തൃശൂർ: മേയർ സീറ്റിന് കോഴവിവാദത്തിൽ കോൺഗ്രസിനെ കളിയാക്കി സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ.
മേയർ പദവി വിറ്റെന്ന ഗുരുതര ആരോപണമാണ് കൗൺസിലറും മേയർ സ്ഥാനത്തേക്ക് കോൺഗ്രസ് പരിഗണിച്ചിരുന്നതുമായ ലാലി ജെയിംസ് ഉയർത്തിയിരിക്കുന്നത്. എന്താണ് കോൺഗ്രസ് എന്നതിനുള്ള മറുപടി ലാലി ജെയിംസിന്റെ വാക്കുകളിലുണ്ടെന്നാണ് കെ.വി. അബ്ദുൾ ഖാദർ പരിഹാസരൂപേണ ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കോൺഗ്രസ് ചെന്നെത്തിയ അധഃപതനത്തിന്റെ നേർചിത്രമാണു കോൺഗ്രസ് കൗൺസിലറുടെ വാക്കുകൾ. തന്നോട് ഡിസിസി പ്രസിഡന്റ് കോഴ ചോദിച്ചെന്നും ഇവർ ആരോപിക്കുന്നു. വഞ്ചനയും കുതികാൽവെട്ടും അഴിമതിയുംകൊണ്ട് മുഖരിതമായ ഒരു പാർട്ടി. എങ്ങിനെയാണ് ഇവരെ വിശ്വസിക്കുക?
വലതു രാഷ്ട്രീയത്തെ വെളുപ്പിച്ചെടുക്കുവാൻ പെടാപ്പാടുപെടുന്ന ചിലർ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ. കണ്ണുതുറന്ന് കാണുക. രണ്ട് കോർപറേഷനിൽ ജയിച്ചപ്പോൾ ഇതാണു സ്ഥിതി. എന്താണ് ഇവർ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം?
കർണാടകയിൽ ആയിരക്കണക്കിനു നിസഹായരായ മനുഷ്യരുടെ അഭയകേന്ദ്രമായ വിടുകൾ ബുൾഡോസർകൊണ്ട് ഇടിച്ചുനിരത്തിയ കോൺഗ്രസ് സർക്കാരിന്റെ ജനവിരുദ്ധത നമ്മുടെ കൺമുന്നിലുണ്ട്. ഇവിടെ തൃശൂരിൽ ജയിച്ച കൗൺസിലറോട് മേയറാക്കാൻ പണം ചോദിക്കുന്ന നേതാക്കൾ! തിരിച്ചറിയുക ഈ കൂട്ടത്തെ.
Tags : Bribe Mayor' Thrissur Corporation K.V. Abdul Khader Lali James