x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുവതലമുറയില്ല, പത്തനംതിട്ടയിൽ കലാലയങ്ങൾ അടച്ചുപൂട്ടലിന്‍റെ വക്കിൽ

ബിജു കുര്യൻ
Published: February 10, 2026 01:56 PM IST | Updated: February 10, 2026 02:01 PM IST

എഐ ഇമേജ്

പത്തനംതിട്ട: ഉന്നത വിദ്യാഭ്യാസവും തൊഴിലും തേടി യുവതലമുറ നാടുവിട്ടപ്പോൾ പത്തനംതിട്ടയിലെ കലാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. പതിറ്റാണ്ടുകളുടെ പാരന്പര്യമുള്ള ജില്ലയിലെ കോളജുകളിൽ പോലും പല കോഴ്സുകൾക്കും കുട്ടികളെ ലഭിക്കുന്നില്ല. ബിരുദ കോഴ്സുകളിൽ വിരലിലെണ്ണാവുന്ന കുട്ടികളാണ് പലയിടത്തുമുള്ളത്. സ്വാശ്രയ മേഖലയിൽ തുടങ്ങിയ ആർട്സ് ആൻഡ് സയൻസ് കോളജുകൾക്കു പിടിച്ചു നിൽക്കാനാകുന്നില്ല. എൻജിനിയറിംഗ് കോളജുകളിലും കുട്ടികളുടെ കുറവുണ്ട്. ജില്ലയിൽ രണ്ട് എൻജിനിയറിംഗ് കോളജുകൾ കുട്ടികൾ ഇല്ലാത്തതു കാരണം അടച്ചു.

പ്രാഥമിക വിദ്യാഭ്യാസ മേഖലയിലും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ കുറവ് സാരമായുണ്ട്. കഴിഞ്ഞ സെൻസസിൽ ജനസംഖ്യ നിരക്ക് മൈനസായിരുന്ന സ്ഥലമാണ് പത്തനംതിട്ട. ജനസംഖ്യയിലെ കുറവിനൊപ്പം ആളുകൾ വിദേശരാജ്യങ്ങളിലേക്കു മാറാൻ ഇഷ്ടപ്പെടുന്ന പ്രവണതയും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്പിനെ ബാധിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ആവശ്യമായ തൊഴിൽ മേഖലകൾ ഒരുക്കിക്കൊടുക്കാൻ ജില്ലയ്ക്കു കഴിയാത്തതിനാൽത്തന്നെ കൂടുതൽ കുട്ടികളും മറ്റ് സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തക്കു പോകാൻ മറ്റൊരു കാരണം. പലരും പിന്നീട് വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാകുകയും ചെയ്യുന്നു. നാലു മെഡിക്കൽ കോളജുകളാണ് ജില്ലയിൽ ഉള്ളത്. ഇതിനൊപ്പം തൊഴിലധിഷ്ഠിത കോഴ്സുകളുമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പ്രസക്തി ഏറിയിട്ടുമുണ്ട്.

 

K-Rail Survey

അവകാശികളില്ലാതെ111 കോടി

അവകാശികൾ ഇല്ലാതെ ജില്ലയിലെ ദേശസാൽകൃത ബാങ്കുകളിൽ കെട്ടികിടക്കുന്നത് 111.82 കോടി രൂപ. 4,07,747 ബാങ്ക് അക്കൗണ്ടുകളിലായാണ് ഇത്രയും തുകയുള്ളത്.
അവകാശികളെ നിശ്ചയിക്കാത്ത അക്കൗണ്ടുകളിലാണ് ഇത്രയധികം തുക ഉള്ളത്. ഇൻഷ്വറൻസ്, ഓഹരി, ഡിവിഡന്‍റ്, മ്യൂച്വൽ ഫണ്ട് എന്നിവയിലുള്ള നിക്ഷേപങ്ങൾകൂടി വരുന്നതോടെ ആകെത്തുക ഇനിയും വർധിക്കും.

രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളുടെയും ശാഖകളുണ്ടായിരുന്ന കുന്പനാടും തിരുവല്ലയുമൊക്കെ ഒരുകാലത്തു നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിൽ മുൻപന്തിയിലായിരുന്നു. ഇത്തരം സ്ഥലങ്ങളിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന പല കുടുംബങ്ങളിലെയും ആളുകൾ മരിച്ചതോടെ അവകാശികളില്ലാതെ പണം കെട്ടിക്കിടക്കുന്ന സ്ഥിതിയായി.

ആളില്ലാ വീടുകൾ 61,000

പത്തനംതിട്ട ജില്ലയിൽ ആളില്ലാ വീടുകൾ 61,000 വരുമെന്നാണ് കണക്കുകൾ. വിദേശത്തേക്കു പോയവർ അവിടെതന്നെ സ്ഥിരതാമസമാക്കിയതോടെയാണ് വീടുകൾ അടച്ചുപൂട്ടപ്പെട്ടത്. പുതിയ കണക്കുകൾ പ്രകാരം ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയിൽ ശരാശരി 900 വീടുകൾ അടഞ്ഞു കിടക്കുകയാണ്. അടൂർ നഗരസഭ പ്രദേശത്താണ് ഏറ്റവും കൂടുതൽ വീടുകൾ അടഞ്ഞുകിടക്കുന്നത്. 3,266 വീടുകൾ അടൂരിൽ മാത്രം അടഞ്ഞു കിടക്കുന്നവയാണ്.

