കൊച്ചി: ജീവിതത്തില്‍ എല്ലാവര്ക്കും നന്മ മാത്രം ആഗ്രഹിച്ച ശ്രീനിവാസന് അവസാന കുറിപ്പ് എഴുതി സംവിധായകന് സത്യന് അന്തിക്കാട്. മക്കളുടെ അഭ്യര്‍ഥനപ്രകാരമാണു ശ്രീനിവാസന്റെ ചിതയില്‍ “എന്നും എല്ലാവര്ക്കും നന്മകള് മാത്രം വരട്ടെ’’ എന്ന കുറിപ്പ് സത്യന് അന്തിക്കാട് വച്ചത്.
സിനിമയില്‍ തനിക്കു ശക്തിയായിരുന്ന സുഹൃത്തിന്റെ വിയോഗത്തില്‍ വിങ്ങിനിന്ന സത്യന് അന്തിക്കാടിനോട് ശ്രീനിവാസന്റെ ഇളയ മകന് ധ്യാന്‍, അച്ഛന് അവസാനമായി ഒരു കുറിപ്പെഴുതാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. ധ്യാനിന്റെ ആഗ്രഹം സഹോദരൻ വിനീത് ശ്രീനിവാസനും അംഗീകരിച്ചതോടെ ശ്രീനിവാസന്റെ മുറിയിൽനിന്നും എടുത്ത കടലാസില്‍ സത്യന് “എന്നും എല്ലാര്ക്കും നന്മകള് മാത്രം വരട്ടെ” എന്ന കുറിപ്പെഴുതി.
മൃതദേഹത്തിനൊപ്പം ചിതയില്‍ ആ സന്ദേശവും പേനയും വച്ചാണ് തീ കൊളുത്തിയത്. ശ്രീനിവാസന്റെ മനസാണ് താന്‍ കടലാസില്‍ എഴുതിയതെന്ന് സത്യന് അന്തിക്കാട് പറഞ്ഞു.
തന്റെ സിനിമയുടെ ദിശ തിരിച്ചറിഞ്ഞത് ശ്രീനിവാസനിലൂടെയാണെന്ന് അനുശോചനയോഗത്തില്‍ അദ്ദേഹം പറഞ്ഞു. തന്റെ സിനിമകളില്‍ ശ്രീനിവാസന് എഴുതാത്ത തിരക്കഥകളും അദ്ദേഹവുമായി ചര്‍ച്ചചെയ്തിരുന്നു. രാഷ്ട്രീയം പ്രമേയമാക്കി ഒരു സിനിമ ചെയ്യണമെന്ന് ആലോചിച്ചിരുന്നു. നടന് കൂടിയായതിനാല്‍ ശ്രീനിവാസനിലെ എഴുത്തുകാരനെ നാം വേണ്ടവിധം ആഘോഷിച്ചിട്ടില്ല.
ശ്രീനിവാസനെ കൂടുതല്‍ വായിക്കാനും തിരിച്ചറിയാനും പോകുന്നതേയുള്ളൂവെന്നും സത്യന് അന്തിക്കാട് പറഞ്ഞു. രണ്ടാഴ്ച കൂടുമ്പോാള് സത്യന് അന്തിക്കാട് കണ്ടനാട്ടിലെ ശ്രീനിയുടെ വീട്ടിലെത്തുമായിരുന്നു.
Tags : Dhyan Srinivasan Sathyan Anthikadu final lines Srinivasan