപ്പെട്ടത്. ജനുവരി 21ന് നടത്തിയ സൂചന പണിമുടക്കിനെ തുടര്‍ന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന് ചര്‍ച്ചയ്ക്കു വിളിക്കുകയും കാര്യങ്ങള്‍ പരിഗണിക്കാമെന്നു പറയുകയും ചെയ്തിരുന്നു. ബജറ്റില്‍ ഉള്‍പ്പെടുത്താമെന്നു പറഞ്ഞെങ്കിലും പ്രഖ്യാപനങ്ങള്‍ ഉണ്ടാവത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്.
വാക്ക് പാലിച്ചില്ല
21ന് മലയാള സിനിമ സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. മന്ത്രി സജി ചെറിയാന് ഞങ്ങളെ ചര്‍ച്ചയ്ക്ക് വിളിക്കുകയും കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നു ഉറപ്പു നൽകുകയും ചെയ്തു. ഇതുകൊണ്ടാണ് ഞങ്ങള്‍ സമരം പിന്‍വലിച്ചത്. വിനോദ നികുതിയായി ഈടാക്കുന്നത് ഇരട്ടി നികുതിയാണ്. അത് എടുത്തു കളയണമെന്നായിരുന്നു ഞങ്ങളുടെ ഡിമാൻഡ്. ഈ കാര്യം മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും ധരിപ്പിക്കാമെന്നും വേണ്ട ഇളവുകള്‍ നല്‍കാമെന്നും മന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഇന്നത്തെ ബജറ്റില്‍ ആ ഉറപ്പു കാണാനില്ല - പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റും തങ്ങളും ധനകാര്യമന്ത്രിയെ പോയി കാണുകയും കേരള ഫിലിം ചേംബറില്‍നിന്നു കത്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ബജറ്റില്‍ സിനിമ വ്യവസായത്തെ സംബന്ധിച്ചു കാതലായ ഒരു സഹായവും ഉണ്ടായിട്ടില്ല. ഇരട്ട നികുതി പിടിച്ചുപറിയാണ്. കഴിഞ്ഞ ഒൻപതു വര്‍ഷമായി ഇടതുപക്ഷ സര്‍ക്കാരിനോട് ഇരട്ട നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു. ഈ ബജറ്റിലും അതില്‍ പ്രഖ്യാപനങ്ങളൊന്നുമില്ല.
നികുതിയോടു നികുതി
ഇന്ത്യയില്‍ ഒരു പ്രോഡക്ടിനും ഇല്ലാത്ത നികുതിയാണ് മലയാള സിനിമയ്ക്ക് ഇടാക്കുന്നത്. ഏകദേശം 47 ശതമാനം ടാക്സ് നല്‍കണം. സിനിമ നിര്‍മിക്കാന്‍ ഒരു കോടി രൂപയുമായി ഒരു നിര്‍മാതാവ് ഇറങ്ങിയാല്‍ അപ്പോള്‍തന്നെ 18 ലക്ഷം രൂപ ജിഎസ്ടിക്കായി സംഘടിപ്പിക്കണം. തിയേറ്ററില്‍ നാലു കോടി രൂപ നേടിയാല്‍ മാത്രമേ ഈ ഒരു കോടി 18 ലക്ഷം രൂപ തിരിച്ചു കിട്ടുകയുള്ളു. സിനിമ ടിക്കറ്റിനും 18 ശതമാനം ജിഎസ്ടി വാങ്ങും. അതിന്റെ കൂടെ 8.5 ശതമാനം അഡീഷണല്‍. പിന്നെ ക്ഷേമനിധി, കെഎസ്എഫ്ഡിസി, ചലച്ചത്ര അക്കാദമി എന്നിങ്ങനെയുള്ള വിഹിതങ്ങള്‍ എല്ലാം കൂട്ടി മൂന്നു ശതമാനം വേറെയും. മറ്റൊരു പ്രോഡക്ടിനും ഇത്രയും നികുതിയില്ല - അസോസിയേഷന് ചൂണ്ടിക്കാട്ടി.
Sports
ദിസ്പൂർ: സന്തോഷ് ട്രാഫി ഫുട്ബോളിൽ കേരളം ക്വാർട്ടറിൽ കടന്നു. നിർണായക മത്സരത്തിൽ മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരളം പരാജയപ്പെടുത്തിയത്.
