Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളക്കേസിൽ ഒരുതെളിവുമില്ലെന്നു പറഞ്ഞു കോടതി ജാമ്യം നൽകിയ തന്ത്രിയെ പെരുംകള്ളനെന്നു ആക്ഷേപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരാമർശം പിൻവലിച്ചു പരസ്യമായി മാപ്പുപറയണമെന്നു ബിജെപി ദേശീയ നിർവാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ്.
സ്വർണക്കൊള്ള സിബിഐ അന്വേഷിക്കണം. പെരും കള്ളന്മാർ സിപിഎം നേതാക്കളും മന്ത്രിമാരുമാണ്. ഈ കള്ളന്മാരെല്ലാം സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്കൊപ്പമാണുള്ളത്. കൂടെയുള്ള പെരുംകള്ളന്മാരെ മറച്ചുവയ്ക്കാനാണ് തന്ത്രിക്കെതിരെ ദുരാരോപണം ഉന്നയിക്കുന്നത്. തന്ത്രിയെ അറസ്റ്റുചെയ്തത് സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയായിരുന്നെന്നു കൂടുതൽ വ്യക്തമാവുകയാണെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.
ശബരിമല യുവതീപ്രവേശനത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയിട്ടുള്ള മുൻ സത്യവാങ്മൂലം പിൻവലിച്ച് ആചാരസംരക്ഷണത്തിനും ഭക്തർക്കും അനുകൂലമായ വിധത്തിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ തയാറാകണം. ഇക്കാര്യത്തിൽ സർക്കാർ നിലപാടു വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കുമുന്നിൽ ബിജെപി ഇന്നു വൈകുന്നേരം അഞ്ചിന് അയ്യപ്പജ്യോതി തെളിയിക്കുമെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.
മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും ശബരിമല വിഷയത്തിൽ സദ്ബുദ്ധി തോന്നിക്കണമേ എന്നു പ്രാർഥിച്ചുകൊണ്ട് ശബരിമലയുടെ കവാടമായിട്ടുള്ള ചെങ്ങന്നൂരിൽ ഇന്നു അയ്യപ്പസംരക്ഷണ സംഗമം സംഘടിപ്പിക്കും. വരും ദിവസങ്ങളിൽ 23000 ൽപ്പരം ബൂത്തുകളിലും അയ്യപ്പജ്യോതി തെളിയിക്കുന്നതുൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.
Leader Page
കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് എട്ടിന് നടക്കും എന്നാണു സൂചന. കേരളത്തിലെ മൂന്നു മുന്നണികളും തയാറെടുപ്പിലാണ്. ഭരണം പിടിക്കാം എന്ന ഉറച്ച വിശ്വാസത്തിലാണ് ജനാധിപത്യമുന്നണി എല്ലാ കരുക്കളും നീക്കുന്നത്. പോരാട്ടം കടുത്തതാവും എന്നതൊഴിച്ചാൽ മൂന്നാമൂഴം തന്നെ എന്ന ഉറപ്പിലാണ് ഇടതുമുന്നണി. കേരളത്തിൽ ശക്തമായ സാന്നിധ്യം തെളിയിക്കാനാവും എന്ന പ്രതീക്ഷയിൽ ബിജെപി മുന്നണിയും. പല തിരിച്ചടികളും നീർച്ചുഴികളും രൂപംകൊണ്ടിരിക്കുന്നു എന്നത് മൂന്നു മുന്നണികളെയും അസ്വസ്ഥമാക്കുന്നുണ്ട്.
2021 ൽ ഇടതുമുന്നണിയിൽ 86 സീറ്റിലാണ് സിപിഎം മത്സരിച്ചത്. 75 ഔദ്യോഗിക സ്ഥാനാർഥികളും 11 സ്വതന്ത്രരും. 67 പേർ ജയിച്ചു. സിപിഐ 25 സീറ്റിൽ മത്സരിച്ചു 17 സീറ്റിൽ വിജയിച്ചു. കേരള കോണ്‍ഗ്രസ് എമ്മിന് 13 സീറ്റ് കൊടുത്തു. 12 ഇടത്ത് മത്സരിച്ചു. അഞ്ചു സീറ്റ് നേടി. ജനതാദൾ നാല്, എൻസിപി മൂന്ന്, ആർജെഡി മൂന്ന് ഐഎൻഎൽ മൂന്ന്, ജനാധിപത്യകേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ്, ആർഎസ്പി ലെനിനിസ്റ്റ് എന്നിവ ഓരോ സീറ്റിലും മത്സരിച്ചു. യുഡിഎഫിൽ കോണ്‍ഗ്രസ് 92 സീറ്റിലും ലീഗ് 27 സീറ്റിലും കേരള കോണ്‍ഗ്രസ് ജോസഫ് 10 സീറ്റിലും ആർഎസ്പി അഞ്ചു സീറ്റിലും കേരള കോണ്‍ഗ്രസ് ജേക്കബും എൻസിപി കാപ്പനും രണ്ടു സീറ്റിൽ വീതവും മത്സരിച്ചു. ഇടതുമുന്നണിക്കും എൻഡിഎയ്ക്കും സീറ്റ് വിഭജനം വലിയ വിഷയമാകില്ല. യുഡിഎഫിൽ അത്ര സുഗമമല്ല ഇപ്പോൾ കാര്യങ്ങൾ.
ഭരണവിരുദ്ധ വികാരം
പിണറായി സർക്കാരിനെതിരേ ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പലവട്ടം തെളിയിക്കപ്പെട്ടു. അതിനൊപ്പമാണ് കോടതികളിൽ നിന്ന് അടുത്തകാലത്ത് സർക്കാരിനുണ്ടാകുന്ന തിരിച്ചടികൾ. തിരുവനന്തപുരം കോർപറേഷന് സവിശേഷമായി കേന്ദ്രത്തിൽനിന്ന് ഒന്നും കിട്ടിയില്ല എന്നതും കേന്ദ്ര ബജറ്റിൽ കേരളം അവഗണിക്കപ്പെട്ടു എന്നതും ബിജെപിയെ വെട്ടിലാക്കുന്നു. ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂട്ടാവും കോണ്‍ഗ്രസ് മുന്നണിയുടെ നീർച്ചുഴികളിൽ ഏറ്റവും ഭയപ്പെടേണ്ടത്.
വന്യജീവി ആക്രമണം പെരുകുന്നതും സർക്കാർ അവാർഡ് നേടിയ കർഷകൻ ആത്മഹത്യ ചെയ്യേണ്ടിവന്നതും ആരോഗ്യമേഖലയെക്കുറിച്ച് ഉയരുന്ന പരാതികളും സർക്കാരിനെ വെള്ളം കുടിപ്പിക്കുന്നുണ്ട്.സഖാക്കളുടെ ഭരണ വിരുദ്ധ വികാരംകൊണ്ടല്ല പിണറായിയുടെ മുസ്ലിം പ്രീണന സമീപനങ്ങൾകൊണ്ടാണ് ഈ തിരിച്ചടികൾ എന്നാണ് ഒരു വിലയിരുത്തൽ. അതുകൊണ്ടാണ് ഭരണവിരുദ്ധ വികാരം ഇല്ല എന്ന നിലപാട് ഇടതുമുന്നണി എടുക്കുന്നത്. പിണറായിയുടെ മുസ്ലിം പ്രീണന സമീപനത്തിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആ മാറ്റം മുതലാക്കി മുസ്ലിം വോട്ടുകളാകെ സമാഹരിക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ഇത് വിജയിച്ച് കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചാൽ കർണാടകത്തിലെപ്പോലെ മുസ്ലിം താത്പര്യങ്ങൾക്കനുസരിച്ചാവും ഭരണമുണ്ടാകാൻ പോകുന്നത് എന്ന സംശയം മറ്റു സമുദായങ്ങളിൽ ശക്തമാക്കപ്പെടുന്നുണ്ട്. ഇതെല്ലാം വലിയ നീർച്ചുഴികളായി രുപാന്തരപ്പെടുമോ എന്നാണ് അറിയേണ്ടത്.
കോടതികളിൽനിന്നു തിരിച്ചടികൾ
കോടതികളിൽനിന്ന് ശക്തമായ തിരിച്ചടികൾ ഏൽക്കേണ്ടിവന്നിട്ടും ഇടതുമുന്നണി പതറാതെ മുന്നോട്ടു പോവുകയാണ്. കോടതിയിൽ നിയമയുദ്ധം തുടരുന്നു. നവകേരള സർവേ റദ്ദാക്കിയതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചു. ശബരിമലയിലെ സ്വർണക്കൊള്ള സംബന്ധിച്ച കേസ് 2017ൽ നടന്ന കൊടിമര നിർമാണത്തിലെ തട്ടിപ്പുകളിലേക്ക് എത്തിച്ച് കോണ്‍ഗ്രസുകാരെയും സംശയനിഴലിലാക്കി. ശബരിമലയുടെ ഭരണത്തിൽ ഒരു കാര്യവും ഇല്ലാത്ത തന്ത്രിയെ അറസ്റ്റ് ചെയ്തതും അദ്ദേഹത്തിന് ഇക്കാരണം പറഞ്ഞു കോടതി ജാമ്യം അനുവദിച്ചതും അന്വേഷണസംഘത്തിനു മാത്രമല്ല, സർക്കാരിനും വലിയ തിരിച്ചടിയായി. ശബരിമലയിൽ സ്ത്രീകൾ എത്തിയപ്പോൾ നട അടച്ചതിനുള്ള പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റ് എന്ന ആരോപണമുയർത്തി എൻഡിഎ കൃത്യമായ ഗെയിം പ്ലാനോടെ മുന്നേറുകയാണ്. ഇതുണ്ടാക്കാവുന്ന നീർച്ചുഴികൾ കൃത്യമായി വരുന്നതേയുള്ളൂ.
ജനാധിപത്യമുന്നണി
കോണ്‍ഗ്രസിന്റെ പുതുയുഗ ജാഥയിൽ വിസ്മയങ്ങൾ ഉണ്ടാകുന്നുണ്ട്. പതിവുപോലെ വേദിയിൽ ഇടം നേടാനും പ്രസംഗിക്കാൻ മൈക്കിനുമെല്ലാംവേണ്ടി നേതാക്കൾ തമ്മിലുള്ള സ്നേഹത്തള്ളൽ ഉണ്ടാകുന്നുണ്ടെങ്കിലും വേറെ നല്ലതു പലതും സംഭവിക്കുന്നുണ്ട്. മലന്പുഴയിൽ വി.എസിന്റെ മാനസപുത്രനായിരുന്ന വി.എ. സുരേഷ് ജാഥയിൽ ചേർന്നു. സഖാവ് അയിഷ പോറ്റി നേരത്തേ ചേർന്നു. സിനിമാ നടൻ പ്രേംകുമാർ സമ്മേളനത്തിലെത്തി. പാലക്കാട്ടെ പി.കെ. ശശി സിപിഎം വിട്ടു. പയ്യന്നൂരിലെ വി. കുഞ്ഞിക്കൃഷ്ണനും കോണ്‍ഗ്രസ് സ്വതന്ത്രനായി മത്സരിക്കാനാണിട. ഇവരിൽ കുപ്രസിദ്ധനായ ശശി കോണ്‍ഗ്രസ് സ്ഥാനാർഥിയായി വന്നാൽ തലവേദനയാകും. മലന്പുഴയിൽ വി.എസിന്റെ സുരേഷും മകൻ വി.എ. അരുണ്‍കുമാറും തമ്മിൽ മത്സരിക്കുമോ എന്നാണ് ഇപ്പോഴത്തെ സംശയം. നൂറുതവണ അപ്പീൽ തന്നാലും തിരിച്ചെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞതോടെ വേറെ വഴി തേടുകയാണ് സുരേഷ്. അച്യുതാനന്ദനും പിണറായിയും തമ്മിലുള്ള പകയുടെ ഇരയാണ് ഞാൻ- സുരേഷ് വിലപിക്കുന്നു. വി.എസിനുവേണ്ടി മലന്പുഴയിൽ വോട്ടു തേടിയ സുരേഷ് ഇനി തനിക്കുവേണ്ടി വോട്ടു ചോദിക്കുന്പോൾ പഴയ സഖാക്കൾ എന്തു ചെയ്യും?
കോണ്‍ഗ്രസിൽ സ്ഥാനാർഥികളാകാൻ വലിയ ഇടിയുണ്ട്. അതു കുറയ്ക്കാൻ ദേശീയ സെക്രട്ടറി കെ.സി. വേണുഗോപാൽ ഒരു കാര്യം പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോൽക്കുന്നവർക്ക് പുതിയ സർക്കാർ വന്നാൽ പദവികളുണ്ടാവില്ല. മാറിനിന്നവരെ പരിഗണിക്കും.
ഇടതുമുന്നണി
സർക്കാർ സംവിധാനങ്ങൾ ശരിക്കും പ്രയോജനപ്പെടുത്തി ഇടതുമുന്നണി തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് തിളങ്ങുന്നു. ഹൈക്കോടതി നവകേരള സർവേ റദ്ദാക്കിയെങ്കിലും ജനുവരി ഒന്നിന് ആരംഭിച്ച സർവേ ഏതാണ്ട് പൂർത്തിയായി. വിഷൻ 2031 അന്താരാഷ്ട്ര ശില്പശാലയും കഴിഞ്ഞു. നവകേരള സർവേയ്ക്കുവേണ്ടി സർക്കാർ നേട്ടങ്ങളുടെ എട്ടുപേജ് ലഘുലേഖയുടെ 80 ലക്ഷം കോപ്പികൾ ഉണ്ടാക്കി വിതരണം ചെയ്തതായാണ് കണക്ക്. ഇതിന് 6.7 കോടി രൂപ ചെലവായി. സംസ്ഥാനത്ത് ഒട്ടാകെ സർക്കാർ നേട്ടങ്ങളുടെ 627 ഹോർഡിംഗ് വച്ചു. ഇവയുടെ ജനുവരിയിലെ മാത്രം വാടക 3.7 കോടി രൂപയാണ്. കെഎസ്ആർടിസി പരസ്യത്തിന് ജനുവരി വാടക 1.7 കോടി വരും.
നവകേരളം പുതിയ വഴിയിലൂടെ എന്നു വാഗ്ദാനം ചെയ്തും, തുടരും ഈ മുന്നേറ്റം എന്ന് അവകാശപ്പെട്ടുമാണ് അവർ നടത്തുന്ന പ്രചാരണം. ബാറുകളുടെ സമയം വർധിപ്പിച്ചുകൊടുത്ത തീരുമാനം സർക്കാരിനു വരുമാനം കൂട്ടുന്നതുപോലെ ഭരണകക്ഷിക്കാർക്ക് തെരഞ്ഞെടുപ്പുഫണ്ടും ഉണ്ടാക്കും.
ഇതിന് പുറമെയാണ് കിഫ്ബിയുടെ പരസ്യങ്ങൾ. സർക്കാർ ഫണ്ട് ഉപയോഗിച്ചു പിണറായി സർക്കാർ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനു തെളിവാണ് കിഫ്ബി പരസ്യങ്ങൾ എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ സാന്പത്തികവർഷം മാത്രം 150 കോടി രൂപ പ്രചാരണത്തിന് ചെലവാക്കി. മസാല ബോണ്ട് വഴി 9.5 ശതമാനം പലിശയ്ക്കെടുത്ത പണമാണ് ഇങ്ങനെ ദുർവിനിയോഗിക്കുന്നത്. ധനകാര്യ വിപണിയിൽ വിശ്വാസ്യത ഉണ്ടാക്കാനും നിലനിർത്താനും മികച്ച രീതിയിൽ ബ്രാൻഡിംഗ് ചെയ്യണമെന്ന് 2018 മുതൽ തീരുമാനമുണ്ട്. ലക്ഷ്യങ്ങൾ നേടുന്നതിന് അനുപാതികമായി പരസ്യം ചെയ്യുന്നു -കിഫ്ബി വിശദീകരിച്ചു. തുടർഭരണം കിട്ടിയില്ലെങ്കിൽ ഇടതു സർക്കാർ തുടങ്ങിയതെല്ലാം നിലയ്ക്കും എന്നും അവർ പറയുന്നുണ്ട്.
മണിശങ്കർ അയ്യരും കെ.വി. തോമസും
പിണറായി മൂന്നാമതും വരും എന്നു പറഞ്ഞ രണ്ടു മുൻ കോണ്‍ഗ്രസുകാർ മാധ്യമശ്രദ്ധയിൽ വന്നു. മണിശങ്കർ അയ്യരും കെ.വി. തോമസും. രണ്ടു പേരും മുൻ കേന്ദ്രമന്ത്രിമാരാണ്. ഇപ്പോൾ അനഭിമതർ. പിണറായിയുടെ സ്വന്തക്കാരാണ് രണ്ടുപേരുമിപ്പോൾ. പിണറായിക്കു മൂന്നാമൂഴം കിട്ടുമെന്ന് പറയുന്നത് അവരുടെ കടമ.
ഇന്ത്യയിലെ മുസ്ലിംകൾ സുരക്ഷിതർ
ലോകത്ത് മുസ്ലിംകൾ ഏറ്റവും സുരക്ഷിതത്വം അനുഭവിക്കുന്നത് ഇന്ത്യയിലാണെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ മകൻ അബ്ദുൾ ഹക്കിം അസ്ഹരി ഈ മാസം 18ന് ദുബായിൽ പറഞ്ഞത് മുസ്ലിംകളിൽ വരുന്ന മനംമാറ്റത്തിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. 17ന് കാന്തപുരം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം മതരാഷ്ട്രത്തെ എതിർക്കുന്ന മതനേതാവാണ് കാന്തപുരം. ഭാരതത്തിൽ മുസ്ലിം മതരാഷ്ട്രം ഉണ്ടാക്കാൻ വാദിക്കുന്ന ജമാ അത്തെ ഇസ്ലാമിയുമായി ഭാരതത്തിലെ രാഷ്ട്രീയ പാർട്ടികൾ സഖ്യമുണ്ടാക്കുന്നത് ആപത്താണെന്ന് മുന്നറിയിപ്പു നൽകിയ മുസ്ലിം നേതാവും. മലപ്പുറത്ത് നടക്കുന്ന സമസ്തയുടെ ശതാബ്ദി ആഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാന്തപുരം ക്ഷണിച്ചു. മോദി അനുകൂല സമീപനം സ്വീകരിച്ചതായും വാർത്തയുണ്ട്. കേരളത്തിലെ സുന്നികൾ എല്ലാം ഒന്നിക്കുന്നതിനുള്ള നീക്കം നടക്കുകയാണ്. ജനാധിപത്യമുന്നണിയേക്കാൾ ദേശീയ മുന്നണിയാണ് നല്ലതെന്ന് മുസ്ലിം ലീഗിന് തോന്നുന്നതിലേക്ക് ഈ അടുപ്പം എത്തും എന്നുവരെ പറയുന്നവരുണ്ട്.
