തിരുവനന്തപുരം: വികസനമുന്നേറ്റ ജാഥകൾ വലിയ വിജയമായിരുന്നുവെന്ന് വിലയിരുത്തി ഇടതുമുന്നണിയോഗം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു പിന്നാലെ നടത്തിയ വികസന മുന്നേറ്റ ജാഥ ജനങ്ങൾക്കിടയിൽ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ എത്തിക്കാൻ സഹായകമായെന്ന പൊതുവിലയിരുത്തലാണ് ഇന്നലെ ചേർന്ന യോഗത്തിൽ ഉണ്ടായത്.
ജാഥ പരാജയമാണെന്ന രീതിയിൽ ഒരു ചർച്ചയും സിപിഐക്കുള്ളിൽ ഉണ്ടായിട്ടില്ലെന്നു ജാഥയെ സംബന്ധിച്ചുള്ള റിപ്പോർട്ടിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മധ്യമേഖലാ വികസന ജാഥ മുന്നണിക്കും പ്രത്യേകിച്ചു കേരള കോണ്‍ഗ്രസ്-എമ്മിനും വലിയ രാഷ്ട്രീയഗുണം ലഭിച്ചെന്നായിരുന്നു പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ പക്ഷം.
തദ്ദേശഫലത്തിനു ശേഷം നടന്നുവരുന്ന ഗൃഹസന്ദർശന പരിപാടിയും വിജയകരമായി മുന്നോട്ടുപോകുന്നുവെന്ന അഭിപ്രായമാണ് ഇടതുമുന്നണി യോഗത്തിൽ ഉണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത മാസം ആദ്യവാരം ഉണ്ടാകുമെന്നതിനാൽ ഈ ആഴ്ച തന്നെ സീറ്റു വിഭജന ചർച്ച ആരംഭിക്കാനും യോഗത്തിൽ ധാരണയായി.
സിപിഎം-സിപിഐ ചർച്ചയാകും ആദ്യം നടക്കുക. പ്രകടനപത്രിക തയാറാക്കുന്നതിനുള്ള കമ്മിറ്റിയെ അടുത്തയാഴ്ച തീരുമാനിക്കും. ഇതിനായി മുന്നണിയിലെ പാർട്ടികളിൽ നിന്നും പ്രതിനിധികളെ കണ്‍വീനർ ആവശ്യപ്പെട്ടിട്ടുണ്ട്.
വരുന്ന തെരഞ്ഞെടുപ്പിലും ഇടതുമുന്നണി തന്നെ അധികാരത്തിൽ വരുമെന്നു യോഗത്തിനുശേഷം കണ്‍വീനർ ടി.പി. രാമകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി വീണാ ജോർജിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരം അപലപനീയമാണ്. ഇത്തരത്തിലുള്ള സമരത്തിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും ടി.പി. രാമകൃഷ്ൻ ആവശ്യപ്പെട്ടു.
Tags : Left Front LDF CPM CPI Vikasana Munnetta rally