പാമ്പൻമലൈ ഡിവിഷനിൽ പുലിയുടെ ആക്രമണത്തിൽ ചത്ത പശു
മറയൂർ: തലയാർ എസ്റ്റേറ്റിലെ പാമ്പൻമലൈ ഡിവിഷനിൽ പുലിയുടെ ആക്രമണത്തിൽ പശു ചത്തു. പ്രദേശവാസിയായ വിനായകൻ എന്നയാളുടെ മൂന്ന് വയസുള്ള പശുവിനെയാണ് പുലി പിടിച്ചത്.
ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. ഏലക്കാട് എന്നറിയപ്പെടുന്ന ഫീൽഡ് നമ്പർ 27-ന് സമീപത്ത് മേയാൻ വിട്ടിരുന്ന പശുക്കൾ പെട്ടെന്ന് വിരണ്ടോടുന്നത് ശ്രദ്ധയിൽപെട്ട തോട്ടം തൊഴിലാളികൾ പ്രദേശത്ത് പരിശോധന നടത്തിയപ്പോഴാണ് പശുവിന്റെ ജഡം കണ്ടെത്തിയത്. പശുവിന്റെ പിൻഭാഗം പുലി ഭക്ഷിച്ച നിലയിലായിരുന്നു.
തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചു. കാന്തല്ലൂരിൽ നിന്നെത്തിയ വെറ്ററിനറി ഡോക്ടറും സ്ഥലത്തെത്തി ജഡം പരിശോധിച്ചു.
പ്രദേശത്ത് പുലി ശല്യം തുടരുന്ന സാഹചര്യത്തിൽ നാട്ടുകാർ ആശങ്കയിലാണ്. കുട്ടികളെയും കന്നുകാലികളെയും പുറത്തുവിടാൻ ഭയക്കുന്ന സ്ഥിതിയിലാണ് നാട്ടുകാർ.
വനംവകുപ്പ് അധികൃതർ കൂട് സ്ഥാപിക്കുകയോ മയക്കുവെടി വച്ച് പുലിയെ പിടിക്കുകയോ ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് തോട്ടം തൊഴിലാളി സംഘടനകൾ മുന്നറിയിപ്പ് നൽകി.
Tags : leopard attack munnar marayoor kerala forest department kerala wild life