വിവാഹപൂർവ ബന്ധം അപകടം
വിവാഹത്തിനു മുന്‍പ് ആരെയും വിശ്വസിക്കരുതെന്ന് സുപ്രീംകോടതി ജഡ്ജിമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂ
Kerala
തിരുവനന്തപുരം: സഹകരണസംഘം ജീവനക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വഴി ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം ജീവനക്കാർക്ക് 61.87 കോടി രൂപ നൽകിയതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
സേവനത്തിലിരിക്കെ മരിച്ച ജീവനക്കാരുടെ ആശ്രിതരായ 487 പേർക്ക് 12.65 കോടി രൂപ മരണാനന്തര ധനസഹായമായി അനുവദിച്ചു. സേവനത്തിൽ നിന്നു പിരിഞ്ഞ 9018 ജീവനക്കാർക്ക് ബോർഡിലേക്ക് അടച്ച വിഹിതം ഇനത്തിൽ 30.88 കോടി രൂപ തിരികെ നൽകുകയും അതിന്റെ 10% ഇൻസെന്റീവായി 30.85 ലക്ഷം രൂപയും നൽകി.
ഇക്കാലയളവിൽ 2871 ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും വിവിധ ചികിത്സാ ധനസഹായങ്ങളായി 17.59 കോടി രൂപ നൽകി. ഫെസ്റ്റിവൽ അലവൻസ്, ബോണസ് എന്നിവ നൽകാൻ സാഹചര്യമില്ലാത്ത സഹകരണ സ്ഥാപനങ്ങളിലെ ബോർഡ് അംഗങ്ങളായ 276 ജീവനക്കാർക്ക് 3000 രൂപ വീതം 8,28,000 രൂപ സമാശ്വാസ ധനസഹായമായി നൽകിയിരുന്നു.
കലാ-കായിക രംഗത്തെ മികവിനും പഠനത്തിൽ ഉന്നതവിജയം നേടുകയും ചെയ്ത സഹകരണ ജീവനക്കാരുടെ മക്കൾക്കായി വർഷം തോറും നൽകുന്ന കാഷ് അവാർഡായി കഴിഞ്ഞ നാല് വർഷങ്ങളിലായി 9744 വിദ്യാർഥികൾക്ക് 9,74,51,000 രൂപ വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു.
Kerala
പാലക്കാട്: ശശി രാജിവച്ചതിനു താൻ എന്തുചെയ്യാനാണെന്നായിരുന്നു മുതിർന്ന സിപിഎം നേതാവ് എ.കെ. ബാലന്റെ പ്രതികരണം. ശശി കോണ്‍ഗ്രസിലേക്കു പോകുമോ എന്നുപറയാൻ താൻ ജോത്സ്യനല്ലെന്നും അദ്ദേഹം പറഞ്ഞു.
കെടിഡിസി ചെയർമാൻസ്ഥാനം രാജിവച്ചതായി പാർട്ടിയെ അറിയിച്ചിട്ടില്ലെന്നും ശശി പാർട്ടി വിടുമെന്നു കരുതുന്നില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പറഞ്ഞു.
ശശിയുടെ യുഡിഎഫ് പ്രവേശനത്തെക്കുറിച്ച് അറിയില്ലെന്നും പാർട്ടിയിൽനിന്നു പുറത്തുപോകാത്ത ഒരാൾ, പുറത്തുപോയാൽ പ്രശ്നമുണ്ടോ എന്നു ചോദിക്കുന്നതിൽ അർഥമില്ലെന്നും സുരേഷ് ബാബു പ്രതികരിച്ചു.
Kerala
പാലക്കാട്: യുഡിഎഫിലേക്ക് ഇല്ലെന്ന് കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ച സിപിഎം നേതാവും ഷൊർണൂർ മുൻ എംഎൽഎയുമായ പി.കെ.ശശി. കെടിഡിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സ്വന്തം ഇഷ്ടപ്രകാരം ഒഴിഞ്ഞതാണെന്ന് പി.കെ. ശശി പറഞ്ഞു.
വ്യക്തിപരമായ കാരണങ്ങളാണ് പദവി ഒഴിയുന്നതിലേക്ക് നയിച്ചത്. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായോ മറ്റേതെങ്കിലും യുഡിഎഫ് നേതാവുമായോ ഇതുവരെ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും പി.കെ. ശശി വ്യക്തമാക്കി.
താൻ ഇപ്പോഴും സിപിഎം പ്രവർത്തകനാണെന്നും, മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയം മുറുകെ പിടിക്കുന്ന ആളാണെന്നും ശശി പറഞ്ഞു. തന്റെ പ്രവർത്തനം നിരീക്ഷിച്ചാൽ അത് വ്യക്തമാകുമെന്നും തന്നോട് യുഡിഎഫിലേക്ക് പോകുമോയെന്ന് ചോദിക്കുന്നത് ആഭാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ യുഡിഎഫ് പ്രവേശനം വി.ഡി.സതീശൻ ആഗ്രഹിക്കുന്നുണ്ടാകും. തനിക്കെതിരായി മണ്ണാർക്കാടും പരിസര പ്രദേശങ്ങളിലും ഉടലെടുത്ത പ്രതിഷേധങ്ങൾ ശ്രദ്ധയിൽപ്പെട്ട യുഡിഎഫ് അത് മുതലെടുക്കാൻ ശ്രമിക്കുന്നതാണെന്നും ശശി ആരോപിച്ചു.
കഴിഞ്ഞ കുറച്ച് കാലമായി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന പി.കെ. ശശി യുഡിഎഫിലേക്ക് പോകുമെന്ന് പ്രചാരണങ്ങൾ ശക്തമായിരുന്നു. കെടിഡിസി ചെയർമാൻ പദവി രാജിവച്ചതിന് പിന്നാലെയാണ് യുഡിഎഫ് പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ശശി രംഗത്തെത്തിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ബാർ സമയം ഉയർത്തിയ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ചോദിക്കുന്ന എല്ലാവർക്കും പെട്ടിക്കട പോലെയാണ് സർക്കാർ ബാർ അനുവദിക്കുന്നതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.
ബാർ സമയം നീട്ടിയത് ബാർ മുതലാളിമാരിൽ നിന്ന് പണം പിരിച്ചെടുക്കാനാണെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു. ടൂറിസത്തിന് വേണ്ടിയാണ് ബാർ സമയം നീട്ടിയതെന്നാണ് എം.ബി.രാജേഷ് പറയുന്നത്. എന്നാൽ 18 കോടി ടൂറിസ്റ്റുകൾ വരുന്ന ഗുജറാത്തിൽ സമ്പൂർണ മദ്യ നിരോധനമാണെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
കള്ള് കുടിക്കാനാണോ കേരളത്തിലേക്ക് ടൂറിസ്റ്റുകൾ വരുന്നതെന്ന് ചോദിച്ച ശോഭ, നാട് കാണാൻ വരുന്നവരെ എക്സൈസ് മന്ത്രി അപമാനിക്കുകയാണെന്നും പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിലും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.
ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണം ഫ്രീസറിലാണ്. കോടതി അത് നിരീക്ഷിക്കുമെന്നാണ് കരുതുന്നത്. വീണ്ടും കോടതിയോട് അപേക്ഷിക്കുന്നത് പൗരയെന്ന നിലയിലാണ്. ബിജെപിയുടെ ആഭ്യന്തര മന്ത്രി ഉണ്ടാകുന്നത് വരെ മാത്രമേ കള്ളന്മാർ പുറത്ത് വിഹരിക്കൂവെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: യുഡിഎഫിൽ ചേരുമെന്ന് അഭ്യൂഹങ്ങൾക്കിടെ കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ച് പി.കെ.ശശി. സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ശശിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാന നേതൃത്വം തയാറായിരുന്നില്ല.
കഴിഞ്ഞ കുറച്ചുനാളുകളായി സിപിഎമ്മുമായി അകലം പാലിച്ചിരുന്ന പി.കെ.ശശി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് ജാഥയിലും പങ്കെടുത്തിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ജാഥയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നായിരുന്നു ശശിയുടെ മറുപടി.
എന്നാൽ നേതൃത്വത്തോടുള്ള അതൃപ്തിയാണ് കാരണമെന്നാണ് വിലയിരുത്തൽ. ഷൊർണൂർ മുൻ എംഎൽഎ ആയിരുന്ന ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയിൽനിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു.
സഹകരണ കോളജിന്റെ പ്രവർത്തനങ്ങളിലും ഇതിലേക്ക് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങൾ ഉൾപ്പെടെ ഉയർന്നതിനെ തുടർന്നായിരുന്നു പാർട്ടി നടപടി.
Kerala
തിരുവനന്തപുരം: സിപിഎമ്മിന്റെ സൈബർ ടീമിൽ പൊട്ടിത്തെറി. മൂന്നു മുതിർന്ന മാധ്യമപ്രവർത്തകർ സൈബർ ടീം വിട്ടു. ദേശാഭിമാനിയിലെ മുൻ ന്യൂസ് എഡിറ്റർമാർ ഉൾപ്പെടെ മൂന്നു പേരാണ് സൈബർ ടീമിൽനിന്നു വിട്ടുപോയത്.
സൈബർ ടീമിന്റെ മേൽനോട്ടം വഹിക്കുന്ന എംവി. നികേഷ്കുമാറിന്റെ രീതികളിലുള്ള വിയോജിപ്പ് കാരണമാണ് മൂന്നു പേരും സൈബർ ടീം വിട്ടതെന്നാണു ലഭിക്കുന്ന സൂചന. കെ.വി. സുധാകരൻ, കെ.മോഹൻദാസ്, ഇ.എസ്. സുഭാഷ് എന്നിവരാണ് സൈബർ ടീം വിട്ടത്.
സൈബർ പ്രചാരണത്തിൽ നികേഷ് കുമാർ ആസൂത്രണം ചെയ്ത പല
രീതികളും പാളിയെന്നാണ് വിമർശനം. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ ഇതിൽ അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഏറെ നാളായി സിപിഎമ്മിന്റെ സൈബർ പ്രചാരണത്തിനു ചുക്കാൻ പിടിച്ചു വന്നിരുന്നത് നികേഷ് കുമാറായിരുന്നു.
Kerala
കണ്ണൂർ: പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ അജ്ഞാതർ റീത്ത് വെച്ചു. കണ്ണപുരത്തെ അദ്ദേഹത്തിന്റെ വീടിന് മുന്നിലാണ് ഇന്ന് പുലർച്ചെ റീത്ത് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വി. കുഞ്ഞികൃഷ്ണൻ എഴുതിയ പുസ്തകം വി.എസ്. അനിൽകുമാർ ഏറ്റുവാങ്ങിയിരുന്നു.
ഈ പുസ്തകവുമായി ബന്ധപ്പെട്ട തർക്കങ്ങളാകാം ഇത്തരമൊരു ഭീഷണിക്ക് പിന്നിലെന്ന് സംശയിക്കുന്നു. മരണാനന്തര ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന റീത്ത് വീടിന് മുന്നിൽ വെച്ചത് വധഭീഷണിക്ക് തുല്യമാണെന്നാണ് കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നത്.
സംഭവത്തിൽ വി.എസ്. അനിൽകുമാർ കണ്ണപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി മുൻ യുഡിഎഫ് സർക്കാരിന്റെ അഴിമതികളും ഭരണപരാജയങ്ങളും ജനങ്ങളിലെത്തിക്കാൻ പുതിയ വെബ്സൈറ്റുമായി സിപിഎം. ഇരുണ്ട കാലം' എന്ന പേരിലുള്ള പ്രത്യേക വെബ്സൈറ്റാണ് പാർട്ടി പുറത്തിറക്കിയത്. ഇതിനോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ 'മകനേ തിരിച്ച് വരല്ലേ' എന്ന ക്യാമ്പയിനും സിപിഎം തുടക്കം കുറിച്ചു.
2011 മുതൽ 2016 വരെയുള്ള ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായ വിവാദങ്ങളും വീഴ്ചകളുമാണ് വെബ്സൈറ്റിലെ പ്രധാന ഉള്ളടക്കം. യുഡിഎഫ് ഭരണകാലം കേരളത്തിന് ഒരു കറുത്ത അധ്യായമായിരുന്നു എന്ന് വരുത്തിത്തീർക്കാനാണ് ഈ നീക്കത്തിലൂടെ ഇടത് മുന്നണി ലക്ഷ്യമിടുന്നത്. സോളാർ അഴിമതി, ബാർ കോഴ തുടങ്ങിയ പ്രധാന വിവാദങ്ങളുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യുഡിഎഫ് കാലത്തെ കടുത്ത പവർകട്ട്, ലോഡ്ഷെഡിംഗ്, ദേശീയപാതാ വികസനം, ഗെയിൻ പൈപ്പ് ലൈൻ തുടങ്ങിയ പദ്ധതികളിലെ യുഡിഎഫ് സർക്കാരിന്റെ മെല്ലെപ്പോക്കിനെയും വെബ്സൈറ്റ് ചോദ്യം ചെയ്യുന്നു. യുഡിഎഫ് മന്ത്രിമാർ അക്കാലത്ത് നടത്തിയ വിവാദ പ്രസ്താവനകളും വിദ്വേഷ പരാമർശങ്ങളും വെബ്സൈറ്റിൽ ക്രോഡീകരിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം ഉയർത്തിയ സർക്കാർ തീരുമാനത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇതിനുപിന്നിൽ കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബാറുകളുടെ പ്രവർത്തനസമയം ഉയർത്തിയ സംഭവത്തിൽ യുഡിഎഫിനെതിരെയും ബിജെപി അധ്യക്ഷൻ രൂക്ഷ വിമർശനം ഉന്നയിച്ചു. സംസ്ഥാനത്ത് അഴിമതിയുടെ കാര്യത്തിൽ ഇടത്-വലത് മുന്നണികൾ ഒറ്റക്കെട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിപക്ഷത്തിന്റെ അറിവോടുകൂടിയാണ് പുതിയ ഭേദഗതി എന്ന് എക്സൈസ് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇടത്-വലത് മുന്നണികളുടെ ഒത്തുകളി രാഷ്ട്രീയമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും ബിജെപി അധ്യക്ഷൻ ആരോപിച്ചു.
തങ്ങൾ തുറക്കുന്നത് ബാറുകൾ അല്ല, സ്കൂളുകളാണെന്ന് മുദ്രാവാക്യമുയർത്തി അധികാരത്തിലെത്തിയ പിണറായി സർക്കാർ 10 വർഷം പൂർത്തിയാക്കുമ്പോൾ കേരളത്തിലെ ബാറുകളുടെ എണ്ണത്തിൽ ഉണ്ടായ വർധനവ് ഞെട്ടിക്കുന്നതാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ബാറുകളുടെ പ്രവർത്തന സമയം 12 മണി വരെ ഉയർത്തിയതോടെ മാസം 60 മണിക്കൂർ, അതായത് അഞ്ച് പ്രവർത്തി ദിവസത്തിന് തുല്യമായ വർധനവാണ് പിണറായി സർക്കാർ ബാറുകൾക്ക് നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് ഫണ്ട് സമാഹരണമാണ് ഇവരുടെ ലക്ഷ്യം. ജനങ്ങൾ ലഹരി ഉപയോഗിച്ച് നശിച്ചാലും കുഴപ്പമില്ല എന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാട് അവസാനിപ്പിക്കണമെന്നും ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്തു നിൽക്കെ സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം അപ്രഖ്യാപിതമായി കൂട്ടിയ നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കു വഴിവയ്ക്കും.
സാധാരണ ബാറുകളുടെ സമയം രാവിലെ ഒരു മണിക്കൂർ നേരത്തെയും രാത്രി 11 എന്നുള്ളത് 12 വരെയും ആക്കിയാണ് വർധിച്ചിരിക്കുന്നത് . ബിയർ, വൈൻ പാർലുകൾക്കും ഇതാണ് സമയ ക്രമം.
ലോക്കൽ കൗണ്ടറുകളും
എന്നാൽ, ഫൈവ് സ്റ്റാർ മുതലുള്ള ബാറുകൾ രാവിലെ 10ന് തുറന്നു രാത്രി മൂന്നു വരെ പ്രവർത്തിക്കും. ഇത്തരം ബാറുകൾക്കും ലോക്കൽ എന്നു വിളിപ്പേരുള്ള സാധാരണ കൗണ്ടറുകൾ ഉണ്ട്. ഫൈവ് സ്റ്റാർ സമയക്രമത്തിന്റെ മറവിൽ ഇവയും പുലർച്ചെ മൂന്നു വരെ പ്രവർത്തിച്ചേക്കാം. ചുരുക്കത്തിൽ സാധാരണ ബാറുകൾക്ക് രണ്ടു മണിക്കൂർ കൂട്ടിക്കിട്ടിയപ്പോൾ ഫൈസ്റ്റാർ ബാറുകൾക്ക് അഞ്ചു മണിക്കൂറാണ് കൂട്ടിക്കിട്ടിയിരിക്കുന്നത്
ഇന്നുമുതൽതന്നെ ഈ രണ്ടു വിഭാഗം ബാറുകളുടെയും സമയത്തിൽ മാറ്റം നടപ്പിലായി തുടങ്ങും .മലയാളിയുടെ രാത്രി ജീവിതത്തെ പൂർണമായും മാറ്റാൻ സാധ്യതയുള്ള ഒരു സാമൂഹ്യനടപടി കൂടിയായി ഇതു മാറും. ഇപ്പോൾ തന്നെ നഗരങ്ങളിൽ നിശാജീവിതം സജീവമാണ് .
