കൊച്ചി: ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും പറഞ്ഞതല്ലാതെ ഒന്നും നടന്നില്ലെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. തീര്‍ഥാടകരെ തിക്കിത്തിരക്കി കയറ്റുന്നത് ദുരന്തത്തിനു വഴിവയ്ക്കുമെന്നും കോടതി മുന്നറിയിപ്പു നല്കി.
ഒരുക്കങ്ങള്‍ ആറുമാസം മുമ്പേ തുടങ്ങേണ്ടതായിരുന്നുവെന്നും ഏകോപനം പാളിയിരിക്കുകയാണെന്നും ദേവസ്വം ബെഞ്ച് വാക്കാല്‍ പറഞ്ഞു.
നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശത്തെ ആളുകളെ ഉള്‍ക്കൊള്ളിക്കാനുള്ള ശേഷി വിലയിരുത്തി ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ ശാസ്ത്രീയ സമീപനമാണ് വേണ്ടത്.
മണിക്കൂറുകളോളം ക്യൂവിൽ നിന്ന് എത്തുന്നവരുടെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് വൃത്തിയുള്ള ടോയ്ലറ്റുകളില്ല. പതിനെട്ടാം പടിയില്‍ പോലീസുകാർ തിടുക്കത്തില്‍ കൈപിടിച്ചുകയറ്റിവിടുന്നത് അതിക്രമമായി തോന്നുന്നവരുമുണ്ട്. ഇതെല്ലാം ഭക്തരുടെ മനസുമടുപ്പിക്കും. സന്നിധാനത്തടക്കം എത്ര ആളുകളെ ഉള്ക്കൊള്ളാനാകുമെന്നതാണു പ്രധാനം. തീര്‍ഥാടകരെ അമിതമായി കടത്തിവിടുന്നതെന്തിനെന്നും എണ്ണം കുറച്ചുകൂടെയെന്നും കോടതി ചോദിച്ചു.
ഭക്തജനത്തിരക്ക് സംബന്ധിച്ച് സ്പെഷല്‍ കമ്മിഷണര്‍ നല്കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സ്വമേധയാ എടുത്ത ഹര്‍ജിയാണ് ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വംബെഞ്ച് പരിഗണിക്കുന്നത്. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇത് സംബന്ധിച്ച് വെള്ളിയാഴ്ച വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
കൊച്ചി: ശബരിമല ദര്‍ശനത്തിന് 20,000 പേര്‍ക്കുവരെ സ്പോട്ട് ബുക്കിംഗ് അനുവദിച്ചത് ദിനം പ്രതി 5000 ആക്കി നിജപ്പെടുത്തണമെന്ന് ഹൈക്കോടതി. അനിയന്ത്രിതമായ ഭക്തജനത്തിരക്കിന് കാരണമായ സാഹചര്യത്തിലാണ് ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം.
24 വരെ ഈ നിയന്ത്രണം തുടരാനാണ് നിര്‍ദേശം. വെര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്ത അതാത് ദിവസത്തെ ടിക്കറ്റുമായി വരുന്നവരെ മാത്രമെ പമ്പയില്‍നിന്ന് കടത്തിവിടാവൂ. ടിക്കറ്റില്‍ പറയുന്ന സമയത്തിന് ആറ് മണിക്കൂര്‍ മുമ്പ് മുതല്‍ പമ്പയില്‍നിന്ന് കടത്തിവിടാം. രേഖപ്പെടുത്തിയ സമയത്തിന് 18 മണിക്കൂറിന് ശേഷം എത്തുന്നവരെ കടത്തിവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
Tags : High Court Sabarimala Kerala High Court