36-ാം മിനിറ്റിൽ വി.അർജുനാണ് ആദ്യം എതിരാളികളുടെ ഗോൾവല ചലിപ്പിച്ചത്. 71-ാം മിനിറ്റിൽ പി.ടി.മുഹമ്മദ് റിയാസ് ലീഡ് ഉയർത്തി. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ മുഹമ്മദ് അജ്സൽ കേരളത്തിനായി മൂന്നാം ഗോളും നേടി.
ജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് കേരളത്തിന് പത്ത് പോയിന്റായി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സർവീസസിനെയാണ് കേരളം ഇനി നേരിടുന്നത്.
Kerala
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് രാവിലെ ഒൻപതിന് അവതരിപ്പിക്കും. വികസനത്തിനും ക്ഷേമത്തിനും ഒരു പോലെ പ്രാധാന്യം നൽകുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ നൽകുന്ന സൂചന.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ആനുകൂല്യ പ്രഖ്യാപനങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കാം. ശമ്പള, പെൻഷൻ പരിഷ്കരണം, ക്ഷേമ പെൻഷൻ വർധന തുടങ്ങിയവയാണ് പ്രതീക്ഷിക്കുന്ന മുഖ്യ പ്രഖ്യാപനങ്ങൾ. ക്ഷേമ പെൻഷൻ അടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം മാത്രമാണ് തടസമെന്നാണ് ധനവകുപ്പ് പറയുന്നത്.
സർക്കാർ ജീവനക്കാർ ശമ്പള പരിഷ്കരണം അടക്കം ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം അഷ്വേർഡ് പെൻഷൻ സംവിധാനത്തിലേക്ക് മാറുന്ന പ്രഖ്യാപനം ബജറ്റിലുണ്ടാകും. അതിവേഗ പാതയും
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ എല്‍ഡിഎഫിന്റെ 98 എംഎല്‍എമാരും ജാഥ നയിക്കും. നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി എല്‍ഡിഎഫിന്റെ മൂന്നു മേഖലാ ജാഥകള്‍ക്കു പുറമേയാണ് എല്‍ഡിഎഫിന്റെ മുഴുവന്‍ എംഎല്‍എമാരും ജാഥാ നയിക്കാനായി എത്തുന്നത്. ്
കഴിഞ്ഞ ദിവസം ചേര്‍ന്ന് സിപിഎം, എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ നിര്‍ദേശിച്ചത്. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് ജാഥായുടെ ക്യാപ്റ്റനാകും. മന്ത്രിമാര്‍ എല്ലാവരും അവരവരുടെ മണ്ഡലത്തില്‍ ക്യാപ്റ്റന്മാരാകും. എല്‍ഡിഎഫ് എംഎല്‍എമാര്‍ അതതു നിയോജക മണ്ഡലങ്ങളിലും ക്യാപ്റ്റന്മാരാകും.
പ്രതിപക്ഷ എംഎല്‍എമാരുള്ള നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ജില്ലാ നേതൃത്വം തീരുമാനിക്കുന്നതനുസരിച്ചുള്ള പ്രതിനിധികള്‍ ക്യാപ്റ്റന്മാരാകും. കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ പാര്‍ട്ടിയുടെ നേതാക്കന്മാരായിരിക്കും ഇവിടങ്ങളില്‍ ക്യാപ്റ്റന്മാര്.
എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കൾ ജാഥാ ക്യാപ്റ്റനു പുറമേ വൈസ് ക്യാപറ്റന്, മാനേജര്‍ പദവികളില്‍ എത്തും. മൂന്നു ദിവസത്തെ വാഹന പ്രചാരണ ജാഥയാണ് തീരുമാനിച്ചിരിക്കുന്നത്. എല്‍ഡിഎഫിന്റെ സംസ്ഥാന മേഖലാ ജാഥ കടന്നു പോകുന്നതിനു മുമ്പോ അതിനു ശേഷമേ ജാഥ നടത്താനാണ് നിര്‍ദേശം.
സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നതാണ് ജാഥയുടെ ഉദ്ദേശം. വികസന നേട്ടങ്ങള്‍ സ്വീകരണ കേന്ദ്രങ്ങളില്‍ ക്യാപ്റ്റനും ജാഥാംഗങ്ങളും വിശദീകരിക്കും.