തിരുവനന്തപുരം : ലോറിയെ മറികടക്കുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് ലോറിക്കടിയിൽപ്പെട്ട് എൻജിനീയറിംഗ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച രാത്രി എട്ടിന് കമലേശ്വരത്തുവച്ചുണ്ടായ അപകടത്തിൽ പാച്ചല്ലൂർ മുഹമ്മദ് അഷറഫിന്റെയും സുമയ്യയുടെയും മകൻ ആരിഫ് മുഹമ്മദ് (21) ആണ് മരിച്ചത്.
വണ്ടിത്തട എസിഇ എൻജിനീയറിംഗ് കോളജിലെ മൂന്നാംവർഷ വിദ്യാർഥിയാണ് ആരിഫ് മുഹമ്മദ്. പാച്ചല്ലൂരിലെ വീട്ടിൽനിന്ന് നഗരത്തിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. അപകടം നടന്ന ഉടൻ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. റിസ്വാൻ, അഫ്സൽ എന്നിവർ ആരിഫിന്റെ സഹോദരങ്ങളാണ്.
Tags : acciden bike lorry student death