റാന്നി: ഐത്തല കളരിക്കല്‍ കടവില്‍ പമ്പാനദിയില്‍ കാണാതായ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികളുടെയും മൃതദേഹം കണ്ടെത്തി. മൈലപ്ര വടക്കേമറ്റപ്പള്ളില്‍ ബിജു സാം വര്‍ഗീസിന്‍റെ മകന്‍ ക്രിസ് സാം ബിജു (17), കോന്നി വെള്ളപ്പാറ കിടങ്ങയില്‍ ബിനുവിന്‍റെ മകന്‍ ജോഷിന്‍ ബിനു(17) എന്നിവരാണ് അപകടത്തില്‍ പെട്ടത്. മൈലപ്ര മൗണ്ട് ബഥനി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളാണ് ഇരുവരും.
തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. റാന്നി ഐത്തലയില്‍ പമ്പാനദിയിലെ കളരിക്കല്‍ കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. സഹപാഠിയുടെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി ഐത്തലയിലെത്തിയ പത്തംഗ സംഘത്തില്‍പെട്ടവരായിരുന്നു ഇവര്‍.
സുഹൃത്തുക്കളോടൊപ്പം നദിയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. കുട്ടികള്‍ നദിയിലേക്കിറങ്ങുന്നതു കണ്ട പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി പറയുന്നു. കളരിക്കല്‍ കടവിലേക്കിറങ്ങിയ ക്രിസും ജോഷിനും കുളിക്കുന്നതിനിടെ പെട്ടെന്ന് ഒഴുക്കില്‍പ്പെടുകയായിരുന്നു.
കൂടെയുണ്ടായിരുന്നവര്‍ ഇവരെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ആഴങ്ങളിലേക്ക് അകപ്പെട്ടു. ബഹളംവച്ചതിനേ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. റാന്നിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റ രാത്രിയില്‍ തെരച്ചില്‍ നടത്തിയിരുന്നു.
ഫയര്‍ഫോഴ്‌സ് സ്‌കൂബാ ടീം ഇന്നു രാവിലെ ആറോടെ തിരച്ചില്‍ പുനരാരംഭിക്കുകയും കടവിന് തൊട്ടടുത്ത് മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് നീക്കി.
Tags : missing students Pampa River Death