നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബൈസന്റൈന്‍ സാമ്രാജ്യത്തെ വിറപ്പിച്ച ജസ്റ്റിനിയന്‍ പ്ലേഗ് എന്ന മഹാമാരിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.
ജോര്‍ദാനിലെ പുരാതന നഗരമായ ജെറാഷില് കണ്ടെത്തിയ കൂട്ടക്കുഴിമാടത്തില്‍ നിന്നുള്ള ഡിഎന്‍എ പരിശോധനയിലൂടെയാണ് ശാസ്ത്രലോകം ചരിത്രത്തിലെ ആദ്യ വലിയ മഹാമാരിയുടെ വ്യാപ്തി തിരിച്ചറിയുന്നത്.
ജസ്റ്റിനിയന്‍ പ്ലേഗ്: ഒരു ചരിത്ര ദുരന്തം
എഡി 541 മുതല്‍ 750 വരെ മെഡിറ്ററേനിയന്‍ മേഖലയില്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത രോഗമാണിത്. പ്ലേഗിന് കാരണമാകുന്ന യെര്‍സീനിയ പെസ്റ്റിസ് എന്ന ബാക്ടീരിയയാണ് ഈ കൂട്ടമരണങ്ങള്‍ക്കു പിന്നിലെന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു.
സൗത്ത് ഫ്ളോറിഡ സര്‍വകലാശാലയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംഘമാണ് പഠനം നടത്തിയത്. മരിച്ചവരുടെ പല്ലുകളില്‍നിന്നു വേര്‍തിരിച്ചെടുത്ത ഡിഎന്‍എ ആണ് നിര്‍ണായക വിവരങ്ങള്‍ക്ക് അടിസ്ഥാനമായത്.
ഇതൊരു സാധാരണ സെമിത്തേരിയല്ല, മറിച്ച് ചുരുങ്ങിയ കാലയളവില്‍ മരിച്ച നൂറുകണക്കിന് ആളുകളെ ഒന്നിച്ച് അടക്കം ചെയ്ത കൂട്ടക്കുഴിമാടമാണെന്ന് ഗവേഷകര്‍ കണ്ടെത്തി.
വിവിധ പ്രായത്തിലുള്ളവരും പല ദേശങ്ങളില്‍നിന്ന് എത്തിയവരും ഈ കുഴിമാടത്തിലുണ്ട്. ആ കാലഘട്ടത്തിലെ പ്രധാന വ്യാപാരകേന്ദ്രമായിരുന്നു ജെറാഷ് എന്നത് ഇതിനു കാരണമായി.
കോവിഡ് കാലത്തെ ലോക്ക്ഡൗണിന് സമാനമായി, പ്ലേഗ് പടര്‍ന്നപ്പോള്‍ പലയിടങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ ജെറാഷ് നഗരത്തില്‍ കുടുങ്ങിപ്പോയതായി പഠനം സൂചിപ്പിക്കുന്നു. നിരന്തരം സഞ്ചരിച്ചിരുന്ന ജനത ഒരിടത്ത് ഒതുങ്ങിക്കൂടാന്‍ നിര്‍ബന്ധിതരായത് രോഗത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു.
ബാക്ടീരിയയെ കണ്ടെത്തുക എന്നതിലുപരി, ആ കാലഘട്ടത്തിലെ മനുഷ്യരുടെ ദുരിതവും അതിജീവനവും ഈ കണ്ടെത്തലിലൂടെ മനസിലാക്കാന്‍ സാധിച്ചു. പുരാവസ്തു ഗവേഷകര്‍, ചരിത്രകാരന്മാര്, ജനിതകശാസ്ത്രജ്ര് എന്നിവര്‍ ഒത്തുചേര്‍ന്നാണ് ഈ ദൗത്യം പൂര്‍ത്തിയാക്കിയത്.
സിഡ്നി സര്‍വകലാശാലയിലെയും ഫ്ളോറിഡ അറ്റ്ലാന്റിക് സര്‍വകലാശാലയിലെയും വിദഗ്ധര്‍ ഇതില്‍ പങ്കാളികളായി. പുരാതന ലിഖിതങ്ങളില്‍ മാത്രം വായിച്ചറിഞ്ഞ മഹാമാരിയെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പുനരാവിഷ്കരിക്കാന്‍ പഠനത്തിലൂടെ സാധിച്ചു.
ജെറാഷിലെ ഈ കൂട്ടക്കുഴിമാടം കേവലം മരണത്തിന്റെ അടയാളമല്ല, മറിച്ച് ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രതിസന്ധിയെ ഒരു നഗരം എങ്ങനെ നേരിട്ടു എന്നതിന്റെ നേര്‍സാക്ഷ്യം കൂടിയാണെന്ന് ഗവേഷകര്‍ പറയുന്നു.
Tags : Plague of Justinian Justinianic Plague Jordan Todays Story