തൊടുപുഴ: ബംഗളൂരുവില്‍ നിര്‍മാണഘട്ടത്തിലിരുന്ന ബസുകള്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുമ്പേ രജിസ്റ്റര്‍ ചെയ്ത് നല്‍കിയതിന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു.
തൊടുപുഴ സബ് ആര്‍ടിഒ ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ജി. കിഷോറിനാണ് സസ്പെന്ഷന്. രജിസ്ട്രേഷന് അഥോറിറ്റിയുടെ മുന്നില്‍ പരിശോധനയ്ക്ക് ഹാജരാക്കാതെതന്നെ ബസുകള്‍ രജിസ്റ്റര്‍ചെയ്തു നല്കി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറാണ് നടപടി സ്വീകരിച്ചത്.
നാലു ബസുകളാണ് ഇത്തരത്തില്‍ തൊടുപുഴയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ സമയം വാഹനങ്ങള്‍ ബോഡി നിര്‍മാണവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ ഒരുസ്ഥാപനത്തിലായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. രജിസ്ട്രേഷന് തീയതിക്കു ശേഷമാണ് ഈ സ്ഥാപനം ഇന്‍വോയിസ് തയാറാക്കി ഗേറ്റ് പാസ് നല്‍കിയിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
സസ്പെന്ഷന് എത്ര നാളത്തേക്കെന്നത് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതായി തൊടുപുഴ ആര്‍ടിഒ സ്ഥിരീകരിച്ചു.
Tags : Buses under construction MVD suspended registered Thodupuzha SRTO