11- 12 മണിയോടെ അവസാനിച്ചിരുന്ന രാത്രി കൂട്ടായ്മകളും ഭക്ഷണ- വിരുന്നുകളും ഇനി യൂറോപ്യൻ നഗരങ്ങൾക്കു സമാനമായി പുലർച്ചെ മൂന്നുവരെ നീളാം. ഇതുണ്ടാക്കുന്ന സാമൂഹ്യ സാംസ്കാരിക മാറ്റങ്ങൾ ഇപ്പോൾ വിലയിരുത്താൻ ആകില്ല. ക്രിമിനൽ സംഘങ്ങളുടെ വിളയാട്ടങ്ങളും പെരുകും. രാത്രികാല ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസും ക്രമസമാധാനപാലകരും കൂടുതൽ വിയർപ്പൊഴുക്കേണ്ടിവരും
രാവിലെ ഒരു മണിക്കൂർ നേരത്തെ
രാവിലെ ഒരു മണിക്കൂർ നേരത്തെ ബാറുകളുടെ പ്രവർത്തന സമയം ആക്കിയതോടുകൂടി മദ്യപിച്ചിട്ട് ദിവസം തുടങ്ങുക, ഓഫീസിൽ പോവുക തുടങ്ങിയ കാര്യങ്ങളിൽ തെറ്റായ ഒരുപാട് പ്രവണതകൾക്കു ആക്കംകൂട്ടാൻ വഴിയുണ്ടെന്ന് ആ രംഗത്തെ നിരീക്ഷകർ ചൂണ്ടിക്കാണുന്നു.
രാത്രി 12ന് സാധാരണ ബാറുകൾ അടയ്ക്കുമെങ്കിലും ഫൈവ് സ്റ്റാർ ബാറുകളുടെ ചുവടൊപ്പിച്ച്, ഉദ്യോഗസ്ഥരെയും മറ്റും സ്വാധീനിച്ചും അവയും പ്രവർത്തന സമയം ദീർഘിപ്പിക്കാനാണ് സാധ്യത. മാത്രമല്ല ഫൈവ് സ്റ്റാർ ബാറുകൾക്കു മാത്രമാക്കിയ മൂന്നു മണിക്കൂർ അധികം തങ്ങൾക്കും വേണമെന്ന് ഇവർക്കു ന്യായമായും ആവശ്യപ്പെടാം. അതിനു കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
ഡീൽ ആരോപണം
സംസ്ഥാന സർക്കാരിനോ ഖജനാവിനോ പുതിയ നടപടികൊണ്ട് പെട്ടെന്നു പ്രയോജനം ഒന്നും കിട്ടില്ല. ഫൈവ് സ്റ്റാർ ബാറുകളുടെ രാത്രി സമയം കൂട്ടിയതിനു മാത്രമാണ് അധിക ഫീസ് അടക്കേണ്ടത്. എന്നാൽ, ഏതോ ഒരു സംഘടന ആവശ്യപ്പെട്ടതനുസരിച്ച് ബാറുകളുടെ പ്രവർത്തന സമയം പെട്ടെന്നു കൂട്ടിയ നടപടിക്കു പിന്നിൽ കോടിക്കണക്കിനു രൂപയുടെ അഴിമതിയും സ്വാധീനവും ഉണ്ടാവുമെന്ന ആരോപണം ഉയർന്നുകഴിഞ്ഞു.
പഴയ ബാർകോഴ കേസിന്റെ മാതൃകയിലുള്ള നിരവധി ആക്ഷേപങ്ങൾക്കും സമരങ്ങൾക്കും കോടതി നടപടികൾക്കും ഇതു വഴിവച്ചേക്കാം. നിരവധി സംഘടനകൾ ഇന്നു തന്നെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പ്രതിപക്ഷവും സമരത്തിന് ഒരുങ്ങുകയാണ്.
Kerala
പാലക്കാട്: മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദന്റെ മകന് വി.എ. അരുണ്‍കുമാറിനെ മത്സരിപ്പിക്കാന്‍ സിപിഎമ്മില്‍ ആലോചനയെന്നു സൂചന. അച്യുതാനന്ദന്റെ മുന്‍ പിഎ എ. സുരേഷ് യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സിപിഎം നീക്കം.
പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാമെന്ന നിലപാടിലാണ് അരുണ്‍കുമാര്‍. അരുണ്‍കുമാര്‍ മലമ്പുഴയില്‍ മത്സരിക്കുന്നതിനോടു സിപിഎം ജില്ലാ നേതൃത്വത്തിനും എതിര്‍പ്പില്ലെന്നാണു സൂചന.
അരുണ്‍കുമാർ മത്സരിച്ചാല്‍ തെരഞ്ഞെടുപ്പില്‍ വിഎസ് ഫാക്ടര്‍ നിലനിര്‍ത്താമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. തെരഞ്ഞെടുപ്പിൽ അരുണ്‍കുമാറിനെ നേരിടുന്നതു സംബന്ധിച്ചുള്ള ചോദ്യത്തോട്, പുനർവിചിന്തനം ആവശ്യമായ ചോദ്യമാണെന്നായിരുന്നു എ. സുരേഷിന്റെ പ്രതികരണം.
കുഴയ്ക്കുന്ന ചോദ്യമാണ്. പുനര്‍വിചിന്തനം ആവശ്യമാണ്. ബുദ്ധിമുട്ടുണ്ടാക്കുന്ന മത്സരമായിരിക്കും’’, സുരേഷ് മാധ്യമങ്ങളോടു പറഞ്ഞു.
Kerala
തൃശൂർ: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സമചിത്തതയോടെ തീരുമാനമെടുക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. സർക്കാരിന്റെ അഭിപ്രായമനുസരിച്ചല്ല സുപ്രീംകോടതി വിധിപറയുന്നത്. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് ഇടതുപക്ഷ പ്രവർത്തകയല്ല.
കലാപമോ തങ്ങൾക്കനുകൂല സാഹചര്യമോ ലക്ഷ്യമിട്ടു നിക്ഷിപ്ത താത്പര്യക്കാരാണ് ഹർജി നൽകിയത്. ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ സർക്കാർ ഉത്തരവാദിത്വത്തോടെ ഇക്കാര്യം കൈകാര്യം ചെയ്യണം. ഇത്തരം വിഷയങ്ങൾ വിവാദമാക്കുന്നതു നിക്ഷിപ്ത താത്പര്യക്കാരാണ്.
നിഷ്കളങ്കരായ പലരും ഇതിൽ വീണുപോകുന്നു. കൂട്ടായി ഉരുത്തിരിയുന്ന അഭിപ്രായങ്ങളേ സർക്കാരിനു പറയാൻ കഴിയൂ. ഇടതുപക്ഷത്തെ പ്രതിനിധീകരിച്ചു പ്രേംകുമാറിന് ഇനിയും നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയും. യുഡിഎഫ് തകർന്ന പാളയമാണ്.
പ്രസംഗപീഠത്തിനു പിന്നിൽ നടന്ന അടി നാം കണ്ടതാണ്. എത്ര ജീർണിച്ച സാംസ്കാരിക സാഹചര്യമാണ് അവർ ഉണ്ടാക്കുന്നത്. ജനപ്രതിനിധിക്കെതിരേ വരെ നിരവധി പരാതികൾ ഉയർന്നു. ഇവർക്കൊപ്പം പോകുന്നതാണോ നല്ലതെന്നു പ്രേംകുമാർ ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു.
Kerala
കണ്ണൂര്‍: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദം തുറന്നുപറഞ്ഞതിന് സിപിഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് ഇ.പി. ജയരാജൻ. പാര്‍ട്ടിയെ ഒറ്റുകൊടുത്ത നീചനാണ് പയ്യന്നൂരിലെ വി കഞ്ഞികൃഷ്ണനെന്നും വര്‍ഗ ശത്രുവായ കുഞ്ഞികൃഷ്ണൻ പോയാൽ പാര്‍ട്ടിക്കൊന്നും സംഭവിക്കില്ലെന്നും ജയരാജൻ പറഞ്ഞു.
"താൻ മാത്രമാണ് ശരിയെന്ന കുഞ്ഞികൃഷ്ണന്റെ വാദത്തെ മാധ്യമങ്ങൾ പ്രചരിപ്പിക്കുകയാണ്. കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ എതിരാളികളുടെ ആയുധമായി മാറിയിരിക്കുകയാണ്.'-ജയരാജൻ കുറ്റപ്പെടുത്തി.
ടി.ഐ. മധുസൂദനൻ പയ്യന്നൂരിലെ ചടുലനായ നേതാവാണെന്നും ജയരാജൻ പറഞ്ഞു. എൽഡിഎഫ് പയ്യന്നൂർ മണ്ഡലം ജാഥയിലാണ് ജയരാജൻ കുഞ്ഞികൃഷ്ണനെതിരെ രംഗത്തെത്തിയത്.
Kerala
പാലക്കാട്: പാർട്ടി എടുക്കുന്ന എല്ലാ നിലപാടുകളും അതേപടി നടപ്പിലാക്കാന്‍ കഴിയുന്ന ഒന്നല്ല സംസ്ഥാന സര്‍ക്കാരെന്നു സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്. ജില്ലയില്‍ എല്‍ഡിഎഫ് വടക്കന്മുന്നേറ്റ വികസനജാഥയ്ക്കിടെ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്നും അതു വലിയൊരു പ്രതിസന്ധിയാണെന്നും വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്. തങ്ങളെ സംബന്ധിച്ചിടത്തോളം യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും നിലവിലില്ല. പ്രതിസന്ധികളുണ്ടാകണമെന്നു മാധ്യമങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.
ഇടതുപക്ഷ ജനാധിപത്യമുന്നണി എടുക്കുന്ന എല്ലാ തീരുമാനങ്ങളും അതേപടി നടപ്പിലാക്കാന്‍ കഴിയുന്ന ഒരു ഭരണകൂടസംവിധാനമല്ല സര്‍ക്കാരിനുള്ളത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണകൂടത്തിനു കീഴിലുള്ള ഒരു സംസ്ഥാനം മാത്രമാണ് കേരളം എന്ന യാഥാര്‍ഥ്യം എല്ലാവരും തിരിച്ചറിയണം.
ഇക്കാര്യം 1957ല്‍തന്നെ ഇ.എം.എസ്. നമ്പൂതിരിപ്പാട് വ്യക്തമാക്കിയിട്ടുള്ളതാണ്. സംസ്ഥാന സര്‍ക്കാരിന് അതിന്റേതായ പരിമിതികളുണ്ട്. ആ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ജനങ്ങള്‍ക്ക് അനുകൂലമായ കാര്യങ്ങള്‍ ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: എല്‍ഡിഎഫിന്റെ വികസനമുന്നേറ്റ യാത്രയ്ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പെന്ഷന് പണം നല്കിയ സംഭവം ഇടതു സൈബര്‍ പോരാളികള്‍ വൈറലാക്കിയതിനിടെ നിലപാടുകള്‍ അടിക്കടി മാറ്റി പാര്‍ട്ടിയെ വെട്ടിലാക്കി മൊയ്തീന്.
കഴിഞ്ഞയാഴ്ച ബാലുശേരി മണ്ഡലത്തില്‍ വികസന മുന്നേറ്റ യാത്ര എത്തിയപ്പോഴാണ് മൊയ്തീന് സ്റ്റേജില്‍ എത്തി പെന്ഷന് പണമാണെന്നു പറഞ്ഞ് 2,000 രൂപ എം.വി. ഗോവിന്ദനെ ഏല്‍പ്പിച്ചത്. പണം വാങ്ങിയ എം.വി. ഗോവിന്ദന് പെട്ടന്നുതന്നെ തിരിച്ച് മൊയ്തീന്റെ പോക്കറ്റില്‍ പണം ഇട്ടുകൊടുത്തു.
സര്‍ക്കാരില്‍നിന്ന് പെന്ഷന് കിട്ടിയ തുകയാണെന്നും യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ പെന്ഷന് ഇനി കിട്ടില്ലെന്നും പറഞ്ഞാണു മൊയ്തീന് പണം നല്‍കിയത്. ഈ സംഭവത്തെ വാഴ്ത്തി ഇടതു സൈബര്‍ പോരാളികള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷം തുടങ്ങിയതിനിടെ പാര്‍ട്ടിയെ വെട്ടിലാക്കി മൊയ്തീന്റെ പ്രതികരണം വന്നു.
സ്വമനസാലെ പോയി പെന്ഷന് പണം നല്‍കിയതല്ലെന്നും ചിലര്‍ തന്നെ സ്റ്റേജിലേക്കു കൊണ്ടുപോയി പണം നല്‍കിച്ച് വീഡിയോ എടുത്തതാണെന്നുമാണ് മൊയ്തീന് തിരുത്തിയത്.
ഇത് കോണ്‍ഗ്രസ് ഏറ്റുപിടിച്ചതോടെ വീണ്ടും മൊയ്തീന് മലക്കം മറിഞ്ഞു. പാര്‍ട്ടിയോടു വലിയ കൂറുള്ളതുകൊണ്ടാണ് പെന്ഷന് തുക നല്‍കിയതെന്നായിരുന്നു ഏറ്റവും ഒടുവില്‍ മൊയ്തീന് തിരുത്തിയത്.
Kerala
തിരുവനന്തപുരം: സിപിഎമ്മിനു ഗുണ്ടാപ്പണി നടത്തുന്നവർക്കും കൊള്ള നടത്തുന്നവർക്കും മാത്രമാണു കേരളത്തിൽ പ്രിവിലേജുള്ളതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
കുടുംബവുമായി സഞ്ചരിച്ച പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ സംരക്ഷിക്കുകയാണ് സർക്കാർ. പോലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകർക്കുന്ന നടപടിയാണിത്. പോലീസുകാർക്കു നിയമം നീതിപൂർവം നടപ്പാക്കാൻ കഴിയുന്നില്ല.
സിപിഎമ്മിനു വേണ്ടി രാഷ്ട്രീയ കൊലപാതകം നടത്തിയവർ ജയിലിൽ പ്രിവിലേജ്ഡ് ക്ലാസാണ്. അവരെ കൊലയാളികളായി പിണറായി സർക്കാർ കാണുന്നില്ല. നിയമസംവിധാനം നടപ്പാക്കാൻ സർക്കാരിനു താത്പര്യമില്ല. അരാജകത്വത്തിലേക്കാണു നാടിനെ പിണറായി സർക്കാർ നയിക്കുന്നത്.
കുറച്ചുനാളുകളായി കോണ്‍ഗ്രസിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സഹകരിക്കുന്ന വ്യക്തിയല്ല മണിശങ്കർ അയ്യർ. വ്യക്തിപരമായ അഭിപ്രായമാണ് മണിശങ്കർ അയ്യർ പങ്കുവച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വികസന മുന്നേറ്റ ജാഥയുടെ വേദിയിലെത്തി പണം നൽകിയത് സ്വന്തം താത്പര്യപ്രകാരമാണെന്ന് മൊയ്തീൻ. പാർട്ടിയോട് വലിയ കൂറുള്ളത് കൊണ്ടാണ് പെൻഷൻ തുക നൽകിയതെന്നും മൊയ്തീൻ പറഞ്ഞു.
കോഴിക്കോട് ബാലുശേരി മണ്ഡലത്തിൽ സിപിഎമ്മിന്റെ വികസന മുന്നേറ്റ ജാഥ എത്തിയപ്പോഴായിരുന്നു മൊയ്തീൻ വേദിയിലെത്തി എം.വി.ഗോവിന്ദന് പണം നൽകിയത്. ഇത് പിന്നീട് വലിയ ചർച്ചയ്ക്ക് കാരണമായിരുന്നു.
പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി വയോധികൻ രംഗത്തെത്തിയിരുന്നു. സ്വന്തം താത്പര്യ പ്രകാരം പണം നൽകിയതല്ലെന്നും ചിലർ തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി പണം കൈമാറാൻ ആവശ്യപ്പെട്ട് വീഡിയോ ചിത്രീകരിച്ചതാണെന്നും ഇദ്ദേഹം വ്യക്തമാക്കി.
ഇതിനുപിന്നാലെയാണ് വിഷയത്തിൽ നിലപാട് തിരുത്തി മൊയ്തീൻ വീണ്ടും രംഗത്തെത്തിയത്. പണം നൽകിയത് സ്വന്തം ഇഷ്ടപ്രകാരം ആണെന്ന് മൊയ്തീൻ പറയുന്ന വീഡിയോ ആണ് ഒടുവിലായി പുറത്തുവന്നിട്ടുള്ളത്.
