1948ൽ മട്ടന്നൂർ പോലീസ് സ്റ്റേഷന്റെ ഭാഗമായിരുന്ന ഇരിട്ടിയിൽ 1952ലാണ് ആദ്യത്തെ പോലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കപ്പെടുന്നത്. ഒരുവർഷത്തിനുള്ളിൽ തന്നെ 1953ൽ ഇരിട്ടി പോലീസ് സ്റ്റേഷൻ ആയി പരിഗണിക്കപ്പെട്ടു.
1974ലാണ് പായം പഞ്ചായത്തിലെ 1.6 ഏക്കർ സ്ഥലത്ത് ഇന്നുകാണുന്ന പോലീസ് സ്റ്റേഷന്റെ ആദ്യ കെട്ടിടം നിർമിച്ചത്. കീഴുർ, പായം, വിളമന, അയ്യൻകുന്നിലെ പാലത്തുംകടവ്, കച്ചേരിക്കടവ് വാർഡുകളും ചേർന്ന് 72.42 സ്ക്വയർ കിലോമീറ്ററാണ് ഇരിട്ടി പോലീസ് സ്റ്റേഷന്റെ പരിധി.
കണ്ണൂർ ജില്ലയെ കർണാടകയുമായി ബന്ധിപ്പിക്കുന്ന പ്രധാന ചെക്പോസ്റ്റുകളിൽ ഒന്നായ കൂട്ടുപുഴ ഉൾപ്പടെ വളരെ പ്രധാനപെട്ട സ്ഥലങ്ങൾ ഇരിട്ടി സ്റ്റേഷൻ പരിധിയിലുണ്ട്.
2013ലാണ് ഇരിട്ടി, ഉളിക്കൽ, ആറളം, കരിക്കോട്ടക്കരി, ഇരിക്കൂർ തുടങ്ങി അഞ്ചു പോലീസ് സ്റ്റേഷനുകൾ ചേർന്ന് ഇരിട്ടി ഡിവൈഎസ്പിയുടെ ഓഫിസ് നിലവിൽ വന്നത്.
കേരളത്തിൽ നമ്പർ വൺ
നവംബറിൽ കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ കേന്ദ്ര അഭ്യന്തര വകുപ്പിൽ നിന്നുള്ള മൂന്നംഗ സംഘം നേരിട്ടെത്തി നടത്തിയ പരിശോധനകളുടെയും സർവേകളുടെയും അടിസ്ഥാനത്തിലാണ് കേരളത്തിൽ 564 പോലീസ് സ്റ്റേഷനുകളിൽ നിന്നും ഇരിട്ടിയെ നമ്പർ വൺ ആയി പ്രഖ്യാപിച്ചത്. 2025 വർഷത്തിൽ സ്റ്റേഷനിൽ നടത്തിയ പ്രവർത്തനങ്ങൾ പരിശോധിച്ച ശേഷമായിരുന്നു അംഗീകാരം ലഭിച്ചത്.
ക്രമസമാധാന പാലനം, കുറ്റകൃത്യങ്ങളുടെ എണ്ണം, കുറ്റകൃത്യങ്ങൾ നിയന്ത്രിക്കൽ, മോഷണം തടയൽ, കുറ്റവാളികളെ കണ്ടെത്തി പിടികൂടൽ, സ്റ്റേഷനിൽ എത്തുന്ന പരാതികളുടെ തീർപ്പാക്കൽ, സ്റ്റേഷൻ കെട്ടിടവും പരിസരവും സംരക്ഷണം, ഓഫീസിന്റെ കൃത്യമായ പ്രവർത്തന രീതി, സ്റ്റേഷൻ സംബധമായ വിവരങ്ങൾ സൂക്ഷിക്കുന്നത് എന്നിവയെല്ലാം പരിഗണിച്ചയിരുന്നു കേന്ദ്ര സംഘം കേരളത്തിൽ ഇരിട്ടിയെ നമ്പർ വൺ ആയി പ്രഖ്യാപിച്ചത്.
മൂന്നു ടീമുകളായി തിരിഞ്ഞ് പ്രവർത്തനം
കോഴിക്കോട് ജില്ലയിലെ നാദാപുരം ഡിവൈഎസ്പിയായി പ്രമോഷൻ ലഭിച്ച അന്നത്തെ ഇരിട്ടി എസ്എച്ച്ഒ കുട്ടികൃഷ്ണനാണ് പുരസ്കാരത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചത്.
