കേന്ദ്രബജറ്റ് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് ഓഹരിവിപണികളിലെ വലിയ ഇടിവ് സാക്ഷ്യപ്പെടുത്തി. കേരളമടക്കം അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പോകുന്പോഴും മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങളില്ല.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഒന്പതാം ബജറ്റിൽ കേരളത്തിനു പൊതുവെ നിരാശയാണ്. കേരളം ചോദിച്ചതുമില്ല, മോഹിച്ചതുമില്ല എന്ന നില. തെരഞ്ഞെടുപ്പ് നടക്കാനുള്ള കേരളത്തെയും പശ്ചിമബംഗാളിനെയും കേന്ദ്രം പരിഗണിക്കാതിരുന്നത് ബിജെപിക്കാരെപ്പോലും ഞെട്ടിച്ചു. തെരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ വർഷത്തെ കേന്ദ്രബജറ്റിൽ ബിഹാറിനു വാരിക്കോരി കൊടുത്തത് ജനം മറക്കാനിടയില്ല.
ഇല്ല എയിംസ്, വേഗ റെയിൽ
തമിഴ്നാട്ടിലും കർണാടകയിലും തെലുങ്കാനയിലുമടക്കം എഴ് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചിട്ടും കേരളത്തിനു നൽകിയില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി വാഗ്ദാനം ചെയ്തതും വർഷങ്ങളായി കേരളം ആവശ്യപ്പെടുന്നതുമായ എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങളും കേരളത്തിനുണ്ടായില്ല. വിഴിഞ്ഞം തുറമുഖ വികസനത്തിനും ഒന്നുമില്ല.
ധാതു ഖനനത്തിനുള്ള ധാതു ഇടനാഴിയിലാണ് തമിഴ്നാടിനൊപ്പം കേരളത്തെയും ഉൾപ്പെടുത്തിയത്. കേരളത്തിലെയും തമിഴ്നാട്ടിലെയും തീരദേശ മണ്ണ് കുഴിച്ചെടുത്ത് സ്വകാര്യമേഖലയ്ക്കു കൊള്ളലാഭം കൊയ്യാനുള്ള വഴിയൊരുക്കുകയാണെന്ന ആരോപണം ഉയർന്നേക്കാം. കേരളതീരത്തെ ധാതുമണൽ ഖനനത്തിന്റെ വരുമാനവും തൊഴിലവസരങ്ങളും സംസ്ഥാനത്തിനു കിട്ടുമോയെന്നതാണു ചോദ്യം. കേരളത്തെ കുഴി തോണ്ടാതിരിക്കട്ടെ.
റബർ അടക്കം പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ കാർഷികമേഖലയെ രക്ഷിക്കാൻ ഒന്നുമില്ല. നാളികേരത്തിനും കൊക്കോയ്ക്കും കശുവണ്ടിക്കും പ്രഖ്യാപിച്ച പ്രത്യേക പദ്ധതികൾ കേരളത്തേക്കാളേറെ തമിഴ്നാടിനും കർണാടകയ്ക്കുമാകും നേട്ടമുണ്ടാക്കുക. കശുവണ്ടിയെയും തേങ്ങയെയും ആഗോളനിലവാരത്തിലേക്ക് ഉയർത്താൻ സഹായവും ചന്ദനമരങ്ങളുടെ കൃഷിക്കും സംസ്കരണത്തിനും പ്രോത്സാഹനവുമാണു മറ്റൊന്ന്. രാജ്യത്താകെ കർഷകർക്കായി ഭാരത് വിസ്താർ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന്റെ ഗുണഫലങ്ങൾ എന്തെന്നു വ്യക്തമല്ല.