Kerala
തൃശൂർ: തൃശൂർപൂരം അലങ്കോലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ടിൽ തന്റെ മൊഴി നിഴലിച്ചുപോലും കണ്ടില്ലെന്ന് സുരേഷ് ഗോപി എംപി. വിഷയത്തിൽ പുറത്തുവന്ന റിപ്പോർട്ട് പൂർണമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ വർഷം പൂരം നല്ല രീതിയില്‍ നടത്തണമെന്ന് ആഗ്രഹിച്ച് മുഖ്യമന്ത്രി ഒരു അവലോകന യോഗം വിളിച്ചു ചേർത്തിരുന്നു. അതില്‍ താൻ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി നിർബന്ധം പറഞ്ഞിരുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞ ഒരു കാര്യം മൊഴിയെടുത്ത ഉദ്യോഗസ്ഥരോട് താൻ പറഞ്ഞതാണ്. എന്നാല്‍ അത് റിപ്പോർട്ടില്‍ വന്നിട്ടില്ല. പിന്നെ ആ റിപ്പോർട്ട് എങ്ങനെ പൂർണമാകുമെന്നും സുരേഷ് ഗോപി ചോദിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിഷയത്തിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടതില്ലെന്നും എംപി അറിയിച്ചു. അതേസമയം എയിംസുമായി ബന്ധപ്പെട്ട ചോദ്യത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. എയിംസ് വരാതെ എവിടെ പോകാനെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എയിംസ് വരുമ്പോൾ അതിന്റെ മഹത്വം തനിക്ക് തന്നെയാവും. എയിംസ് പറഞ്ഞ് വോട്ട് ചോദിക്കാൻ താൻ വരില്ലെന്നും സുരേഷ് ഗോപി എംപി കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: ശബരിമല യുവതീപ്രവേശനത്തില്‍ നിലപാട് തിരുത്താതെ ഇടതുപക്ഷത്തിന് മുന്നോട്ടു പോകാനാകില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലപാട് തിരുത്തണം എന്നത് കേരളത്തിന്റെ ആവശ്യമാണ്. തിരുത്തുമെന്ന് തന്നെയാണ് കരുതുന്നത്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഒരുപാട് അനുഭവിച്ചതാണ് കേരള ജനത. ഇനിയും അനുഭവിപ്പിക്കാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നതെങ്കില്‍ ഒന്നും പറയാനില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
സ്വര്‍ണക്കൊള്ള മറയ്ക്കാനാണ് സര്‍ക്കാര്‍ അയ്യപ്പസംഗമം നടത്തിയത്. അത് മഹാകൊള്ളയായി. സ്വര്‍ണക്കൊള്ളയില്‍ യുഡിഎഫ് നേതാക്കളെ പ്രതിയാക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ലെന്നും കാരണം യഥാര്‍ഥ കള്ളന്മാര് സിപിഎം നേതാക്കളാണെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
Kerala
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ഒരു സ്റ്റേജ് പോലും മാനേജ് ചെയ്യാന്‍ കഴിയാത്തവര്‍ എങ്ങനെയാണ് ഒരു സ്റ്റേറ്റിനെ മാനേജ് ചെയ്യുകയെന്ന് ഗോവിന്ദന് ചോദിച്ചു.
ജനത്തിരക്കല്ല കണ്ടത്. സ്റ്റേജിലെ തിരക്ക് ആണ്. ഒരു സ്റ്റേജ് മാനേജ്മെന്റ് പോലും നടത്താന്‍ കഴിയാത്തവര്‍ക്ക് എങ്ങനെയാണ് സ്റ്റേറ്റ് മാനേജ്മെന്റ് നടത്താനാവുക. അതൊക്കെ ജനം കണ്ടതാണ്.
പരസ്പര സ്നേഹത്തോടെ സ്റ്റേജ് മാനേജ് ചെയ്യാന്‍ കഴിയുന്നില്ല. പിന്നെ നിങ്ങള്‍ക്ക് എങ്ങനെയാണ് കേരളം പോലൊരു നാടിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാവുകയെന്നും ഗോവിന്ദന് ചോദിച്ചു.
Kerala
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിസഭയിലെ ഒരു മന്ത്രി പച്ചയ്ക്ക് വർഗീയത പറഞ്ഞിട്ട് അതേ സ്ഥാനത്ത് തുടരുകയാണെന്ന് വി.ഡി.സതീശൻ പറഞ്ഞു.
വർഗീയതയ്ക്കെതിരെ ഒരു വിട്ടുവീഴ്ചയും തന്റെ ഭാഗത്ത് നിന്ന് ഒരിക്കലുമുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വർഗീയത പറഞ്ഞ മന്ത്രി യുഡിഎഫിലാണെങ്കിൽ 24 മണിക്കൂർ പോലും ആ സ്ഥാനത്തുണ്ടാവില്ലെന്നും സതീശൻ അഭിപ്രായപ്പെട്ടു.
പുതുയുഗ യാത്രയുടെ കോഴിക്കോട്ടെ സമാപന സമ്മേളനത്തിൽ മുതലക്കുളം മൈതാനത്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സജി ചെറിയാന്റെ മലപ്പുറം പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
പച്ചയ്ക്ക് വർഗീയത പറയുന്നവരെ പൊന്നാട അണിയിക്കുകയാണ് പിണറായി വിജയൻ ഇപ്പോൾ ചെയ്യുന്നത്. നാല് വോട്ടിന് വേണ്ടി തങ്ങൾ വർഗീയത പറയില്ലെന്നും തുടർ ഭരണം വേണ്ടെന്ന് സാംസ്കാരിക കേരളം പറയുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ദേശീയഗാനത്തിനു പകരം ദേശീയഗീതത്തിനു പ്രാധാന്യം നൽകുന്ന ഉത്തരവ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇതു ഭരണഘടനയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും സിപിഎം. ഭരണഘടനയുടെ ആർട്ടിക്കിൾ 51എ (എ) ദേശീയ പതാകയെയും ദേശീയഗാനത്തെയും ബഹുമാനിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് വ്യക്തമായി പറയുന്നുണ്ട്.
എന്നാൽ ബിജെപി സർക്കാർ ഗൂഢലക്ഷ്യങ്ങളോടെയുള്ള പുതിയ ഉത്തരവിലൂടെ ദേശീയഗീതത്തെയും ദേശീയഗാനത്തെയുംകുറിച്ച് അനാവശ്യമായ വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഭരണഘടനയുടെ ആത്മാവ് ഉയർത്തിപ്പിടിച്ച് ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ ടേം വ്യവസ്ഥ വേണ്ടെന്നു വയ്ക്കാൻ സിപിഎം. രണ്ടു തവണ മത്സരിച്ചവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന തീരുമാനം ഈ തെരഞ്ഞെടുപ്പിൽ ഗുണകരമാകില്ലെന്നു കണ്ടുകൊണ്ടാണു സിപിഎം നിലപാടു മാറ്റുന്നത്.
നിലവിൽ എംഎൽഎമാരായിട്ടുള്ളവരുടെ പ്രകടനം പാർട്ടി വിലയിരുത്തിയിരുന്നു. ഇതിൽ ഭൂരിപക്ഷം ജനപ്രതിനിധികളും മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടത്തിയവരും ജനപിന്തുണയുള്ളവരുമാണെന്ന റിപ്പോർട്ടാണു സിപിഎം ജില്ലാ കമ്മിറ്റികൾ പാർട്ടി സംസ്ഥാന നേതൃത്വത്തിനു നൽകിയിരിക്കുന്നത്. മൂന്നാമതും ഇടതുസർക്കാർ അധികാരത്തിലെത്തണമെങ്കിൽ പരീക്ഷണങ്ങൾക്കു മുതിരാതെ ജനപ്രിയരായുള്ള സ്ഥാനാർഥികളെ തന്നെ രംഗത്തിറക്കണമെന്ന ധാരണയിൽ തന്നെയാണു സിപിഎം.
സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ തന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ നയിക്കും. ധർമ്മടത്തു നിന്നു തന്നെ പിണറായി മത്സരിക്കും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ നിലവിൽ തീരുമാനമൊന്നും പാർട്ടി എടുത്തിട്ടില്ല. തിരുവനന്തപുരത്തു ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗവും ഇക്കാര്യത്തിൽ പ്രത്യേക നിർദേശമൊന്നും നൽകിയില്ല.
എന്നാൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ സംസ്ഥാനത്തു തന്നെ ധാരണയെടുക്കാമെന്ന നിർദേശം കേന്ദ്ര നേതൃത്വം നൽകിയിട്ടുണ്ട്. അങ്ങനെവന്നാൽ കെ.കെ.ശൈലജ, ഡോ: തോമസ് ഐസക്, സി.എസ്.സുജാത, പി.സതീദേവി എന്നിവർ മത്സരരംഗത്തുണ്ടാകും. തോമസ് ഐസക് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണു സിപിഎം കേന്ദ്ര നേതൃത്വത്തിന്റെയും താത്പര്യം. ഇക്കാര്യം പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായി പങ്കുവച്ചതായാണു വിവരം.
നിലവിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാലും പി.രാജീവും കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. ഇവർ രണ്ടുപേരും വീണ്ടും മത്സരിക്കും. പോളിറ്റ്ബ്യൂറോ അംഗമായ എ.വിജയരാഘവൻ മത്സരിക്കണമെന്ന് താത്പര്യമുള്ളവർ സിപിഎം നേതൃത്വത്തിലുണ്ട്. സംസ്ഥാന സെക്രട്ടറിയായതിനാൽ എം.വി.ഗോവിന്ദൻ മത്സരിക്കില്ല. ഈ സാഹചര്യത്തിൽ പിണറായി വിജയനൊപ്പം ഒരു പോളിറ്റ്ബ്യൂറോ അംഗം കൂടി മത്സരിക്കണമെന്നു തീരുമാനിച്ചാൽ എ.വിജയരാഘവൻ മത്സരിക്കും.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാനാകുമെന്ന വിശ്വാസത്തിലാണു സിപിഎം നേതൃത്വം. കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ ചൂണ്ടിക്കാട്ടി നിലവിലെ എംഎൽഎമാർ ജനങ്ങളെ സമീപിച്ചാൽ വലിയ മാറ്റം ഉണ്ടാകുമെന്നാണു ഗൃഹസന്പർക്ക പരിപാടിയുമായി ബന്ധപ്പെട്ടു ജില്ലാ ഘടകങ്ങൾ നൽകിയ റിപ്പോർട്ട്. അതുകൊണ്ടുതന്നെ രണ്ടു ടേം എന്നതു നിർബന്ധമാക്കേണ്ടെന്ന തീരുമാനത്തിലാണ് ഇപ്പോൾ സിപിഎം നേതൃത്വം.
ഇടതുമുന്നണിയുടെ മേഖലാ ജാഥകൾ അവസാനിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. സിപിഐയിലും ടേം വ്യവസ്ഥ നിർബന്ധമാക്കില്ലെന്ന വിവരമാണു ലഭിക്കുന്നത്. ജയസാധ്യത മുൻ നിർത്തി മൂന്നു ടേം കഴിഞ്ഞവരെ വീണ്ടും സ്ഥാനാർഥികളായി സിപിഐ പരിഗണിക്കും. ഇക്കാര്യത്തിൽ സിപിഐ നേതൃതലത്തിൽ ധാരണയായിട്ടുണ്ട്.
അങ്ങനെവന്നാൽ നിലവിലെ പ്രമുഖരായിട്ടുള്ള എംഎൽഎമാരായ നേതാക്കൾക്കു വീണ്ടും മത്സരിക്കാൻ അവസരം ലഭിക്കും. മുൻ മന്ത്രി വി.എസ്.സുനിൽകുമാർ മത്സരിക്കാൻ സാധ്യതയുണ്ട്. സിപിഎമ്മിനെപ്പോലെ തന്നെ സിപിഐയും മുതിർന്ന നേതാക്കളെ മത്സരിപ്പിക്കും.
Kerala
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ കടുത്ത ആരോപണങ്ങളുമായി പി.വി. അൻവർ. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും 10 വർഷത്തെ വിസയെടുത്ത് അമേരിക്കയിലേക്ക് പോകാൻ കാത്തിരിക്കുകയാണെന്ന് അൻവർ പറഞ്ഞു.
കേരളത്തിലെ ഭരണം അവസാനിക്കുന്നതോടെ അവർ നാടുവിടുമെന്നും അൻവർ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കോഴിക്കോട്ടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അൻവർ.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ പിണറായി വിജയൻ അധികാരത്തിൽ നിന്നും പുറത്താകുമെന്നും അൻവർ അഭിപ്രായപ്പെട്ടു. അതേസമയം പ്രതിപക്ഷ നേതാവിന് ഒരിക്കലും രാഷ്ട്രീയ വനവാസം ഉണ്ടാവില്ലെന്നും പി.വി. അൻവർ വ്യക്തമാക്കി.
പാവപ്പെട്ട തൊഴിലാളികളുടെ പേര് പറഞ്ഞ് കൊള്ള നടത്തുന്ന സ്ഥാപനമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി. സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കസേരയിൽ എത്തുമ്പോൾ സമഗ്രമായ അന്വേഷണം നടത്തണമെന്നും അൻവർ ആവശ്യപ്പെട്ടു.
Kerala
കോതമംഗലം: കോൺഗ്രസിന്റെ സൈബർ ഗ്രൂപ്പുകൾ ഗുണ്ടാപ്രവർത്തനമാണ് നടത്തുന്നതെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ. സ്വന്തം പാർട്ടിയുടെ നേതാക്കളെ വരെ ആക്ഷേപിക്കുന്നവരാണ് കോൺഗ്രസിന്റെ സൈബർ സംഘമെന്നും ശൈലജ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയും ഓണം ബോണസും സംബന്ധിച്ച പരാമർശം ട്രോളാക്കിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ശൈലജ. പത്തനംതിട്ടയിൽ കെ.കെ. ശൈലജ തൊഴിലുറപ്പ് തൊഴിലാളുകളുമായി സംവദിച്ചതാണ് ട്രോളുകൾക്ക് കാരണമായത്.
ഇടതുപക്ഷമാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ അന്നത്തെ യുപിഎ സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് ശൈലജ ആവർത്തിച്ചു. എല്ലാ ജില്ലകളിലും പദ്ധതി നടപ്പാക്കിയത് ഇടതുപക്ഷത്തിന്റെ നിരന്തര ഇടപെടൽകൊണ്ടാണെന്നും കെ.കെ.ശൈലജ കൂട്ടിച്ചേർത്തു.
Kerala
തലശേരി: പറ്റാവുന്നിടത്തൊക്കെ വർഗീയ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗ യാത്രയ്ക്കു തലശേരിയല് നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബാബറി മസ്ജിദ് പൊളിച്ച സംഭവം തൊട്ട് ഭൂരിപക്ഷ -ന്യൂനപക്ഷ സമുദായങ്ങളുടെ ഐക്യത്തിനായി യുഡിഎഫ് നിലകൊണ്ടപ്പോള്‍ സിപിഎം വര്‍ഗീയ പാര്‍ട്ടികളുടെ ചുവടുപിടിച്ച് വര്‍ഗീയത പ്രചരിപ്പിക്കുകയാണു ചെയ്തത്.
പുതുയുഗ യാത്ര പ്രതിപക്ഷത്തിന്റെ യാത്രയല്ല, ദീര്‍ഘ വീക്ഷണത്തോടെയുള്ള പുതിയ കേരളം വീണ്ടെടുക്കാനുള്ള യാത്രയാണിതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Kerala
കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പരിഹസിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. തുടർ ഭരണം ലഭിച്ചാൽ മലയാളത്തിൽ "പാവപ്പെട്ട' എന്ന പ്രയോഗം ഉണ്ടാകില്ലെന്ന എം.വി.ഗോവിന്ദന്റെ പ്രസ്താവനയിലാണ് പരിഹാസം.
ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഷിബു ബേബി ജോൺ എം.വി.ഗോവിന്ദനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്. എല്ലാവരും ഗോവിന്ദൻ മാഷിനെ വിമർശിക്കുമ്പോൾ താൻ അദ്ദേഹത്തിനൊപ്പമാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി കുറിച്ചു.
അഞ്ച് വർഷം കൂടി പിണറായി വിജയൻ ഭരിച്ചാൽ കേരളത്തിൽ പാവപ്പെട്ടവർ ഉണ്ടാകില്ലെന്നും, എല്ലാവരും പട്ടിണി കാരണം മരണപ്പെടുമെന്നും ഷിബു ബേബി ജോൺ പരിഹസിച്ചു. അല്ലെങ്കിൽ പ്രാരാബ്ദങ്ങൾ മൂലം അവർ സ്വയം ജീവനൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താത്വികാചാര്യനായ ഗോവിന്ദൻ മാഷ് പറയുന്നത് പൂർണമായും മനസിലാക്കാതെ വെറുതേ അദ്ദേഹത്തെ വിമർശിക്കരുതെന്നും ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചു. എൽഡിഎഫിന് ഭരണം കിട്ടിയാൽ "പാവപ്പെട്ട' എന്ന പ്രയോഗം അവസാനിക്കുമെന്നായിരുന്നു എം.വി.ഗോവിന്ദന്റെ പ്രസ്താവന.
ജനങ്ങളെ പ്രതിനിധീകരിച്ച് പറയാൻ കേരളത്തിൽ "പാവങ്ങൾ' എന്ന പദം ഉണ്ടാവില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോഴിക്കോട് നടന്ന പത്രസമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം;
ഇന്നത്തെ പ്രസ്താവനയിൽ എല്ലാവരും ഗോവിന്ദൻ മാഷിനെ വിമർശിക്കുന്നത് കണ്ടു. എന്നാൽ ഞാൻ മാഷിനൊപ്പമാണ്. അഞ്ചു വർഷം കൂടി പിണറായി വിജയൻ ഭരിച്ചാൽ കേരളത്തിൽ പാവപ്പെട്ടവർ ഉണ്ടാവില്ല, കാരണം എല്ലാവരും പട്ടിണി കാരണം മരണപ്പെടും.
അല്ലെങ്കിൽ പ്രാരാബ്ദങ്ങൾ മൂലം അവർ സ്വയം ജീവനൊടുക്കും. താത്വികാചര്യനായ ഗോവിന്ദൻ മാഷ് പറയുന്നത് പൂർണമായും മനസ്സിലാക്കാതെ വെറുതേ അദ്ദേഹത്തെ വിമർശിക്കരുത്.
Kerala
കണ്ണൂർ: വിവാദ വെളിപ്പെടുത്തലിനെതുടര്‍ന്ന് സിപിഎം പുറത്താക്കിയ സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണന് വെളിപ്പെടുത്തിയ കണക്കുകള്‍ ശരിയായിരുന്നെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ കണക്കുകള്‍ സംബന്ധിച്ചുള്ള പത്രസമ്മേളനത്തിലെ വിശദീകരണം തെറ്റായിരുന്നെന്നുമുള്ള വിവരങ്ങള്‍ പുറത്ത്.