സ്റ്റേഷൻ സംബന്ധമായ വിവരങ്ങളുടെ ഏകീകരണം, ഓഫിസ് കെട്ടിടത്തിന്റെ മോടിപിടിപ്പിക്കൽ, ഓഫിസിന്റെ പ്രവർത്തനങ്ങളുടെ ഏകീകരണം എന്നീ മൂന്ന് ഗ്രുപ്പുകളിയി തിരിച്ചായിരുന്നു പ്രവർത്തനം.
നിശ്ചയിക്കപ്പെട്ട സമയപരിധിക്കുള്ളിൽ പ്രവർത്തങ്ങൾ കൃത്യമായി ഏകോപിപ്പിച്ചതാണ് ഒന്നാം സ്ഥാനത്തേക്ക് ഇരിട്ടി സ്റ്റേഷനെ എത്തിച്ചത്.
കുറ്റാന്വേഷണ മികവും മയക്കുമരുന്നിനെതിരെയുള്ള പ്രവർത്തനവും
സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്ന ചെറുതും വലുതുമായ കേസുകൾ കൃത്യമായ അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്തുന്ന അന്വേഷണ മികവ് ഇരിട്ടി പോലീസ് പലതവണ തെളിയിച്ചിട്ടുണ്ട്. കൂട്ടുപുഴ ചെക്ക്പോസ്റ്റ് കേന്ദ്രീകരിച്ച് 20ലധികം മയക്കുമരുന്ന് കേസുകൾ ഇരിട്ടി പോലീസിന്റെ നേതൃത്വത്തിൽ പ്രതികളെ ഉൾപ്പെടെ പിടികൂടിയിട്ടുണ്ട്.
കൂട്ടുപുഴ എക്സൈസ് ഉദ്യോഗസ്ഥനെ ഉൾപ്പടെ വാഹനവുമായി കടന്നുകളഞ്ഞ മയക്കുമരുന്ന് കേസിലെ പ്രതിയെ പിന്തുടർന്ന് പിടികൂടിയത്, ബിഎസ്എൻഎൽ ഓഫിസിൽ മോഷണം നടത്തിയ അന്തർസംസ്ഥാന പ്രതിയെ സൂക്ഷ്മമായ അന്വേഷണത്തിലൂടെ പിടികൂടിയത്,
ഇരിട്ടിയിലെ ജ്വല്ലറിയിൽ നിന്നും പട്ടാപകൽ മോഷണം നടത്തിയ പ്രതികളെ രണ്ടുവർഷത്തിന് ശേഷം പിടികൂടിയത്, ഇരിട്ടിയിലെ സ്ഥാപനങ്ങളിലും ആരാധന ആലയങ്ങളിലും മോഷണം നടത്തിയ പ്രതികളെ പിടികൂടിയത്, മരവ്യാപാരികളെ കബിളിപ്പിക്കുന്ന കുപ്രിദ്ധ മോഷ്ടാവിനെ തന്ത്രപരമായി പിടികൂടിയത് ഉൾപ്പെടെ നിരവധി കേസുകളാണ് ഇരിട്ടി പോലീസിന്റെ കൃത്യമായ നീക്കത്തിലൂടെ തെളിയിക്കപ്പെട്ടത്.
കർമനിരതരായി 53 അംഗ സേന
ഇരിട്ടിഎസ്എച്ച്ഒ മെൽബിൻ ജോസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ. ഷറഫുദ്ദീൻ, റെജി സ്കറിയ, ടി.ജി. അശോകൻ, മുഹമ്മദ് നജ്മി ഉൾപ്പെടെ 53 പേരാണ് ഇരിട്ടി സ്റ്റേഷൻ സേനയിൽ ഉള്ളത്.
ഇരിട്ടി ജനമൈത്രി പോലീസിന്റെ എടുത്തുപറയേണ്ട മറ്റൊരു പ്രവൃത്തി അവാർഡിന് പരിഗണിച്ചതല്ലെങ്കിലും എന്നും ഓർമിക്കേണ്ടതാണ്. കിളിയന്തറയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചെന്നൈ സ്വദേശി യുവാവ് ചെന്നൈയിൽ ചികിത്സയിൽ ഇരിക്കുമ്പോൾ മരണപ്പെട്ടിരുന്നു.
കേസ് രജിസ്റ്റർ ചെയ്തത് ഇരിട്ടി സ്റ്റേഷൻ പരിധിയിൽ ആയിരുന്നതുകൊണ്ട് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ ഇരിട്ടിയിൽ നിന്നും ഉദ്യോഗസ്ഥർ ചെന്നൈയിൽ എത്തേണ്ടതുണ്ട്.