ഉറപ്പില്ല, ആയുർവേദ എയിംസ്
ആയുർവേദത്തിന്റെ ഈറ്റില്ലം കേരളമാണെങ്കിലും ആയുർവേദത്തിനായി എയിംസ് പോലെ മൂന്നു ദേശീയ ഗവേഷണസ്ഥാപനങ്ങൾ തുടങ്ങുമെന്നു പറഞ്ഞപ്പോഴും കേരളത്തിനു നൽകുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയെ അധികാരത്തിലെത്തിച്ച തിരുവനന്തപുരം നഗരത്തിനും പദ്ധതികളോ കേന്ദ്രസ്ഥാപനങ്ങളോ ഇല്ല.
കടലാമകളുടെ നിരീക്ഷണപദ്ധതിയാണു കേരളത്തെ ഉൾപ്പെടുത്തിയ മറ്റൊന്ന്. ഒഡീഷ, കർണാടക, കേരളം എന്നിവയുടെ തീരദേശത്താണ് കടലാമകളുടെ പ്രജനനകേന്ദ്രങ്ങൾ സംരക്ഷിക്കുന്ന "ടർട്ടിൽ ട്രെയിൽസ്’ നടപ്പാക്കുക. തീരദേശ ടൂറിസം പദ്ധതിയിൽ കേരളം ഉൾപ്പെട്ടിട്ടുണ്ട്. ട്രക്കിംഗ് പ്രോത്സാഹനവും ടൂറിസ്റ്റ് ഗൈഡുകൾക്കുള്ള പരിശീലനവും കേരളത്തിനും ഗുണകരമാകും.
പ്രതിരോധത്തിന് റിക്കാർഡ്
പ്രതിരോധ ബജറ്റ് വിഹിതം ഒരു ലക്ഷം കോടിയിലേറെ രൂപ കൂട്ടി മൊത്തം 7.85 ലക്ഷം കോടിയായി ഉയർത്തി റിക്കാർഡിട്ടതാണ് നിർമല സീതാരാമന്റെ ബജറ്റിലെ ശ്രദ്ധേയമായ നടപടി. കഴിഞ്ഞവർഷം 6,81,210 കോടിയായിരുന്നു മൊത്തം വിഹിതം. പുൽവാമ, ഡൽഹി ചെങ്കോട്ട ഭീകരാക്രമണങ്ങളും ഓപ്പറേഷൻ സിന്ദൂറും പാക്കിസ്ഥാനും ബംഗ്ലാദേശും ചൈനയും അമേരിക്കയും യുക്രെയ്ൻ, പശ്ചിമേഷ്യ യുദ്ധങ്ങളും മറ്റും ഉയർത്തുന്ന ആഗോള അസ്വസ്ഥതകളുടെ പശ്ചാത്തലത്തിലാണിത്. പ്രതിരോധ ബജറ്റിലെ 2.19 ലക്ഷം കോടി ആധുനികവത്കരണത്തിനാണ്.
മൂലധന ആസ്തികൾ കൂടും
രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനത്തിനായി 12.22 ട്രില്യണ് രൂപ പൊതുമൂലധന ചെലവിലേക്കു നീക്കിവയ്ക്കുന്നുവെന്നത് സ്വാഗതാർഹമാണ്. മുൻവർഷത്തെ പുതുക്കിയ എസ്റ്റിമേറ്റിനേക്കാൾ 11.5 ശതമാനം വർധനയുണ്ട്. ദീർഘകാല ആസ്തി അടിത്തറ മെച്ചപ്പെടുത്തുന്നതിന് ബജറ്റിൽ കാര്യമായ ശ്രമമുണ്ട്. സംസ്ഥാനങ്ങൾക്കുള്ള ഗ്രാന്റുകൾ ഉൾപ്പെടെ മൂലധന ആസ്തികൾ സൃഷ്ടിക്കുന്നതിന് 17.15 ട്രില്യണ് രൂപയാണു ബജറ്റിൽ പ്രതീക്ഷിക്കുന്നത്. ജിഡിപിയുടെ 4.4 ശതമാനമാണിത്. മുൻ വർഷം ഇത് 3.9 ശതമാനമായിരുന്നു. ഉപഭോഗ സബ്സിഡികളേക്കാൾ സർക്കാരിന്റെ മുൻഗണന മൂലധന ചെലവിനാണ്.
