ന്യൂഡൽഹി: തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ വിജയം ആഘോഷിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന പ്രഖ്യാപനം നിലനിൽക്കെയാണ് മോദിക്ക് മുന്നെ അമിത് ഷാ എത്തുന്നത്.
ഈ മാസം 11 നാണ് അമിത് ഷാ തിരുവനന്തപുരത്തെത്തുക. പ്രധാനമന്ത്രി തിരുവനന്തപുരം സന്ദർശിക്കുന്ന തീയതി അമിത് ഷാ ഔദ്യോഗികമായി പ്രഖ്യാപിക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയം നേടിയ ബിജെപി അംഗങ്ങളെയെല്ലാം കേന്ദ്ര ആഭ്യന്തരമന്ത്രി നേരിൽ കാണുകയും അഭിസംബോധന ചെയ്യുകയും ചെയ്യും.
തിരുവനന്തപുരത്ത് നടക്കുന്ന വിപുലമായ സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് പുറമെ പാർട്ടി ഭാരവാഹികളും പങ്കെടുക്കും. കേരളത്തിലെ ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിൽ നിർണായകമായ തദ്ദേശ വിജയത്തിന് പിന്നാലെ അമിത് ഷാ എത്തുന്നതിനെ ഏറെ ആവേശത്തോടെയാണ് പ്രവർത്തകർ കാണുന്നത്. അതുകൊണ്ടുതന്നെ ഷാ എത്തുന്ന പരിപാടി വലിയ ആഘോഷമാക്കി മാറ്റാനാണ് സംസ്ഥാന ഘടകത്തിന്റെ നീക്കം.
Tags : central home minister amith sha will visit thiruvananthapuram