കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയ ടി.ഐ. മധുസൂദനൻ എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും നടത്തിയ മാർച്ചിനു നേരെ സിപിഎം ആക്രമണം. രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വി.കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തിയത്.
സംഘർഷത്തിൽ പരിക്കേറ്റ ഒമ്പതുപേരെ ആശുപത്രിയിലേക്ക് മാറ്റി. തന്റെ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ നേതൃത്വം തയാറാകണമെന്ന് കുഞ്ഞികൃഷ്ണൻ ആവർത്തിച്ചു. അതേസമയം പയ്യന്നൂർ മേഖലയിൽ കുഞ്ഞികൃഷ്ണനെതിരെ വ്യാപകമായി സിപിഎം പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
പ്രാദേശിക വിഭാഗീയതയുടെ പേരിൽ പാർട്ടിയെ ഒറ്റുകൊടുത്ത് വിശുദ്ധനാകാനാണ് കുഞ്ഞികൃഷ്ണൻ ശ്രമിക്കുന്നതെന്നാണ് നേതൃത്വം പറയുന്നത്. സാമ്പത്തിക തട്ടിപ്പ് ആരോപണം കൊണ്ടുവന്നതിൽ തനിക്ക് തെറ്റുപറ്റിയെന്ന് കുഞ്ഞികൃഷ്ണൻ തന്നെ പാർട്ടി കമ്മിറ്റിയിൽ പറഞ്ഞുവന്ന പ്രചാരണങ്ങളും സിപിഎം ജില്ലാ സെക്രട്ടറി ഉൾപ്പെടെ നടത്തുന്നുണ്ട്.
ഇത് വാസ്തവവിരുദ്ധമാണെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ഫണ്ട് തട്ടിപ്പ് ഉണ്ടായിട്ടില്ലെന്നും വരവ് ചെലവ് കണക്കുകൾ കൃത്യസമയത്ത് സമർപ്പിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നുമാണ് പാർട്ടി ജില്ലാ നേതൃത്വം പറയുന്നത്.
Tags : cpm attack congress bjp protest