ആരോഗ്യം, വിദ്യാഭ്യാസം പോരാ
എന്നാൽ, മന്ത്രി നിർമലയുടെ ഒന്പതാം ബജറ്റിൽ ഗ്രാമവികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുടെയും സാമൂഹ്യമേഖലയുടെയും ചെലവുകളിൽ ഗണ്യമായ വർധനയില്ല. തൊഴിലുറപ്പ് പദ്ധതിയടക്കം ചില മേഖലകളിൽ ബജറ്റ് വിഹിതം കുറഞ്ഞിട്ടുമുണ്ട്. ഗ്രാമവികസന വിഹിതം 2.6 ലക്ഷം കോടിയിൽനിന്ന് 2.73 ലക്ഷം കോടി രൂപയായി നേരിയ വർധനയേയുള്ളൂ.
ആരോഗ്യമന്ത്രാലയത്തിന്റെ വിഹിതം 98,311 കോടിയിൽനിന്ന് അടുത്ത സാന്പത്തികവർഷത്തിൽ 1.04 ലക്ഷം കോടി രൂപ മാത്രമായാണു ഉയർന്നത്. മിക്ക സംസ്ഥാനങ്ങൾക്കും നൽകിയതും കേരളത്തിന് അർഹതപ്പെട്ടതുമായ എയിംസ് ഇനിയും നൽകാത്തതിനു ന്യായമില്ല.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിഹിതത്തിലും നേരിയ വർധന മാത്രം. 2025-26ലെ 1.28 ലക്ഷം കോടിയിൽനിന്ന് 2026-27 സാന്പത്തികവർഷത്തിൽ 1.39 ലക്ഷം കോടി രൂപയായി. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം കൂട്ടാൻ വൻതോതിലുള്ള നിക്ഷേപത്തിനു കേന്ദ്രം തയാറാകേണ്ട കാലം അതിക്രമിച്ചു.
ഉറപ്പില്ലാതെ തൊഴിലുറപ്പ്
ഗ്രാമീണ തൊഴിൽ സൃഷ്ടിക്കുന്നതിനായുള്ള പ്രധാനമന്ത്രി ഗരീബ് കല്യാണ് അന്ന യോജനയ്ക്കും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിക്കും (എംജിഎൻആർഇജിഎ) മോദി സർക്കാരിന്റെ മുൻവർഷങ്ങളിൽ വലിയതോതിൽ വിഹിതം വകയിരുത്തിയിരുന്നു. മഹാത്മാഗാന്ധിയുടെ പേര് മാറ്റി കൊണ്ടുവന്ന വിബി- ജി റാം ജിയെക്കുറിച്ച് ബജറ്റ് പ്രസംഗത്തിൽ പരാമർശമുണ്ടായില്ല.
പഴയ തൊഴിലുറപ്പ് പദ്ധതിക്കായി 30,000 കോടിയും വിബി- ജി റാം ജി പദ്ധതിക്ക് 95,692.31 കോടിയുമാണ് ബജറ്റിൽ വകയിരുത്തിയത്. ദേശീയ തൊഴിലുറപ്പിനായി മുൻവർഷം 88,000 കോടി നീക്കിവച്ചിരുന്നു. വിബി- ജി റാം ജി എന്നതു പണത്തെക്കുറിച്ചല്ലെന്നും സർക്കാർ പറഞ്ഞതനുസരിച്ചുള്ള ഫണ്ട് വകയിരുത്തിയെന്നുമാണ് ഇതേക്കുറിച്ചു മന്ത്രി നിർമല പിന്നീടു പറഞ്ഞത്.
പുതിയ വൻ പദ്ധതികളില്ല
രാജ്യത്തെ 15 കോടിയിലധികം കുടുംബങ്ങൾക്ക് ഈ വർഷത്തോടെ പൈപ്പുവെള്ളം ലഭ്യമാക്കാനുള്ള ജൽ ജീവൻ മിഷൻ, എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തിനുള്ള പ്രധാനമന്ത്രി ആവാസ് യോജന പോലെയുള്ള പുതിയ വൻ പദ്ധതികളൊന്നും ഇത്തവണത്തെ ബജറ്റിലില്ല.