കുഞ്ഞികൃഷ്ണന് മുമ്പ് ഏരിയ കമ്മിറ്റിയില്‍ അവതരിപ്പിച്ച കണക്കിനുശേഷം പാര്‍ട്ടി നിയോഗിച്ച സഹകരണ ജീവനക്കാരുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് ധനാപഹരണം നടന്നതായുള്ള തെളിവുള്ളത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പയ്യന്നൂര്‍ സിപിഎമ്മിലെ ഫണ്ട് തട്ടിപ്പിന്റെ വിവരങ്ങള്‍ കുഞ്ഞികൃഷ്ണന് കമ്മിറ്റിയില്‍ വച്ചതിനുശേഷം ഇക്കാര്യങ്ങള്‍ കൂടുതലായി പരിശോധിക്കുന്നതിന് നേതൃനിരയിലുള്ള രണ്ടുപേരെ പാര്‍ട്ടി നിയോഗിക്കുകയായിരുന്നു. ഇവര്‍ പരിശോധിച്ച് തയാറാക്കി ഒപ്പിട്ട് ഏരിയ കമ്മിറ്റിക്ക് നല്കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്.
പയ്യന്നൂര്‍ സിപിഎമ്മില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായുള്ള ഈ കണ്ടെത്തലും മറച്ചുവച്ചായിരുന്നു ജില്ലാ സെക്രട്ടറി പത്രസമ്മേളനം നടത്തിയത്. വരവു-ചെലവു കണക്കുകള്‍ അന്തിമമായി അവതരിപ്പിക്കുന്നതിനായി പല കണക്കുകളും സൂക്ഷിച്ച് വച്ചിട്ടില്ല എന്ന് അടിവരയിട്ടുള്ള വെളിപ്പെടുത്തല്‍ കൂടിയാണ് പുറത്തുവന്ന രേഖകളിലുള്ളത്.
ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിട നിര്‍മാണഫണ്ടിലേക്ക് ധനരാജ് രക്തസാക്ഷി ഫണ്ടില്‍നിന്നും 35 ലക്ഷം രൂപ വകമാറ്റിയതായി ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. (ഏരിയ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെ ഈ ഫണ്ടില്‍നിന്നും കെട്ടിട നിര്‍മാണത്തിനായി 35 ലക്ഷം രൂപ വകമാറ്റിയതായും സഹകരണ ജീവനക്കാരുടെ ഒരുമാസത്തെ വേതനമായ 70 ലക്ഷത്തോളം രൂപ കണക്കില്‍ വരവ് കാണിച്ചിട്ടില്ലെന്നും കുഞ്ഞികൃഷ്ണന് വെളിപ്പെടുത്തിയിരുന്നു.) അതുള്‍പ്പെടെ 4,76,35,851 രൂപ വരവും 4,61,50,907 രൂപ ചെലവും കണക്കാക്കിയ ഫണ്ടില്‍നിന്നും 14,84,944 രൂപ കാണാനുണ്ടെന്നും ഇതിനായി നിയോഗിക്കപ്പെട്ടവര്‍ കണ്ടെത്തിയിരുന്നു. സമ്മേളന തീയതിക്ക് മുമ്പാണ് പണം ചെലവാക്കിയതെന്ന് ബാങ്ക് ഇടപാടുകളും കണക്കുകളും വ്യക്തമാക്കുന്നതെന്നും പരിശോധനാ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു.
ധനരാജ് ഫണ്ട് പലിശയുള്‍പ്പെടെ 98,90,041 രൂപയാണെന്നും ഇതില്‍നിന്നും 34,25,000 രൂപ പിന്‍വലിച്ചതില്‍ വീട് നിര്‍മാണത്തിനായി 29,25,000 രൂപയാണ് കരാറുകാരന് ഉണ്ണിക്ക് നല്‍കിയതെന്നും രേഖയിലുണ്ട്. അഞ്ചുലക്ഷം രൂപ ഏരിയ കമ്മിറ്റി അക്കൗണ്ടിലേക്ക് മാറ്റിയശേഷം ഇതില്‍നിന്ന് 2018 ജൂലൈ 24ന് 118611 ചെക്ക് പ്രകാരം രണ്ടുലക്ഷം രൂപയും അന്നുതന്നെ 118612 നമ്പര്‍ ചെക്ക് പ്രകാരം മൂന്നുലക്ഷം രൂപയും കെ.പി. മധു പിന്‍വലിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് സ്ഥിരനിക്ഷേപത്തില്‍നിന്ന് പലിശയായി ലഭിച്ച 42,844 രൂപ കെ.പി. മധുവിന്റെതന്നെ വ്യക്തിപരമായ അക്കൗണ്ടിലേക്ക് മാറ്റിയതായും ഇതില്‍ ചേര്‍ത്തിരിക്കുന്നു.
ചുരുക്കത്തില്‍ കുഞ്ഞികൃഷ്ണന് കണ്ടെത്തിയതും മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതുമായ ഒരു കോടിയോളം രൂപ കാണാനില്ലെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതാണ് പാര്‍ട്ടി നിയോഗിച്ച ഓഡിറ്റര്‍മാരുടെ കണക്കുകളും വ്യക്തമാക്കുന്നത്. ഈ വസ്തുതകള്‍ മറച്ചുവച്ചും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെയും ഉരുണ്ടുകളിച്ച ജില്ലാ സെക്രട്ടറി പാര്‍ട്ടിക്ക് പണമൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന പഴയ പല്ലവിതന്നെ ആവര്‍ത്തിക്കുകയായിരുന്നു.
Kerala
കോഴിക്കോട്: ഇടതുമുന്നണിയിൽ ആർജെഡി നേരിടുന്ന കടുത്ത അവഗണനയെക്കുറിച്ച് പരസ്യമായി പ്രതികരിച്ച് സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ. എൽഡിഎഫ് വിടുക എന്നത് നിലവിൽ പാർട്ടിയുടെ അജണ്ടയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനി താൻ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിക്കുള്ളിൽ നിന്നുതന്നെ ഉണ്ടായ അച്ചടക്കരാഹിത്യമാണ് പാർട്ടിയുടെ പരാജയത്തിനു കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി പ്രവർത്തകർ പലയിടത്തും ആർജെഡി സ്ഥാനാർഥികളെ തോൽപ്പിക്കാൻ വോട്ട് മറിച്ചുകുത്തി. എൽഡിഎഫ് നേതാക്കൾ പലയിടത്തും വിമതരെയും സ്വതന്ത്രരെയും പിന്തുണച്ചപ്പോൾ ആർജെഡി കൃത്യമായ മുന്നണി മര്യാദ കാട്ടിയെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു.
ശബരിമല വിഷയവും അമിത ആത്മവിശ്വാസവും തിരിച്ചടിക്ക് കാരണമായിട്ടുണ്ടാകാമെങ്കിലും, പ്രധാന പ്രശ്നം അച്ചടക്കമില്ലായ്മയാണെന്നും ആര്‍ജെഡി ചൂണ്ടിക്കാട്ടി.
Kerala
കാഞ്ഞങ്ങാട്: കാസർഗോഡ് കേരളത്തിന്റെ സോളാര്‍ ഹബ് ആയി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചീമേനി, പെര്‍ദാല എസ്റ്റേറ്റുകളിലെ സോളാര്‍ വൈദ്യുത നിലയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിലവിൽ കാസർഗോഡ് ജില്ലയിൽ പൈവളിഗെയിലും അമ്പലത്തറയിലും കരിന്തളത്തും സോളാര്‍ പാര്‍ക്കുകളുണ്ട്. ചീമേനിയിലും പെർദാലയും കൂടി സൗരോർജ വൈദ്യുത നിലയം വരുന്നതോടെ കാസർഗോഡ് കേരളത്തിന്റെ സോളാര്‍ ഹബ് ആയി മാറുമെന്ന് പിണറായി വിജയൻ പറഞ്ഞു.
എസ്റ്റേറ്റുകളില്‍ ബാറ്ററി സ്റ്റോറേജോടുകൂടിയ 110 മെഗാവാട്ട് സോളാര്‍ നിലയം സ്ഥാപിക്കുന്നതാണ് പദ്ധതി. ചീമേനി എസ്റ്റേറ്റില്‍ 80 മെഗാവാട്ട് നിലയവും പെര്‍ദാല എസ്റ്റേറ്റില്‍ 30 മെഗാവാട്ട് നിലയവുമാണ് ലക്ഷ്യമിടുന്നത്.
നാല് മുതല്‍ എട്ട് മണിക്കൂര്‍ വരെ വൈദ്യുതി ലഭ്യമാക്കുന്ന നിലയിലാണ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് യാഥാര്‍ഥ്യമാകുന്നതോടെ വടക്കന്‍ മലബാറിന്റെ വികസന കുതിപ്പിന് ഊര്‍ജം പകരുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: അധികാര തുടർച്ച രാഷ്ട്രീയ പാർട്ടികളെ നശിപ്പിക്കുമെന്നും അത് ദുരധികാരമായി മാറുമെന്നും മുന്നറിയിപ്പ് നൽകി എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ. പശ്ചിമ ബംഗാളിലെ ഇടതുഭരണത്തിന്റെ തകർച്ച ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. കേരളത്തിൽ ഇടതുമുന്നണി മൂന്നാം തുടർഭരണത്തിനായി ലക്ഷ്യമിടുമ്പോൾ സച്ചിദാനന്ദന്റെ ഈ പ്രസ്താവന സിപിഎമ്മിന് തലവേദനയായിരിക്കുകയാണ്.
തുടർച്ചയായി അധികാരത്തിൽ ഇരിക്കുന്നത് പാർട്ടിയുടെ സ്വാഭാവിക വളർച്ചയെ തടയുകയും ജനങ്ങളിൽ നിന്ന് അകറ്റുകയും ചെയ്യും. ബംഗാളിൽ ദീർഘകാലം അധികാരത്തിലിരുന്നപ്പോൾ ഒരു വിഭാഗം ആളുകൾ അടിച്ചമർത്തപ്പെടുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്തു. ഇത് അധികാരം പാർട്ടിയെ നശിപ്പിച്ചതിന്റെ വലിയ ഉദാഹരണമാണ്. തുടർച്ചയായ ഭരണമല്ല, മറിച്ച് മാറിമാറിയുള്ള ഭരണമാണ് ജനാധിപത്യത്തിൽ നല്ലത്. ഇത് ഭരണാധികാരികളിൽ ജാഗ്രതയുണ്ടാക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.
സച്ചിദാനന്ദന്റെ പ്രസ്താവന ചർച്ചയായതോടെ മറുപടിയുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ രംഗത്തെത്തി. ബംഗാൾ പോലെയല്ല കേരളമെന്നും ഇവിടുത്തെ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ തുടർഭരണം ജനക്ഷേമത്തിനാണെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഗൃഹസന്ദർശന വേളകളിൽ ഒരാൾ പോലും സർക്കാരിനെ വിമർശിച്ചില്ലെന്നും സച്ചിദാനന്ദൻ ബംഗാളിനെക്കുറിച്ചുള്ള കാര്യങ്ങൾ മാത്രമാണ് പറഞ്ഞതെന്നുമാണ് ടി.പി. രാമകൃഷ്ണന്റെ വ്യാഖ്യാനം.
Kerala
തിരുവനന്തപുരം: 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആന്റോ ആന്റണി രണ്ടു കോടി വാങ്ങിയെന്ന നെടുംപറന്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജുവിന്റെ വെളിപ്പെടുത്തലിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി സിപിഎം.
വാങ്ങിയത് കള്ളപ്പണമാണോ എന്ന് ആന്റോ ആന്റണി വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. അക്കൗണ്ടിലൂടെയാണോ പണം വാങ്ങിയത്. കള്ളപ്പണമാണോ എന്ന് വ്യക്തമാക്കേണ്ടത് ആന്റോ ആന്റണിയാണെന്നും ഗോവിന്ദൻ പറഞ്ഞു.
അതേസമയം ആന്റോ ആന്റണിക്കെതിരെയും എൻ.എം. രാജുവിനെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ വിജിലൻസിനു പരാതി നൽകി.
പണമിടപാടിൽ വ്യക്തത വരാനുണ്ടെന്നും കണക്കിൽ പെടാത്ത പണമാണ് ഇതിനായി ഉപയോഗിച്ചതെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇ മെയിൽ മുഖേനയാണ് പരാതി നൽകിയിരിക്കുന്നത്.
നിക്ഷേപകരുടെ തുകയാണ് യാതൊരു രേഖകളുമില്ലാതെ വിശ്വാസത്തിന്റെ പേരിൽ ആന്റോയ്ക്കു നൽകിയതെന്നായിരുന്നു രാജുവിന്റെ വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരിലാണ് പലിശ വ്യവസ്ഥയിൽ പണം വാങ്ങിയത്.
ഏഴ് വർഷം കഴിയുമ്പോഴും നാളിതുവരെ 20 ലക്ഷം രൂപ മാത്രമാണ് തിരിച്ചു നൽകിയത്. സ്ഥാപനം പ്രതിസന്ധിയിലായ സമയത്ത് തന്റെ മകൾ നേരിട്ട് പോയി അപേക്ഷിച്ചിട്ടും ആന്റോ പണം തിരികെ തന്നില്ല. അക്കാലത്ത് താൻ യുഡിഎഫിന്റെ ഭാഗമായിരുന്നുവെന്നും രാജു പറഞ്ഞു.
രണ്ടു കോടി രൂപ വാങ്ങിയെന്നും 20 ലക്ഷം രൂപ മാത്രമേ മടക്കി നൽകിയുള്ളൂവെന്നുമുള്ള രാജുവിന്റെ ആരോപണം ആന്റോ ആന്റണി തള്ളിയിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് സഹായമെന്ന നിലയിൽ പണം വാങ്ങിയിരുന്നതായി ആന്റോ ആന്റണി പറഞ്ഞു. അദ്ദേഹം അന്ന് യുഡിഎഫിന്റെഭാഗമായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം തുക തിരികെ നൽകുകയും ചെയ്തു.
പലരും അന്ന് സഹായിച്ചിട്ടുണ്ട്. തന്നെ മാത്രമല്ല സിപിഎമ്മിനെയും മറ്റു പാർട്ടികളെയും രാജു സഹായിച്ചിട്ടുണ്ട്. ഇടത് മുന്നണിയുടെ സമ്മർദത്തെ തുടർന്നാണ് രാജു ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതെന്നും ആന്റോ ആന്റണി കൂട്ടിച്ചേർത്തു.
Kerala
മൂന്നാർ: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ എസ്. രാജേന്ദ്രന് ഇന്ന് ബിജെപി സ്വീകരണം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് മൂന്നാറിൽ വിപുലമായ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
എസ്. രാജേന്ദ്രനൊപ്പം ബിജെപിയിൽ ചേർന്ന മറ്റ് പ്രവർത്തകരും സ്വീകരണത്തിൽ പങ്കെടുക്കും. ബിജെപി അംഗത്വമെടുത്തശേഷം ഇതാദ്യമായാണ് രാജേന്ദ്രൻ പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി നിയന്ത്രണത്തിലുളള സഹകരണ സംഘത്തിന്റെ ശാഖ എസ്. രാജേന്ദ്രന്റെ നേതൃത്വത്തിൽ മൂന്നാറിൽ പ്രവർത്തനം തുടങ്ങിയിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് എംപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് രാഷ്ട്രീയ പ്രചാരണായുധമാക്കാൻ ഇടതുമുന്നണി.
ശബരിമല സ്വർണക്കൊള്ളകേസിൽ മൂന്നു സിപിഎം നേതാക്കൾ അറസ്റ്റിലായിരിക്കേ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്പോൾ രാഷ്ട്രീയമായി യുഡിഎഫിനെ കൂടി പ്രതിരോധത്തിലാക്കാനുള്ള സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും തന്ത്രമാണ് നീക്കമെന്നാണ് യുഡിഎഫ് വിലയിരുത്തൽ.
സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഫോട്ടോ പുറത്തു വന്നതിന്റെ പേരിൽ അടൂർ പ്രകാശ് എംപിയെ ചോദ്യം ചെയ്തെങ്കിൽ, പോറ്റിയുമായി വേദി പങ്കിട്ട മുഖ്യമന്ത്രി പിണറായി വിജയനേയും ചോദ്യം ചെയ്യണമെന്നാണ് യുഡിഎഫ് നേതാക്കളുടെ പ്രതികരണം.
2019ലാണ് ശബരിമല സ്വർണക്കൊള്ള നടന്നതെന്ന് പ്രത്യേക അന്വേഷണ സംഘവും ഹൈക്കോടതിയും സ്ഥിരീകരിച്ചതാണ്. ഇക്കാലളയവിൽ പ്രതിപക്ഷത്തെ ഒരു എംപി മാത്രമാണ് അടൂർ പ്രകാശ് എന്നാണ് വിശദീകരണം. അദ്ദേഹത്തിന് ശബരിമലയിൽ കയറി സ്വർണക്കൊള്ള നടത്താൻ ഒരു തരത്തിലുള്ള അധികാരവും ഇക്കാലയളവിൽ ഇല്ലെന്നാണ് പ്രതിപക്ഷത്തെ മുതിർന്ന നേതാക്കൾ പറയുന്നത്. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡും അറിയാതെ ഒരു നീക്കവും നടത്താൻ കഴിയില്ലെന്നും യുഡിഎഫ് നേതാക്കൾ പറയുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്ര കാസർഗോഡ് നിന്ന് ആരംഭിച്ചിരിക്കേ യുഡിഎഫ് കണ്‍വീനറെ ചോദ്യം ചെയ്യുക വഴി മാധ്യമ ശ്രദ്ധ ജാഥയിൽ നിന്നു മാറ്റി ശബരിമലയിലെ സ്വർണക്കൊള്ളയിലെ യുഡിഎഫ് നേതാക്കളുടെ പങ്കിലേക്കു കൊണ്ടുവരാനുമുള്ള സിപിഎം തന്ത്രമാണെന്നും യുഡിഎഫ് നേതാക്കൾ പറയുന്നു.
