തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ അപ്പീൽ നൽകി ആന്റണി രാജു. തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകിയത്. ഹർജി ശനിയാഴ്ച കോടതി പരിഗണിക്കും.
തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിനും ഒന്നാം പ്രതി കെ.എസ്. ജോസിനും നെടുമങ്ങാട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതി മൂന്ന് വര്‍ഷമാണ് തടവുശിക്ഷ വിധിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. ജനുവരി മൂന്നിനാണ് ശിക്ഷ വിധിച്ചത്.
ഗൂഢാലോചനയ്ക്ക് ആറ് മാസം തടവ്, തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കിയതിന് മൂന്ന് വർഷം തടവ് എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്.
തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിക്ക് ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. 1990 ലാണ് സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ ആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.
Tags : Antony Raju prison jail case