ചുരുങ്ങിയത് രണ്ടുദിവസത്തെ നടപടിക്രമണങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ രേഖകൾ ഉൾപ്പെടെ മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്ക് മാറ്റി നടപടികൾ പൂർത്തിയാക്കാൻ കഴിയുകയുള്ളു.
എന്നാൽ, മണിക്കൂറുകൾകൊണ്ട് എല്ലാ പ്രവൃത്തികളും പൂർത്തിയാക്കി എസ്ഐ റെജി സ്കറിയയെ ഫ്ലൈറ്റിൽ ചെന്നൈയിലേക്ക് അയച്ച് 24 മണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തിയാക്കി കുടുംബത്തിന് മൃതശരീരം വിട്ടുകൊടുക്കാൻ കാണിച്ച പ്രവർത്തനം ഏറെ പ്രശംസക്ക് കാരണമായിരുന്നു. എ. കുട്ടികൃഷ്ണൻ തന്നെയായിരുന്നു അന്നും എസ്എച്ച്ഒ.
മറ്റൊരു നേട്ടമാണ് ഇരിട്ടി പോലീസ് സ്റ്റേഷന് സമീപത്തെ "അന്നം അഭിമാനം' പദ്ധതി. ഇരിട്ടിയിൽ എത്തുന്നവർക്ക് ഭക്ഷണം ഇല്ലാതെ ബുദ്ധിമുട്ടുന്നവർക്ക് കഴിഞ്ഞ രണ്ടുവർഷമായി ഭക്ഷണം നൽകിപ്പോരുന്ന ഈ പദ്ധതി മറ്റൊരു അംഗീകാരമാണ്.
സംസ്ഥാന പോലീസ് മേധാവിയുടെ അടുത്ത ക്രൈം കോൺഫറൻസിൽ വച്ച് ഇരിട്ടി എസ്എച്ച്ഒ പുരസ്ക്കാരം ഏറ്റുവാങ്ങും.

കൂട്ടായ പ്രവർത്തനമാണ് വിജയത്തിനു പിന്നിലെ രഹസ്യം
കൂട്ടായ പ്രവർത്തനമാണ് വിജയത്തിന് പിന്നലെ രഹസ്യം. വിവിധ ടീമുകളായി തിരിഞ്ഞ് നടത്തിയ പ്രവർത്തങ്ങളാണ് ഇരിട്ടിയെ പോലുള്ള പോലീസ് സ്റ്റേഷനെ കേരളത്തിലെ നമ്പർ വൺ സ്റ്റേഷനായി ഉയർത്തിയത്.
മുന്പ് ജോലിചെയ്തവരും ഇപ്പോൾ ചെയ്യുന്നവരും ഒരേ മനസോടെ പ്രവർത്തിച്ചു. ഈ അഭിമാനനേട്ടം ഇരിട്ടി സബ് ഡിവിഷനിലെ പോലീസ് സ്റ്റേഷന് ലഭിച്ചതിൽ അഭിമാനിക്കുന്നു.
പിന്നിൽ പ്രവർത്തിച്ചവർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ഇരിട്ടി ഡിവൈഎസ്പി പി.കെ. ധനജ്ഞയ ബാബു

കൂട്ടായ പ്രവർത്തനവും മേലുദ്യോഗസ്ഥരുടെ പിന്തുണയും
അപൂർവ നേട്ടത്തിലേക്ക് എത്താൻ കാരണം കൂട്ടായ പ്രവർത്തനവും മേലുദ്യോഗസ്ഥരായ റൂറൽ എസ്പി അനുജ് പലിവാൾ, ഡിവൈഎസ്പി പി.കെ. ധനജ്ഞയ ബാബു എന്നിവരുടെ പിന്തുണയും പ്രോത്സാഹനവുമാണ്.
പൂർത്തീകരിച്ച പ്രവർത്തികൾക്ക് അന്തിമ രൂപം നൽകുക മാത്രമായിരുന്നു എന്റെ ഡ്യൂട്ടി. വയനാട് ജില്ലയിലെ തൊണ്ടർനാട് പോലീസ് സ്റ്റേഷൻ ആയിരുന്നു മത്സരത്തിൽ ഒപ്പമുണ്ടയിരുന്നത്.
കണ്ണൂർ റൂറൽ ജില്ല രൂപീകൃതമായ ശേഷം ഒരു പോലീസ് സ്റ്റേഷന് ലഭിക്കുന്ന ആദ്യ അംഗീകാരം കൂടിയാണിത്.
എസ്എച്ച്ഒ മെൽബിൻ ജോസ്