തിരുവനന്തപുരം: കൊടുംചൂടിൽ ആശ്വാസമായി സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും തിങ്കളാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ശനി, ഞായർ ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്നും ഞായറാഴ്ചയും വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഭൂമധ്യരേഖാ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്നു. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ശ്രീലങ്ക ഭാഗത്തേക്ക് സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളിൽ ദുർബലമാകാൻ സാധ്യതയുണ്ട്.
ഭൂമധ്യരേഖാ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോടു ചേർന്നുള്ള തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
ന്യൂനമർദ്ദത്തിൽ നിന്നും തെക്കൻ തമിഴ്‌നാടിനും തെക്കൻ കേരളത്തിനും കുറുകെ ലക്ഷദ്വീപ് വരെ ന്യൂനമർദപാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്‍റെ സ്വാധീനഫലമായാണ് മഴയെത്തുന്നത്.
Tags : Kerala rains weather update Rain Alert Kerala Temperature