കഴിഞ്ഞവർഷം 67,000 കോടിയുണ്ടായിരുന്ന ജൽ ജീവൻ മിഷന് അടുത്ത സാന്പത്തികവർഷത്തേക്ക് 67,670 കോടിയാണു വികയിരുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി ഗ്രാമീണ ആവാസ് യോജനയ്ക്കായി 54,917 കോടിയുണ്ട്. കഴിഞ്ഞവർഷം ഇത് 32,500 കോടി രൂപയായിരുന്നു. ദീൻദയാൽ അന്ത്യോദയ യോജനയ്ക്കായി 19,200 കോടിയും പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിക്ക് 19,000 കോടിയും വകയിരുത്തിയിട്ടുണ്ട്.
നിർമിതബുദ്ധി കുതിക്കും
നിർമിതബുദ്ധിയും (എഐ) സെമികണ്ടക്ടറുകളും അടക്കമുള്ള പുതിയ സാങ്കേതികവിദ്യകൾക്കു നൽകിയ പ്രാധാന്യം നിർമലയുടെ ബജറ്റിന്റെ സവിശേഷതയാണ്. മൊത്തം 11 തവണയാണ് എഐയെക്കുറിച്ച് ബജറ്റ് പ്രസംഗത്തിലുള്ളത്. എഐ മിഷനും നാഷണൽ ക്വാണ്ടം മിഷനും ഭാവിയുടെ വൻ പദ്ധതികളാണ്.
മെച്ചപ്പെട്ട പൊതുസേവന വിതരണത്തിനായി നിർമിതബുദ്ധിയെ ഉപയോഗപ്പെടുത്തുന്നുവെന്നതാണു മെച്ചം. മനുഷ്യപ്രയത്നങ്ങൾക്കു പകരമാകാൻ നിർമിതബുദ്ധിക്കു കഴിയില്ലെങ്കിലും എഐയുടെ സാധ്യതകളെ യുവതലമുറയ്ക്ക് ഉപയോഗപ്പെടുത്താനുള്ള ഏതൊരു ശ്രമവും സ്വാഗതാർഹമാണ്.
ത്രിമുഖ കർത്തവ്യ പഥ്
2047ഓടെ വികസിത ഭാരതത്തിനായുള്ള മൂന്നു കർത്തവ്യങ്ങൾ നിറവേറ്റുന്നതിനുള്ള ബജറ്റെന്നാണു ധനമന്ത്രി നിർമല വിശദീകരിച്ചത്. നിർമലയുടെ "ത്രിമുഖ കർത്തവ്യ ചട്ടക്കൂടി’ൽ ആദ്യത്തേതു സാന്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനാണ്. അസ്ഥിരമായ ആഗോള ചലനാത്മകതയെയും ബാഹ്യ ആഘാതങ്ങളെയും നേരിടാനുള്ള പ്രതിരോധശേഷി വളർത്തും. ഉത്പാദനക്ഷമത, കാര്യക്ഷമത, മത്സരശേഷി എന്നിവ വർധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
നൈപുണ്യ വികസനം, തൊഴിൽ, മനുഷ്യ മൂലധന വികസനം എന്നിവയിലൂടെ രാജ്യപുരോഗതിയിൽ പൗരന്മാരെ സജീവ പങ്കാളികളാക്കുകയാണു രണ്ടാമത്തെ കർത്തവ്യം. രാജ്യത്തിന്റെ വിഭവങ്ങൾ, സൗകര്യങ്ങൾ എന്നിവ ഓരോ കുടുംബത്തിനും സമൂഹത്തിനും പ്രദേശത്തിനും മേഖലയ്ക്കും തുല്യമായി ലഭ്യമാക്കുകയാണ് മൂന്നാമത്തെ കർത്തവ്യം.
Tags : Coconuts and turtles Kerala