ഇടുക്കി: ഇടുക്കിയിൽ പെട്രോളൊഴിച്ച് വീടിന് തീവച്ച് അഞ്ചംഗ കുടുംബത്തെ അപായപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. അയ്യപ്പൻകോവിൽ ഇടപ്പൂക്കുളം കൊച്ചുപുരയ്ക്കൽ കെ. യു. ബെന്നിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ ബെന്നിയുടെ സഹോദരൻ ജോസ് ഉലഹന്നാൻ (69) ആണ് പിടിയിലായത്. ശനിയാഴ്ച പുലർച്ചെ 2.45ഓടെയാണ് സംഭവം. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും തമ്മിൽ അകൽച്ചയിലായിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമായത്.
സംഭവം ദിവസം ബെന്നിയുടെ വീടിന്റെ പിന്നിലെ മൺതിട്ട ചാടി കടന്നെത്തിയ ജോസ് ഫ്യൂസ് ഊരിമാറ്റി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തുടർന്ന് ചാക്കിൽ പ്ലാസ്റ്റിക് കുപ്പികൾ നിറച്ചശേഷം വീടിന്റെ മുൻവശത്തെയും പുറകിലത്തെയും വാതിൽക്കൽ വച്ചു.
മുൻവശത്തെ വാതിൽക്കൽ വച്ച ചാക്കിന് തീയിട്ടപ്പോൾ പെട്രോൾ വീണ പ്ലാസ്റ്റിക് കുപ്പി വലിയ ശബ്ദത്തിൽ പൊട്ടി. ഇതുകേട്ട് ഉണർന്ന കുടുംബം പിൻവാതിലിലൂടെ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാർ ഉണർന്നതിനാൽ മറ്റിടങ്ങളിൽ തീയിടാതെ ജോസ് ഓടി രക്ഷപെട്ടു.
സംഭവത്തെ തുടർന്ന് ഉപ്പുതറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതോടെ ജോസ് വീട്ടിൽ നിന്ന് മുങ്ങി. ഇത് സംശയത്തിനിടയാക്കി. ഞായറാഴ്ച രാത്രി മേരികുളത്ത് ബസിറങ്ങിയ ജോസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
താൻ കന്യാകുമാരിക്ക് പോയെന്നാണ് ജോസ് പോലീസിനോട് ആദ്യം പറഞ്ഞത്. കസ്റ്റഡിയിൽ എടുത്ത് താമസിയാതെ ജോസ് കുറ്റം സമ്മതിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : Attempt to murder kerala police crime news idukki