സെലിബ്രല്‍ പാഴ്സിയെന്ന രോഗത്തിന്റെ എല്ലു നുറുങ്ങുന്ന വേദനയെ അവഗണിച്ചും ചികിത്സയുടെ ഭാഗമായി തുടയെല്ല് പോലും നീക്കം ചെയ്തിട്ടും തെല്ലും പതറാതെ എന്നുവരെ നീളുമെന്ന് ഉറപ്പില്ലാത്ത തന്റെ ജീവിതത്തെ വെല്ലുവിളിച്ച് മുന്നേറുന്ന പിലാത്തറ ചുമടുതാങ്ങിയിലെ ശ്രീനിധിയില്നിന്നു സമൂഹത്തിന് പഠിക്കാനുണ്ടേറെ.
കേരളത്തിലങ്ങോളമുള്ള ഭിന്നശേഷിക്കാരായ കൂട്ടികളെ നിരാശയ്ക്ക് വിട്ടുകൊടുക്കാതെ സ്വയം പര്യാപ്തരാക്കുന്നതിലൂടെ ശുഭാപ്തി വിശ്വാസികളാക്കുവാന്‍ ജീവിതലക്ഷ്യം ചൂണ്ടിക്കാണിച്ചുകൊടുക്കുകയാണ് രോഗശയ്യയിലും ശ്രീനിധിയെന്ന ഇരുപത്തൊന്നുകാരന്.
പെരിങ്ങോം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകന് ടി.വി. മാധവന്റെയും ലളിതാംബികയുടെയും മകനാണ് ജന്മനാ രോഗബാധിതനായ ശ്രീനിധി. രോഗാവസ്ഥയെ അതിജീവിച്ചുള്ള പഠനത്തിലൂടെ എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും മികച്ച വിജയം കൈപ്പിടയിലൊതുക്കിയ ശ്രീനിധി ഇപ്പോള്‍ പയ്യന്നൂര്‍ കോളജിലെ ബിഎ ഇംഗ്ലീഷ് ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥികൂടിയാണ്.
അമ്മയാണ് ശ്രീനിധിയെ കോളജിലേക്കും തിരിച്ചുമെത്തിച്ചിരുന്നത്. ഇരുപതോളം ശസ്ത്രക്രിയകള്‍ ചെയ്തിട്ടും ഫലമില്ലാത്തതിനാല്‍ ഒടുവില്‍ തുടയെല്ലും നീക്കം ചെയ്യേണ്ടിവന്നു.
ഇതോടെ കോളജില്‍ പോകാനാകാതെ പൂര്‍ണമായും കിടപ്പിലായിട്ടും വിധിക്ക് സെറിബ്രല്‍ പാഴ്സി ക്വാഡ്രാ പ്ലീജിക്ക് സിവിയറായ ശ്രീനിധിയെ തോല്‍പ്പിക്കാനായില്ല.
വേദനകള്‍ക്കിടയിലും സ്വപ്നസാഫല്യം
വേദനകൊണ്ട് ഞെളിപിരി കൊള്ളുമ്പോഴും വേദന സംഹാരിയില്‍ വേദനയൊതുക്കി മറ്റുള്ളവരെ സ്വന്തം കാലില്‍ നില്ക്കാന് പ്രേരിപ്പിക്കുന്ന ശ്രീനിധിയുടെ ചിരി നമ്മുടെ കണ്ണുകളെ ഈറനണിയിക്കും.
തന്നേപ്പോലെ കേരളത്തിലുടനീളമുള്ള ഭിന്നശേഷിക്കാരെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വയം പര്യാപ്തരാക്കുകയെന്ന സ്വപ്നമായിരുന്നു ശ്രീനിധിയുടേത്.
ഇതിനായി സാങ്കേതിക പരിജ്ഞാന പദ്ധതിയായ സ്ക്രീന്‍ റീഡര്‍ ടോക്സ് (എസ്ആർ ടോക്സ്) തയാറാക്കി ഇതിലൂടെ ക്യാമ്പ് സംഘടിപ്പിച്ചു.
പിന്നീട് ഭിന്നശേഷിക്കാര്‍ക്കായി നിരവധി ഓണ്‍ലൈന്‍ പരിശീലന ക്ലാസുകള്‍ സംഘടിപ്പിച്ചു. പിന്നീടത് സുമനസുകളുടെ സഹകരണത്തോടെ ഓഫ്ലൈന് ക്യാമ്പാക്കി മാറ്റി.
ഓണ്‍ലൈനിലൂടെ കംപ്യൂട്ടര്‍ പരിശീലനം നല്കി വന്നതിനൊടുവില്‍ കേരളത്തിലെ മുപ്പത്തിരണ്ട് ഭിന്നശേഷിക്കാര്‍ക്കായി അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പാണ് പയ്യന്നൂരില്‍ സംഘടിപ്പിച്ചത്.