അതേസമയം, സിപിഎം നേതാക്കൾ പ്രതിസ്ഥാനത്തും ആരോപണമുനയിലും നിൽക്കുന്പോൾ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് കണ്‍വീനറെ കൂടി ലഭിച്ചതാണ് തെരഞ്ഞെടുപ്പു നാളുകളിൽ ഇടതുമുന്നണിക്ക് പ്രചാരണ ആയുധമാക്കാൻ കഴിയുന്നത്. കടകംപള്ളി സുരേന്ദ്രനെ കൂടാതെ അടൂർ പ്രകാശിനെയും ചോദ്യം ചെയ്ത കാര്യം സിപിഎം സമൂഹമാധ്യമങ്ങൾ വഴിയും താഴത്തട്ടിലും പ്രചാരണം നടത്തും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ദേവസ്വം മന്ത്രിയായിരിക്കേ 2004ലാണ് ഉണ്ണികൃഷ്ണൻ പോറ്റി ആദ്യമായി ശബരിമലയിൽ എത്തിയതെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയിരുന്നു. കെ.സി. വേണുഗോപാലിനെ കൂടി ഇതുമായി ബന്ധപ്പെട്ട പ്രചാരണ വിഷയത്തിൽ ഉൾപ്പെടുത്തുകയാണ് ഇടതു തന്ത്രം.
നിയമവാഴ്ചയെ ബഹുമാനിക്കുന്ന വ്യക്തിയെന്ന നിലയിലാണ് ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന സംഘം വിളിച്ചപ്പോൾ അടൂർ പ്രകാശ് എത്തിയതെന്നും പ്രതിയോടൊപ്പം നിന്ന് ഫോട്ടോ എടുത്തതിന്റെ പേരിലാണ് ചോദ്യം ചെയ്തതെങ്കിൽ ആദ്യം ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെ ആണെന്നും കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. മറ്റു ചില കോണ്‍ഗ്രസ് നേതാക്കളും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തി.
Kerala
തൃശൂര്‍: തൃശൂരിലെ ആളൂർ പഞ്ചായത്തിൽ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പാർട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മാള ബ്ലോക്ക് പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കര്‍ഷക സംഘം മേഖല സെക്രട്ടറിയുമായിരുന്ന ജോസ് മാഞ്ഞൂരാന് ആണ് പാർട്ടി വിട്ടത്.
സിപിഎമ്മിന്റെ ശൈലിയോടും തീരുമാനങ്ങളോടും യോജിക്കാന്‍ കഴിയാത്തത് കൊണ്ടാണ് 20 വര്‍ഷങ്ങളായുള്ള ബന്ധം ഉപേക്ഷിച്ച് പഴയ തറവാട്ടിലേക്ക് തിരിച്ച് പോകുന്നതെന്ന് ജോസ് മാഞ്ഞൂരാന് പറഞ്ഞു.
ആളൂര്‍ പഞ്ചായത്ത് വെള്ളാഞ്ചിറ സ്വദേശിയാണ് ജോസ് മാഞ്ഞൂരാൻ. ഇദ്ദേഹത്തിന്റെ തിരിച്ചുവരവ് ആളൂര്‍ പഞ്ചായത്ത് ഭരണം തിരിച്ച് പിടിച്ച കോണ്‍ഗ്രസിന് കരുത്ത് പകരുമെന്ന് മണ്ഡലം പ്രസിഡന്റ് ബാബു തോമസ് അഭിപ്രായപ്പെട്ടു.
Kerala
കല്‍പ്പറ്റ: വയനാട്ടില്‍ സിപിഎമ്മിലും കോണ്‍ഗ്രസിലുമുള്ള ജനറല്‍ വിഭാഗം നേതാക്കളില്‍ മനം മടുപ്പ്. നിയമസഭയിലോ ലോക്സഭയിലോ എത്തിപ്പെടാന്‍ "അവസരം’ ഇല്ലാത്തത് ഇവരില്‍ രാഷ്ട്രീയ പ്രവര്‍ത്തനോര്‍ജം കുറയ്ക്കുകയാണ്.
മൂന്ന് നിയമസഭാ മണ്ഡലങ്ങളാണ് ജില്ലയില്‍. ഇതില്‍ മാനന്തവാടിയും ബത്തേരിയിലും പട്ടികവര്‍ഗത്തിന് സംവരണം ചെയ്തതാണ്. കല്‍പ്പറ്റയാണ് ഏക ജനറല്‍ മണ്ഡലം. ജില്ലയിലെ നിയമസഭാമണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് വയനാട് പാര്‍ലമെന്റ് മണ്ഡലം. ജില്ലയില്‍ യോഗ്യതയുള്ളവര്‍ ഉണ്ടായിട്ടും വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ജനവിധി തേടാന്‍ പുറംനാട്ടുകാര്ക്കാണ് അവസരം ലഭിച്ചത്. രൂപീകരണത്തിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ എം.ഐ. ഷാനവാസിനാണ് മണ്ഡലത്തില്‍ മത്സരിക്കാന്‍ നറുക്കുവീണത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ദേശീയ നേതാക്കളായ രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും സീറ്റ് കൊണ്ടുപോയി.
ഇടതു മുന്നണി സിപിഐയ്ക്ക് നല്‍കിയതാണ് വയനാട് പാര്‍ലമെന്റ് സീറ്റ്. സിപിഐയിലെ സത്യന് മൊകേരി, പി.പി. സുനീര്‍, ആനി രാജ എന്നിവരാണ് മണ്ഡലത്തില്‍ പയറ്റിത്തോറ്റത്. സിപിഐ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുറപ്പിക്കുന്ന ജോലിയാണ് വയനാട് മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സിപിഎം നേതാക്കള്‍ക്കു ചെയ്യാനുണ്ടായിരുന്നത്. മണ്ഡലത്തില്‍ മത്സരിക്കാന്‍ അവസരം സമീപകാലത്തൊന്നും ലഭിക്കുമെന്ന പ്രതീക്ഷ സിപിഎം നേതാക്കള്‍ക്കില്ല.
കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തിലും ജനവിധി തേടാന്‍ യോഗമില്ലാത്ത സ്ഥിതിയിലാണ് ജില്ലയിലെ സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍. കല്‍പ്പറ്റയില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ടിക്കറ്റ് കാത്തിരിക്കുന്നതിനിടെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോഴിക്കോടുനിന്ന് ടി. സിദ്ദിഖ് സ്ഥാനാര്‍ഥിയായി എത്തിയത്. വരുന്ന തെരഞ്ഞെടുപ്പിലും അദ്ദേഹം തന്നെയായിരിക്കും മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി.
കോണ്‍ഗ്രസ്, സിപിഎം സംസ്ഥാന നേതൃത്വം ജില്ലയില്‍നിന്നുള്ളവര്‍ക്ക് മറ്റിടങ്ങളില്‍ മത്സരിച്ച് നിയമസഭയിലോ ലോക്സഭയിലോ എത്താനും വഴിയൊരുക്കുന്നില്ല. എന്നാല്‍ മുസ്ലിംലീഗ് ജില്ലയിലെ നേതാക്കളെ ഇതര ജില്ലകളിലെ മണ്ഡലങ്ങളില്‍ മത്സരപ്പിച്ച് നിയമസഭയിലെത്തിച്ചിട്ടുണ്ട്. ജില്ലയില്‍നിന്നുള്ള സി. മമ്മൂട്ടിയെ കൊടുവള്ളിയില്‍നിന്നും തിരൂരില്‍നിന്നും ലീഗ് നിയമസഭയിലെത്തിച്ചു.
കെ.എം. ഷാജിക്ക് ഇരവിപുരത്തും പിന്നീട് അഴീക്കോടിലും സീറ്റ് നല്കി. ഇരവിപുരത്ത് വീണ ഷാജി അഴിക്കോടില്‍ ജയിച്ചുകയറി. രാജ്യസഭാ സീറ്റുകളിലും ജില്ലയില്‍നിന്നുള്ള കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ക്ക് പരിഗണന ലഭിക്കാത്ത സ്ഥിതിയാണ്.
Kerala
കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറയുന്നത് വസ്തുതകള്‍ മറച്ചുവച്ചുള്ള പച്ചക്കള്ളമാണെന്നു സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്. തന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനായി കെ.കെ. രാഗേഷ് നടത്തിയ പത്രസമ്മേളനത്തിനുശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2022 ജൂണില്‍ പാര്‍ട്ടി ഫണ്ടുമായി ബന്ധപ്പെട്ട വരവ് ചെലവ് കണക്ക് അവതരിപ്പിച്ചിട്ടില്ല. ജില്ലാ കമ്മിറ്റിയുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടി മാത്രമാണ് അന്ന് റിപ്പോര്‍ട്ട് ചെയ്തത്. വസ്തുത ഇതായിരിക്കേ കെ.കെ. രാഗേഷ് പച്ചക്കള്ളമാണു പറയുന്നത്. സഹകരണ സ്ഥാപനത്തിന്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണു പറഞ്ഞതെന്നു കുഞ്ഞികൃഷ്ണന് ചൂണ്ടിക്കാണിച്ചു.
പുസ്തക പ്രകാശന ചടങ്ങ് സിപിഎം വിമതരുടെ ഒത്തുചേരലായി മാറിയെന്നു പറഞ്ഞത് പയ്യന്നൂരിലെ സിപിഎം നേതൃത്വത്തിന് അംഗീകരിക്കാന്‍ സാധിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. അവിടെ നടന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയല്ല.
പൊതുപരിപാടി എന്ന നിലയില്‍ പലരും പങ്കെടുക്കുമെന്നിരിക്കേ അന്നത്തെ ജനക്കൂട്ടം പാര്‍ട്ടി നേതൃത്വത്തെ ബുദ്ധിമുട്ടിച്ചതിനു തെളിവാണ് ഇപ്പോഴത്തെ പരാമര്‍ശങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
താന്‍ എപ്പോഴാണ് സിപിഎം വിരുദ്ധനായതെന്നും അതിനുള്ള കാരണമെന്തെന്നും പാര്‍ട്ടിയാണു പറയേണ്ടത്. നാലര വര്‍ഷത്തോളം പാര്‍ട്ടിക്കകത്ത് പറഞ്ഞിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് പൊതുസമൂഹത്തോടു പറയേണ്ടി വന്നത്. ടി.ഐ. മധുസൂദനന്റെ ചോരയ്ക്കു വേണ്ടി ദാഹിക്കുന്നു എന്ന് പറഞ്ഞത് മധുസൂദനനാണ്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറാനാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ നേതൃത്വം ശ്രമിക്കുന്നത്. ഇങ്ങനെ കളവുകള്‍ പറയാന്‍ നേതാക്കന്മാര്ക്ക് എങ്ങനെ സാധിക്കുന്നെന്ന് അദ്ദേഹം ചോദിച്ചു.
Kerala
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് കിട്ടിയ പത്മവിഭൂഷൻ സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിൽ സിപിഎം. പാർട്ടി നിലപാട് അനുസരിച്ച് കുടുംബം തീരുമാനമെടുക്കുമെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു.
അതേസമയം പാർട്ടി പറയുന്നത് അംഗീകരിക്കുമെന്നാണ് വി.എസിന്റെ കുടുംബം ആവർത്തിക്കുന്നത്. പുരസ്കാരം വി.എസിന്റെ പൊതുജീവിതത്തോടുള്ള ആദരവായി കാണുന്നുവെന്ന് മകൻ അരുൺ കുമാർ പറഞ്ഞിരുന്നു.
ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന സ്നേഹമാണ് ഏറ്റവും വലിയ കരുത്ത്. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ വി.എസ് മുറുകെ പിടിച്ച ആ മൂല്യങ്ങൾക്കും പാർട്ടി തീരുമാനത്തിനും ഒപ്പമാണ് കുടുംബം. ഏതൊരു പുരസ്കാരത്തേക്കാളും വലുത് വി.എസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണെന്ന് കുടുംബം വിശ്വസിക്കുന്നുവെന്നും അരുൺ പറഞ്ഞിരുന്നു.
രാഷ്ട്രീയ നേതാക്കൾ പത്മ പുരസ്കാരങ്ങൾ സ്വീകരിക്കേണ്ടതില്ലെന്നത് സിപിഎമ്മിന്റെ പ്രഖ്യാപിത നയമാണ്. വി.എസിന് മുൻപ് ഇ.എം.എസ്. നമ്പൂതിരിപ്പാട്, ജ്യോതി ബസു, ഹർകിഷൻ സിംഗ് സുർജിത്, ബുദ്ധദേവ് ഭട്ടാചാര്യ എന്നിവര്‍ പുരസ്കാരങ്ങൾ നിരസിച്ചിരുന്നു.
Kerala
കണ്ണൂർ: വി. കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനത്തിൽ പങ്കെടുത്തത് സിപിഎം വിരുദ്ധരാണെന്ന്
സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പുസ്തകപ്രകാശനത്തിന് ആർഎംപിക്കാർ വരെ ഉണ്ടായിരുന്നുവെന്നും രാഗേഷ് കൂട്ടിച്ചേർത്തു. അതിന്റെ ലക്ഷ്യം ഏതൊരാൾക്കും മനസിലാകുമെന്നും രാഗേഷ് പറഞ്ഞു.
പുസ്തകത്തിലുള്ളത് മധുസൂദനനോടുള്ള പകയാണെന്നും രാഗേഷ് ആരോപിച്ചു. പക മൂത്ത് അന്ധത ബാധിച്ചത് പോലെയുള്ള കാര്യങ്ങളാണ് കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലുള്ളതെന്നും രാഗേഷ് വിമർശിച്ചു. ഫണ്ട് തട്ടിയെന്ന ആരോപണം ഭാവനാസൃഷ്ടിയാണെന്നും രാഗേഷ് പറഞ്ഞു.
പാർട്ടിയുടെ കരിവള്ളൂർ ഏരിയ സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതിന് ഉദാഹരണമാണ്. ആ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിക്ക് വേണ്ടി താനും മുതിർന്ന നേതാക്കളായ കെ.പി സഹദേവൻ, വി നാരായണൻ, സി കൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തിരുന്നു. സാധാരണഗതിയിൽ മൂന്ന് ടേം പൂർത്തിയാകുമ്പോൾ ഏരിയ സെക്രട്ടറിമാർ മാറാറുണ്ട്.
പുതിയ സെക്രട്ടറിയെ നിർദേശിക്കുന്നതുമായി ബന്ധപ്പെട്ട് നേതാക്കൾക്കിടയിൽ നടന്ന കൃത്യമായ കൂടിയാലോചനകളുടെ അടിസ്ഥാനത്തിലാണ് അന്ന് പേര് നിർദേശിച്ചത്. എന്നാൽ ടിഐ മധുസൂദനനെ വ്യക്തിപരമായി അധിക്ഷേപിക്കാനും ആക്രമിക്കാനും വേണ്ടി വളരെ ഹീനമായ രീതിയിലാണ് ഈ സംഭവത്തെപ്പോലും പുസ്തകത്തിൽ വളച്ചൊടിച്ചിരിക്കുന്നത്.
മധുസൂദനനെ പൂർണമായി ഇല്ലാതാക്കിയാലേ കുഞ്ഞികൃഷ്ണന് തൃപ്തിയാകൂ എന്ന വാശിയിലാണ് അദ്ദേഹം. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള കണക്ക് ചാനലുകൾക്ക് മുന്നിൽ അവതരിപ്പിക്കില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ജനങ്ങള്‍ക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കുമെന്നും പാര്‍ട്ടി കുടുംബയോഗങ്ങളിൽ വരവും ചെലവും വിശദീകരിക്കുമെന്നും രാഗേഷ് പറഞ്ഞു.
കുഞ്ഞികൃഷ്ണൻ ഉന്നയിച്ച പരാതികളോടും അദ്ദേഹം പ്രതികരിച്ചു. ഫണ്ട് കൈകാര്യം ചെയ്തതിൽ ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ട് എന്നത് സത്യമാണ്. മൂന്ന് വർഷം കൂടുമ്പോൾ നടക്കേണ്ട വരവ് ചെലവ് അംഗീകരിക്കൽ നടപടി നാല് വർഷമെടുത്തു എന്ന സാങ്കേതിക പിഴവാണ് ഉണ്ടായത്.
എന്നാൽ ഫണ്ട് നഷ്ടപ്പെട്ടിട്ടില്ലെന്നും വിനിയോഗിക്കേണ്ട രീതിയിൽ അല്ല അത് വിനിയോഗിക്കപ്പെട്ടതെന്നും പാർട്ടി 2022ൽ തന്നെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കർശനമായ അച്ചടക്ക നടപടികൾ അന്ന് തന്നെ സ്വീകരിച്ചിട്ടുണ്ട്. ഓഫിസ് സെക്രട്ടറിയെ സസ്പെൻഡ് ചെയ്യുകയും ഉത്തരവാദികളായ ഏരിയ കമ്മിറ്റി അംഗങ്ങളെ തരംതാഴ്ത്തുകയും ചെയ്തു.
കൂടാതെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടിഐ മധുസൂദനനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിക്കൊണ്ടുള്ള നടപടിയും നേരത്തെ തന്നെ സ്വീകരിച്ചിട്ടുള്ളതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തെറ്റ് തിരുത്തി പ്രവർത്തകരെ ശരിയായ രീതിയിലേക്ക് മാറ്റാനാണ് പാർട്ടി നടപടി സ്വീകരിക്കുന്നത്. ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്ന നീതി പാർട്ടി നടപ്പിലാക്കിക്കഴിഞ്ഞു.
Kerala
കണ്ണൂർ: സിപിഎമ്മിൽ നിന്ന് പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന്റെ `നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന തലക്കെട്ടിലുള്ള പുസ്തകം പ്രകാശനം ചെയ്തു. രാഷ്ടീയ നിരീഷകൻ ജോസഫ് സി. മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്.
സിപിഎം പ്രവർത്തകർ പരിപാടി അലങ്കോലമാക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് കുഞ്ഞികൃഷ്ണൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പുസ്തക പ്രകാശന ചടങ്ങിന് വലിയ സുരക്ഷ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നൽകിയിട്ടുണ്ട്.
വലിയ ജനാവലിയാണ് പുസ്തക പ്രകാശന ചടങ്ങിന് എത്തിയത്. ചടങ്ങിൽ സംസാരിച്ച കുഞ്ഞികൃഷ്ണൻ പ്രകാശന ചടങ്ങ് അലങ്കോലമാക്കാൻ സിപിഎമ്മും ഡിവൈഎഫ്ഐയും ശ്രമം നടത്തിയെന്നും നവമാധ്യമങ്ങളിലൂടെ തന്നെ മോശക്കാരനാക്കാൻ വലിയ ശ്രമം നടക്കുന്നുണ്ടെന്നും ആരോപിച്ചു.