പത്തനംതിട്ട നഗരപരിധിയിൽ 2,452 വീടുകളും അടഞ്ഞു കിടക്കുകയാണ്. കുന്പനാട്, ഇരവിപേരൂർ മേഖലകളിൽ 2,630 വീടുകളിൽ ആളില്ല. തിരുവല്ല നഗരസഭയിൽ 1,050 വീടുകൾ അടച്ചിട്ടിരിക്കുകയാണ്. പന്തളത്ത് 1521 വീടുകളും അടഞ്ഞുകിടക്കുന്നു. കടന്പനാട്ട് 2031, ഏഴംകുളത്ത് 1986, മല്ലപ്പള്ളിയിൽ 1150, റാന്നിയിൽ 950, കോന്നിയിൽ 759, കവിയൂരിൽ 750, പഴവങ്ങാടിയിൽ 730 എന്നിങ്ങനെയും വീടുകൾ അടഞ്ഞു കിടക്കുകയാണ്. കോവിഡ് കാലത്തിനു ശേഷമാണ് പലരും വിദേശത്തേക്കു സ്ഥിരതാമസമാക്കിയത്.

വയോധികർ കാമറയിൽ

ജില്ലയിൽ വയോധികർ മാത്രം കഴിയുന്ന വീടുകളുടെ എണ്ണത്തിലും ക്രമാതീതമായ വർധനയുണ്ട്. മക്കളും കൊച്ചുമക്കളുമെല്ലാം വിദേശത്തായതിനാൽ അവർ അവിടെയിരുന്നു വയോധികരായ മാതാപിതാക്കളെ കാമറ നിരീക്ഷണം നടത്തുകയാണ്. ഭക്ഷണം പോലും പുറമേനിന്ന് ഓർഡർ നൽകി മാതാപിതാക്കൾക്കു കൃത്യമായി എത്തിച്ചു നൽകും. രാത്രിയിൽ കൂട്ടുകിടക്കാനും ആളുകളെ ക്രമീകരിച്ചിട്ടുണ്ട്. ചികിത്സാ കാര്യങ്ങൾ ആശുപത്രികളും വീടുകളിലെത്തി ക്രമീകരിച്ചു നൽകും. ഇത്തരത്തിലുള്ള ജീവിതരീതികളിലേക്കു വയോധികരും ഇഴകിച്ചേർന്നിരിക്കുകയാണ്.

കാടുകയറി കൃഷിയിടങ്ങൾ

കാർഷിക മേഖലയുടെ തകർച്ച ജില്ലയുടെ സാന്പത്തികാടിത്തറയെയും ബാധിച്ചു. റബറിനു വിലസ്ഥിരത ഇല്ലാതെ പോയതോടെ കർഷകർ മറ്റു കൃഷികളിലേക്കു കടന്നു. എന്നാൽ, പന്നിയും ആനയും എല്ലാം കാടുവിട്ട് നാട്ടിൽ താമസമാക്കിയതോടെ ഇതര കൃഷികളുടെ പ്രതീക്ഷയും അസ്തമിച്ചു. വനമേഖലയിൽനിന്ന് കാട്ടുപന്നി കിലോമീറ്ററുകൾ താണ്ടി ജില്ലയുടെ പടിഞ്ഞാറൻ മേഖല വരെ എത്തി. നെൽക്കൃഷിയെ അടക്കം കാട്ടുപന്നിയുടെ ശല്യം ബാധിച്ചു. ഇതോടെ കൃഷിയിടങ്ങൾ കർഷകർ തരിശിട്ടു തുടങ്ങി.

വന്യമൃഗങ്ങൾ

കാടുകയറിയ കൃഷിയിടങ്ങളിലേക്കു കൂടുതൽ കാട്ടുമൃഗങ്ങൾ താമസമാക്കിത്തുടങ്ങി. ആവാസ വ്യവസ്ഥയെതന്നെ ബാധിക്കുന്ന തരത്തിലേക്കാണ് ഇപ്പോഴത്തെ കാട്ടുമൃഗ പ്രശ്നങ്ങൾ. കാർഷിക മേഖലയുടെ പുരോഗതി ലക്ഷ്യമാക്കിയുള്ള പദ്ധതികൾ പലതും കടലാസിൽഒതുങ്ങി. പ്രധാന നദികളെല്ലാം മാലിന്യം നിറഞ്ഞ് നശിച്ചു.
കാർഷിക വിളകൾക്കു ന്യായമായ വില ലഭിക്കാത്തതും സംഭരണത്തിന് അടക്കം സൗകര്യം ഇല്ലാത്തതും കർഷകരെ ബാധിച്ചു.

Tags : young generation colleges Pathanamthitta kerala verge of closure abroad struggle

Recent News

Up