വീല്‍ചെയറിലിരുന്ന് ക്യാമ്പിന് നേതൃത്വം നല്കിയ ശ്രീനിധിക്ക് സ്വപ്നസാഫല്യത്തിന്റെ ദിവസങ്ങളായിരുന്നു അത്.

തിരുവനന്തപുരത്തെ ചക്ഷുമതി, വിംഗ്സ് എന്നീ സന്നദ്ധ സംഘടനകളും പയ്യന്നൂര്‍ കോളജിന്റെ ഈക്വല്‍ ഓപ്പര്‍ചൂണിറ്റി സെല്‍, പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്, കൊക്കാനിശേരി ജേസിസ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ലക്ഷങ്ങള്‍ ചെലവുവന്ന ക്യാമ്പുകള്‍ സംഘടിപ്പിച്ചത്.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്ക് ലാപ്ടോപ്പുകള് വിതരണം ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍, രണ്ടുപേര്‍ക്കാണ് ലാപ്ടോപ്പുകള് നല്‍കാനായത്.
കുറച്ചുപേര്‍ക്കുകൂടി ലാപ്ടോപ്പ് നല്കാന് സന്മനസുള്ള സുമനസിനെ കാത്തിരിക്കുകയാണിയാള്‍.
ഭിന്നശേഷിക്കാരെ ചേര്‍ത്തുപിടിച്ച്
ഭിന്നശേഷിക്കാരായ മറ്റുള്ളവരെ സ്വന്തം കാലില്‍ നിര്‍ത്തിക്കാനായി പരിശ്രമിക്കുന്ന ശ്രീനിധി ഇന്ന് തിരക്കുള്ള ഒരു ടൂര്‍ ഓപ്പറേറ്റര്‍ കൂടിയാണ്. കൊച്ചിയിലെ ഹോളിഡേ ട്രാവല്‍ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടാണ് ശ്രീനിധി ടൂറിസവുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്നത്.
ഫ്ലൈറ്റ് ടിക്കറ്റ്, ട്രെയിന്‍ ടിക്കറ്റ്, ടാക്സി സര്‍വീസ്, ഹോട്ടല്‍ ബുക്കിംഗ്, ഡൊമസ്റ്റിക് ആൻഡ് ഇന്റര്‍നാഷണല്‍ ട്രാവല്‍ പാക്കേജ്, വീസ സര്‍വീസ്, മെഡിക്കല്‍ ബുക്കിംഗ്, ട്രാവല്‍ ഇന്‍ഷ്വറന്‍സ്, തീര്‍ഥാടന കേന്ദ്ര സന്ദര്‍ശനങ്ങള്‍, സ്റ്റഡി ടൂര്‍, മണി ട്രാന്‍സ്ഫര്‍, രാജസ്ഥാന്, മൂന്നാര്‍, കൊടൈക്കനാല്‍, ഊട്ടി, ചിക്മാഗ്ളൂര് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ എന്നിവയുടെ പാക്കേജുകള്‍ ശ്രീനിധി ബുക്കുചെയ്തു കൊടുക്കുന്നു.
തനിക്കൊരു പാര്‍ട് ടൈം ജോലിയുണ്ടെന്ന് അഭിമാനത്തോടെയാണ് ഇയാള്‍ പറയുന്നത്. ഓഡിയോ ലൈബ്രറിയിലൂടെ പരിചയപ്പെട്ട അതുല്‍ കൂടിയെത്തിയതോടെ ശ്രീനിധിക്ക് വലിയ സഹായകമായി. ഭിന്നശേഷിക്കാരായ നാലുപേരുള്‍പ്പെടെ ആറുപേര്‍ ചേര്‍ന്ന് രൂപം കൊടുത്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രസിഡന്റ് കൂടിയാണ് ശ്രീനിധി.
കോവിഡ് സമയത്ത് വീട്ടനകത്ത് ചടഞ്ഞുകൂടുന്നതിന്റെ വിരസതയകറ്റാനായി ഓണ്‍ലൈനില്‍ തുടങ്ങിയ ബന്ധങ്ങളും ചിന്തകളുമാണ് കാഴ്ചപരിമിതിയുള്ളവരെയും മറ്റ് ഭിന്നശേഷിക്കാരെയും ചേര്‍ത്ത് പിടിക്കുന്നതിനും അവരെ സ്വന്തം കാലില്‍ നില്‍ക്കുന്നതിനുള്ള പരിശീലനങ്ങള്‍ നല്‍കുന്നതിനും ഇടയാക്കിയത്.
ശ്രീനിധിയുടെ ഫോണ്‍: 7012687583.
Tags : Todays Story