പ്രകാശന ചടങ്ങിന് ശേഷം പുസ്തകം വാങ്ങാനും വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പടെയുള്ള സിപിഎം നേതാക്കളും സൈബർ വിംഗും കുഞ്ഞികൃഷ്ണനെതിരേ രൂക്ഷമായ പ്രതികരണങ്ങളാണ് നടത്തുന്നത്.
National
ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ ധാരണയിലായെന്ന പ്രഖ്യാനത്തിനുപിന്നാലെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം.
ഇന്ത്യയെ ബാധിക്കുന്ന കരാറിന്റെ പ്രഖ്യാപനം അമേരിക്കൻ പ്രസിഡന്റാണു നടത്തിയതെന്നും ഇന്ത്യയല്ലെന്നും കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ്, അമേരിക്കയ്ക്ക് പൂജ്യം തീരുവയിൽ വിപണി തുറന്നുകൊടുക്കുന്നത് ഇന്ത്യൻ വ്യവസായത്തെയും വ്യാപാരികളെയും കർഷകരെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ചരക്കുകൾക്കുള്ള തീരുവ 18 ശതമാനമാക്കി അമേരിക്ക കുറച്ചെങ്കിലും അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ പൂജ്യം തീരുവ പ്രദാനം ചെയ്യുന്നതിലൂടെ അമേരിക്കൻ ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് ഒഴുകുന്നതിന് കാരണമാകുമെന്നും ഇതു വ്യവസായങ്ങളെയും തൊഴിലാളികളുടെ ഉപജീവനമാർഗത്തെയും ബാധിക്കുമെന്നും സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ വിവരങ്ങളനുസരിച്ച് 2025 മേയിൽ സംഭവിച്ചതുപോലെതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണമായും കീഴടങ്ങിയെന്നു വ്യക്തമാണെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി.
Kerala
കണ്ണൂര്‍: പയ്യന്നൂരിലെ ധൻരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ പൊതുസമൂഹത്തിൽ പുറത്തുവിടണമെന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിക്കു സംസ്ഥാന കമ്മിറ്റിയുടെ നിർദേശം.
തെരഞ്ഞെടുപ്പ് വരാനിരിക്കേ മുൻ നേതാവായിരുന്ന വി. കുഞ്ഞികൃഷ്ണൻ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉന്നയിച്ച ആരോപണം പാർട്ടിയെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണു നിർദേശം. ഇതേത്തുടർന്നാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് എൽഡിഎഫ് വടക്കൻമേഖല ജാഥയുടെ ജില്ലയിലെ പര്യടനത്തിനുശേഷം കണക്കുകൾ വെളിപ്പെടുത്താമെന്ന നിലപാട് സ്വീകരിച്ചതെന്നു സൂചനയുണ്ട്.
രക്തസാക്ഷി ധൻരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടി.ഐ. മധുസൂദനന് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തുവെന്നുമുള്ള ഗുരുതരമായ ആരോപണമായിരുന്നു വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ചത്.
Kerala
കണ്ണൂര്‍: വി. കുഞ്ഞികൃഷ്ണനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ചില ആളുകള്‍ ബൂര്‍ഷ്വാ മാധ്യമങ്ങളുമായി ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ഗോവിന്ദന് പറഞ്ഞു.
വി. കുഞ്ഞികൃഷ്ണന് പാര്‍ട്ടിയെ വഞ്ചിച്ചെന്നും കുഞ്ഞികൃഷ്ണന് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് സ്ഥാനമെന്നും ഗോവിന്ദന് പറഞ്ഞു.
പാര്‍ട്ടി ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല എന്ന് മാത്രമാണ് അവരോട് പറയാനുള്ളത്. പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്ത് പരിഹരിച്ച വിഷയങ്ങളാണ് കുഞ്ഞികൃഷ്ണന് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ഒറ്റുകാരനുള്ള മറുപടിയാണ് പയ്യന്നൂരിലെ ജനക്കൂട്ടമെന്നും ഗോവിന്ദന് വ്യക്തമാക്കി. പയ്യന്നൂരില്‍ എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയ്ക്ക് ലഭിച്ച സ്വീകരണത്തിനു ശേഷം സംസാരിക്കുകയായിരുന്നു ഗോവിന്ദന്.
National
ന്യൂഡൽഹി: രാജ്യസഭയിൽ രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയ്ക്കിടെ തന്റെ കൃത്രിമ കാലുകൾ സഭയുടെ മേശപ്പുറത്തുവച്ച് ബിജെപിയുടെ രാജ്യസഭാംഗം സി. സദാനന്ദൻ. തന്റെ കാലുകൾ വെട്ടിമാറ്റിയത് സിപിഎം ആണെന്ന് ആരോപിച്ച സദാനന്ദൻ സിപിഎമ്മിനെതിരേ രൂക്ഷ വിമർശനവും ഉന്നയിച്ചു.
ജനാധിപത്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ തന്നെ ആക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 31 വർഷം മുൻപ് സിപിഎം പ്രവർത്തകർ തന്റെ കാലുകൾ മുറിച്ചുകളയുകയായിരുന്നു. അതിനാൽ എഴുന്നേറ്റുനിന്ന് പ്രസംഗിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് സദാനന്ദൻ കൃത്രിമ കാലുകൾ മേശപ്പുറത്തുവച്ചത്.
തനിക്കും ബലമുള്ള രണ്ട് കാലുകൾ ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ കുറേക്കാലമായി ഉപയോഗിക്കുന്നത് ഈ വെപ്പുകാലുകളാണ്. ഈ സഭയിൽ പലവട്ടം ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നത് കേട്ടു. ഈ സഭയിൽ ജനാധിപത്യത്തെ കുറിച്ച് അലറിവിളിക്കുന്നവരാണ് 31 വർഷം മുൻപ് തന്നെ ആക്രമിച്ചത്. സിപിഎം നേതാക്കളുടെ നിർദേശ പ്രകാരം അണികൾ തന്റെ ഇരുകാലുകളും വെട്ടിയെടുത്തുവെന്നും സദാനന്ദൻ സഭയിൽ പറഞ്ഞു.
സദാനന്ദൻ പ്രസംഗം തുടങ്ങിയതിനു പിന്നാലെ തന്നെ സഭയിൽ ഇടത് അംഗങ്ങൾ പ്രതിഷേധിച്ചു. കൃത്രിമ കാലുകൾ മേശപ്പുറത്ത് വച്ചത് സഭാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി. കേരളത്തിൽ 200-ലധികം സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അക്രമങ്ങളിലെ ഒരു പ്രതിയാണ് ഇപ്പോൾ സഭയിൽ ഇരിക്കുന്നതെന്നും ബ്രിട്ടാസ് സദാനന്ദനെ ചൂണ്ടിക്കാട്ടി മറുപടി നൽകി.
പ്രതിഷേധം ശക്തമായതോടെ മേശപ്പുറത്ത് വെച്ചിരുന്ന കൃത്രിമകാലുകൾ അവിടെനിന്നും മാറ്റാൻ രാജ്യസഭാ അധ്യക്ഷൻ സദാനന്ദനോട് ആവശ്യപ്പെട്ടു. കാലുകൾ മാറ്റിയതിനു പിന്നാലെ സദാനന്ദൻ സഭയിൽ ഗണഗീതം ആലപിക്കുകയും ചെയ്തു.
Kerala
ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എൻ. സജീവൻ (66) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് സിപിഎം ഹരിപ്പാട് ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും.
പിന്നീട് പത്തോടെ സിപിഎം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലും ശേഷം 11ന് ആറാട്ടുപുഴ പഞ്ചായത്ത് ഓഫീസിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചയോടെ വീട്ടിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ വലിയഴീക്കലിലെ വീട്ടുവളപ്പിൽ സംസ്കാരം നടത്തും.
ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്നു സജീവൻ. പ്രഥമ ആലപ്പുഴ ജില്ലാ കൗൺസിൽ അംഗമായിരുന്നു. സിപിഎം ആറാട്ടുപുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പിന്നീട് ഹരിപ്പാട്, കാർത്തികപ്പള്ളി ഏരിയ കമ്മിറ്റികളുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടറിയേറ്റംഗമായും സിഐടിയു സംസ്ഥാന കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. മത്സ്യഫെഡ് ഡയറക്ടർ, തീരദേശ വികസന കോർപ്പറേഷൻ ഡയറക്ടർ, വലിയഴീക്കൽ - ആറാട്ടുപുഴ മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്റ്, പെരുമ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. ഭാര്യ: വിമല. മക്കൾ: ഗായത്രി, രാജശേഖരൻ, നന്ദിനി. മരുമക്കൾ: അശ്വിൻ ശശി, ശ്വേത, വിജിത്ത്.
Kerala
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തോട് കാട്ടിയ കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാൻ സിപിഎം.
നാളെ എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തിയും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയും ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് സിപിഎം ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇന്ത്യയുടെ ഭൂപടത്തിൽ കേരളം എന്നൊരു സംസ്ഥാനം നിലനിൽക്കുന്നില്ല എന്ന രീതിയിലുള്ള സമീപനമാണ് കേന്ദ്ര ബജറ്റിൽ പ്രകടമാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ബജറ്റിന് മുന്നോടിയായി കേരളം ഉന്നയിച്ച 29 ആവശ്യങ്ങളിൽ ഒന്നുപോലും കേന്ദ്രം പരിഗണിച്ചില്ല. സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ് ഇത്തവണയും പ്രഖ്യാപിച്ചില്ല. കേന്ദ്രം പ്രഖ്യാപിച്ച ഏഴ് അതിവേഗ ഇടനാഴികളിലും കേരളമില്ല. വിഴിഞ്ഞം തുറമുഖ വികസനത്തിനുള്ള പ്രത്യേക പാക്കേജും അംഗീകരിക്കപ്പെട്ടില്ല. ആയുർവേദത്തിന്റെ ഈറ്റില്ലമായിട്ടും കേരളത്തിന് ആയുർവേദ എയിംസ് അനുവദിച്ചില്ല. ഉൾനാടൻ ജലഗതാഗത പദ്ധതി, സർവ്വകലാശാലകൾ, ടൗൺഷിപ്പുകൾ എന്നിവയുടെ പ്രഖ്യാപനങ്ങളിലും കേരളമില്ല.
പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള നടപടികളോ, റബർ വില സ്ഥിരതാ ഫണ്ടോ ബജറ്റിലില്ല. നേരത്തെ പ്രഖ്യാപിച്ചിരുന്ന റെയിൽവേ കോച്ച് ഫാക്ടറിയെക്കുറിച്ച് പരാമർശമില്ലാത്ത ബജറ്റ്, പ്രവാസി ക്ഷേമം ലക്ഷ്യമാക്കിയുള്ള യാതൊരു നടപടിയും സ്വീകരിച്ചില്ല.
ആശാ വർക്കർമാർ ഉൾപ്പെടെയുള്ള സ്കീം വർക്കർമാരെ പൂർണമായും അവഗണിച്ചു. സാധാരണക്കാരെ കൈയൊഴിഞ്ഞ് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന കേന്ദ്രം, വൻകിട കമ്പനികളുടെ ആൾട്ടർനേറ്റ് ടാക്സ് കുറയ്ക്കുകയും ചെയ്തു.
തൊഴിലുറപ്പ് പദ്ധതി വിഹിതത്തിലുണ്ടായ വൻ വെട്ടിക്കുറവ് കേരളത്തിൽ ഫലപ്രദമായി നടന്നുകൊണ്ടിരിക്കുന്ന ഈ പദ്ധതിയേയും തകിടം മറിക്കുന്നതാണ്. ക്ഷേമ പദ്ധതികൾ വർധിപ്പിക്കാൻ തയാറാകാത്ത സർക്കാർ പാവങ്ങളെ പൂർണമായും അവഗണിച്ചു.
ഈ സാഹചര്യത്തിൽ, ഫെബ്രുവരി മൂന്നിന് എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തിയും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചും ജനദ്രോഹ ബജറ്റിനെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് സിപിഎം അഭ്യർത്ഥിച്ചു.
Kerala
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നു എന്ന പ്രചാരണം 100 ശതമാനം നുണയാണെന്നും കഴിഞ്ഞ 10 കൊല്ലം കേരളം ഭരിച്ച സിപിഎം തങ്ങളുടെ ഭരണത്തിന്റെ റിപ്പോർട്ട് കാർഡ് കാണിക്കുന്നതിന് പകരം കേന്ദ്രത്തിനെതിരെ കുപ്രചാരണം നടത്താനാണ് ശ്രമിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
യുപിഎ സർക്കാർ എന്താണ് കേരളത്തിന് വേണ്ടിയ ചെയ്തിരുന്നത്. കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒരുപാട് കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. അത് നടപ്പിലാക്കാനുള്ള ശേഷി സംസ്ഥാന സർക്കാരിന് ഉണ്ടോ?.
കേന്ദ്ര ബജറ്റിൽ കേരളത്തിന് എന്തെല്ലാം നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന എട്ട് പേജുള്ള ഒരു രേഖ തന്റെ പക്കലുണ്ട്. അത് പിന്നീട് വിശദീകരിക്കാം.
കേരളത്തിന് ലഭിച്ച റെയിൽവേ വിഹിതത്തെക്കുറിച്ചും പദ്ധതികളെക്കുറിച്ചും വിശദീകരിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി മാധ്യമങ്ങളെ കാണും. നരേന്ദ്ര മോദി സർക്കാർ എല്ലാവർക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ബജറ്റിലെ കാര്യങ്ങൾ കൃത്യമായി പഠിക്കാൻ താല്പര്യമുള്ളവർക്ക് അത് മനസിലാക്കാവുന്നതേയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കാസര്‍ഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽഡിഎഫ് പ്രചരണ ജാഥയ്ക്ക് തുടക്കമായി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്കാണ് തുടക്കമായത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ ഉദ്ഘാടനം ചെയ്തത്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് പര്യടനം. ഫെബ്രുവരി 16ന് പാലക്കാട് തരൂരിലാണ് ജാഥ സമാപിക്കുന്നത്.
തെക്കൻ മേഖല ജാഥ ബിനോയ് വിശ്വവും, മധ്യമേഖല ജാഥ ജോസ് കെ. മാണിയും നയിക്കും. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയെ കുറിച്ച് ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കുകയായിരിക്കും എൽഡിഎഫിന്റെ ലക്ഷ്യം.
Kerala
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തോട് കാട്ടിയ ചരിത്രത്തിലെ ഏറ്റവും വലിയ അവഗണനയ്ക്കെതിരേ സംസ്ഥാനം ഒന്നടങ്കം പ്രതിഷേധിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഏറെ പ്രതീക്ഷയോടെയാണ് കേരളം കേന്ദ്ര ബജറ്റിനായി കാത്തിരുന്നത്. ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ചിട്ടും കേരളത്തെ പരിഗണിച്ചില്ല. ഇവിടുത്തെ ജനങ്ങളോട് പകതീർക്കുകയാണ് ബിജെപി. 12 പുതിയ ജലപാതകളിലും കേരളമില്ല.
അതിവേഗ പാത, നിലന്പൂർ-നഞ്ചൻകോട്, തലശേരി-മൈസൂർ, കാഞ്ഞങ്ങാട്-കാണിപ്പയ്യൂർ റെയിൽപ്പാതകൾ, വർഷങ്ങളായി സ്ഥലമേറ്റെടുത്ത് കാത്തിരിക്കുന്ന എയിംസ്, റബറിനും പരന്പരാഗത മേഖലയ്ക്കുമുള്ള സഹായങ്ങൾ, നെല്ലിന് സംഭരണ വിലയുയർത്തൽ തുടങ്ങി പ്രതീക്ഷകളേറെയായിരുന്നു.
മുഖ്യമന്ത്രി ഉൾപ്പെടെ പലതവണ ഈ ആവശ്യങ്ങൾ നേരിട്ട് ഉന്നയിച്ചതാണ്. ബജറ്റിന് മുന്നോടിയായി കേന്ദ്ര മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ നിവേദനം നൽകിയിരുന്നു.
ഫിനാൻസ് കമ്മീഷൻ വിഹിതം ഉയർത്തണമെന്ന ആവശ്യം പരിഗണിക്കാത്തത് കടുത്ത നിരാശയാണുണ്ടാക്കുന്നത്. റവന്യു ഡഫിസിറ്റ് ഗ്രാന്റ് ഉപേക്ഷിക്കുന്നത് കേരളത്തിന്റെ സാന്പത്തിക അടിത്തറയെ കാര്യമായി ദുർബലപ്പെടുത്തും. ഇത്തരം നടപടികളിലൂടെ ഫെഡറലിസത്തെ തന്നെ വെല്ലുവിളിക്കുകയാണ് കേന്ദ്രം.
കേരളം ചരിത്രത്തിൽ നേരിടാത്തത്ര അവഗണനയാണ് അനുഭവിക്കുന്നത്. അതീവ ഗൗരവതരമായ ഈ സാഹചര്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർഥിച്ചു.
Kerala
തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബജറ്റില്‍ കേരളത്തോട് അവഗണന മാത്രമാണ് ഉണ്ടായതെന്നും കേരളത്തോട് കേന്ദ്രം യുദ്ധപ്രഖ്യാപനമാണ് നടത്തിയതെന്നും ഗോവിന്ദന് പറഞ്ഞു.
ബജറ്റിലെ അവഗണനയ്ക്കെതിരെ വലിയ പ്രതിഷേധം ഉയരുമെന്നും കേന്ദ്ര അവഗണന ജാഥയിലൂടെ ജനങ്ങളോട് വിശദീകരിക്കുമെന്നും ഗോവിന്ദന് വ്യക്തമാക്കി. കേരളം ഒന്നും ആവശ്യപ്പെട്ടില്ല എന്ന പ്രതിപക്ഷത്തിന്റെ വാദം പച്ചക്കളളമാണെന്നും ഗോവിന്ദൻ പറഞ്ഞു.
എയിംസ് ഉള്‍പ്പെടെ 29 ആവശ്യങ്ങള്‍ കേരളം കേന്ദ്രത്തിന് മുന്നില്‍വച്ചിരുന്നു. അതിവേഗ റെയില്‍ പദ്ധതി ഇല്ലാത്തതില്‍ ഇ. ശ്രീധരന് തന്നെ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. ശ്രീധരന് പ്രഖ്യാപിച്ച പദ്ധതിക്ക് കേന്ദ്ര അനുമതി ഇല്ലെന്ന് നേരത്തെ അറിയാമായിരുന്നു.
ആര്‍ആര്‍ടിഎസ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. അതിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കാന് സാധ്യതയില്ല. ഇടതുപക്ഷ ബദലിനെ ഉപരോധം തീര്‍ത്ത് തകര്‍ക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്നും നവകേരളമെന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
Kerala
കാസര്‍ഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽഡിഎഫ് പ്രചരണ ജാഥകൾക്ക് ഇന്ന് തുടക്കം. വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ കാസർഗോഡ് കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം ഉദ്ഘാടനം ചെയ്യും.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ നയിക്കും. എം.വി. ഗോവിന്ദൻ ക്യാപ്ടനാകുന്ന വടക്കൻ മേഖലയിലെ മുന്നേറ്റ ജാഥ 16ന് പാലക്കാട് തരൂരിൽ സമാപിക്കും.
ഇന്നും നാളെയും കാസർഗോഡ് ജില്ലയിലെ മണ്ഡലങ്ങളിൽ പര്യടനം നടത്തും. തെക്കൻ മേഖല ജാഥ ബിനോയ് വിശ്വവും, മധ്യമേഖല ജാഥ ജോസ് കെ. മാണിയും നയിക്കും. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയെ കുറിച്ച് ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കുകയായിരിക്കും എൽഡിഎഫിന്റെ ലക്ഷ്യം.
District News
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനു തന്ത്രം മെനയാന്‍ ജില്ലകളില്‍ സിപിഎമ്മിനു മുതിര്‍ന്ന നേതാക്കള്‍ അടങ്ങുന്ന സെന്റര്‍ രൂപീകരിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗ തീരുമാനപ്രകാരമാണ് സെന്റര്‍ രൂപീകരിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറിയും ജില്ലയില്‍നിന്നുള്ള കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങള്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളും ഉള്‍പ്പെടുന്നതാണ് സെന്റര്‍.
ആദ്യമായിട്ടാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കും മുന്നൊരുക്കങ്ങള്‍ക്കുമായി ജില്ലകള്‍ തോറും സിപിഎം സെന്റര്‍ രൂപീകരിക്കുന്നത്. മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി നിയോജക മണ്ഡലം കമ്മിറ്റികള്‍ രൂപീകരിക്കാറുണ്ടായിരുന്നു. ഇത്തവണയും നിയോജക മണ്ഡലം കമ്മിറ്റികള്‍ നേരത്തെതന്നെ രൂപീകരിച്ചിരുന്നു.
പ്രായപരിധി പിന്നിട്ട മുതിര്‍ന്ന നേതാക്കളെ സെന്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ആലപ്പുഴയില്‍ ജി. സുധാകരന്, തിരുവനന്തപുരത്ത് ആനാവൂര്‍ നാഗപ്പന്, കൊല്ലത്ത് കെ. വരദരാജന്, കോട്ടയത്ത് വൈക്കം വിശ്വനും കെ.ജെ. തോമസും, ഇടുക്കിയില്‍ എം.എം. മണി, പത്തനംതിട്ടയില്‍ കെ. അനന്തഗോപന്‍, എറണാകുളത്ത് ഗോപി കോട്ടമുറിക്കല്‍, തൃശൂരില്‍ ബേബി ജോണ്‍, പാലക്കാട്ട് എ.കെ. ബാലന്, കാസര്‍ഗോട്ട് പി. കരുണാകരന് എന്നിവര്‍ സെന്ററുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്
14 ജില്ലാ കമ്മിറ്റി യോഗങ്ങളിലും മുഖ്യമന്ത്രി നേരിട്ടെത്തും
കോട്ടയം: തെരഞ്ഞെടുപ്പ് മുന്നൊരുക്കള്‍ക്കും പ്രാരംഭ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കുമായുള്ള സിപിഎം ജില്ലാ കമ്മിറ്റികളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടു പങ്കെടുക്കുന്നു. കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗം കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതിനു പിന്നാലെയാണ് പിണറായി വിജയന് പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ചേരുന്നത്.
കോഴിക്കോട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുത്തു. അടുത്ത ദിവസങ്ങളില്‍ തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലാ കമ്മിറ്റികളുടെ യോഗം ചേരും. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും നിയോജക മണ്ഡലം സെക്രട്ടറിമാര്‍കൂടി പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി യോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.
Kerala
കണ്ണൂര്‍: സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് പ്രതിരോധത്തിലായ പയ്യന്നൂര്‍ സിപിഎം നേതൃത്വത്തിന്റെ വിശദീകരണത്തില്‍ തൃപ്തരാകാതെ അണികള്‍. കൃത്യമായ കണക്ക് വയ്ക്കണമെന്ന ആവശ്യങ്ങള്‍ ബ്രാഞ്ചുകളില്‍നിന്ന് ഉയര്‍ന്നതോടെ വെട്ടിലായത് നേതൃത്വമാണ്.
ജില്ലാ കമ്മിറ്റി തീരുമാനങ്ങള്‍ ലോക്കല്‍ ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച ശേഷം ഇതേപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കായി വിളിച്ച ബ്രാഞ്ച് യോഗങ്ങളിലാണു ജില്ലാ കമ്മിറ്റിയുടെ വിശദീകരണത്തില്‍ തൃപ്തരാകാത്ത അണികള്‍ കൃത്യതയുള്ള കണക്കുകള്‍ വേണമെന്ന ആവശ്യമുന്നയിച്ചത്.
അംഗങ്ങളാവശ്യപ്പെട്ട പ്രകാരമുള്ള കണക്കുകള്‍ നേതാക്കളുടെ കൈയിലില്ലായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ വിഷയത്തില്‍ വിശദീകരണം നല്കിയപ്പോഴും കണക്കുകള്‍ വച്ചിരുന്നില്ല. ഇപ്പോള്‍ മേല്‍ കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാനെത്തിയപ്പോഴും അതില്‍ കണക്കുകളില്ലായിരുന്നു. അതിനാലാണു കാര്യങ്ങള്‍ക്കു കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി അണികള്‍ കൃത്യതയുള്ള കണക്കുകള്‍ ആവശ്യപ്പെട്ടത്.
കോറോം കൂര്‍ക്കര ബ്രാഞ്ചില്‍ അംഗങ്ങളെത്താതിരുന്നതിനാല് ജില്ലാ കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത ബ്രാഞ്ച് യോഗം നടത്താനുമായില്ല. പയ്യന്നൂര്‍ എരിയയിലെ ഭൂരിഭാഗം ലോക്കല്‍ കമ്മിറ്റികളിലും കുഞ്ഞികൃഷ്ണനനുകൂലമായ തരംഗം രൂപപ്പെട്ടുവെന്നാണു പുറത്തുവരുന്ന വിവരം.
പാര്‍ട്ടി നേതൃത്വം നല്കുന്ന വിശദീകരണത്തേക്കാളും കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലുകളാണ് സിപിഎം അണികളിലെത്തിയതെന്ന് വെളിവാക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. കുഞ്ഞികൃഷ്ണന്റെ ചോദ്യങ്ങളുടെ പ്രതിധ്വനി യോഗങ്ങളില്‍ മുഴങ്ങുമ്പോള്‍ കൃത്യതയുള്ള മറുപടി നല്കാനാകാതെ വിഷമിക്കുകയാണ് റിപ്പോര്‍ട്ടിംഗിനായി നിയോഗിക്കപ്പെട്ട നേതാക്കള്‍.
കണ്ണൂര്‍: കുഞ്ഞികൃഷ്ണന്റെ വാദങ്ങളെ പ്രതിരോധിക്കാനായി കണക്കുകള്‍ കൈയിലില്ലാത്ത നേതൃത്വം കുഞ്ഞികൃഷ്ണന്റെ പുസ്തകം പുറത്തിറങ്ങുന്നതിനുള്ള കാത്തിരിപ്പിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടാക്കിയ തട്ടിക്കൂട്ടു കണക്ക് എട്ടുനിലയില്‍ പൊട്ടുമെന്ന് ഉറപ്പുള്ളതിനാലാണ് കാത്തിരിപ്പ്.
കൃത്യതയുള്ള കണക്കുകളുടെ അഭാവമാണു പ്രശ്നം. മുമ്പ് ഇക്കാര്യങ്ങളില്‍ ജില്ലാ കമ്മിറ്റി നല്കിയ വിശദീകരണങ്ങളിലും കണക്കുകളുണ്ടായിരുന്നില്ല. ഇതിനാല്‍ത്തന്നെ ഏരിയാ കമ്മിറ്റിയിലും കണക്കുകള്‍ വിശദീകരിക്കാനാകാത്ത അവസ്ഥയാണുണ്ടായത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടെത്തിയ സാമ്പത്തിക തട്ടിപ്പുകള്‍ കുഞ്ഞികൃഷ്ണന് കമ്മിറ്റികളിൽ അവതരിപ്പിച്ചപ്പോള്‍ ഇതിനെ മറികടക്കാനായി ഒരു സഹകരണ ജീവനക്കാരന്റെ സഹായത്തോടെ കണക്കുകളൊപ്പിച്ച് അവതരിപ്പിച്ചിരുന്നുവെന്നു കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിലുണ്ടായിരുന്നു. കുഞ്ഞികൃഷ്ണന് കണ്ടെത്തിയ വരവുകണക്കുകള്ക്കൊപ്പമെത്തുന്നതിന് ചെലവിനത്തില്‍ വര്‍ധന വരുത്തിയായിരുന്നു ഈ കണക്കുകളൊപ്പിച്ചത്. ഈ കണക്കുകളൊപ്പിച്ചതിന്റെ പിന്നാമ്പുറക്കഥകളും കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലുണ്ട്.
ഫെബ്രുവരി നാലിനു പുസ്തകം പുറത്തിറങ്ങുമ്പോള്‍ അതിലെ കണക്കുകളിലെ വരവുകള്‍ നോക്കി ചെലവുകണക്കുകള്‍ ഒപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഎം നേതൃത്വമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞ് പരിഹാരം കാണേണ്ട വിഷയമാണെന്ന നേതൃത്വത്തിന്റെ നിലപാടിനെ, വര്‍ഷങ്ങളോളം പാര്‍ട്ടിക്കുള്ളില്‍ സമരം നടത്തിയിട്ടും പരിഹാരമില്ലാതെ വന്നാല്‍ പിന്നെ എന്തുചെയ്യണമെന്ന ചോദ്യംകൊണ്ടാണ് കുഞ്ഞികൃഷ്ണന് നേരിടുന്നത്.
Kerala
തൃശൂർ: ബജറ്റിനു മുന്നോടിയായി കേന്ദ്രസർക്കാർ അവതരിപ്പിച്ച ഇക്കണോമിക് സർവേ റിപ്പോർട്ടിൽ കേരളത്തിന്റെ അതിദാരിദ്ര്യനിർമാർജനപദ്ധതി മാതൃകയാണെന്നു വിശേഷിപ്പിച്ചതിനെക്കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് എന്താണു പറയാനുള്ളതെന്ന് മന്ത്രി എം.ബി. രാജേഷ്.
കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ച ദിവസം രാജീവ് ചന്ദ്രശേഖർ പദ്ധതി പബ്ലിസിറ്റി സ്റ്റണ്ടാണെന്നു പരിഹസിച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ ചോദ്യം.
പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ കേരളത്തെ പരാമർശിച്ചതു ദേശീയമാധ്യമങ്ങൾ വാർത്തയാക്കിയപ്പോൾ മലയാളപത്രങ്ങൾ മനഃപൂർവം ഒഴിവാക്കിയതാണോയെന്നും മന്ത്രി ചോദിച്ചു. കേരളത്തിന്റെ പദ്ധതിയെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തവർക്കുള്ള മറുപടിയാണ് കേന്ദ്രസർക്കാരിന്റെ സർവേ റിപ്പോർട്ട്. കേരളത്തെ സംബന്ധിച്ച് അഭിമാനിക്കാവുന്ന വാർത്തയാണിതെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ബജറ്റ് കേരളത്തിന്റെ മുഖം തന്നെ മാറ്റി മറിക്കുന്നതിന് പര്യാപ്തമായ വിധത്തിലുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്നാല്‍ ഇവയൊന്നും ചര്‍ച്ച ചെയ്യാൻപോലും പ്രതിപക്ഷത്തിന് ത്രാണിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ബജറ്റിനെ സംബന്ധിച്ച് പ്രായോഗികമല്ല എന്നാണ് പ്രതിപക്ഷം ആകെ പറഞ്ഞ പ്രയോഗം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റിന്റെ ഘട്ടത്തിലും ഇത്തരത്തിലുള്ള പ്രസ്താവന തന്നെയാണ് അന്നത്തെ പ്രതിപക്ഷ നേതാവ് നടത്തിയിട്ടുള്ളത്. ബജറ്റിന്റെ ജനകീയമുഖം പ്രതിപക്ഷത്തിന് മനസിലാക്കാൻ പോലും സാധിക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ശ്വാസം മുട്ടിക്കുമ്പോഴും സ്വന്തം വഴിയിലൂടെ കേരളം മുന്നേറുമെന്നതിനുള്ള നേര് സാക്ഷ്യപത്രമാണ് ഈ ബജറ്റ്. പാവപ്പെട്ട ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന നിലപാടുകളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആഗോളവല്‍ക്കരണ നയങ്ങളുടെ ഭാഗമായി കേരളത്തിലെ 30 ശതമാനത്തോളം വരുന്ന ജനതയുടെ ജീവിതം താരതമ്യേന പിറകോട്ട് പോകുന്ന സാഹചര്യത്തിലൂടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
ഏറ്റവും പിന്നണിയിൽ നിൽക്കുന്ന ജനതയെ കൈപിടിച്ചുയര്‍ത്തുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. അതിദാരിദ്ര്യം അവസാനിപ്പിച്ച കേരളം ദാരിദ്യം തന്നെ അവസാനിപ്പിക്കുന്നതിനായി പുതിയ നിലപാടുകൾ സ്വീകരിച്ച് മുന്നോട്ടുപോകുകയാണ്. ഇടതുപക്ഷ ബദൽ എന്താണെന്നതിന്റെ കൃത്യമായ അടയാളപ്പെടുത്തലാണ് ഈ ബജറ്റെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മന്ത്രി വി. ശിവൻകുട്ടിയും തമ്മിലുള്ള പോര് തുടരുന്നു. നേമം മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന സതീശന്റെ പ്രസ്താവന കേവലമൊരു വ്യക്തിഗത തീരുമാനമല്ല. അത് ബിജെപിയുമായി ഉണ്ടാക്കിയ കൃത്യമായ രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണെന്ന് ശിവൻകുട്ടി പറഞ്ഞു.
നേമത്ത് ബിജെപിയെ സഹായിക്കുക, പകരം പറവൂരിൽ ബിജെപി വോട്ടുകൾ കോൺഗ്രസിന് ഉറപ്പാക്കുക ഇതാണ് ഈ ഡീലിന്റെ അന്തസത്തയെന്നും ശിവൻകുട്ടി ആരോപിച്ചു.
വികസനവും മതേതരത്വവും ചർച്ചയാകുമ്പോൾ കോൺഗ്രസിന്റെ ബിജെപി പ്രീണനം ജനമധ്യത്തിൽ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
പ്രതിപക്ഷ നേതാവിനെ വി.ശിവൻകുട്ടി നേരത്തെ നേമത്ത് മത്സരിക്കാൻ വെല്ലുവിളിച്ചിരുന്നു. മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ സതീശൻ, ശിവൻകുട്ടി തന്നേക്കാൾ വളരെയധികം സംസ്കാരവും നിലവാരവും ഉള്ള ആളാണെന്നും പരിഹസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശിവൻകുട്ടിയുടെ പ്രതികരണം.
Kerala
കണ്ണൂർ: രക്തസാക്ഷി ഫണ്ട് വിവാദത്തിൽ വി. കുഞ്ഞികൃഷ്ണനെതിരെ നടപടി എടുത്തിന് പിന്നാലെ പയ്യന്നൂർ സിപിഎമ്മിൽ പൊട്ടിത്തെറി.
പുറത്താക്കൽ നടപടിയെ പാർട്ടി അംഗങ്ങൾ എതിർത്തു. കൂർക്കര ബ്രാഞ്ച് യോഗം അംഗങ്ങൾ ബഹിഷ്കരിച്ചു. നടപടി അംഗീകരിക്കില്ലെന്ന് പറഞ്ഞ് 12 പേരാണ് യോഗം ബഹിഷ്കരിച്ചത്.
അതേസയം, വി.കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിൽ ടി.ഐ. മധുസൂദനൻ എംഎൽഎക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. മധുസൂദനൻ ബൂർഷ്വാ രാഷ്ട്രീയക്കാരനാണെന്നും വിമർശിക്കുന്നവരോട് തീർത്താൽ തീരാത്ത പക വെയ്ക്കുന്ന നേതാവാണ് എന്നും പുസ്തകത്തിൽ പറയുന്നു.
Kerala
കൊച്ചി: സര്‍ക്കാര്‍ നടത്തുന്ന നവകേരള സര്‍വേ തടയണമെന്നാവശ്യപ്പെട്ട് കെഎസ്യു നല്കിയ ഹര്‍ജിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കക്ഷിയാക്കും. ഇതിനുള്ള അപേക്ഷ നല്കാന് ഹര്‍ജിക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹൈക്കോടതി വിഷയം ഒരാഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി.
ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം.ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. 20 കോടി രൂപ ചെലവിട്ട് പാര്‍ട്ടി കേഡറുകളെയടക്കം നിയോഗിച്ച് നടത്തിവുരന്ന സര്‍വേ നിയമവിരുദ്ധമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നുമാണ് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലെ ആരോപണം.